മലയാളത്തിലെ എഴുത്തുകാരികളുടെ സമഗ്രമായ രേഖപ്പെടുത്തലാണ്‌ ഈ വെബ്‌സൈറ്റിലൂടെ ലക്ഷ്യമാക്കുന്നത്‌. മലയാളത്തില്‍ ഇന്നോളം എഴുതിയിട്ടുള്ള ഒരോ സ്‌ത്രീയേയും അറിയാനും അംഗീകരിക്കാനും, അവരെക്കുറിച്ചുള്ള പഠനം സുഗമമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ മലയാളത്തിന്റെ എഴുത്തുകാരികള്‍ എന്ന പ്രോജക്‌ട്.‌ സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ മാത്രമായൊതുക്കാതെ എഴുത്തിന്‌ പുതിയ മാനങ്ങള്‍ നല്‌കിയിരിക്കുകയാണിവിടെ. കഥകളും കവിതകളും നോവലുകളും, നാടകങ്ങളും മാത്രമല്ല ആത്മകഥകളും, സഞ്ചാര സാഹിത്യവും, സാമൂഹികവും, ശാസ്‌ത്രീയവുമായ ഉപന്യാസങ്ങളും, വിവര്‍ത്തനങ്ങളും, വിമര്‍ശനങ്ങളും ആത്മീയ ചിന്തകളും, പാചക പ്രമാണങ്ങളും, ഒക്കെ എഴുത്തായി മാറിയിരിക്കുകയാണിവിടെ.

മലയാളത്തിലെ സ്‌ത്രീരചനയുടെ അന്നോളമിന്നോളമുള്ള പ്രയാണരേഖകള്‍ അടയാളപ്പെടുത്തുന്നതിന്റെ ആദ്യഘട്ടത്തില്‍ ഒരു പുസ്‌തകമെങ്കിലും പ്രസാധനം ചെയ്‌ത ഓരോരുത്തരെയും തെരഞ്ഞുപിടിക്കാനുള്ള ശ്രമമാണ്‌ നടന്നത്‌. പിന്നീട്‌ അവരുടെ കൃതികളെക്കുറിച്ച്‌ കുറിപ്പുകള്‍ തയ്യാറാക്കി. കാറ്റലോഗുകളിലും സാഹിത്യ ചരിത്രങ്ങളിലും പേരുനിലനിര്‍ത്തിയ പല എഴുത്തുകാരികളെയും പുസ്‌തകഷെല്‍ഫുകളില്‍ കണ്ടെത്താനായില്ല എന്നത്‌ എഴുത്തിനെ സംരക്ഷിക്കുകയും വായനക്കാര്‍ക്കും പഠിതാക്കള്‍ക്കും ലഭ്യമാക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണെന്ന ബോദ്ധ്യത്തെ ശക്തിപ്പെടുത്തി. വെറുമൊരു പേരോ, എന്നോ മറന്നു പോയതായ ഒരു കൃതിയോ ആയി ചുരുങ്ങിപ്പോയ ഇരുന്നൂറോളം എഴുത്തുകാരികളുടെ പേരുകള്‍ ഞങ്ങളുടെ പക്കലുണ്ട്‌. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു. ഉദാഹരണമായി, മലയാളത്തിലെ ആദ്യ സ്‌ത്രീകഥയായി പരിഗണിക്കപ്പെടുന്ന 'തലച്ചോറില്ലാത്ത സ്‌ത്രീകള്‍' എന്ന കഥ എഴുതിയ എം.സരസ്വതീ ബായിയെക്കുറിച്ച്‌ പേരിനപ്പുറം മറ്റൊരു വിവരവും ലഭ്യമല്ല. എങ്കിലും കേരളത്തിലെ പ്രധാനപ്പെട്ട ലൈബ്രറികളില്‍ നിന്നും ശേഖരിച്ച എഴുത്തുകാരികളുടെ പേരുകള്‍ അറുന്നൂറ്റി അന്‍പതോളമുണ്ട്‌. ഇവരിലോരോരുത്തരെയും കുറിച്ച്‌ ലഭ്യമായ വിവരങ്ങളും അവരുടെ കൃതികളുടെ പേരും ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌.

പുസ്‌തകങ്ങളോളം തന്നെ പ്രാധാന്യം ഒറ്റപ്പെട്ട ലേഖനങ്ങള്‍ക്കും കഥകള്‍ക്കും കവിതകള്‍ക്കും ഉപന്യാസങ്ങള്‍ക്കുമുണ്ട്‌ എന്ന തിരിച്ചറിവോടെ ഞങ്ങള്‍ പ്രോജക്‌ടിന്റെ രണ്ടാം ഘട്ടത്തിലേയ്‌ക്ക്‌ കടന്നു. 2000 - 2010 വരെയുള്ള മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, ഭാഷാപോഷിണി എന്നിവയില്‍ എഴുതിയ മുഴുവന്‍ സ്‌ത്രീകളെയും കണ്ടെത്താനുള്ള ശ്രമം നടത്തി. ഗ്രന്ഥാലോകം, വിജ്ഞാനകൈരളി, പച്ചക്കുതിര, പാഠഭേദം എന്നിങ്ങനെ മറ്റു ചില ആനുകാലികങ്ങളും തെരഞ്ഞു. ഒട്ടനേകം പുതിയ എഴുത്തുകാരികള്‍ കൂടി അങ്ങനെ ഞങ്ങളുടെ ലിസ്റ്റില്‍ ഇടം തേടി. എഴുത്തുകാരികളെക്കുറിച്ച്‌ ലഘുവിവരക്കുറിപ്പ്‌ തയ്യാറാക്കുന്ന ജോലി ഏറെ ശ്രമകരമായിരുന്നു. ഒരു ചെറുജീവരേഖ, കൃതികളെക്കുറിച്ചുള്ള വിവരങ്ങള്‍, കൃതിയില്‍ നിന്ന്‌ തെരഞ്ഞെടുത്ത ഒരു ഭാഗം, അതിന്റെ ആസ്വാദനം- ഇത്രയും വിവരങ്ങളാണ്‌ ഓരോ എഴുത്തുകാരിയെക്കുറിച്ചും നല്‍കാന്‍ ശ്രമിച്ചത്‌. കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്‌. പുസ്‌തകങ്ങളില്‍ നല്‍കിയിരുന്ന അഡ്രസ്സുകളിലേയ്‌ക്ക്‌ എഴുത്തുകാരികള്‍ക്ക്‌ നേരിട്ട്‌ കത്തയച്ചും പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി അയച്ചുകൊടുത്തും പ്രസാധകരില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചുമാണ്‌ കുറിപ്പുകള്‍ തയ്യാറാക്കിയത്‌. മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന മറ്റു പ്രധാനപ്പെട്ട ആനുകാലികങ്ങളും കൂടി ശേഖരിച്ച്‌ അവയിലെ എഴുത്തുകാരികളെ കൂടെ ഉള്‍പ്പെടുത്താനുളള ശ്രമം നടത്തി വരുന്നു.

ഓരോ എഴുത്തുകാരിയെയും കുറിച്ച്‌ കൃത്യവും പൂര്‍ണ്ണവുമായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ്‌ ഈ വെബ്‌സൈറ്റിന്റെ ഉദ്ദേശം. ഈ ശ്രമത്തില്‍ പാളിച്ചകള്‍ വന്നിരിക്കാനുള്ള സാധ്യതകളുണ്ട്‌. മലയാളത്തിലെ എഴുത്തുകാരികളെ എല്ലാവരെയും ഉള്‍പ്പെടുത്താനായിരുന്നു ശ്രമമെങ്കിലും വിട്ടുപോയവര്‍ ഏറെയുണ്ടാകാം. പ്രധാനപ്പെട്ട പലരെയും കുറിച്ച്‌ പോലും വിവരങ്ങള്‍ ലഭ്യമല്ല എന്നതും മറ്റൊരു പരിമിതിയാണ്‌. ഉള്‍പ്പെടുത്തിയ പേരുകളില്‍ ചിലത്‌ തെറ്റായിരിക്കാനുമുളള സാദ്ധ്യതയും തളളിക്കളയാനാവില്ല. ആദ്യകാല കഥാകാരികളിലൊരാളായി ദീര്‍ഘകാലം കണക്കാക്കപ്പെട്ടിരുന്ന എം. രത്‌നം ബി. എ, അമ്പാടി നാരായണപ്പൊതുവാള്‍ എന്ന എഴുത്തുകാരന്റെ തൂലികാനാമമായിരുന്നല്ലോ. ജനപ്രിയ മലയാള വാരികകളിലെ നോവല്‍ - കഥാ സാഹിത്യത്തിലും ഇത്തരം പ്രവണതകള്‍ കണ്ടുവരുന്നുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും കാലക്രമേണ മലയാളത്തിലെ ഏതൊരു എഴുത്തുകാരിയേയും കുറിച്ച്‌ ആര്‍ക്കും ഉടനടി എന്ത്‌ വിവരവും ലഭ്യമാക്കണമെന്ന ആഗ്രഹമാണ്‌ വായനക്കാര്‍ക്ക്‌ ഈ വെബ്‌സൈറ്റ്‌ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക്‌ പ്രചോദനമായത്‌. എന്‍ട്രികളില്‍ വായനക്കാരും എഴുത്തുകാരും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും നിര്‍ദ്ദേശിക്കുന്നത്‌ തെറ്റുകള്‍ ഒഴിവാക്കാനും അപൂര്‍ണ്ണതകള്‍ പരിഹരിക്കാനും ഞങ്ങളെ സഹായിക്കും.

