Already a member ? Please Login


Rajani

ഇടിയും മിന്നലും......

കഴിഞ്ഞ വർഷം ഇതേ പോലെ ഇടിയും മഴയും ഉള്ള കാലം. അന്ന് പകൽ പ്രകൃതി ശാന്തമായി നില്കുന്നത് കണ്ടു ഞാൻ എന്റെ തുണികൾ ഇസ്തിരി ഇടാൻ കയറി. ഇസ്തിരി ഇടുമ്പോൾ ഞാൻ ചെരുപ്പിട്ടു നല്ല കട്ടിയുള്ള കയറു തടുക്കിൽ നിന്നാണ് ജോലി ചെയുക. ലാസ്‌റ്റ് തുണി എത്താറായപ്പോൾ പതിയെ കൊട്ടും കുരവയും ആയി മഴ ആരംഭിക്കുന്നത് കണ്ട് ഇസ്തിരിപ്പെട്ടി പ്ലഗ്ഗിൽ നിന്നും ഊരി മാറ്റി ഞാൻ അതിലുള്ള ചൂടിൽ തുണി പ്രെസ്സ് ചെയ്യുകയായിരുന്നു. പെട്ടന്നാണ് മുന്നിൽ ഒരു നീല വെളിച്ചം കൂടെ പടക്കം പൊട്ടുന്ന ശബ്ദവും. വെളിയിൽ അപ്പൊ നല്ലയൊരു ഇടിവെട്ടും കേട്ടു. ഞാൻ പെട്ടന്ന് ഇസ്തിരിപ്പെട്ടി മാറ്റി വച്ചു. കുട്ടികൾ അകത്തു മുറിയിൽ നിന്നും ശബ്ദം കേട്ടു പുറത്തു വന്നു. അവർ പേടിച്ചു എന്താണ് സംഭവമെന്ന് ചോദിച്ചു. അപ്പോളാണ് എനിക്ക് സ്വബോധം വന്നത്. ഞാൻ അവരോട് മിന്നലിന്റെ എഫക്റ്റാണെന്നു പറഞ്ഞു കൊടുത്തു. ഞാൻ നിന്ന മുറിയിൽ കേബിൾ ടീവി കണക്ഷൻ ഉണ്ടായിരുന്നു. ടീവിയിൽ നിന്നും അത് വിച്ഛേദിച്ചു മാറ്റി വച്ചിരുന്നതായിരുന്നു. മിന്നൽ അതിലൂടെ വീട്ടിനുള്ളിൽ അടിച്ചതായിരുന്നു അപ്പോൾ നടന്നത്. പണ്ട് അച്ഛന് ഐ എസ്സ് ആർ ഓയിൽ ജോലി കാരണം കഴക്കൂട്ടത്തു സ്ഥലം 1974 - ൽ വാങ്ങി ഞങ്ങൾ വീട് വച്ചു താമസിക്കുകയായിരുന്നു. ഞാൻ വളർന്ന വീട് ഓടും ഓലയും കൊണ്ട് മേൽക്കൂര ഉള്ളതും രണ്ടു മുറിയിൽ സിമന്റ് തറയും ബാക്കി മുറികൾ ചാണകം മെഴുകിയതും ആണ്. വീട് നല്ല ഉയരം ഉണ്ട്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്നാൽ അന്നൊക്കെ വീട് കാണുമായിരുന്നു. അന്നൊക്കെ വലിയ ആള് താമസം ഇല്ലാത്ത സ്ഥലമായിരുന്നു. കഴക്കൂട്ടം എന്ന സ്ഥലത്തിന് പെട്ടന്നുള്ള വളർച്ച കാരണം ആദ്യം അവിടെ ഉണ്ടായിരുന്ന ആസ്പിരിൻ പ്ലാന്റും ഐ എസ്സ് ആർ ഓ യും ആണ്. 