Already a member ? Please Login


Ammukkutty

സെമിത്തേരിയിലെ നിഗൂഢത ഭാഗം -1

മുന്നിലിരിക്കുന്ന സേവ്യറിന്റെ മുഖത്തുള്ള ഭാവം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. എരിയുന്ന സിഗരറ്റ് ആഷ്ട്രേയിൽ വെച്ചു ഞരിച്ചു ഞാൻ. ഇനിയും കഴിച്ചു തീരാത്ത ഗ്ലാസ്സിലേക്ക് നോക്കി സേവ്യർ പറഞ്ഞു. " സിനിമയെടുക്കണമെമെന്ന ആഗ്രഹം തലയ്ക്ക പിടിച്ചപ്പോൾ അതിന്റെ കഥ താങ്കളെഴുതണമെന്ന് വാശി പിടിച്ചത് താങ്കളുടെ കഥകൾക്ക് ജീവനുള്ളതിനാലാണ്. ഒരു വർഷമായി ഞാൻ പിന്നാലെ കൂടിയിട്ട് " സേവ്യർ പറഞ്ഞത് ശരിയായിരുന്നു. പക്ഷേ ഞാനിപ്പോൾ ഒരു ഫിലിമിന് കഥയെഴുതിയിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. ഇതേ കാര്യം പറഞ്ഞ് മൗലീകാന്ത് എന്ന ഡയറക്ടർ പോലും മിനിഞ്ഞാന്ന് വിളിച്ചതാണ്. എന്താണെന്ന് അറിയില്ല നോ പറഞ്ഞൊഴിയുകയായിരുന്നു. മലയാളത്തിലെയും തമിഴിലെയും നമ്പർവൺ ഡയറക്ടറാണ് മൗലീകാന്ത്. സേവ്യറിന്റെ ഫോൺ റിംഗ് ചെയ്തു അയാൾ ഫോണിൽ ഉറക്കെയുറക്കെ ദേഷ്യപ്പെട്ടു സംസാരിച്ചു തുടങ്ങി.സംസാരം കൊണ്ട് മറുതലയ്ക്കൽ അയാളുടെ ഭാര്യയായിരിക്കുമെന്ന് ഊഹിച്ചു. നഗരത്തിലെ അറിയപ്പെടുന്ന സ്വർണ വ്യാപാരിയാണ് സേവ്യർ.പോരാത്തതിന് റിയൽ എസ്‌റ്റേറ്റും. .ഭാര്യ ഡോക്ടർ ആനിറേച്ചൽ. നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ അവരുടെയാണ്., രണ്ട് കുട്ടികൾ. മൂത്തവൾ ആൻമരിയ പ്ലസ് ടു വിദ്യാർത്ഥിനി.ഇളയത് അഗസ്റ്റിൻ ഒൻപതാം തരം. പത്രത്തിൽ അന്നത്തെ ഫ്രണ്ട് പേജിലെ ഒരു വാർത്ത ' പതിനേഴു വയസ്സുകാരിയെ കാണാനില്ല' ഇതിപ്പോ സ്ഥിരമായി പത്രങ്ങളിൽ വരാറുളളതാണ്. കാമുകന്മാരോടൊപ്പം പോകുന്നതാകും മിക്കതും. സ്ഥിരം കണ്ടു മടുത്ത കാഴ്ചകളുടെ കൂട്ടത്തിൽ അതും . എഴുതാനൊരു വിഷയമില്ല എന്നതായിരുന്നു എനിക്കു മുന്നിലുള്ള വെല്ലുവിളി. എങ്കിൽ ഇത് തന്നെ വിഷയമാക്കിയാലോ. "എടോ സേവ്യറേ എഴുതാൻ പറ്റിയൊരിടം വേണം." സേവ്യറിന്റെ കണ്ണിലൊരു തിളക്കം. "സാറ് പറ എവിടെ വേണം?" നഗരത്തിലെ വലിയ വലി സ്റ്റാർഹോട്ടലുകളുടെ പേരുകൾ മുന്നിൽ നിർത്തി . "സേവ്യർ..... എനിക്ക് നഗരത്തിൽ നിന്നും മാറി ഒറ്റപ്പെട്ട് ശാന്തമായൊരിടം വേണം എഴുതാൻ. നാഗരിക ഒട്ടുമില്ലാത്തിടം. റെഡിയാക്കിയിട്ടു പറയൂ. നമുക്ക് തുടങ്ങാം." കുറച്ചു നേരത്തെ ചിന്തയ്ക്കു ശേഷം സേവ്യർ തുടർന്നു. "സാറിപ്പറഞ്ഞതുപോലെ ഒരു കെട്ടിടമുണ്ട് കുറച്ച് ദൂരേയാ. ഞാനത് വാങ്ങിയിട്ടിട്ട് വർഷം ഏഴായി. സിറ്റിയിൽ നിന്നും 37 കിലോമീറ്റർ ഉള്ളിലേക്കാണ്.വിൽപനയ്ക്ക് ശ്രമിച്ചിട്ട് നടക്കുന്നില്ല." തുടർന്ന് ടാബിൽ കുറച്ച് പടങ്ങൾ കാണിച്ചു.ശരിക്കും അതു വെച്ചൊരു ഹൊറർ മൂവിക്കുള്ള വകുപ്പുണ്ടായിരുന്നു. അപ്പോൾ തന്നെ അവിടേക്ക് പോകണമെന്നായി ചിന്ത.അത്യാവശ്യ സാധനങ്ങളെല്ലാം വാരിക്കെട്ടി കാറിലിട്ടു.സേവ്യറും അയാളുടെ ഡ്രൈവറുമൊന്നിച്ച് യാത്ര തിരിച്ചു സന്ധ്യയോടടുത്തിരുന്നു ബംഗ്ലാവിലെത്തുമ്പോൾ .ഇരുട്ടിന്റെ കമ്പളം പുതയ്ക്കൊരുങ്ങുന്ന പ്രേതാലയം. അന്ന് രാത്രി സേവ്യറും ഡ്രൈവറുമൊന്നിച്ചവിടെ കൂടി.. "താനെങ്ങനെയൊപ്പിച്ചെടോ ഇത്?" സേവ്യറാ ബംഗ്ലാവിനെ പറ്റി പറഞ്ഞു. " ഇത് ബ്രിട്ടീഷു ഭരണക്കാലത്ത് ഉണ്ടാക്കിയതാ.ഡിയോൺസ്ക്കി എന്നൊരു സായിപ്പും എലിസ്റ്റാ മദാമ്മയും ഒരേയൊരു പുത്രി ജാൻവിറ്റയുമായിരുന്നു അവിടുത്തെ താമസക്കാർ.ഒരു സുപ്രഭാതത്തിൽ പതിനെട്ടു വയസ്സുകാരിയായ ജാൻവിറ്റ അപ്രത്യക്ഷയായി. അന്വേഷണങ്ങൾ പലവഴി പോയെങ്കിലും കണ്ടെത്താനാവാത്ത ദുഃഖത്തിൽ മനോനില തെറ്റിയ ഡിയോൺസ്ക്കി എലീറ്റയെ വെടിവെച്ചു കൊന്നതിന് ശേഷം എവിടേയോ പോയ്ക്കളഞ്ഞു.മാസങ്ങൾക്ക് ശേഷം ഇടവകയിലെ പുത്തൻപുരയിൽ ഒരു മരണം. സെമിത്തേരിയിലെ പുത്തൻപുരയ്ക്കൽ കുടുംബ കല്ലറ തുറന്നപ്പോൾ അഴുകി തീരാറായി അതിനകത്ത് ഡിവോൺസ്കി. ഭ്രാന്ത് മൂത്ത് എന്തൊക്കെയോ കാട്ടിക്കൂട്ടി സായിപ്പിന്റെ കൂടുംബത്തിൽ അവശേഷിച്ചത് ഇളയമകൻ ലിറ്റാർഡോ. അവൻ ലണ്ടനിലായിരുന്നു. അവന്റെ മകനിൽ നിന്നാ ഞാനിത് വാങ്ങിയത്." എനിക്കെന്തായാലും ആ വീടങ്ങു ബോധിച്ചു.