Already a member ? Please Login


Rajani

നാർമാടിപുടവ

നാർമാടിപുടവ സാറ തോമസിന്റെ നാർമാടിപുടവ എന്ന നോവൽ വായിക്കാൻ കിട്ടി. അധികം താളുകൾ ഉള്ള പുസ്തകം അല്ലെങ്കിലും സമയ കുറവും ശരീരക്ഷീണം കൊണ്ടും വായിച്ചു തീർക്കാൻ അല്പം കൂടുതൽ സമയം എടുത്തു. എന്നാലും ഒരു വിരസതയും തോന്നില്ല വായിക്കുമ്പോൾ. (തിരുവനന്തപുരം നഗരത്തിലെ ഒരു ഗ്രാമം..... അങ്ങിനെ ആണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുള്ള ബ്രഹ്മിണ കോളനിയെ കുറിച്ച അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുള്ളത്. അതെല്ലാം കഥകളിൽ ഞാൻ കണ്ടത് അഗ്രഹാരങ്ങൾ ആയിട്ടാണ്... അവിടെ എന്റെ അത്തയും കുടുംബവും താമസിച്ചതാണ്. അത്ത എന്നാൽ എന്റെ അച്ഛൻ പെങ്ങൾ ആണ്. മാമന് ശ്രീപദ്മനാഭൻ ക്ഷേത്രത്തിലായിരുന്നു ജോലി. അതും രാജാവിന്റെ കല്പന ഉള്ള കാലം തൊട്ടേ ജോലി ഉണ്ടായിരുന്നു. പറ്റുന്ന സമയങ്ങളിൽ ഒക്കെ അവിടെ പോകുമായിരുന്നു. അത്ത ഞങ്ങൾ ചെല്ലുമ്പോൾ പൈപ്പിന് ചുവട്ടിൽ വെള്ളം പിടിച്ചും കൊണ്ട് അയൽക്കാരോട് സംസാരിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഞങ്ങളെ കാണുമ്പോൾ നല്ലൊരു ചിരിയോടെ സ്വീകരിച്ചു ഇരുത്തി പിന്നെ നട്ടുവർത്തമാവും കുടുംബകാര്യങ്ങളും ചർച്ച തുടങ്ങും മുതിർന്നവർ. മാമൻ അപ്പോഴേക്കും ജോലി കഴിഞ്ഞു അമ്പലത്തിലെ പ്രസാദവും കൊണ്ട് വരും. എന്നെ കണ്ടാൽ പിന്നെ പ്രസാദം എനിക്ക് കൈയിൽ വച്ചു തരും വേറെ ആർക്കും കൊടുക്കുകേല. അത്തക്കും നല്ല സ്നേഹമാണ്. ചെല്ലുമ്പോൾ പലഹാരങ്ങളും ചായയും ഉച്ചക്ക് ചോറും എല്ലാം തന്നു ഊട്ടിയിട്ടേ വിടുകയുള്ളു.......... ഇന്നു അത്തയും മാമനും ഇല്ല. അത്ത ഞാൻ 10 ൽ പഠിക്കുമ്പോളേക്കും കാൻസർ പിടിപെട്ടു മരിച്ചു പോയിരുന്നു. മാമൻ പിന്നെ 6-7 വര്ഷങ്ങള്ക്കു മുൻപ് മരിച്ചു. എന്നാലും അവരുടെ സ്നേഹം എപ്പോളും മനസ്സിൽ നിറദീപം പോലെ തെളിഞ്ഞു നില്കുന്നു. ഒരിക്കലും വറ്റാത്ത നിലവിളക്കായി. ) ക്ഷെമിക്കണം ഞാൻ പുസ്തകത്തെ കുറിച്ച എഴുതാനാണ് ഉദേശിച്ചത് എന്നാൽ സാറാതോമസിന്റെ നാർമാടിപുടവ വായിച്ചപ്പോൾ ഇതെല്ലാം ഓർമയിൽ നിറഞ്ഞു വന്നു.... അതാ അതെല്ലാം അവിടെ കുറിച്ചത്.... തിരുവനന്തപുരത്തെ അഗ്രഹാരങ്ങളിൽ വളർന്ന ബ്രഹ്മിണ പെൺകുട്ടിയുടെ കഥ. 16 വയസു കഴിഞ്ഞയുടനെ അവൾക്കു ഒരു വിവാഹം നടത്തി വിടുന്നു. അയാളൊരു സൂക്കേടുകാരനാണ്... ശാന്തിമുഹൂർത്തം പോലും കഴിയാതെ അവൾ വൈധവ്യയോഗം വന്നു ചേരുന്നു. സ്വന്തം വീട്ടിൽ തിരിച്ചെത്തുന്ന അവൾ ജാതിയുടെ ആചാരങ്ങളുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞു കൂടവേ അവൾക്കു ഡിഗ്രി ചെയ്യാൻ അവസരം ലഭിക്കുന്നു. എതിർപ്പുകളെ തരണം ചെയ്തു അവൾ മുന്നോട്ട് പോകുമ്പോൾ അവളുടെ സഹോദരീഭർത്താവിന്റെ അതിരു കടന്ന സ്വഭാവും തുടർന്നുള്ള സഹോദരിയുടെ മരണവും അവരുടെ മകളെ വളർത്താനുള്ള ബാധ്യതയും വന്നു ചേരുന്നു. ഇതിനിടയിൽ അവർക്കൊരു സർക്കാർ ജോലി കിട്ടുന്നു. ജോലി സ്വീകരിച്ചും കൊണ്ട് അവർ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ ഉണ്ടാകുന്ന കുറെ അനുഭവങ്ങൾ.... ഒരു സ്ത്രീയായി ജനിച്ചു ജാതിയുടെയും ആചാരങ്ങളുടെയും നൂലാമാലകളിൽ ചതച്ചരച്ച ഒരു ജീവിതത്തെ നന്നായി വരച്ചു കാണിക്കുന്നുണ്ട് ഇതിൽ. നല്ലൊരു കഥ വായിച്ചതിന്റെ സന്തോഷം..... വായിക്കുമ്പോളൊക്കെ മനസ്സിൽ തെളിഞ്ഞു വന്നത് അത്തയുടെ വീടും അവരുടെ ചിരിച്ച മുഖവും ആണ്....