Already a member ? Please Login


Thushara Kaattookkaran

കാത്തിരിപ്പു

കാത്തിരുപ്പു ************* വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് ഇറങ്ങി ബസിലേക്ക് കയറുന്ന നിമിഷം തുടങ്ങും അടുത്ത അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പു.. അവധി തീരുന്ന ദിവസം രാത്രി കിടന്നാൽ ഉറക്കം വരില്ല്യാ,  മനസ്സിൽ ആകെയൊരു വെപ്രാളം ആവും.. അമ്മയോട് കൂടി അധികം സംസാരിക്കില്ല.. ചിലപ്പോൾ ചെറിയ കാര്യങ്ങൾക്കു കൂടി ദേഷ്യപ്പെടും ഒരുപാട് സങ്കടം മനസ്സിൽ അടക്കി വെക്കുമ്പോൾ ചിലപ്പോൾ അത് ദേഷ്യത്തിന്റെ രൂപത്തിലാകും പുറത്തേക്ക് ചാടുക.. അപ്പോൾ മനസ്സിൽ നമ്മൊളൊടു തന്നെ പറയും പുറത്തു പോയി പഠിക്കേണ്ടയിരുന്നു...സ്വയം പഴിച്ചും വിധിയെ പഴിച്ചും കൊണ്ടുപോവേണ്ട സാധനങ്ങൾ അടുക്കാൻ തുടങ്ങും... എല്ലാം അവസാന നിമിഷവേ ചെയ്യാവു ഇന്നലെ നിനക്കിവിടെ ന്തായിരുന്നു പണി എന്ന് ചോദിച്ചു കയ്യിൽ നല്ല സൂപ്പർ ടേസ്റ്റ് ഉള്ള അച്ചാറും കായ വറുത്തതും അങ്ങനെ അല്ലറ ചില്ലറ പലഹാരങ്ങളുമായിഅമ്മമുറിയിലേക്ക് എത്തും.. എന്നിട്ടു സ്ഥലമില്ലാത്ത ബാഗിൽ അടിച്ചമർത്തി എല്ലാം ഉള്ളിലാക്കും."കൊണ്ടോയി എല്ലാർക്കും കൊടുക്കണേ മോളെ"."അത് പിന്നെ പറയാനുണ്ടോ ന്റെ അമ്മക്കിളി ഇതും കാത്തു അവടെ കുറെ പേർ ഇരിക്കുന്നുണ്ട് കൊണ്ട് ചെന്നില്ലേലെ എന്നെ പുറത്തു കിടത്തും അവിറ്റുങ്ങോള്".. എന്ന് പറഞ്ഞു അമ്മേടെ കവിളിൽ ഒന്നു പിടിക്കും.. അപോഴെക്കും അച്ഛന്റെ വിളിയെത്തും ഇങ്ങനെ ഇരുന്നോ നീയ് ബസ്‌ പോയാലും ഇവിടുന്നു ഇറങ്ങരുത് അത് കേട്ട ഉടനെ ഡ്രെസ്സും എടുത്തു കുളിക്കാനായി പോകും.. കുളിച്ചൊരുങ്ങി ഇറങ്ങാൻ ബാഗ്‌ എടുക്കുമ്പോൾ തുടങ്ങും വിഷമം.. അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കി യാത്ര പറയാൻ ആവില്ല.. അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടിറങ്ങാൻ കഴിയില്ല.. എന്നാലും ഓടിച്ചെന്നു അമ്മക്ക് ഒരുമ്മ കൊടുക്കും... ന്റെയും