Already a member ? Please Login


Manjula.K.R

പെണ്ണടയാളം

പെണ്ണടയാളം "മോള് ഒരു മാസമായി ആശുപത്രീല് തന്നെയായിരുന്നു. ഒന്നൊറങ്ങാൻ പോലും പറ്റാതെ...എത്ര ദിവസാ...ന്റെ മോൾക്ക് വേണ്ടി എന്തും സഹിക്കാൻ ഞാൻ തയാറായിരുന്നു... മനസ്സിലെ വെഷമം ആർക്കേലും പറഞ്ഞാ മനസ്സിലാവോ? പറയാനും ആരും ഇല്ലാന്നു വച്ചോ.ഹൃദയം പൊട്ടി പൊട്ടി പല കഷണങ്ങളായി തെറിക്കൂന്നു തോന്നീട്ടുണ്ട് പലപ്പോഴും." "രാജിയെ സഹായിക്കാൻ മറ്റാരുമില്ലേ?" " അച്ഛനും അമ്മയ്ക്കും പ്രായായി. അനിയത്തിയെ കെട്ടി പുനലൂർക്ക് കൊണ്ടോയി.അവളെ പിന്നെ അച്ഛനേം അമ്മേ നേം ഒന്നു കാണാൻ കൂടി വിട്ടിട്ടില്ല അവടെ കെട്ടിയോൻ". " മോൾക്കെന്തായിരുന്നു അസുഖം?" അവർ കുത്തിക്കുത്തി ഒരോന്ന് ചോദിച്ച് രാജിയെ വിഷമിപ്പിച്ച് കൊണ്ടിരുന്നു. ഉണങ്ങിവരുന്ന മുറിവിൽ വീണ്ടും ബ്ലേഡിട്ട് വരയുന്ന പോലെ.മോളുടെ അസുഖത്തെ പറ്റി പറയുമ്പോൾ വാക്കുകൾ പകുതി വഴിയിൽ പൊട്ടി പിന്നെ കരച്ചിലിനോടൊപ്പം തെറിച്ചു വീണു. അപ്പോൾ അവർ ചോദ്യം മാറ്റി ചോദിച്ചു."ഭർത്താവിന്റെ പെരുമാറ്റത്തിൽ നിങ്ങളെ ഏറ്റവും വിഷമിപ്പിച്ചി രുന്നതെന്താണ്?" രാജി തുടർന്നു."ആശുപത്രീല് ഞാൻ മോൾടെ കെടക്കക്കരികിൽ രാത്രീന്നും പകലെന്നും ഇല്ലാതെ ഒറക്കമിളച്ചിരുന്നു.മൂന്നാം നാൾ അയാൾ മുറീലേക്ക് കയറി വന്നു.കൊച്ചിനെ ഒറ്റക്കാക്കി എന്നെ ബലം പ്രയോഗിച്ച് വലിച്ചെറക്കി കൊണ്ടുപോയി.ഞാൻ പൊട്ടിക്കരഞ്ഞു.അപ്പോ " അത് അവടെ കെടന്നോളും, എങ്ങും എണീറ്റു പോകൂല" എന്ന് അലറി. അവിടവിടെ ഇരുന്ന ആളുകൾ ഞങ്ങളെ നോക്കി.ആരെങ്കിലും അയാളെ ഒന്ന് തടഞ്ഞെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു.പക്ഷെ ആരും ഒന്നും പ്രതികരിച്ചില്ല.അയാളുടെ ആഗ്രഹം തീർക്കാൻ വെറും ഒരു ശരീരമായി കെടന്നു കൊടുക്കേണ്ടി വന്നു.വെറും ശരീരം. മദ്യത്തിന്റെ മണോം, തൊടയിലൂടെ ഒഴുകി വന്ന നനവും .എനിക്ക് ഓക്കാനിക്കാൻ തോന്നി." കനലിൽ നിന്നും തീപ്പൊരിചിതറുന്ന പോലെ രാജിയുടെ കണ്ണുകളിൽ നിന്നും വിദ്വേഷത്തിന്റെ തീപ്പൊരി പാറി. "ഇതിന് നല്ല റേറ്റിംഗ് കിട്ടും".ചാനലിന്റെ ക്രിയേറ്റീവ് ഡയറക്ടർ സോമസുന്ദരം സന്തോഷിച്ചു. "എന്തു കഷ്ടാല്ലേ സാർ ഇവരുടെയൊക്കെ ജീവിതങ്ങൾ!" "താനെന്താടോഒരു മാതിരി ആക്ടിവിസ്റ്റിന്റെ മാതിരി സംസാരിക്കണത്?