Already a member ? Please Login


Saga James

ഒരു അദ്ധ്യാപികയെക്കുറിച്ച് പറഞ്ഞാൽ

ഒരു അദ്ധ്യാപികയെ - ക്കുറിച്ചു പറഞ്ഞാൽ......... ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, നാഴികമണിയുടെ നാഡിയിൽ കുരുങ്ങിയ ഉറക്കമുണർത്തിയുടെ ഗദ്ഗദം കേൾക്കേ ദിനചര്യയുടെ വിരലുകളിലേക്ക് ഉണർവ്വിന്റെ വിരലുകൾ കോർക്കുന്നവൾ പുതപ്പിന്റ രസതന്ത്രത്തിൽ നിന്നും ശരീരത്തെ സ്വതന്ത്രമാക്കി പ്രജ്ഞയുടെ വാതിൽ തള്ളിത്തുറന്ന് സർവ്വേശ്വരനിൽ മനസ്സർപ്പിച്ച്, ഇരുളിന്റെ ഓടാമ്പൽ നീക്കി പുറത്തിറങ്ങുമ്പോൾ കിഴക്ക് പെരുമീനുദിച്ചിട്ടുണ്ടാകും. കൈക്കുമ്പിളിൽ കോരിയ വെള്ളത്തിന്റെ തണുവിനാൽ നിദ്രയുടെ ചുംബന രസത്തെ മനസ്സില്ലാ മനസ്സോടെ കഴുകിക്കളഞ്ഞ് അനുസരണയില്ലാത്ത മുടിയിഴകളെ ശാസിച്ചൊതുക്കി, ഗൃഹപാഠങ്ങളിലേയ്ക്കൂർന്നിറങ്ങി സ്ഥൂലത്തിൽ നിന്നവയെ സൂക്ഷ്മത്തിലെത്തിക്കുമ്പോഴും ചുറ്റുമുള്ള വൃത്തത്തിന്റെ വ്യാസം കുറയാതെ ശ്രദ്ധിക്കുന്നൊരു കുട്ടി. നീട്ടിയ കൈകളിലെല്ലാം വാത്സല്യ മധുരം പുരട്ടി നടയിറങ്ങുമ്പോൾ സമയം കൂട്ടു വെട്ടി മുന്നേ പോയിട്ടുണ്ടാകും. പിന്നെ സർക്കസുകാരിയുടെ മെയ് വഴക്കത്തോടെ ലൈൻ ബസിലെ തിരക്കിൽ ശ്വാസം മുട്ടി നിൽക്കേ വരവു ചിലവുകൾ മനക്കണക്കിന്റെ ചുവരിൽ ഒട്ടിച്ചുവയ്ക്കുന്നുണ്ടാവും. ഒരു ദീർഘനിശ്വാസത്തിന്റെ സീബ്രാ വര ഭേദിച്ച് ആത്മവിശ്വാസം പാകിയ നടപ്പാതയിലൂടെ ക്ലാസ്സിലെത്തുമ്പോൾ പുഞ്ചിരിപ്പൂക്കളാൽ സ്വീകരിക്കപ്പെടുന്നവൾ ഗൃഹപാഠങ്ങൾ മറവിയുടെ മരപ്പൊത്തിൽ നിക്ഷേപിച്ച്, തന്റെ മുന്നിലിരിക്കുന്ന ഓരോ കുഞ്ഞിനും അറിവിന്റെ ദുഗ്ദം ഇറ്റിക്കവേ അമ്മയായ് മാറുന്നവൾ. നാളത്തെ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുവാൻ മെഴുതിരി പോലെരിഞ്ഞ് പ്രകാശം പൊഴിക്കുന്നവൾ. സങ്കടങ്ങളുടെ നീർച്ചാൽ വറ്റിച്ച് നന്മയുടെയുറവയെ പകരുന്നവൾ.