Already a member ? Please Login


Dany Darvin

എന്റെ എളിയ വായനയിലൂടെ

( കനൽ വായനോത്സവം - വായനാനുഭവം ````````````````````````````````````````````````````````````` എന്റെ എളിയ വായനയിലൂടെ... ```````````````````````````````````````` മലയാളികളായ നമ്മുടെ വായനയുടെ വഴികാട്ടിയായ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ19 വായനാദിനമാക്കി ഒരാഴ്ച കാലത്തോളം വായനാവാരമായി ആചരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ ' വായിച്ചു വളരുക ' എന്ന മഹത്തായ സന്ദേശം ഉൾക്കൊണ്ട് കനൽ വായനോത്സവത്തിൽ ഞാനും എന്റെ വായനാ അനുഭവങ്ങൾ പങ്കുവെക്കട്ടെ. ഏതൊരു കുട്ടിയേയും പോലെ ബാലരമയും, ബാലമംഗളവും, ബോബനും മോളിയും ഒക്കെ വായിച്ചുല്ലസിച്ച് ഞാനുമെന്റെ കുട്ടിക്കാലം ആഘോഷിച്ചു. അന്നത്തെ ഓരോ വായനയിലും മോട്ടു മുയലും, ശിക്കാരി ശംഭുവും, മായാവിയും എല്ലാം എന്റെ ആരാധനാപാത്രങ്ങളായി. നിഷ്കളങ്കമായി പുഞ്ചിരി വിരിയിക്കാൻ ആ വായന ധാരാളം മതിയായിരുന്നു. ട്രെയിൻ യാത്രക്കിടയിൽ പപ്പ വാങ്ങി തരുന്ന ആ മാസികകൾ എത്രപ്രാവശ്യം വായിച്ചുവെന്ന് നിശ്ചയമില്ല. ഹൈസ്കൂൾ തലത്തിലെത്തിയപ്പോൾ അമ്മ വായനശാലയിൽ നിന്നെടുത്തു തരുന്ന മുട്ടത്തു വർക്കി, ബഷീർ കഥകളോടായിരുന്നു ചങ്ങാത്തം. ആ കഥകളിലെ ഭാഷ എന്നോട് നേരിട്ട് സംസാരിക്കുന്ന പോലെ തോന്നിയിരുന്നു. പിന്നീട് കൗമാരത്തിലെത്തിയപ്പോൾ മനോരമ, മംഗളം ആഴ്ചപതിപ്പുകളിലെ കഥകൾ വായിക്കുമ്പോൾ പ്രണയാർദ്രവും, സാങ്കൽപികവും ആയ ലോകം നമുക്കു ചുറ്റുമുണ്ടെന്ന് എനിക്ക് മനസ്സിലായി. എനിക്കും ഇതുപോലൊക്കെ എപ്പോഴാണ് എഴുതാനാവുക എന്ന് ഇടക്കിടെ ചിന്തിക്കും. പപ്പ അടുത്തുള്ള വായനശാലയിൽ നിന്ന് മെമ്പർഷിപ്പ് എടുപ്പിച്ചപ്പോൾ എം.ടി, തകഴി, മുകുന്ദൻ എന്നീ പ്രശസ്തരുടെ കഥകളും, നോവലുകളെല്ലാം അലക്ഷ്യമായി വായിച്ചു. നാലാളോട് ഞാൻ വായനക്കാരിയാണെന്ന് പറയാൻ വായിച്ചുവെന്ന് വരുത്തി കൂട്ടി എന്നതാണ് സത്യം. കോളേജിൽ ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് അവിടെ ഇറക്കുന്ന കയ്യെഴുത്ത് മാസികക്കു വേണ്ടി ആദ്യമായി എന്നെഎഴുതാൻ പ്രേരിപ്പിച്ചത് അലക്ഷ്യമായി എന്റെ മനസിൽ കയറി കൂടിയ വായനകളും, എന്റെ മാതാപിതാക്കളുടെ പ്രോത്സാഹനവുമാണ്. 3 കഥകൾ ഓരോ വർഷവും എഴുതി. പിന്നെ അതിനും വിരാമമിട്ടു. പഠിക്കുക, ജോലി നേടുക എന്നതായിരുന്നു ലക്ഷ്യം. എം.എക്ക് ഹിന്ദി സാഹിത്യത്തിൽ കബീർദാസ് -സൂർദാസ് ദേഹാകളും, മൈഥിലീ ശരൺ ഗുപ്ത്, സുമിത്രാനന്ദ് പന്ത് എന്നിവരുടെ കവിതകളും, പ്രേംചന്ദിന്റെ കഥകളും പഠിച്ച് ആലോകത്തിലേക്ക് ഞാൻ ഉൾവലിഞ്ഞു. പക്ഷെ അവിടെ നിന്നും എന്നിലേക്ക് ഞാനറിയാതെ സാഹിത്യത്തിന്റെ പൊൻതരിവട്ടം കയറികൂടി. പിന്നീട് കല്യാണ ശേഷം ഇടവക പള്ളിയിലെ ലോഗോസിനു വേണ്ടി ചെറിയ കവിതകളെഴുതി. അപ്പോഴും ഗഹനമായ വായനക്ക് ഒന്നും സമയം കിട്ടിയിരുന്നില്ല. പത്രവായന മുടക്കാത്തതു കൊണ്ട് ആനുകാലിക കാര്യങ്ങൾ അറിഞ്ഞിരുന്നു. സത്യത്തിൽ വായനാശീലത്തിലേക്ക് എന്നെ മനസാ ആകർഷിച്ചത് എന്റെ പ്രവാസജീവിതം തന്നെയാണ്. ഒറ്റപ്പെട്ട ജീവിതം തള്ളിനീക്കാൻ കുറെ നാളത്തെ ഇടവേളക്കുശേഷം വായിച്ച പുസ്തകം ബന്യാമിന്റെ 'ആടുജീവിതം' ആണ്. എത്ര ജീവിതഗന്ധിയായ എഴുത്താണത്. പിന്നീട് ഫാ.ബോബി ജോസ് കട്ടികാടിന്റെ 'സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത് എന്നീ രചനകൾ വായിച്ചു. അതിലെ ഓരോ വാക്യങ്ങളും മനുഷ്യമനസ്സുകളെ വായനയുടെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് ആനയിക്കും. അത്രയേറെ നന്മയുള്ളവാക്യങ്ങൾ. പ്രകൃതി, സൗഹൃദം, ദൈവവിശ്വാസം, സ്നേഹം എന്നിവയെല്ലാം ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്. വായനയോട് ഇഷ്ടം കൂടിയപ്പോൾ വായിക്കാനാവശ്യമായ പുസ്തകങ്ങൾ ലഭിക്കാത്ത സ്ഥലമെന്ന അപര്യാപ്തത എന്നെ സ്വാഭാവികമായും നെറ്റിൽ നിന്നുള്ള വായനയിലേക്ക് പ്രവേശിപ്പിച്ചു. അവിടെ ഞാൻ ആകൃഷ്ടയായത് പ്രീയ എഴുത്തുകാരിമാധവിക്കുട്ടിയുടെ രചനകളിലാണ്. പുരുഷൻ കാണിക്കാത്ത തന്റേടം തന്റെ എഴുത്തിൽ കാണിച്ച എഴുത്തുകാരി. ഇത്രയും തുറന്നെഴുതുന്ന ആ ചങ്കൂറ്റത്തെ ഞാനിപ്പോഴും മനസാ നമിക്കുന്നു. സ്ത്രീകൾക്ക് സ്വതന്ത്യമായഎഴുത്തിന്റെ മാർഗ്ഗം സൃഷ്ടിച്ചു കൊടുത്ത കഥാകാരി. 'നഷ്ടപെട്ട നീലാംബരി , സോനാഗച്ചി എന്നീ കഥകളെല്ലാം ഞാനേറെ ഇഷ്ടപെടുന്നവയാണ്. നേരമ്പോക്കിൽ നിന്ന് വായിക്കുവാനുള്ള ആർത്തിയും, പുസ്തകങ്ങളുടെ ആ പഴമ ഗന്ധം ആസ്വദിക്കാനുള്ള ത്വരയും, മുട്ടത്തു വർക്കി മുതൽ ഇപ്പോൾ സജീവമായിരിക്കുന്ന എല്ലാ പ്രശസ്തരുടേയും കഥകൾ, കവിതകൾ വായിക്കണമെന്നമോഹവും എന്റെ കൈയ്യെത്തും ദൂരത്ത് നിൽക്കുന്നു. മുറിഞ്ഞുപോയ ആ പുസ്തക വായന ജീവിതത്തിന്റെ മദ്ധ്യാഹ്ന ഘട്ടത്തിലെത്തപെട്ടപ്പോഴെങ്കിലും എനിക്കു സ്വായത്തമാക്കണം. ഇപ്പോൾ ആ ആഗ്രഹങ്ങൾക്ക് ശമനം ലഭിക്കാൻ ഞാനാശ്രയിക്കുന്നത് മുഖപുസ്തകങ്ങളെയാണ്. എത്രയെത്ര വ്യക്തിത്വങ്ങളും നല്ല കവിതകളും, കഥകളു മെല്ലാം അവിടെ ഇപ്പോഴും അറിയപ്പെടാതെ കിടക്കുന്നു. ജീവിതത്തിൽ അൽപസമയം അവരുടെ എഴുത്തുകളിലൂടെ കണ്ണോടിച്ചാൽ നമ്മിൽ ഒളിഞ്ഞിരിക്കുന്ന സാഹിത്യവും പുറത്തുവരും. കഴിവുള്ളവന്റേയും തുടക്കക്കാരന്റേയും മേഖലകൾ ഒന്നുകൂടി തെളിയും. എഴുതി തുടങ്ങുന്നവർക്ക് പ്രോത്സാഹനവും വഴികാട്ടിയുമായി ഒത്തിരി സൗഹൃദങ്ങളെ നമുക്കവിടെ കാണാം. അതാണ് എന്നേയും ഇവിടെ പിച്ചവെക്കാൻ പഠിപ്പിച്ചത്. എന്റെ മനസിൽ വന്ന ആശയങ്ങൾ, അനുഭവങ്ങൾ, ചില വ്യക്തികളെ പരിചയപെടുമ്പോൾ അവരെ വരച്ചുകാണിക്കാനുള്ള ശ്രമം എല്ലാം എന്റെ ചെറിയ രചനകളിൽ ഞാനുൾപെടുത്തി. അതെല്ലാം വായിച്ചും പ്രോത്സാഹിപ്പിച്ചും, എഴുത്തിലെ തെറ്റുകളെ ചൂണ്ടി കാണിച്ചുമെല്ലാം ഞാനറിയുന്നതും, അറിയാത്തതുമായ ഒത്തിരി സൗഹൃദങ്ങളുണ്ട്. അവർക്കെല്ലാം ഞാനെന്റെ സ്നേഹം ഹൃദയത്തിൽ നിന്ന് അറിയിക്കട്ടെ. ഞാൻ പറഞ്ഞു വരുന്നത്, ഇതെല്ലാം അവരിലെ വായനാശീലത്തിന്റെ പ്രതിഫലനങ്ങളാണ് എന്നതാണ്. ഒരു ദിവസത്തിന്റെ 15 മിനിട്ട് എങ്കിലും അവർ ഇതിനു വേണ്ടി ചിലവഴിച്ചതുകൊണ്ടാണ് നമ്മളെല്ലാം കാലുറച്ച് അവിടെ നിൽക്കുന്നത്. നല്ല എഴുത്തുകാർ തീർച്ചയായും നല്ല വായനക്കാരാണ് എന്ന് വ്യക്തമാക്കുന്നതാണ് എം.ടി, മുകുന്ദൻ എന്നിവരുടെ രചനകൾ. എത്രയെത്ര ഭാഷയിലും, മേഖലകളിലും പെടുന്ന പുസ്തകങ്ങൾ വായിച്ചാണ് അവർ തങ്ങളുടെ കഴിവിനെ സ്വർണ്ണ തിളക്കത്തിലെത്തിച്ചത്. പലതരത്തിലുള്ള രചനകൾ വായിക്കാൻ ശ്രമിച്ചാലേ നമ്മിലെ നാം വളരുകയുള്ളൂ. സാഹിത്യത്തിൽ കഴിയുന്നതും 'അഹം' എന്ന ഭാവം വെടിഞ്ഞ് ആരോ ഗ്യാത്മകമായ വിമർശനങ്ങളെ സ്വീകരിക്കുക. മറ്റുള്ളവരുടെ രചനകൾ വായിച്ച് പ്രോത്സാഹിപ്പിക്കുക. വായനാശീലത്തിന്റെ മറ്റൊരു ഗുണം സമൂഹത്തിലെ ജനങ്ങളുടെ ദു:ഖങ്ങളിലേക്ക് ഇറങ്ങി ചെല്ലാമെന്നതാണ് . നാം ഇതു വരെ 'പൊട്ടക്കുളത്തിലെ തവളകളേ പോലെയും, ' ഇടുങ്ങിയ ചിന്താഗതിയോടേയും, ഞാൻ എന്റെ കുടുംബം എനിക്ക് വലുത് എന്ന രീതിയിൽ കഴിഞ്ഞവരാണ്. സമൂഹത്തിൽ നമ്മെ കൂടതെ ദു:ഖിതരും പീഡിതരുമായ വേറൊരു വിഭാഗവും ഉണ്ടെന്നും അവരുടെ വ്യഥകൾ നമ്മുടേതു കൂടിയാണെന്നും മനസ്സിലാക്കി തരുവാനും, യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി വരുവാനും എല്ലാം വായനാശീലം നമ്മെ പഠിപ്പിക്കും. ലോകത്തിന്റെ കവാടത്തിൽ മൂല്യങ്ങളോടെ ചിത്രശലഭങ്ങളായ് പറന്നുനടക്കാൻ എന്നെ സഹായിക്കുന്നത് എന്റെ ഈ ചുരുങ്ങിയ വായനയാണെന്ന് സന്തോഷപൂർവ്വം ഞാൻ പറയട്ടെ. ഓരോ വായനവാരവും കടന്നു പോകുമ്പോഴും പേരിനു മാത്രമായി തീർക്കുന്ന വായന നമുക്ക് അർത്ഥവത്തോടെ അതിന്റെ പൂർണ്ണ വ്യാപ്തിയിൽ എത്തിക്കാൻ ശ്രമിക്കാം. ആഴ്ചയിൽ ഒരുദിവസം ഒരു മണിക്കൂറെങ്കിലും ചിലവിടാൻ നമുക്കു തയ്യാറാകാം. അലസതയാലും സൗകര്യ കുറവിനാലും അകറ്റി നിർത്തിയ വായനയെ തിരിച്ചുപിടിക്കാം. ഞാനുണ്ട് അതിന്. നിങ്ങളും കൂടുന്നോ മിത്രങ്ങളേ? നല്ലൊരു വായനാ ജീവിത ആശംസകളോടെ... -ഡാനി ഡാർവിൻ