അതിനു കച്ചകെട്ടിയിറങ്ങിയിരിക്കണ കൊറേ അവളുമാരുണ്ടല്ലോ. അവരൊക്കെ കൂടെയങ്ങ് ഒണ്ടാക്കിക്കോളും. നമ്മടെ പണി ഇവറ്റകളുടെ കണ്ണീര് വിറ്റ് കാശാക്കലാ.ഹല്ല... പിന്നെ" സോമസുന്ദരം അത് നിസാരവൽക്കരിച്ചു. ട്രയിൻ ആടിയിളകിയോടി ക്കൊണ്ടിരുന്നു.അയാളുടെ മനസ്സിലൂടെ കഴിഞ്ഞ ദിവസം" ഇത് ജീവിതം" എന്ന പ്രോഗ്രാമിന്റെ എഴുപത്തെട്ടാം എപ്പിസോഡിന്റെ ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങൾ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. മനസ്സിൽ നന്മയുടെ ഒരു വിത്ത് എവിടെയോ കിടന്നു പൊട്ടിമുളയ്ക്കുന്നത് പോലെ. സ്ലീപ്പർ കോച്ചിന്റെ 8-ാo നമ്പർ സീറ്റിൽ ഇരുന്നിരുന്ന അയാൾക്ക് ടോയ്‌ലറ്റിന്റെ ഭാഗവും അതിനിടയിലൂടെ അടുത്ത കോച്ചിന്റെ ടോയ് ലറ്റിന്റെ ഭാഗവും മറ്റു കുറച്ചു ഭാഗങ്ങളും കാണാമായിരുന്നു. അങ്ങോട്ടൊന്ന് പാളിനോക്കിയപ്പോഴാണ് പിന്നെ കണ്ണെടുക്കാൻ കഴിയാത്തവണ്ണം ആ കാഴ്ച അയാളുടെ കണ്ണുകളെ കെട്ടിയിട്ടത്.ഒരു നാടോടി സ്ത്രീ.ഒന്നരവയസോളം പ്രായം തോന്നിക്കുന്ന കുട്ടിയെയും എടുത്തു കൊണ്ടുനിൽക്കുന്നു. മുഷിഞ്ഞതും കീറിപ്പഴകിയതുമായ സാരി എങ്ങനെയോ വാരി ചുറ്റിയിരിക്കുന്നു.പാകമല്ലാത്ത ബ്ലൗ സ് തോളിൽ നിന്നും ഊർന്നു വീണിരിക്കുന്നു. കുട്ടികരഞ്ഞു കൊണ്ടേയിരിക്കുന്നു. കുട്ടിക്ക് വിശക്കുന്നുണ്ടാകും. ജട കൂടിക്കിടക്കുന്ന, എണ്ണയുടെ ഒരു കണിക പോലും തൊട്ടിട്ടില്ലാത്ത ചെമ്പൻ മുടിയും മുഷിഞ്ഞ വേഷവും കണ്ടാലറിയാം ആ കുട്ടിയെ കുളിപ്പിച്ചിട്ട് ദിവസങ്ങളായി എന്ന്.അല്ലെങ്കിലും ഇങ്ങനെ തീവണ്ടിയിൽ ഭിക്ഷ തേടി നടക്കുന്ന അന്തിയുറങ്ങാൻ ഒരിടം പോലുമില്ലാത്ത കുടിവെള്ളം പോലും കിട്ടാനില്ലാത്ത ഈ പ്രജകൾക്കെന്ത് കുളി.ഇവരും ഇന്ത്യൻ പൗരന്മാർ. ആ സ്ത്രീക്ക് കാണും വോട്ടവകാശം.ഭരിക്കുന്ന വരെ തീരുമാനിക്കാനുള്ള അവകാശം. തന്റേതല്ലാത്ത കാരണത്താൽ ആരുടെയൊക്കെയോ ഉദരത്തിൽ പാകിയ ബീജത്തിൽ നിന്നും ഉയിർകൊണ്ട ഉടലുകൾ.