അമ്മേടേയും കരച്ചിൽ കാണുമ്പൊൾ കളിയാക്കിയാണേലും ഉണ്ണീ പറയും നിങ്ങളുടെ ഭാവം കണ്ടാൽ നാടുവിട്ടു  പോന്ന മാതിരിയാണല്ലോ എന്ന് .. അത്  പറഞ്ഞു അച്ഛനും  അവളും  കൂടി  ചിരിക്കും .. അച്ഛൻ ബാഗെടുത് റോഡ്‌ വരെ കൂടെ നടക്കും.. അമ്മ വഴിയിലെത്തി ഞങ്ങൾ മറയും വരെ നോക്കി നിൽക്കും എന്നിട്ടു വിളിച്ചു പറയും സൂക്ഷിക്കണേ മോളെ എത്തിയാൽ ഉടനെ വിളിച്ചു പറയണം.. ഭക്ഷണം കഴിക്കാൻ മറക്കരുത്.. ശെരിയമ്മേ ന്ന്‌ മറുപടി കൊടുത്തു അച്ഛനോടായി പറയും "ബസിൽ ഇരിക്കുമ്പോൾ ഒരു പത്ത് തവണ വിളിക്കും എവിടെത്തിന്നറിയാൻ എന്നിട്ടാ ഇപ്പോൾ എത്തിട്ടു വിളിക്കണേന്ന്‌ പറയണേ".. അച്ഛൻ ചിരിച്ചിട്ട് പറയും അമ്മ മാർ അങ്ങനെയാ മോളെ നിങ്ങൾ സുരക്ഷിതരായി എത്തുന്നത്‌ വരെ അവർക്ക് ടെൻഷൻ ആവും.. അപ്പോൾ വീണ്ടും നിറകണ്ണുകളോടെ അമ്മയെ ഒന്നു തിരിഞ്ഞ് നോക്കി കൈവീശി കാണിക്കും.. അച്ഛനുമായി സംസാരിച്ചങ്ങനെ നടക്കും.. പോകും വഴി രമ ചേച്ചിയും അമ്മിണി അമ്മയും വിളിച്ചു ചോദിക്കും അല്ല മോളെ പോകാണോ ഇനി ഉത്സവത്തിനെ   കാണുള്ളായിരിക്കും  അല്ലേ . അതെ എന്ന് പറഞ്ഞു  നടക്കും ... നടക്കുന്നതിനിടയിൽ അച്ഛൻ പറയും  മോളെ  നീ  പുറത്താണ് താമസം അത് കൊണ്ട് സുക്ഷിക്കണം നന്നയി പഠിക്കണം നിങ്ങൾ രണ്ടുപേരിലുമാണ് അച്ഛന്റെ പ്രതീക്ഷ.. "ന്ത്‌ പ്രശ്നം ഇണ്ടെങ്കിലും അച്ഛനെ ഉടനെ അച്ഛനെ വിളിക്കണം.. അച്ഛൻ അവിടെയെത്തും." ആ ഒരു വാക്ക് മതി നൂറു പേരുടെ സുരക്ഷിതത്വം  ആ വാക്കിൽ ഉണ്ടാകും.... ബസ്‌ സ്റ്റോപ്പിൽ എത്തി ഓരോ ബസ്‌ പോകുന്നതും എണ്ണി അങ്ങനെ നിൽക്കും.. ബസ്‌ വരാറാകുമ്പോൾ ന്തെലും ആവശ്യം വന്നാലോ എന്ന് പറഞ്ഞു പോക്കെറ്റിൽ നിന്നും കുറച്ചു പൈസ കൂടി എടുത്തു തരും.. വേണ്ട അച്ഛാ നേരത്തെ തന്ന പൈസ മതി അത് മതിയാകുല്ലോ എന്ന് പറഞ്ഞാലും കേൾകില്ല്യ..,, "ഇല്ല മോളെ ഇരിക്കട്ടെ എന്നു പറയും ".... അച്ഛൻ എത്ര കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത് ഇതുവരെ ഒരു പൈസയും  പാഴാക്കി  