20 വര്ഷമായപ്പോളേക്കും തന്നെ അവിടെ നല്ല വികസനം വന്നു കഴിഞ്ഞു. ഏകദേശം ഒരു ടൗണ്ഷിപ്പ് പോലെ ആയിരുന്നു ആ സ്ഥലം. ഐ എസ്സ് ആർ ഓയിലെ ജീവനകാരായിരുന്നു അവിടെ കൂടുതലും താമസം. ആ എരിയായിൽ ഞങ്ങളാണ് ആദ്യം കറന്റ് കണക്ഷൻ എം ജി വച്ച് എടുക്കുന്നത്. നാട്ടുകാർ ആരും സഹകരിക്കാത്തതു കൊണ്ട് അച്ഛനാണ് ഒറ്റയ്ക്ക് 1976 - ൽ എല്ലാ കാര്യങ്ങൾ ചെയ്തു കാശും അടച്ചു ലൈൻ വലിപ്പിച്ചു കണക്ഷൻ എടുത്ത്. എടുത്തതിനു അന്ന് രാത്രി തന്നെ ഒരു വിധത്തിലും ഞങ്ങളോട് സഹകരിക്കാത്ത ഞങ്ങളുടെ അയൽവാസി കണക്ഷൻ എടുത്തതും ഞങ്ങൾക്ക് ചിരിക്കാനുള്ള വകയായി. ഞാൻ എഞ്ചിനീറിങ്ങിനു പഠിച്ചു കഴിഞ്ഞപ്പോളെക്കും അവിടെ ടെക്നോപാർക്ക് സ്ഥാപിതമായി കഴിഞ്ഞു. പിന്നീടുള്ള ഇപ്പോഴത്തെ കഴകൂട്ടം ആകാനായി ഉള്ള കാരണം ടെക്നോപാർക്ക് ആണ്. ഇപ്പൊ കഴകൂട്ടം കോർപറേഷനുള്ളിൽ ഒരു സ്ഥലമായി മാറി..... ഞാൻ എഞ്ചിനീറിങ്ങിനു പഠിച്ചിറങ്ങിയപ്പോളെക്കും ആണ്‌ അച്ഛൻ ഒരു നില ഉള്ള ടെറസ് വീട് വച്ച് മാറി താമസിച്ചത് അതൊക്കെ അവിടെ നിൽക്കട്ടെ. ഞാൻ പറഞ്ഞു വന്ന കാര്യത്തിലേക്കു തിരിച്ചു വരട്ടെ. അന്നൊക്കെ മഴ ഇടിയും മിന്നലും കൂടി വരുമ്പോൾ അമ്മ നല്ല ചണ ചാക്ക് കട്ടിക്ക് നിലത്തു വിരിക്കും. അതിൽ ഞങ്ങളെ പിടിച്ചിരുത്തും. എന്നിട്ട നാമം ജപിക്കാൻ തുടങ്ങും. അങ്ങനെ ഉള്ള വർഷങ്ങളിൽ‌ ഏതോ ഒന്നോ രണ്ടോ സമയങ്ങളിൽ ഇതു പോലെ നീല വെളിച്ചം വീട്ടിനുള്ളിൽ അടിച്ചത് മനസ്സിൽ ഓടി എത്തി. സിമന്റ് തേച്ച മുറിയിൽ അന്നു ഇട്ട ഇൻക്കാൻഡസെന്റ്‌ ബൾബ് നിന്നാണ് ആ വെളിച്ചം കണ്ടത്. പിന്നീട് ആണ് വീടിനു എർത്ത കുറവായത് കൊണ്ട് ഇടിമിന്നൽ അടിച്ചപ്പോൾ വീട്ടിലെ ബൾബ് വഴി വീടിനുള്ളിൽ ഷോക്ക് വന്നത് എന്നു മനസ്സിലായതും ശരിയാക്കിയതും. അതിനു ശേഷം ഒരിക്കൽ പോലും ആ നീല വെളിച്ചം കണ്ടിരുന്നില്ല..... കഴിഞ്ഞ കാലാവർഷത്തിലാണ് അത് കാണുന്നത്...... ഓരോ തവണയും സുരക്ഷാ പാലിച്ചത് കൊണ്ട് ഇന്നും ജീവനോടെ ഇരിക്കുന്നത്.....