ഒരാളുടെ ജീവിത സാഹചര്യങ്ങളും സമൂഹത്തിലെ വിലയും കൽപ്പിക്കുന്നത് ബീജമല്ല, മറിച്ച് ബീജുമാരുടേതായാലും അതേത് ഗർഭ പാത്രത്തിൽ നിക്ഷിപ്തമായി, പറ്റിപിടിച്ച് വളരുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കുട്ടി അമ്മയുടെ ശരീരത്തിൽ പറ്റിച്ചേർന്നിരുന്ന് കരയുന്നതോടൊപ്പം ബലം പ്രയോഗിച്ച് അവളുടെ ബ്ലൗസ് വലിക്കുന്നു. അതിനു വിശക്കുന്നുണ്ടാകാം.ബ്ലൗസിനുള്ളിലൂടെ കയ്യിട്ട് കൊണ്ടിരിക്കുന്ന കുഞ്ഞിനെ അവൾ വൃഥാ തടയാൻ ശ്രമിക്കുന്നു. അത്രമേൽ ശോഷിച്ചിരിക്കുന്ന അവൾക്ക് കുട്ടിയുടെ ബലം തന്നെ താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. കുട്ടിയുടെ ഇളക്കവും തീവണ്ടിയുടെ താളക്രമത്തിലുള്ള ആട്ടവും കൂടിയായപ്പോൾ അവൾക്ക് നിൽക്കാൻ കഴിയാതായി.ഒടുവിൽ അവൾ ട്രയി നിന്റെ ഇടനാഴിയിൽ ഇരുന്നു.കുട്ടിയുടെ അവകാശത്തിനായുള്ള സമരം, അതോ ജീവൻ നിലനിർത്താനുള്ള പരാക്രമമോ കലശലായപ്പോൾ അവൾ കുട്ടിക്ക് മുലകൊടുത്തു.ആ കുട്ടിയുടെ വിശപ്പുമാറ്റാനുള്ള പാൽ ഉദ്പാദിപ്പിക്കാനുള്ള കഴിവ് എല്ലുകൾ പൊങ്ങി നിൽക്കുന്ന ആ ശരീരത്തിനുണ്ടോ എന്നയാൾ മനസാ പരിതപിച്ചു.മനസിൽ ഇങ്ങനെ ഒരൊരോ ചിന്തകളുമായി അയാൾ അവളെ നോക്കിക്കൊണ്ടിരുന്നു.അയാൾ അവളെ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ സ്ത്രീ സഹജമായ ലജ്ജാഭാവത്തോടെ സാരിത്തലപ്പ് നെഞ്ചത്തേക്ക് വലിച്ചിട്ടു.അയാൾ പെട്ടെന്ന് നോട്ടം പിൻവലിച്ചു. അയാളുടെ മനസ്സിൽ ആർദ്രവികാരങ്ങൾ നിറഞ്ഞു നിന്നു. കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.ഇങ്ങനെയുള്ള മനുഷ്യരെ കാണുമ്പോഴാണ് നമ്മൾ എത്ര ഭാഗ്യം സിദ്ധിച്ചവരാണ് എന്നും, അല്ലെങ്കിൽ നമ്മുടെ കഷ്ടപ്പാടുകൾ എത്ര നിസ്സാരമാണെന്നും ചിന്തിച്ചു പോകുന്നത്. മനസിന്റെ യാത്ര തുടർന്നു.നാലുസെന്റ് സ്ഥലത്ത് പഴയ ഒരു ടെറസ് വീട്,മൂന്നുവർഷം മുമ്പ് ഒന്നോരണ്ടോ ദിവസം വാടക വൈകുമ്പോഴുള്ള വീട്ടുടമസ്ഥന്റെ ഗർവ്വിച്ച മുഖം കണ്ടു മടുത്തപ്പോൾ വാങ്ങിയതാണ്.ഇപ്പോഴത്തെ ദുഃഖം പഴയ നാലുകെട്ടിനെ അനുസ്മരിപ്പിക്കുന്ന നടുക്ക് ഓപ്പൺ സ്പേസുള്ള, വിശാലമായ ഹാളുള്ള, ആട്ടുകട്ടിലിട്ട റീഡിങ് റൂമുള്ള, ലോണിലേക്ക് തുറക്കുന്ന ജനാലകളുള്ള ബെഡ്റൂമുള്ള, മനസ്സിന്റെ തിരുമുറ്റത്തിട്ട് രൂപകല്പന ചെയ്ത ആ സ്വപ്നഭവനം സ്വന്തമാക്കാൻ ഇനിയും സാധിച്ചില്ലല്ലോ എന്നതാണ്‌. ഇഷ്ടമുള്ളത് നേടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കിട്ടിയതിനെ ഇഷ്ടപ്പെടുക എന്ന തത്വം പിന്തുടർന്ന് കൊണ്ട് താൻ ആ വീട് ഇഷ്ടപ്പെടാൻ ശ്രമിക്കുന്നു. കുട്ടികൾ വളർന്ന് കുടുംബം ടൂവീലറിനേക്കാൾ വലുതായപ്പോൾ കാറ് ഒരത്യാവശ്യമായി പരിണമിച്ചു.