കളഞ്ഞിട്ടില്ല.. പഠിച്ചു കഴിഞ്ഞാൽ എത്രയും വേഗം  ഒരു  ജോലി നേടി  അച്ഛനു താങ്ങായി നിൽക്കണം എന്ന് അപ്പോ തോന്നാറുണ്ട.. സൂക്ഷിക്കണേ മോളെന്നുഅച്ഛൻ പറയുമ്പോൾ അച്ഛൻ  ഞങ്ങളെ ആൺകുട്ടികളെ  പോലെയല്ലേ വളർത്തിയേ ന്തിനാ പേടിക്കണ എന്ന തിരിച്ചു പറയും.. അച്ഛനും ഞാനും ചിരിച്ചോണ്ട് നിൽകുമ്പോൾ ബസ്‌ വരും.. ബാഗ്‌ കയ്യിൽ തരുമ്പോൾ പറയും സീറ്റ്‌ ഉണ്ട് ഇരുന്നോളു സുക്ഷിക്കണം.. ഉറങ്ങി പോകരുത് അച്ഛൻ ഇടക്ക് വിളിക്കാം.. ശെരി അച്ഛന്നു പറഞ്ഞു ബസിൽ കയറി വിന്ഡോ സീറ്റിൽ ഇരിക്കും.. ബസ്‌ നീങ്ങി തുടങ്ങുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും.. തല പുറത്തേക്കിട്ടു അച്ഛനെ കൈവീശി കാണിക്കും.. മുഖത്തെ സങ്കടത്തിനു മൂടുപടമിട്ടപോലെ മുഖത്തു ഒരു ചിരി ഫിറ്റ്‌ ചെയ്തു അച്ഛനും കൈവീശി കാണിച്ചു യാത്രയാക്കും... ബസിൽ ഇരിക്കുമ്പോഴും മനസ്സു വീട്ടിലാകും.. ഹോസ്റ്റലിൽ എത്തിയാൽ ആദ്യം ചെല്ലുക കലണ്ടർ ന് അടുത്തേക്കാകും അടുത്ത അവധി എന്നാണെന്ന് നോക്കി  അടയാളപ്പെടുത്തി വെക്കും.. ഇനി ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്... വീട്ടിൽ എത്തിയാൽ ദിവസങ്ങൾ സൂപ്പർ സോണിക് പ്ലെയിനിലും വേഗത്തിലാ കടന്നു പോകുന്നത് തിരികെ ഹോസ്റ്റലിൽ എത്തിയാലോ ഒച്ചിനെക്കാളും കഷ്ടത്തിലാകും പോകുക.. ഇനി കാത്തിരിപ്പിന്റെ ആഴം ദിവസങ്ങളുടെ ദൈർഖ്യം കൂട്ടുന്നതിനാലാവുമോ???? കാത്തിരിക്കുകയാണ് അടുത്ത അവധിക്കായി.. അമ്മയുടെ കയ്യിൽ നിന്നും ഒരുരുള ചോറുണ്ടു ആ മടിയിൽകിടന്നുറങ്ങാൻ ... അച്ഛന്റെ കൂടെ അമ്പലത്തിൽ നാടകം കാണാൻ പോകുവാൻ.....ഉണ്ണിയുമായി അടികൂടാൻ..കടൽ ക്കരയിൽ പോയി സുര്യൻ കടലിനോടു യാത്രപറയുന്നത് കാണാൻ..ഓരോ തിരയും തീരത്തെ ചുംബിക്കുന്നത് നോക്കിയിരിക്കാൻ....ഉത്സാവപ്പറമ്പിൽ പോയി മിന്നാമിന്നി ലൈറ്റ് കണ്ടിരിക്കാൻ...ന്നെ ദൂരേക്കെന്തിനാ അയച്ചെന്നു കൃഷ്ണനോട് പരാതി പറയാൻ..കാത്തിരിക്കുകയാണ് ഞാൻ അടുത്ത അവധിക്കായി...      തുഷാര  കാട്ടൂക്കാരൻ