Already a member ? Please Login


Dany Darvin

ഒർമ്മയോണം

ഓർമ്മയോണം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, അത്തം മുതലുള്ള ആദ്യത്തെ മൂന്നു നാലു ദിവസത്തെ പരീക്ഷാ ചൂടിനിടയിലും പൂക്കൾ പറിക്കാനുള്ള ഞങ്ങളുടെ വ്യഗ്രത കുളിരണിയിക്കുന്നതായിരുന്നു. ഞാനും ആങ്ങളയും അയൽപക്കത്തെ കുട്ടികളും അടങ്ങുന്ന പട്ടാളം കലമ്പട്ട, ചെമ്പരത്തി, കോളാമ്പി എന്നിവയുടെ പൂമൊട്ടുകൾ പറിക്കാൻ വൈകുന്നേരമിറങ്ങും. കാരണം ഇവ വിടർന്നാൽ പിന്നെ രാവിലെ കിട്ടില്ല. രാത്രി ഉറക്കം വരാറേ ഇല്ല. രാവിലത്തെ പൂക്കളം ഏതു രീതിയിൽ ഒരുക്കണമെന്ന ചിന്ത. പരീക്ഷയുടെ ടെൻഷൻ മറു സൈഡിലും. രാവിലെ എണീറ്റ് കുളി കഴിഞ്ഞ് മുറ്റത്ത് ചാണകം മെഴുകി വീണ്ടും കാശിതുമ്പ, ചെത്തി, തുമ്പപ്പൂക്കൾ പറിക്കാനോട്ടമാണ്. തിരിച്ചുവന്ന് വീട്ടിൻ മുറ്റത്തെ ജമന്തിയും, ബന്ദിയും, വാടാ മുല്ലയും കൂടി പറിച്ചെടുത്ത് പൂക്കളമൊരുക്കി ശേഷം അടുത്ത വീടുകളിലേക്ക് വച്ചു പിടിക്കും. ഏത് പൂക്കളമാണ് അഴകെന്നറിയാൻ. പരീക്ഷ കഴിഞ്ഞുള്ള പിന്നത്തെ ഓണപ്പൂക്കളത്തിന്റെ ഭംഗിയും വലുപ്പവും കൂടും. പപ്പ വാങ്ങി തരുന്ന ഓണക്കോടി സൂക്ഷിച്ചു വെച്ച് പിന്നെ തിരുവോണനാളിനുള്ള കാത്തിരിപ്പാണ്. ആ ദിവസവും ഓടിയെത്തുമ്പോൾ മനസ്സിൽ ഉത്സവമേളമാണ്. തിരുവോണ നാളിൽ വെളുപ്പിനേ എണീറ്റ് അടുത്ത തിമർപ്പിനായി ഞങ്ങളൊരുങ്ങും. അയൽപക്കങ്ങളിൽ നിന്ന് കൊണ്ടുവന്നു തരുന്ന ഓണത്തപ്പനെ എതിരേക്കൽ ചടങ്ങിന്റെ അട ആദ്യം അകത്താക്കും. നോക്കുമ്പോൾ, അമ്മ കറിക്കരിയുന്നു. പപ്പ തേങ്ങ ചിരകി കൊടുക്കുന്നു. പപ്പടം കാച്ചി വച്ച പാത്രത്തിൻ തട്ടിലേക്ക് ഞങ്ങളുടെ കുഞ്ഞിക്കൈകൾ ചെല്ലുമ്പോൾ അമ്മ കെറുവിച്ച് ഓടിക്കും. പിന്നെ അമ്മ കാണാതെ പായസത്തിനുള്ള അണ്ടിപ്പരിപ്പ് എടുത്തു കൊണ്ട് ഓടുന്ന വഴിക്ക് ചിരവയിൽ നിന്ന് അൽപം തേങ്ങയും അടിച്ചെടുക്കും. കുളി കഴിഞ്ഞ് ഓണക്കോടി ഇട്ട് തലയിൽ പൂവും ചൂടി അടുത്ത വീട്ടുകാരെ കാണിക്കാൻ ഓടും. അപ്പോൾ അതിലും ഗമയിൽ കൂട്ടുകാർ പുത്തനുടുപ്പിട്ട് എന്റെ വീട്ടിൽ എത്തിയിട്ടുണ്ടാകും. പിന്നെ അടുത്തുള്ള ശാരദ ചേച്ചിയുടെ തറവാട്ടിൽ ഇട്ടിരിക്കുന്ന ഊഞ്ഞാലാടാൻ എല്ലാവരും കൂടി പാച്ചിലാണ്. കാൽ അടുത്തുള്ള വൃക്ഷത്തിൻ തലപ്പിൽ തൊട്ട് തിരികെ കുതിക്കുന്നവനെ 'ഹീറോ'യെ പോലെ ഞങ്ങൾ നോക്കി നിക്കും. പപ്പയുടെ വിളി മുഴങ്ങുമ്പോൾ ഓടി അമ്മ വിളമ്പി തരുന്ന ഓണസദ്യ കഴിച്ച് വീണ്ടും ഓടും അടുത്ത കളികളിലേക്ക്.... സത്യത്തിൽ ഞങ്ങൾക്കതൊരു 'ഉത്രാട പാച്ചിലാണോന്ന്' കാണുന്നവർ കരുതും. ഇതിലും രസകരമായ വസ്തുതഎല്ലാ വീട്ടിലേയും കുട്ടികൾ പരസ്പരം എല്ലാ വീട്ടിലും ഒരു പേരിനെങ്കിലും ഓണമുണ്ണണമെന്ന നിബന്ധനയാണ്. എല്ലാ തരത്തിലുള്ള പായസവും കുടി കഴിഞ്ഞ് തളർച്ചകൊണ്ട് ഞങ്ങൾ കുട്ടികളെല്ലാം എന്റെ വീട്ടിൽ വീണ്ടും സുന്ദരമായ മയക്കത്തിലേക്ക് വീഴും.... ,,,,,,,,,,,,,,,,,,,,..,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,...,,,,,,,,,,,,,,,,,,,,,...,,,,,,,,,,,,,,,,,, ഡാനി ഡാർവിൻ (മഴവില്ല്)