അങ്ങനെയാണ് ഒരു മാരുതി 800 വാങ്ങിയത്. ഇന്നിപ്പോ കാറില്ലാത്തതിലും കൊറച്ചിലാ മാരുതി 800 ഉള്ളത്.ഒരു സെലേറിയോ വാങ്ങണം.പത്താം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകന് അടുത്ത വർഷം പട്ടണത്തിലെ പ്രശസ്തമായ സ്കൂളിൽ അഡ്മിഷൻ തരപ്പെടുത്തണം.ഇതൊക്കെയാണ് ഇനിയും തീരാത്ത പ്രശ്നത്തിന്റെ പട്ടികയിലെ ചിലത്‌.തന്റെയീ പ്രശ്നങ്ങൾ എത്ര നിസാരമെന്ന് അയാൾ നെടുവീർപ്പിട്ടു. കോഴിക്കോട് റെയിൽ വേ സ്റ്റേഷനിൽ വലിയൊരു ചൂളം വിളിയോടെ തീവണ്ടി ഞരങ്ങി നിന്നു.ബാഗെടുത്ത്, തോളിൽ തൂക്കി, പ്ലാറ്റ്ഫോമി ലേക്കിറങ്ങി അയാൾ ജനക്കൂട്ടത്തി ലൊരാളായി.തീവണ്ടിയിൽ നിന്നിറങ്ങുന്നവരെ തടസ്സപ്പെടുത്തുന്ന കയറാനുള്ളവരുടെ പരാക്രമം, ചായ- കാപ്പി വിൽപ്പനക്കാർ, പോർട്ടർമാർ, ഭിക്ഷാടകർ...ചുറ്റും തിരക്കോടു തിരക്ക്. ആളുകളുടെ തിരക്കു കാണുമ്പോൾ അയാൾക്ക് അനിമൽ പ്ലാനറ്റിൽ സീബ്ര കളോ കാട്ടുപോത്തുളോ ഒക്കെ കൂട്ടം കൂട്ടമായി പോകുന്ന ദൃശ്യങ്ങൾ കണ്ടത് ഓർമ്മ വരും. പല കാഴ്ചകളും കണ്ട അയാളുടെ കണ്ണുകൾ വീണ്ടും ആ അമ്മയിലും കുഞ്ഞിലും ഉടക്കി നിന്നു.ആ സ്‌റ്റേഷനിൽ അവരും ഇറങ്ങിയിരിക്കുന്നു. അയാളുടെ നടത്തത്തിന്റെ വേഗത താനേ കുറഞ്ഞു. മനസ്സിന്റെ ഏതോകോണിൽ ആ അമ്മയും കുഞ്ഞും കയറിക്കൂടിയതായി അയാൾ തിരിച്ചറിഞ്ഞു.ജനസഞ്ചയത്തിനിടയിൽ നിന്നും നീലഷർട്ടും കറുത്ത പാന്റ്സും ധരിച്ച ഒരാൾ ആ സ്ത്രീക്ക് നേരേ ഒരു ഭക്ഷണപ്പൊതി നീട്ടി. നന്ദി സൂചകമായി തൊഴുതിട്ട് അവർ അത് കൈപ്പറ്റി .അയാളുടെ മനസ്സിൽ ആ നീല ഷർട്ടു കാരനോട് വല്ലാത്ത ഒരാദരവ് തോന്നി.കഷ്ടതയനുഭവിക്കുന്നവർക്കായി എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തണം എന്ന ചിന്തകൾ മനസ്സിലിട്ട് പെരുക്കുന്നതല്ലാതെ ഇതു വരെ ഒന്നും തന്നെ ചെയ്തിട്ടില്ല. ആ മനുഷ്യസ്നേഹി ചെയ്തതു പോലെ ഒരു നേരത്തെ ഭക്ഷണം പോലും അതർഹിക്കുന്നവർക്ക് കൊടുക്കാൻ തോന്നിയിട്ടില്ലല്ലോ എന്നയാൾ സ്വയം വിമർശിച്ചു.