Already a member ? Please Login


Dany Darvin

പരേതയുടെ ആത്മഗതം

കഥ പരേതയുടെ ആത്മഗതം ................................................... പലരും ലൈല - മജ്നു, സലിം - അനാർക്കലി പ്രണയ കഥാപാത്രങ്ങളെ മനസ്സിൽ താലോലിച്ച് ഭാവനാ ലോകത്ത് ചിറകടിച്ചുയരുന്നു. എന്റേയും മനസ്സിൽ അവനെ കണ്ടെത്തുന്നവരെ അതായിരുന്നു സങ്കല്പം. വിശ്വാസങ്ങളെയെല്ലാം തച്ചുടച്ചാണ് അവൻ എന്റെ ജീവിതത്തിലേക്ക് കുടിയേറിയത്. ഞാൻ പോലും പ്രതീക്ഷിക്കാത്ത വേഗതയിൽ അവൻ എന്നിലേക്ക് ഓടി അടുക്കുകയായിരുന്നു. എന്നെ പുൽകാനുള്ള വെമ്പൽ പല പ്രാവശ്യം ആ കണ്ണുകളിൽ ഞാൻ കണ്ടു. പക്ഷെ ഞാനവനെ ആട്ടിപായിക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. നശ്വരമായ ലോകത്തിൽ നിന്ന് അനശ്വരതയിലേക്ക് നിന്നെ കൈ പിടിച്ചുയർത്തും ഞാനെന്ന് പലവട്ടം അവൻ സൂചന നൽകി. ആ ലോകത്ത് നീ ഒരു മാലാഖയായി വാഴുമെന്നും, അനേകം മാലാഖ കുഞ്ഞുങ്ങൾ നിന്നോടൊപ്പം പാട്ടു പാടി നൃത്തം വെക്കുമെന്നും അവൻ പറഞ്ഞു. " നിനക്കിഷ്ടമുള്ള വെള്ള നിറമാണ് അവിടെ മുഴുവൻ. വെള്ള പൂക്കൾ വിതറിയ വീഥികളിലൂടെ നിനക്ക് ഉലാത്താം.... " എന്നിൽ മോഹത്തിൻ പൂത്തിരി കത്തുന്നില്ലെന്ന് കണ്ട അവൻ വീണ്ടും മൊഴിഞ്ഞു . "ഓ, പ്രീയേ..... നീ എപ്പോഴും മോഹിക്കാറില്ലേ, അനന്തവിഹായസ്സിൽ ഒരു പഞ്ഞിത്തുണ്ടു പോലെ പറന്നു നടക്കണമെന്ന്. അപ്പൂപ്പൻ താടി പോലെ ഒഴുകി ഒഴുകി...... ദാ, നോക്കൂ. ഒട്ടും വൈകിയിട്ടില്ല. അതിലേക്കുള്ള വഴി ഇതിലേയാണ് ". എപ്പോഴോ എന്നിൽ വന്ന രോഗാവസ്ഥയെ എല്ലാവരും മിഴികൾ നനച്ചു കണ്ടപ്പോഴും അവൻ മാത്രം സന്തോഷിച്ചു. അവൻ മന്ദഹസിച്ച് എന്നെ നോക്കി തുടർന്നു. " നീ എപ്പോഴും പറയാറില്ലേ എല്ലാത്തിൽ നിന്ന് ഒരു ദിവസമെങ്കിലുംമോചനം നേടി ഒന്നു വിശ്രമിക്കണമെന്ന്. നീ വിഷമിക്കണ്ടാ. നിനക്ക് ഞാൻ നിത്യവിശ്രമത്തിലേക്കുള്ള വഴി തെളിയിക്കാം". എനിക്ക് സങ്കടം വന്നു. ഞാൻ അവനോട് കയർത്തു. എന്റെ അനുവാദം കൂടാതെ എന്നെ മോഹിക്കാൻ നീ എന്തിനു ശ്രമിച്ചുവെന്ന് ചോദിച്ചു. അപ്പോൾ അവൻ പറയുകയാണ്, " നിന്റെ മോഹങ്ങളും ചിന്തകളും നീയറിയാതെ കേട്ട എനിക്ക് നിന്നെ ഉപേക്ഷിക്കാനുകുമോന്ന് ". എത്ര എന്നെ അവൻ മോഹിപ്പിച്ചിട്ടും എനിക്കെന്തോ എന്റെ പ്രീയരെ ഉപേക്ഷിച്ച് പോകാനാവുന്നില്ല. ഞാൻ പോയാൽ പിന്നെ അവർക്കാരാണുള്ളത് ? പോയാൽ തിരിച്ച് വരവ് അസാധ്യവും. പക്ഷെ എന്തോ അവനെന്നെ ഉറുമ്പടക്കം പിടികൂടി. പോകാൻ പറ്റില്ലയെന്ന് എന്റെ മനസ്സ് പല ആവർത്തി വിലപിച്ചിട്ടും ശരീരത്തിന് അതായില്ല. അവസാനം മരണമെന്ന പ്രണയിതാവിന് ഞാൻ കീഴടങ്ങി. അതും ഞാനൊരിക്കലും പ്രണയിക്കാത്തവന് മുന്നിൽ. ഇപ്പോൾ ഈ പരലോകത്തിലിരിക്കുമ്പോൾ എന്റെ ഉറ്റവരുടെ എനിക്കായുള്ള പ്രാർത്ഥനാ ഗീതങ്ങൾ ഭൂമിയിൽ നിന്ന് മുഴങ്ങുമ്പോൾ, അവരുടെ ഓരോ കരച്ചിലും വേർതിരിച്ചറിയുമ്പോൾ എനിക്ക് സഹിക്കാനാവുന്നില്ല. എനിക്കവരെ എന്നേക്കും നഷ്ടമായല്ലോ മരണമേ ...ഇതറിഞ്ഞിരുന്നെങ്കിൽ നിന്റെ നിഴൽ പോലും എന്റെ മേലെ വീഴാതിരിക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. നീയാണ് നിത്യസത്യമെന്ന് അറിയാമെങ്കിലും. നീ ജയിക്കാനായി ജനിച്ചവൻ..... ....................................................................................... ഡാനി ഡാർവിൻ (മഴവില്ല്)