പ്രേതകഥകളിലേക്കുള്ള ചുവടുമാറ്റത്തിന് ഇത് തന്നെ ധാരാളം. "സേവ്യർ എനിക്കിവിടെ ഭക്ഷണത്തിനൊരാളെ ഏർപ്പെടുത്തി തരാമോ?" ഒന്നല്ല നൂറു പേരെ വരെ നിർത്തിക്കുവാൻ സേവ്യർ ഒരുക്കമായിരുന്നു. രാവിലെ അവർ ഇറങ്ങുമ്പോൾ എനിക്ക് ഒരു ടു വീലർ എത്തിക്കാനുള്ള സൗകര്യം കൂടി ചെയ്തു വെക്കാൻ ഞാനാവശ്യപ്പെട്ടു. ഉച്ചയായപ്പോഴേക്കും 40 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ( റീത്തസാമുവേൽ ) സഹായത്തിനെത്തി.അത്യാവശ്യ മുറികൾ വൃത്തിയാക്കിയതിന് ശേഷം അവരോട് അത്താഴത്തിന് ചപ്പാത്തിയും പരിപ്പുകറിയും മതിയെന്നു പറഞ്ഞു ഞാൻ മുകൾനിലയിലേക്ക് കയറി. ഹാളിനെതിർവശത്തായി വിശാലമായൊരു മുറി അതിന്റെ കിഴക്കുവശത്തെ ജനലു തുറന്നാൽ പള്ളിയും സെമിത്തേരിയും കടന്ന് വരുന്ന നനുത്ത കാറ്റ്. എനിക്ക് എഴുതാൻ പറ്റിയ അന്തരീക്ഷം. അത്താഴം കഴിക്കുമ്പോഴാണ് ഞാനാ സത്യം മനസിലാക്കിയത്. റീത്ത സംസാരശേഷി ഇല്ലാത്ത സ്ത്രീയാണെന്ന്. അവരുടെ കണ്ണുകൾ നിരജ്ജീവമാണെന്നു തോന്നി. ചിരിക്കാൻ പോലും അറിയാത്ത സ്ത്രീ. ഇന്നു മുതൽ എഴുതി തുടങ്ങണം.മുറിയിൽ കയറിയതും കറണ്ട് പോയി മൊബൈൽ വെളിച്ചം ഓണാക്കാനിരുന്നപ്പോൾ ബാറ്ററിലോ. വന്നപ്പോൾ ചാർജ്ജിലിടാനും മറന്നു. ഇറങ്ങിപ്പോരുമ്പോൾ രണ്ട് കാൺഡിലെങ്കിലും എടുക്കേണ്ടതാരുന്നു. കറണ്ട് പോയതിനാലാണ് സെമിത്തേരിയിലേക്കുള്ള ജനൽ ഞാൻ തുറന്നത് .ആകസ്മികമായി സെമിത്തേരിയിലെ മങ്ങിയ നിലാവെളിച്ചത്തിൽ ഒരു രൂപത്തെ കണ്ടു,.തോന്നലാവുമെന്ന് കരുതി. അല്ല ആ നിഴൽ രൂപം ഗേറ്റിനടുത്തേക്ക് നടക്കുകയാണ് അല്ല ഒഴുകുകയാണ്. അതൊരു സ്ത്രീരൂപമാണ്. ഞാൻ റീത്താമ്മയെ ഉറക്കെ വിളിച്ചെങ്കിലും ആരുടേയും ശബ്ദമില്ലായിരുന്നു. ആരോ മരഗോവണി കയറി വരുന്ന ശബ്ദം . കാലുകൾ അമർത്തിച്ചവിട്ടുന്നത് പോലെ തോന്നി. ചുറ്റും അഴുകിയ മാംസത്തിന്റെ ദുർഗന്ധം മൂക്കറിയാതെ ഞാൻ പൊത്തി. ഇരുളിൽ നിന്നും എന്തോ ഒരു തണുത്ത വസ്തു എന്റെ മുഖത്ത് തടവി കടന്നു പോയി. അതൊരു കൈയാണെന്നു തോന്നി. പക്ഷേ ഇത്രയും തണുപ്പ്. കട്ടപിടിച്ച ഇരുളിൽ തൊട്ടടുത്ത് ഏതോ ജീവിയുടെ കിതപ്പ് എന്റെ മുഖത്തടിച്ചു. [തുടരും]