സ്വയം ചെറുതാകുന്നത് പോലൊരു തോന്നൽ അപ്പോൾ അയാൾക്കുണ്ടായി. റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജിലാണ് അയാൾ റൂമെടുത്തത്.മൂന്നാം നിലയിൽ റെയിൽപാളങ്ങളെ അഭിമുഖീകരിച്ചു കൊണ്ടുള്ള ബാൽക്കണിയുള്ള ഒരു മുറി. ചില വ്യക്തികളുമായുള്ള മീറ്റിംഗ് ലക്ഷ്യമിട്ടുള്ളതാണീ യാത്ര. "ഹലോ.ഞാൻ സ്ഥലത്തെത്തിയിട്ടുണ്ട്. എപ്പോഴാണ് മീറ്റ് ചെയ്യാൻവരേണ്ടത്?" എന്ന മൊബൈൽ ചോദ്യത്തിന് മറുപടി " രണ്ടു മണിക്ക് ശേഷം വിളിച്ചിട്ട് വന്നാൽ മതി ." രണ്ടു മണിക്ക് ശേഷം നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ എ.സി. സ്യൂട്ട് റൂമിൽ നേരിട്ടുള്ള സംഭാഷണ ശകലം. "ഇത്തരത്തിലുള്ള ഒരു പ്രോഗ്രാം "നാട്ടു രാജ്യം" ചാനൽ പ്ലാൻ ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു.അതിനു മുമ്പായി നമ്മൾ ഇത് എയർ ചെയ്യണം." "എനിക്കെന്തായാലും ഉറപ്പുണ്ട് സാർ "ഇത് ജീവിത"ത്തേക്കാൾ റേറ്റിംഗിൽ ഇത് മുന്നിൽ കയറുമെന്ന്" അയാൾ ആത്മവിശ്വാസം മറച്ചു വച്ചില്ല." കുട്ടികളായ ഇരകളെയാണല്ലോ നമ്മൾ"വിക്ടിംസി"ലൂടെ പരിചയപ്പെടുത്തുന്നത്. "അതെ. കുട്ടി മനസുകളിലൂടെയാണ് സ്ത്രീ സമൂഹത്തിലേക്ക് കയറിപ്പറ്റാൻ എളുപ്പം." ചർച്ചകൾ പലതും പലരുമായും നടന്നു.എല്ലാം കഴിഞ്ഞ് റൂമിൽ മടങ്ങിയെത്തുമ്പോൾ മണി പതിനൊന്നര.മനസിന്റെ ഒരു കോണിൽ ഒതുങ്ങിയിരുന്ന ആ അമ്മയും കുഞ്ഞും തിക്കിത്തിരക്കി മുകൾത്തട്ടിലെത്തി . തെളിഞ്ഞ ആകാശത്തെ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി സംവാദം നടത്തിയിരിക്കാമെന്ന ആഗ്രഹത്താൽ അയാൾ റൂമിന്റെ റെയിൽ പാളത്തെ അഭിമുഖീകരിക്കുന്ന പിൻവാതിൽ തുറന്ന് ബാൽക്കണിയിൽ ഇരുന്നു.വലതുവശം കുറച്ച് ദൂരത്തായി പ്ലാറ്റ്‌ഫോം കാണാം. രാത്രിയിലെ വണ്ടി കാത്തിരിക്കുന്ന ഉറക്കം നഷ്ടപ്പെട്ട കുറച്ചു പേർ.ഇടതു വശത്ത് സമാന്തരമായി ഇരുട്ടിലേക്ക് നീണ്ടു കിടക്കുന്ന റെയിൽ പാളങ്ങൾ കാണുമ്പോൾ ഏകാന്തത, വിഷാദം എന്നിവയെല്ലാം കൂടിച്ചേർന്ന ഒരു സമ്മിശ്ര വികാരം മനസിൽ രൂപപ്പെട്ടു. " അല്ലെങ്കിലും ഈ ഫിലോസഫി പഠിച്ചോർക്കൊക്കെ ഒരു തരം വട്ടാ....." ഭാര്യ അയാളെ എപ്പോഴും കളിയാക്കാറുണ്ട്."ഹല്ല.പിന്നെ മനുഷ്യന് ചിന്തിക്കാൻ മറ്റെന്തെല്ലാം കാര്യങ്ങളുണ്ട്. അതിനിടയിലാ... ജീവിതത്തിന്റെഅർത്ഥം,ലക്ഷ്യം... ഒന്നു പോ മനുഷ്യാ....." അയാൾക്ക് ഭാര്യ പറയാറുള്ളത് ഓർമ്മ വന്നു. പെട്ടെന്നാണ് അത് അയാളുടെ കണ്ണിൽ പെട്ടത്.പാളങ്ങൾക്കെല്ലാം അപ്പുറത്ത് കാടുപിടിച്ചു കിടക്കുന്ന മരങ്ങൾക്കും ഇലച്ചാർത്തുകൾക്കുമിടയിൽ വലിച്ചുകെട്ടിയിരിക്കുന്ന ഒരു പ്ലാസ്റ്റിക് ഷീറ്റിനടിയിൽ ഒരു രൂപം.ഇരുട്ടിനാൽ അവ്യക്തമായൊരു രൂപം. കണ്ണുകൾ ആ ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ ആ രൂപം വ്യക്തമായി.തീവണ്ടിയിൽ കണ്ട അതേ അമ്മയും കുഞ്ഞും. ആ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ എത് സുരക്ഷിതത്വമാണ് അവർക്കുള്ളത്? ഒരു ധനികയുടെ ഉദരത്തിൽ പിറക്കാതിരുന്നത് കൊണ്ട് ശീതികരിച്ച മുറിയിലെ പട്ടുമെത്തയിൽ കിടക്കാത്ത കുഞ്ഞ്.പൊന്തക്കാടുകൾക്കിടയിൽ അട്ടകളും തേളുകളും എലികളും തെരുവ് പട്ടികളും ഉണ്ടാകാം. കതക് അടച്ച് കിടന്നെങ്കിലും അയാൾ ഉറക്കം വരാതെ വട്ടം കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു.നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും എങ്ങും എത്തുന്നില്ല.ചലനം നിൽക്കുമ്പോൾ തുടങ്ങിയിടത്ത് തന്നെ. കുട്ടികൾ ചോദിക്കുന്ന ഒരു കടങ്കഥ. ഭാര്യ കൂടെയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ പറഞ്ഞേനേ..."നിങ്ങൾ ഫാൻ നോക്കി കെടക്കാതെ കെടന്നൊറങ്ങാൻ നോക്ക് മനുഷ്യാ.."ജനാലക്കൊളുത്തുകളും ആ മുറി മൊത്തമായി തന്നെയും കുലുക്കിക്കൊണ്ട് ഒരു തീവണ്ടി പാഞ്ഞു പോയി.കട പടാ ശബ്ദം അങ്ങ് വിദൂരതയിൽ ലയിക്കുമ്പോഴേക്കും ഒരു കരച്ചിൽ ഉയർന്നു കേട്ടു. നെഞ്ചിലൊരു പിടച്ചിൽ. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് അയാൾ പുറത്തേക്ക് നോക്കി.അവ്യക്തമായി ചിലത് കാണാൻ കഴിഞ്ഞു.പൊന്തക്കാടുകൾക്കിടയിൽ പ്ലാപ്റ്റിക് ഷീറ്റിനടിയിൽ സുരക്ഷ തേടിയെത്തിയ ആ സ്ത്രീ ആകമിക്കപ്പെടുകയാണ്.കുഞ്ഞ് ഉണർന്ന് കരയുന്നു. സ്‌ത്രീയെ ആക്രമിക്കുന്നയാൾ ഒറ്റക്കൈ കൊണ്ട് കുഞ്ഞിനെ പൊന്തക്കാട്ടിലേക്ക് എറിഞ്ഞു.ദുർബലമായ എതിർപ്പുകളെ ആ ക്രൂരൻ എളുപ്പത്തിൽ വരുതിയിൽ വരുത്തി, ആ സ്ത്രീയെ കീഴ്പ്പെടുത്തി. പോലീസിനെ അറിയിക്കണമെന്ന് ചിന്തിച്ച് അയാൾ മൊബൈൽ എടുത്ത് ഡയൽ ചെയ്തത് പക്ഷേ ഒരു സുഹൃത്തിന്റെ നമ്പറിലേക്കാണ്." ഓ ..