നിങ്ങള്‍ക്ക്‌ ചെയ്യാവുന്നത്

  1. നിങ്ങള്‍ ഒരു എഴുത്തുകാരിയാണെങ്കില്‍, നിങ്ങളുടെ പേര്‌ ഈ വെബ്‌സൈറ്റില്‍ ഉണ്ടോ എന്ന്‌ പരിശോധിക്കുക. ഉണ്ടെങ്കില്‍, നിങ്ങളെക്കുറിച്ച്‌ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയാണ്‌ എന്ന്‌ ഉറപ്പു വരുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും, പുതുതായി പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇ-മെയിലിലൂടെയോ (womenwritersofkerala@gmail.com), കത്തുമുഖേനയോ ഞങ്ങളെ അറിയിക്കുക. നിങ്ങളുടെ പേര്‌ ഈ ലിസ്റ്റില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഒരു കഥയോ കവിതയോ ഉപന്യാസമോ ലേഖനമോ മറ്റെന്തെങ്കിലും തരത്തിലുളള എഴുത്തോ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ദയവായി ഞങ്ങളെ അറിയിക്കുക. നിങ്ങളുടെ കൃതിയുടെ അല്ലെങ്കില്‍ അത്‌ പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ ഒരു കോപ്പി, ഞങ്ങള്‍ക്ക്‌ അയച്ചു തരിക -
    Samyukta, Post Box No. 1162, Pattom Palace P.O., Thiruvananthapuram – 695 004
  2. നിങ്ങളുടെ കൃതികള്‍ ഈ വെബ്‌സൈറ്റിലൂടെ വായനക്കാര്‍ക്ക്‌ ലഭ്യമാക്കണമെന്ന്‌ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌. അനുവാദം നല്‍കുന്ന പക്ഷം നിങ്ങളുടെ കൃതികള്‍ ഈ സൈറ്റിലൂടെ എല്ലാ വായനക്കാരിലും എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. രേഖാമൂലം അനുവാദം ലഭിച്ചിട്ടുള്ളവരുടെ കൃതികള്‍ ഈ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.
  3. മലയാളത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇംഗ്ലീഷിലും നല്‍കുന്നത്‌ കൃതികളെക്കുറിച്ചുള്ള ഗവേഷണത്തിന്‌ സഹായകമാകും. നിങ്ങളുടെ കൃതികളുടെ ഇംഗ്ലീഷ്‌ പരിഭാഷകള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഇ- മെയിലിലൂടെ അവ ഞങ്ങള്‍ക്ക്‌ അയച്ചു തന്നാല്‍ മതിയാകും. പരിഭാഷകള്‍ അയക്കുന്നതോടൊപ്പം അവ പ്രസിദ്ധീകരിക്കുന്നതിനുള്ള സമ്മത പത്രവും ദയവായി അയച്ചു തരിക.
  4. നിങ്ങള്‍ ഒരു വായനക്കാരിയോ വായനക്കാരനോ ആണെങ്കില്‍, നിങ്ങള്‍ക്ക്‌ തീര്‍ച്ചയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലേതുമായി ഒത്തുനോക്കുക. ശരിയല്ല എന്ന്‌ തോന്നുന്ന വിവരങ്ങള്‍ ഇ-മെയിലിലൂടെയോ കത്തിലൂടെയോ ഞങ്ങളെ അറിയിക്കുക, അതിനു പകരം ചേര്‍ക്കേണ്ട ശരി വിവരവും ദയവായി നല്‍കുക.
  5. ഈ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുന്ന ഓരോരുത്തരും അവരവര്‍ക്ക്‌ അറിയാവുന്ന ജീവിച്ചിരിക്കുന്നതോ മരിച്ചുപോയവരോ ആയ എഴുത്തുകാരികളുടെ പേരും, വിവരങ്ങളും ഞങ്ങള്‍ക്ക്‌ അയച്ചു തന്ന്‌ ഈ വെബ്‌സൈറ്റിനെ സമ്പൂര്‍ണ്ണമാക്കാന്‍ സഹായിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ നല്‍കുന്ന വിവരങ്ങളും തെളിവുകളും പരിശോധിച്ച ശേഷം അവ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ്‌.

മലയാളത്തെയും മലയാളത്തിലെ എഴുത്തുകാരെയും സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഈ വെബ്‌സൈറ്റ്‌ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. എഴുത്തിന്റെ പ്രകാശം പരത്താനും നിലനിര്‍ത്താനും എന്നും നമുക്ക്‌ കഴിയട്ടെ!

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക