Already a member ? Please Login


Dany Darvin

പുനർജന്മം ഒന്നാകാനാഗ്രഹിക്കുന്നവർ

പുനർജന്മം ഒന്നാകാനാഗ്രഹിക്കുന്നവർ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, " തമാശകളയ് വിവേക്. എന്തു പറഞ്ഞാലും നിനക്ക് കളി. എത്ര നാളായി ഞാൻ നിന്നോടു പറയുന്നു. നിന്റെഅമ്മ കൊണ്ടുവരുന്ന കല്യാണാലോചനയുടെ കാര്യം ഒന്നു നോക്കാൻ ". ഇത്തവണ നല്ല സങ്കടത്തിലാണ് സംഗീത പറഞ്ഞത്. എന്നും കേട്ടുമടുത്തവിഷയമാണിത് അവന്. പക്ഷെ അവൾക്കങ്ങിനെയല്ല. അവളുടെ ഒരു തേങ്ങലായി അവശേഷിക്കുകയാണ് അവനിന്ന്. "അത് നടക്കില്ല മോളേ " അലക്ഷ്യമായി അവൻ പറഞ്ഞു. " എന്തുകൊണ്ട് ? എനിക്കറിഞ്ഞേതീരൂ. നിനക്ക് പ്രേമനൈരാശ്യമൊന്നുമില്ല. കുഞ്ഞിപെങ്ങളെ കല്യാണം കഴിച്ചയച്ചതിനാൽ ബാധ്യതകളുമില്ല. പിന്നെ നല്ലൊരു ജോലി? ഈ ലോകത്തെല്ലാവരും വലിയ ഉദ്യോഗസ്ഥരാണെങ്കിൽ മാത്രമേ കെട്ടുകയുള്ളുവോ? നീ എന്തു പറഞ്ഞാലും പ്രായമായ മാതാപിതാക്കൾക്കു അവകാശമായ സന്തോഷം നിഷേധിക്കുന്നതിനു തുല്യമാണ് നിന്റെ ഈ വാശി. മകൻ കുടുംബമായി ജീവിക്കുന്നത് കാണുവാൻ അവർക്ക് ആഗ്രഹമുണ്ടാവില്ലേ? അവന്റെ കുഞ്ഞുങ്ങളെ താലോലിക്കാൻ അവർ എത്ര മോഹിക്കുന്നുണ്ടാവും. തങ്ങളുടെ കണ്ണടയുമ്പോൾ മക്കൾക്ക് ഒരു തുണയുണ്ടല്ലോ എന്ന ആശ്വാസം നിലനിൽക്കില്ലേ? "നീ എല്ലാം പറഞ്ഞു തീർന്നോ.എടി ബുദ്ദൂസേ,ഞാനല്ലേ കെട്ടേണ്ടത്. ഞാൻ കെട്ടിയില്ലെങ്കിൽ നിനക്കെന്താ ? മനുഷ്യൻ സ്വൈര്യമായി ജീവിക്കുന്നത് കാണാൻ നിനക്കിഷ്ടമല്ലാ അല്ലേ ". (ഇവർ വിവേകും സംഗീതയും. പ്രണയിനികളല്ല. അവളുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിൽ ആത്മ സൗഹൃദമായി നിന്നവൻ. ഒരു പക്ഷേ അവളുടെ ഭർത്താവിനേക്കാൾ അധികം അവളുടെ മനസറിഞ്ഞവൻ. കരുതൽ നൽകിയവൻ. തമാശക്ക് അവർ എപ്പോഴും പറയാറുണ്ട്..........അടുത്ത ജന്മം ഒന്നാകേണ്ടവർ നാമെന്ന്) "എടാ, അടുത്ത ജന്മം നമ്മൾ വിവാഹിതരായാൽ എന്നും അടിയായിരിക്കും. നീ ഈ അനുസരണ സ്വഭാവമില്ലെങ്കിൽ നിന്നെ ഞാനപ്പോൾ ഡൈവോഴ്സ് ചെയ്യും". "അത് പറഞ്ഞിട്ടു വേണോ. ഈ ജന്മം നീയെനിക്ക് ഇതുപോലെ സ്വൈര്യം തന്നില്ലെങ്കിൽ പിന്നെ അടുത്ത ജന്മത്തെ എന്റെ കാര്യം ഗോവിന്ദ. പിന്നെ നീ എന്താ പറഞ്ഞേ, ഡൈവോഴ്സോ. അതിന് ഞാൻ സമ്മതിച്ചിട്ടു വേണ്ടേ മോളേ..... " " നിന്റെ സമ്മതമെനിക്കെന്തിനാ. ഞാൻ വിവാഹമോചനത്തിന് കേസു കൊടുക്കും" 'ഉവ്വുവ്വ്. നടന്നത് തന്നേ. ഞാൻ ഒപ്പിട്ടാലല്ലേ നിനക്ക് ഡൈവോഴ്സ് കിട്ടൂ " അവനും വിട്ടുകൊടുത്തില്ല. " കോടതിയോട് ഞാൻ പറയും. എനിക്ക് ഇയാളെ വേണ്ടാ, ഒറ്റക്കു ജീവിക്കണമെന്ന് . അവർ അനുവാദം തരും. നീ നോക്കിക്കോ". അവന്റെ അമ്മ പറഞ്ഞ വിവാഹക്കാര്യം അവൻ അംഗീകരിക്കാത്തതിന്റെ എല്ലാ ദേഷ്യവും അവളുടെ വാക്കുകളിലൂടെ പുറത്ത് വന്നു. " അയ്യടീ, അതിനു ഞാൻ സമ്മതിച്ചിട്ടു വേണ്ടേ നിന്നെ. നടക്കില്ല മോളേ. ഞാൻ കോടതിയോടു പറയും, ഇവളെന്റെ ഭാര്യയാണ്. ജീവിതകാലം മുഴുവൻ എനിക്കിവളെ വേണമെന്ന് ". " പറ്റില്ല. വിവാഹമോചനം കിട്ടിയില്ലേൽ ഞാൻ ഒറ്റക്കു വീടെടുത്തു പോയി താമസിക്കും. " ഇത്തിരി പുളിക്കും മോളേ, ഞാനവിടെ വന്ന് നിന്റെ കൂടെ താമസിക്കും". "എന്തധികാരത്തിൽ?" "ഞാൻ താലിചാർത്തിയ പെണ്ണല്ലേടീ വരും ജന്മത്തിൽ നീ. എന്റെ ...... എന്റെ മാത്രം പാതി ". ഇത്രയും മതിയായിരുന്നു അവളുടെ ചെറു പിണക്കങ്ങൾ മാറാൻ. ഈ ജന്മം ലഭിക്കാത്ത കരുതൽ അടുത്ത ജന്മം ലഭിക്കുമെന്ന പ്രതീക്ഷയോടെ അവളുടെ കണ്ണുകൾ ഈറനായി. എന്നാലും അവൾക്ക് സങ്കടം ഉണ്ട് കേട്ടോ, ഈ ജന്മം അവൻ ഒറ്റയാനായി കഴിയുന്നതിൽ ...... സുമംഗലിയായി അവൾ കഴിയുമ്പോൾ. അവളുടെ സ്നേഹം സത്യമെങ്കിൽ ഈ ജന്മം ഒരു നല്ല പെൺകുട്ടിയുടെ കൈപിടിച്ച് അവൻ കൂടെ കൂട്ടുമെന്ന ഉറച്ച വിശ്വാസത്തോടെ പ്രാർത്ഥനയോടെ അവൾ ജീവിക്കുന്നു. ഡാനി ഡാർവിൻ (മഴവില്ല്)