Already a member ? Please Login


Dany Darvin

രുക്കുവിന്റെ മാംഗല്യം

രുക്കുവിന്റെ മാംഗല്യം :- .................................................... മൊബൈൽ സ്ക്രീനിൽ ഗാനത്തിനൊപ്പം രുക്കുവിന്റെ മുഖം തെളിഞ്ഞതും വിനു 'കോൾ അറ്റൻഡ്' ചെയ്തു. " വിനുവേട്ടാ, ഇന്ന് കൂട്ടുകാരന്റെ വിവാഹവാർഷിക പാർട്ടിയല്ലേ? പരിധിവിട്ട് കുടിക്കരുത് ട്ടോ". എടുത്തവഴി അവളുടെ വാക്കുകൾ. ശരിയാണ്. ഇന്നാണ് കൂടെ ജോലി ചെയ്യുന്ന റോയിച്ചന്റെ പാർട്ടി. പോയേ തീരൂ. ഫയലുകൾ ഒതുക്കി പുറത്തേക്ക് ഇറങ്ങി വിനു അവളോട് മറുപടിപറഞ്ഞു. "എടീ പെണ്ണേ, ഞാൻ മുഴുകുടിയനൊന്നുമല്ല. വല്ലപ്പോഴുമേ കുടിക്കൂ. പിന്നെന്തിനാ നീ വിഷമിക്കുന്നേ "? വാക്കുകൾ ഏശിയില്ലെന്ന് തോന്നുന്നു. "ഓ, അതു മതീലോ, ഒരു വർഷത്തേക്കുള്ളത് അകത്താക്കാൻ ". പിണങ്ങികൊണ്ടവൾ ഫോൺ ഓഫാക്കി. ഈയിടെയായിട്ട് പെണ്ണിനിത്തിരി കൂടുന്നുണ്ട്. കല്യാണ നിശ്ചയം കഴിഞ്ഞതോടെ കേൾക്കുന്നതാണ് ഈ ശകാരവും പരിഭവവും. അവൾ കല്യാണത്തിനു മുന്നെഈ ദുഃശ്ശീലം അറിഞ്ഞിരിക്കണമെന്ന് കരുതി താൻതന്നെ പറഞ്ഞതാണ് ഈ കാര്യം. വിനുചിന്തിച്ചു. "കല്യാണത്തിനു മുന്നേ ഞാൻ ഏട്ടനെ മാറ്റിയെടുക്കും. നോക്കിക്കോ. എന്നിട്ടുമതി എന്റെ കഴുത്തിൽ താലിചാർത്തൽ". അവൾ ഇടക്ക് വീമ്പായി പറയാറുണ്ട്. ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങിയപ്പോഴും അവളുടെ വാക്കുകൾ മനസ്സിൽ കിടന്ന് വീർപ്പുമുട്ടിച്ചു.ഇന്നു മുതൽ എന്റെ രുക്കുവിന് വേണ്ടി കഴിക്കണ്ടെന്ന് അവന്റെ മനസ്സു പറഞ്ഞു. ആരു നിർബന്ധിച്ചാലും തൊടില്ല. പാവം. അവളെ വിഷമിപ്പിക്കണ്ട. മാത്രമല്ലഇന്നവൾക്ക് നഴ്സിങ്ങ് ഡ്യൂട്ടി നൈറ്റാണ്. രാത്രി ഹോസ്പിറ്റലിൽ ഒരു സർപ്രൈസ് വിസിറ്റ് കൊടുക്കണം. അപ്പോൾ പെണ്ണിന്റെ കെറുവ് മാറും. ഇതെല്ലാം ചിന്തിച്ചാണ് വിനു ബൈക്ക് ഒതുക്കി വച്ച് ആഘോഷങ്ങളിലേക്ക് കയറി ചെല്ലുന്നത്. അവിടെ റോയിച്ചനും, പിന്നെ രാഹുൽ, സണ്ണി എല്ലാവരുമുണ്ട്. വിനുവിനെ കണ്ടതോടെ "അളിയാ, വാടാ. നിന്നെ കാത്തിരിക്കുകയായിരുന്നു. നമുക്ക് തുടങ്ങി കളയാം.നീ വാ ." എന്നു പറഞ്ഞ് മദ്യഗ്ലാസ്സുകളുമായി അവർ വന്നു. "ഏയ്, ഇന്ന് ഞാൻ കുടിക്കുന്നില്ല ഡാ. താങ്ക്സ്. എന്നത്തേയും പോലെ ഞാൻ പാടാം". വിനുവിന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് അവർക്ക് ചിരിയാണ് വന്നത്. പക്ഷെ നാടൻ പാട്ടുകൾ താളത്തിനൊത്ത് പാടുന്ന വിനുവിനെ കൂട്ടുകാർ നൃത്തച്ചുവടോടെ കുടിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അപ്പോഴെല്ലാം രുക്കുവിന്റെ കെറുവിച്ച സ്വരം, ആ മുഖം എല്ലാം മനസ്സിലോക്കോടി വന്നു. മദ്യമാണ് മുന്നിൽ നുരയുന്നത്. വിനുവിന് ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. പച്ച വെള്ളത്തിനായി ദാഹിക്കുന്ന മനുഷ്യനേ പോലെ, ആർത്തിയോടെ കൈമറഞ്ഞ് വന്നഗ്ലാസ്സുകളിലെ അവസാന തുള്ളിയും ഊറ്റി കുടിച്ച് തീർത്തു. വേക്കുന്ന കാലുകളോടെ യാത്ര പറഞ്ഞ് ഇറങ്ങി അവൻ ബൈക്കിൽ കയറി. അപ്പോൾ അവന്റെ മുന്നിൽ രുക്കുവിന്റെ മുഖമേ ഉണ്ടായിരുന്നില്ല. കണ്ണുകൾക്ക് മങ്ങൽ. ബൈക്കിന്റെ വേഗത ശരീരത്തിൽ അലിഞ്ഞു ചേരുന്ന മദ്യത്തിന്റെ വീര്യത്തിനനുസരിച്ച് കൂടി വന്നു. മുന്നിൽ പോകുന്ന ടിപ്പറിന്റെ ശരവേഗതയെ മറികടക്കാൻ അവനിലെയുവത്വം ഒരു നിമിഷം ശ്രമിച്ചപ്പോൾ മറുവശത്തു നിന്നുവന്ന വാഹനം അവനെ ബൈക്കോടു കൂടി ദൂരത്തേക്ക് എറിഞ്ഞു കളഞ്ഞു........... ............................................................................ ആശുപത്രിയിലെ രണ്ടു മാസത്തെ വാസത്തോടെ ഇടതു കൈ നഷ്ടപെട്ടുവെന്ന യാഥാർത്ഥ്യത്തോട് അവൻ ഇണങ്ങിയിരുന്നു.ശരീരത്തിന്റെ വേദനകളും കുറഞ്ഞു. പക്ഷെ അവന്റെമനസ്സിന്റെ വേദനകുറക്കാൻ എന്ത് മരുന്നാണുള്ളത്? ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ രുക്കു ഓറഞ്ചിന്റെ അല്ലികൾ അവന് വായിൽ വെച്ച് കൊടുക്കുകയാണ്. അതെല്ലാം കണ്ട് അമ്മയും അടുത്തുണ്ട്. അവളുടെ വെറുപ്പില്ലാത്ത ആകരുതലാണ് അവന്റെ വിങ്ങലിനു കാരണം. ...................................................................... മണ്ഡപത്തിൽ കൊട്ടും കുരവയും ഉയരുമ്പോൾ അതിലേറെ ഇരട്ടി ആനന്ദം വിനുവിന്റെ മനസ്സിൽ ഉയർന്നു. എല്ലാ അവസ്ഥയിലും തന്നോടൊപ്പം നിന്നപെണ്ണാണ് തനിക്ക് ഭാര്യയായി തീരാൻ പോകുന്നത്. താലിചാർത്തുവാൻ അവന്റെ വലതുകരം കഴുത്തിനടുത്തേക്ക് വന്ന നിമിഷം... അവന്റെ ചുടുനിശ്വാസം കഴുത്തിൽ പതിഞ്ഞ നിമിഷം ..... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവൾ മനസ്സിൽ പ്രാർത്ഥിച്ചു. "കൃഷ്ണാ, കാത്തോളണേ. ഒരു നുള്ള് സിന്ദൂരം അവളുടെ നിറുകയിൽ ചാർത്തിയപ്പോൾ അവന്റെ കണ്ണിൽ നിന്ന് അടർന്നുവീണ കണ്ണുനീർ അതിൽ അലിഞ്ഞ് ഒഴുകിയിറങ്ങി. അവളൊന്നു വിതുമ്പി. ആ സിന്ദൂര തുള്ളികൾ വീണതവൻ തന്റെ വലം കൈയ്യിലേക്ക് ഏറ്റെടുത്തു. "രുക്കൂ. ഞാൻ നിന്നെ അണിയിച്ച സിന്ദൂരമാണിത്. എന്റെ കണ്ണടയും വരെ കാത്തു സൂക്ഷിക്കേണ്ട ചുമതല എനിക്കാണ്. നിന്നെ മാറോടണക്കാൻ എനിക്ക് ഈ ഒരു കൈ മതിയെടി പെണ്ണേ ". അവളെ ചുറ്റിവരിഞ്ഞ് തന്നിലേക്കടുപ്പിച്ചവൻ പറഞ്ഞു. തങ്ങൾ നിൽക്കുന്നത് ഒരു സദസ്സിനു മുന്നിലാണെന്ന ചിന്ത പോലുമില്ലാതെ അവർ ഇറുകെ പുണർന്നു നിന്നു. യുവമിഥുനങ്ങൾക്ക് ആശംസയേകി കൈയ്യടിച്ച് ആ നിറഞ്ഞ സദസ്സ് എല്ലാത്തിനും സാക്ഷിയായി. ഡാനി ഡാർവിൻ (മഴവില്ല്)