പിന്നെ.. ഈ പാതിരാത്രി... നാടോടി സ്ത്രീ.... നിനക്ക് വേറേ പണിയൊ ന്നൂല്ലേടേ?പോലീസിനെ ഒക്കെ അറിയിച്ചാ പിന്നെ തൊല്ലയാകും" എന്ന് സുഹൃത്ത് അയാളുടെ സഹാനുഭൂതിയെയും ദീനാനുകമ്പയെയും സർവോപരി മനസ്സാക്ഷിയെയും ചങ്ങലക്കിട്ടു.പെട്ടെന്ന് അയാളിൽ ഒരു കർത്തവ്യബോധം ഉടലെടുത്തു. അടുത്ത ദിവസം ഭാര്യക്ക് ഡോക്ടറുടെ അടുത്ത് അപ്പോയിൻ മെന്റ് ഉള്ളതാണ്.കൂടെ പോകാനുള്ള താണ്. രാവിലത്തെ ട്രയിനിൽ പോകണം. വാതിലടച്ച് കിടക്കയിൽ ഉറക്കം വരുത്താനായി കിടക്കുമ്പോൾ മനസിൽ ചിന്തകളുടെ വലക്കെട്ടുകൾ മുറുകുകയായിരുന്നു.അഴിക്കുന്തോറും മുറുകിവരുന്ന ആയിരം കെട്ടുകളുള്ള വലകൾ.ദൈന്യത എല്ലുന്തി നിൽക്കുന്ന ആ ശരീരത്തോട് ആർക്കാണ് കാമവികാരം മുളയ്ക്കുക. ആ നീചൻ മനുഷ്യനല്ല, മൃഗമാണ്.ഈ കാര്യത്തിൽ പല മൃഗങ്ങൾക്കും മനുഷ്യനേക്കാൾ നെറിവ് ഉണ്ടെന്നറിഞ്ഞിട്ടും അയാൾ അങ്ങനെ ചിന്തിച്ചു.അയാളിലെ 'മനുഷ്യത്വം' മനസിന്റെ നാലതിരിൽ തട്ടി നിന്നു. കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആ രാത്രി അയാൾ ശപഥം ചെയ്തു. രാവിലെ എട്ടു മണിക്കു പുറപ്പെടുന്ന തീവണ്ടി പിടിക്കാനുള്ള.തിരക്കിനിടയിൽ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു നോക്കാനുണ്ടായ വ്യഗ്രതയെ അയാൾ അവഗണിച്ചു.പ്ലാറ്റ് ഫോമിലെ തിരക്കുകൾക്കിടയിലൂടെ, നടന്നു നീങ്ങുന്ന വലിയ ലഗേജുകൾക്കിടയിലൂടെ അയാൾ മെയ് വഴക്കമുള്ള ഒരു സർക്കസ് കലാകാരനെപ്പോലെ നടന്നു നീങ്ങി.നേരത്തേയെത്തിക്കിടന്ന ട്രയിന്റെ എസ് 4 കോച്ചിൽ കയറി, 17ആം നമ്പർ സീറ്റിൽ ഇരുന്ന് കൊണ്ട് മൊബൈൽ ഫോണിലെ irctc സന്ദേശവുമായി ഒത്തുനോക്കി.ബാഗ് മുകൾ ബർത്തിൽ വച്ച് സൈഡ് സീറ്റിൽ സ്വസ്ഥനാകുന്നത് വരെ അയാൾ മറ്റൊന്നും ചിന്തിച്ചില്ല.സ്വസ്ഥമായിക്കഴി ഞ്ഞപ്പോൾ അയാൾ അമ്മയെയും കുഞ്ഞിനെയും പറ്റിയോർത്തു. രാത്രിയിൽ കണ്ട ദൃശ്യത്തെ കുറിച്ചോർത്തു.അയാൾ വീണ്ടും വികാരാധീനനായി. അയാളിലെ മനുഷ്യത്വമുണർന്നു.കണ്ണുകൾ ജാലകത്തിലൂടെ നീണ്ടു.പാളങ്ങൾക്കപ്പുറം ഒരാൾക്കൂട്ടം. എല്ലാവരുടേയും കണ്ണുകൾ ഒരേ ദിശയിലേക്കായിരുന്നു. എതിർ സീറ്റിൽ വന്നിരുന്നയാൾ പറഞ്ഞു."