Already a member ? Please Login


Dr. THEERDHA SANDEEP

കെടാവിളക്ക്

ഞാൻ ഒരു തിരിയാണ്. താഴത്തെ മുല്ലക്കാവിൽ കരിപുരണ്ട ഒരു കാൽവിളക്കില്ലേ? ആ വിളക്കിൽ മിന്നാൻ ഞാനേറെ കൊതിച്ചിരുന്നു. ഒരുപാട് രാവുകൾ ഞാൻ കാത്തിരുന്നു. ഒടുവിൽ ഒരു സന്ധ്യയിൽ സായന്ദന സൂര്യനെ സാക്ഷിയാക്കി ഞാനാ വിളക്കിൻറെ കൈത്തിരി നാളമായി. ആ വിരലുകൾ എന്നെ ഏറെ പുണർന്നു. ഒരു കാറ്റിലും കേടാൻ അനുവദിക്കാതെ എന്നെ സസ്നേഹം ഉദിച്ചു നിർത്തി.കർപ്പൂരത്തിൻറെ സൗരഭ്യവും ദീപത്തിൻറെ സൗന്ദര്യവും പങ്കുവച്ചു. കുളിരുന്ന രാത്രിയിൽ എൻറെ ചൂടുകൊണ്ടുറക്കി. മിണ്ടാതെ കണ്ണിൽ നോക്കി ഒരുപാട് കഥകൾ മെനഞ്ഞു. ആ ആലസ്യത്തിൻ മടിയിലുറങ്ങിയ ഞാൻ പിന്നീട് ഉണർന്നിട്ടില്ല. പക്ഷെ ഒരു നിർവൃതി ഇന്നെനിക്കുണ്ട്. എന്റെ ജീവൻറെ അവസാന തുടിപ്പും മറ്റൊരു നാളമായി മറ്റൊരു തിരിയിലേക്കു പകർന്നിരുന്നു. ആ കുഞ്ഞു തിരി കാൽവിളക്കിന്റെ നെഞ്ചിൽ പിച്ച വച്ച് പുഞ്ചിരിച്ചു. ആ മന്ദഹാസമാവാം അന്നാ നിശയുടെ അന്ധകാരം തുടച്ചു മാറ്റിയത്. അന്നെന്നിൽ നിന്ന് പകർന്നു നൽകിയ പാരമ്പര്യം ഇപ്പോഴും ആ വിളക്കിൽ തിറങ്ങുന്നുണ്ട്. ഒരു കെടാവിളക്ക് പോൽ. ഈ നിമിഷം ഞാൻ സർവസായൂജ്യത്തിനുടമയാണ്. ഇനിയും ആയിരമായിരം ജന്മാന്തരങ്ങൾ ഈ വിളക്കിൻറെ ശോഭ ഭൂമിയുടെ അന്ധകാരത്തെ തുടച്ചു നീക്കും. ആ കെടാവിളക്ക് കണ്ടിട്ടുണ്ടോ? രാവിൻറെ കുളിർക്കറ്റിനൊപ്പം ഒന്നാകാശത്തേക് നോക്കൂ........