Already a member ? Please Login


Dany Darvin

വൈധവ്യം

വൈധവ്യം ....................... സ്വപ്നങ്ങൾക്ക് ചിറകുമുളച്ച് കല്യാണപന്തലിൽ അണിഞ്ഞൊരുങ്ങി നിന്നവൾ .... പ്രിയതമൻ അഗ്നിസാക്ഷിയാക്കി താലി കഴുത്തിൽ അണിയിച്ചപ്പോൾ അവൾ സുമംഗലി.... നിറുകയിൽ അവൻ സിന്ദൂരം ചാർത്തിയപ്പോൾ, വലതുകൈക്കുള്ളിൽ കരം ചേർത്തു പിടിച്ച് അഗ്നിക്കു വലം വെച്ചപ്പോൾ ഇടം നെഞ്ചകം തുള്ളിയത് അവളോടൊപ്പം അവനുമറിഞ്ഞിരുന്നു. പിന്നയങ്ങോട്ട് ഇണക്കങ്ങളും, പിണക്കങ്ങളും ഇടകലരുമ്പോൾ അവന്റെ പിണക്കത്തെ അവൾ കൂടുതൽ സ്നേഹിച്ചു. കാരണം അപ്പോഴവന് അവളോട് സ്നേഹം കൂടുമെന്നത് അവർക്കു മാത്രമറിയാവുന്ന സത്യം . സുഖദുഃഖങ്ങളിൽ ഇണയോട് തോൾ ചേർന്നു നിന്നപ്പോൾ ദുഃഖങ്ങളേയും അവൾ മധുരകരമാക്കി. തൻപാതി കൂടെയുള്ളപ്പോൾ എന്തിനു വേറെ ചിന്തകൾ. ... പിന്നീടൊരിക്കൽ അവൻ അവളേയും പറക്കമുറ്റാത്ത പിഞ്ചോമനകളേയും ഒറ്റക്കാക്കി ആകാശത്തൊരു ഒറ്റ നക്ഷത്രമായി നിന്നപ്പോൾ അവൾ ഒരു വിധവ ..... ആദ്യമായി ഹൃദയം പറിയുന്ന വ്യഥയോടെ അവൾ തിരിച്ചറിഞ്ഞു ഒന്നിനേയും ഇത്രമേൽ സ്നേഹിക്കരുതെന്ന്. വൈധവ്യത്തിന്റെ നൊമ്പരങ്ങൾ പേറി ഇന്നുമവൾ ജീവശ്ചവം പോലെ ദിനരാത്രങ്ങൾ തള്ളിനീക്കുമ്പോൾ പൊന്നോമന മക്കൾ രാത്രിയാമങ്ങളിൽ ആ ഒറ്റ നക്ഷത്രത്തോട് കിന്നാരം ചൊല്ലുകയാവും. ഡാനി ഡാർവിൻ (മഴവില്ല്)