അവിടെ ഒരു സ്ത്രീ മരിച്ചു കിടക്കുന്നു. കണ്ടിട്ട് അവരെ ആരോ ശരിയാക്കിയ മട്ടുണ്ട്.അവരുടെ അടുത്ത് ഒരു ചെറിയ കുട്ടിയുമുണ്ട്." ട്രയിൻ വിടാൻ ഇനിയും പതിനഞ്ചു മിനിട്ട് ബാക്കിയുണ്ട് എന്ന വസ്തുത അയാൾക്ക് മനുഷ്യത്വം പ്രകടിപ്പിക്കാൻ അല്പസമയം അനുവദിച്ചു.അയാൾ ട്രയിനിൽ നിന്നിറങ്ങി ആൾക്കൂട്ടം ലക്ഷ്യമാക്കി ഓടി.കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ, പാറിപ്പറന്ന അഴുക്കുപിടിച്ച തലമുടി, ശരീരത്തിൽ മുറിപ്പാടുകൾ.എല്ലും തോലുമായ ആ ശരീരത്തിലൂടെ കയറിയിറങ്ങി ഏതോ ഹൃദയശൂന്യൻ ദാഹം തീർത്തിരിക്കുന്നു. കുഞ്ഞ് ആ മൃതശരീർത്തോട് പറ്റിച്ചേർന്ന് കിടന്ന് മുല കുടിക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടിരിക്കുന്നു.രംഗത്ത് സന്നിഹിതനായിരുന്ന ഒരു റെയിവേ പോലീസുദ്യോഗസ്ഥൻ കുഞ്ഞിനെ എടുത്തുയർത്തി ചുറ്റുമുള്ള കണ്ണുകൾ കുട്ടിയിലേക്ക് തിരിഞ്ഞു.കണ്ണുകളിൽ ആർദ്രതയാണോ നിഴലിച്ചത്. കുഞ്ഞിന്റെ ശരീരത്തോട് ചേരാതെ കിടന്ന പഴകിക്കീറിയ വലിയ ഷർട്ട് ഉയർന്ന് മാറി സ്വകാര്യ ഭാഗങ്ങൾ വെളിവായി.നവജാതശിശു ആണോപെണ്ണോ എന്ന് കണ്ടറിയാനുള്ള അതേ ഉദ്വേഗത്തോടെ കണ്ണുകൾ കൂർത്തു."പെൺകുഞ്ഞ്". പെണ്ണാണെന്ന് തിരിച്ചറിയാനുള്ള "പെണ്ണടയാളം". തുറിച്ചു നോക്കുന്ന കണ്ണുകൾക്കിടയിൽ ആ കൊച്ചു പെണ്ണടയാളത്തിലേക്ക് ദയയുടേതല്ലാത്ത, വാത്സല്യത്തിന്റേ തല്ലാത്ത കണ്ണുകൾ....കാമവെറിയുടെ കണ്ണുകൾ നീളുന്നതും അയാൾ കണ്ടു. തീവണ്ടിയാത്രയുടെ ആലസ്യത്തിൽ കിടന്നുറങ്ങി അടുത്ത ദിവസം വൈകിയുണർന്നപ്പോൾ ഭാര്യ പത്രവും ഒരു കപ്പ് ചായയുമായി ഹാജരായി.ഒരു കവിൾ ചായ കുടിച്ചുകൊണ്ടയാൾ പത്രത്തിലൂടെ കണ്ണോടിച്ചു. ഒരു ഫോട്ടോ. റെയിൽ പാളത്തിനടുത്ത് പൊന്തക്കാട്ടിൽ മരിച്ച കിടക്കുന്ന നാടോടി സ്ത്രീ.മുലകുടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന പിഞ്ചു പൈതൽ. കുഞ്ഞിന്റെ വെളിവാകുന്ന സ്വകാര്യഭാഗംമറയ്ക്കാനായി ഒരു കറുത്തചതുരം.ചിത്രത്തിനു കീഴിൽ ഒരു ചെറിയ വാർത്ത."തീവണ്ടിയിടിച്ച് നാടോടി സ്ത്രീ മരിച്ചു.തീവണ്ടിയിടിച്ച് തെറിച്ചു വീഴുകയായിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി.റെയിൽവേ പോലീസ് കേസെടുത്തു."