Already a member ? Please Login


Dany Darvin

എന്റെ മാൽദീവ്സ് ജീവിതത്തിലെ ഒരു ദിനം

(എന്റെ മാൽദ്വീവ്സ് ജീവിതത്തിലെ ഒരു ദിനം) ഞാനും ബംഗാളിയും പിന്നെ ശ്രീലങ്കക്കാരനും ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, അത്യാവശ്യ സാധനങ്ങളെല്ലാം പച്ചക്കറി മാർക്കറ്റിൽ നിന്നും വാങ്ങിയ ശേഷം മാൽദീവ്സിന്റെ തലസ്ഥാനമായ മാലേയുടെ പ്രസിഡൻഷ്യൽ ജെട്ടി ഭാഗത്തെത്തി. എന്റെ ഐലന്റിലേക്ക് തിരിച്ചു പോകാൻ സ്പീഡ് ലോഞ്ച് ഇനി 11.30ക്കേ ഉള്ളൂ. വാച്ചിൽ നോക്കിയപ്പോൾ സമയം 10 ആയുള്ളൂ. ഇനിയും ഒന്നര മണിക്കൂറുണ്ട്. അത്രയും സമയം കളയാനായി രാഷട്രപതി ഭവനോട് ചേർന്നുള്ള പാർക്കിൽ തണൽ ഭാഗത്ത് സിമന്റു ബെഞ്ചിൽ ഞാൻ ഇരിപ്പുറപ്പിച്ചു. സാധനങ്ങളടങ്ങിയ കവർ ബാഗിൽ ഒതുക്കി വച്ചു. സമയം ധാരാളം ഇനിയും. നല്ല ദാഹവും. അടുത്തുള്ള കടയിൽ നിന്ന് ജൂസ് വാങ്ങി കുടിച്ച് മനസ്സും ശരീരവും ഒന്നു തണുത്തപ്പോൾ വീണ്ടും പഴയ സ്ഥലത്തു വന്നിരുന്നു. ഞാൻചുറ്റുപാടും ഒന്നു വീക്ഷിച്ചു. അടുത്ത ബഞ്ചിലിരിക്കുന്ന ഒരു ബംഗാളിതന്റെ ഫോണിൽ ഉറക്കെ ദേഷ്യപ്പെട്ട് ഫോണിൽ സംസാരിക്കുന്നുണ്ട്. അത്യാവശ്യം ഹിന്ദിയൊക്കെ അറിയാവുന്നതുകൊണ്ട് അയാളുടെസംസാരം എനിക്കു മനസ്സിലായി. ഭാര്യയോടാണ് സംഭാഷണം. പണി കുറവാണെന്നും, കാശ് അധികം അയക്കാൻ ഇല്ലെന്നും പറയുന്നുണ്ട്. എതിർ ഭാഗത്ത് പരാധീനതയുടെ ഭാണ്ഡക്കെട്ട് അഴിച്ചതിനാൽപുള്ളി അൽപം ശാന്തനായി. മക്കളുടെ പഠിത്ത കാര്യമെല്ലാം ചോദിക്കുന്നുണ്ട്. വീണ്ടും ഭാര്യ പണത്തിന്റെ ചർച്ചയിലേക്ക് നീങ്ങിയതിനാലാവണം നമ്മുടെ ബംഗാളി വീണ്ടും ക്രൂദ്ധനായി. പുള്ളിക്കാരന് പരിസരബോധമില്ല. തകർക്കുകയാണ്. സമീപം കഥാപാത്രത്തിന്റെ നാട്ടുകാരടക്കം ധാരാളം ആളുകൾ ഇരിപ്പുണ്ട്. എല്ലാവരും ഒന്നെത്തി നോക്കിയിട്ട് വീണ്ടും തങ്ങളുടെ മൊബൈലുകളിലേക്ക് കൈവിരലുകൾ പരതി ഇരിപ്പായി. പിന്നെ ഞാനായിട്ട് എന്തിന് കുറക്കണം. ഞാനും എടുത്തു.. എന്റെ ഫോൺ. ഡാറ്റാ ഓണാക്കി മുഖപുസ്തകത്തിലേക്ക് മൂക്കുകുത്തി. ധാരാളം നോട്ടിഫിക്കേഷൻസ് വന്ന് കിടക്കുന്നു. ലൈക്കുകളും, കമന്റുകളും കൊടുക്കാനുള്ള തിരക്കിൽ മുഴുകി. വിരസത തോന്നിയപ്പോൾ അവിടുത്തെ കാഴ്ചകളിലേക്ക് ഞാൻ തിരിഞ്ഞു. ധാരാളം കുട്ടികൾ പ്രാവിൻ കൂട്ടത്തിനിടയിലൂടെഓടി കളിക്കുന്നു. ആളുകൾ അവക്ക് ധാന്യം എറിഞ്ഞു കൊടുക്കുമ്പോൾ കൂട്ടമായി പ്രാവുകൾ അങ്ങോട്ടേക്ക്. പുറകേ കുഞ്ഞുങ്ങളും. ഇതിനിടയിലൂടെ കോളേജുകുട്ടികളും, വിദേശികളും അവയോടൊപ്പം ഫോട്ടോക്ക് പോസു ചെയ്യുവാൻ മത്സരം. രസമുണ്ട് കാഴ്ചകൾ കണ്ടിരിക്കാൻ. വീണ്ടും അതേ ബംഗാളിയുടെ ശബ്ദം ഫോണിലൂടെ കേൾക്കുന്നു. ഇത്തവണ മധുരമായി ഒതുക്കത്തിലാണ് സംസാരം. ഏതോ പെണ്ണിനോടുള്ള പ്രണയാർദ്രമായ സംഭാഷണമാണ്. എനിക്ക് സത്യത്തിൽ ചിരി വന്നു. എന്ത് വ്യത്യാസം, രണ്ട് ഫോൺ വിളികളും തമ്മിൽ. ഏതായാലും ഞങ്ങൾക്ക് ചെവിക്ക് സ്വൈരം കിട്ടി. സമയം പോക്കാൻ ഞാൻ കഥകളും കവിതകളും തപ്പി വീണ്ടും മുഖപുസ്തകത്തിലേക്ക് .... "മാഡം, ഹൗ ആർ യൂ? യൂ ആർ ഫ്രം വിച്ച് കൺട്രി "? എന്ന പരുക്കൻ ശബ്ദം കേട്ട് ഇവനേത് കൺട്രിയാണെന്ന രീതിയിൽ ഞാൻ തല ഉയർത്തി ചോദ്യഭാവത്തിൽ നോക്കി. ഒരു നാൽപത്തഞ്ചു വയസോളം പ്രായം തോന്നിക്കുന്ന മനുഷ്യൻ. ഉത്തരം എന്നിൽ നിന്ന് കിട്ടുന്നതിനു മുമ്പ് ഞാനിരിക്കുന്ന ബഞ്ചിൽ ഇരുന്നു. സുഖമാണെന്നും, കേരളത്തിൽ നിന്നാണെന്നും പറഞ്ഞപ്പോൾ അയാൾക്ക് എന്റെ ജോലിയും വർക്ക് ചെയ്യുന്ന സ്കൂളും അറിയണം. നിസാരം രണ്ട് വാക്കിൽ ഒതുങ്ങുന്ന ഉത്തരമല്ലേ. എനിക്കെന്താ ചേതം. ഞാനതിനും മറുപടി കൊടുത്തു. " അയാം ഫ്രം ശ്രീലങ്ക .. വർക്കിംഗ് ഇൻ എ ഷോപ്പ് " ഞാൻ ചോദിക്കാതെ തന്നെ പുള്ളി സ്വയം പരിചയപെടുത്തൽ ചടങ്ങങ്ങു നടത്തി. എല്ലാം തല കുലുക്കി കേട്ട് വീണ്ടും വായനക്കായി തിരിഞ്ഞപ്പോൾ അങ്ങേർക്ക് ഞാനെന്തിനാ സിറ്റിയിൽ വന്നതെന്നും എപ്പോൾ പോകുമെന്നും അറിയണം. എനിക്ക് നീരസത്തിലേക്കുള്ള ആദ്യപടി അങ്ങേർ തന്നെ ഇട്ടു തന്നു. എങ്കിലും അത് മറച്ചു വച്ച് ഞാൻ ഉത്തരം കൊടുത്തു. തിരിച്ച് ചോദ്യങ്ങൾ ചോദിച്ചാൽ ബാധ ഒഴിയില്ലെന്നറിയാവുന്നതിനാൽ ഞാൻ ഒന്നും അങ്ങോട്ടേക്ക് ചോദിച്ചില്ല. മറുപടി കിട്ടിയില്ലേ, ഇനി ഞാനൊന്ന് എന്റെ ജോലി തുടർന്നോട്ടേയെന്ന് എന്റെ കണ്ണുകൾ കൊണ്ട് ഞാനദേഹത്തോട് ചോദിച്ചു. അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ എത്ര വർഷമായി ഇവിടെ ജോലി ചെയ്യുന്നതെന്നും ഇവിടെജീവിതം എങ്ങിനെ ഉണ്ടെന്നും ഉള്ള ചോദ്യങ്ങളിൽ എന്റെ ക്ഷമയുടെ രണ്ടാമത്തെപടിയും കടന്നു. പ്രധാന കാരണം മനസിൽ സ്കൂളിൽ കൃത്യസമയത്ത് എത്താൻ കഴിയുമോ എന്ന ടെൻഷൻ. ലീവെടുക്കാതിരിക്കാൻ രാവിലെ തന്നെ ബാങ്കാവശ്യത്തിനായി എത്തിയതാണ് ഇവിടെ. ഈ ലോഞ്ച് കഴിഞ്ഞാൽ പിന്നെ 2.30 ന് ഉള്ളൂ. ബുക്ക് ചെയ്യാത്തതു കൊണ്ട് സീറ്റ് കിട്ടുമോന്ന് ഉറപ്പില്ല. എന്നിട്ടും പുള്ളി എന്നെ വിടാൻ തയ്യാറായിരുന്നില്ല. ഭർത്താവും, മക്കളും കൂടെ ഉണ്ടോന്നും, ഇല്ലെന്നറിഞ്ഞപ്പോൾ അവരെ പിരിഞ്ഞിരിക്കുന്നതിൽ വിഷമമില്ലേ എന്നുമായി ചോദ്യങ്ങൾ. ഈ ചോദ്യം അനാവശ്യമാണെന്ന് അങ്ങേർക്കും എനിക്കും നന്നായിട്ട് അറിയാം. എങ്കിലും ചിലരങ്ങിനെയാണ്... ക്ഷമയുടെ മൂന്നാമത്തെ നെല്ലി പടികടന്ന് ഞാനങ്ങ് മദർ തെരേസയേ പോല ക്ഷമാശീലയായി ഇരിക്കുമ്പോൾ ദാ, വരുന്നു... എന്റെ മുന്നിലേക്ക് ഒരു കാർഡ്. "ഇറ്റ്സ് മൈ കാർഡ്, യൂ നീ ഡ് എനിതിംഗ് ഇൻ മാൽദീവ്സ് യു കാൻ കോൺടാക്റ്റ് മീ ഇൻ ദിസ് നമ്പർ ". ഞാനതു വാങ്ങാതെ ഒരു താങ്ക്സ് പറഞ്ഞു. പുള്ളിയുടെ മുഖം അൽപം വിളറിയെങ്കിലും പിൻമാറാൻ തയ്യാറായില്ല. അപ്പോഴാണ് എന്റെ ക്ഷമയുടെ അവസാനപടിയും തെറ്റിച്ചു കൊണ്ട് അയാൾ തുടരുന്നത് ... "ഐ മീൻ യൂ ആർ എലോൺ ഹിയർ. വിത്തൗട്ട് യുവർ ഫാമിലി ........ സോ...... " പറഞ്ഞിട്ട് ഒരു വഷളൻ ചിരിയും. എവിടുന്ന് ധൈര്യം വന്നെന്നറിയില്ല എനിക്ക്. എന്തും ക്ഷമിക്കും. പക്ഷെ നമ്മുടെ അഭിമാനത്തിൽ വാക്കു കൊണ്ടു പോലും ഒരാൾ കൈ വച്ചാൽ ഞാൻ ക്ഷമിക്കില്ല. പെട്ടെന്ന് ഞാൻ ചാടി എണീറ്റ്.... "സോ..... വാട്ട്???...." എന്ന് ചോദിച്ചതേ ഉള്ളൂ. പുള്ളി ഒന്നും അറിയാത്ത ഭാവത്തിൽ അവിടുന്ന് മുങ്ങി. പണ്ടത്തെപരസ്യത്തിലെ വാചകം പോലെ. 'പൊടിപോലുമില്ല കണ്ടു പിടിക്കാൻ.'..... ................................................................................... (ഞാനിതിവിടെ പറയാൻ കാരണം പല രാജ്യത്തിലേയും ആളുകളുടെ സ്ത്രീകളോടുള്ള സമീപന രീതിയിലെ വ്യത്യാസങ്ങളാണ്. മാൽദ്വീപുകാർ എന്റെ നോട്ടത്തിൽ സ്ത്രീകളോട് ബഹുമാനമുള്ളവരാണ്. ആണുങ്ങൾ അവരുടേതായ ലോകത്താണ്. രാത്രി പോലും നമുക്ക് ധൈര്യമായി ഇറങ്ങി നടക്കാം. പക്ഷെ ഒരു ബംഗാളിയോ അല്ലെങ്കിൽ ഒരു ശ്രീലങ്കക്കാരനോ ഇവിടേയും തങ്ങളുടെ തനി സ്വഭാവം കാണിക്കാൻ ശ്രമിക്കും. എല്ലാ പുരുഷ ജനങ്ങളേയും ഉദ്ദേശിച്ചല്ലാട്ടോ പറഞ്ഞത്) ഡാനി ഡാർവിൻ (മഴവില്ല്)