Already a member ? Please Login


Dany Darvin

ചില്ലയൊഴിയുമ്പോൾ

#ചില്ലയൊഴിയുമ്പോൾ മനസ്സാകും ചില്ലയിൽ നിന്നിതാ കിളികളോരോന്നായ് കൂടൊഴിയുന്നു. അതോ, കൂടൊഴിപ്പിക്കുന്നതോ ... ഏതു രൂപത്തിലാകിലും വേദനയെനിക്കതു പ്രാണൻ കൊത്തിപ്പറിക്കുന്ന വേദന. ന്യായമനേകം നിരത്തിയാലും നഷ്ടമതെന്നു അറിയാതെ അറിയുന്നു ഞാൻ. പടിയിറക്കപ്പെട്ടവർ തൻ നൊമ്പരങ്ങൾ കണ്ടില്ലെന്നു കണ്ടു നടിക്കുന്നു. ആർദ്രമാകാൻ വെമ്പുമീ മനസ്സിനെ കഠിനമാക്കാനുളള തിടുക്കത്തിൽ ഇതാ ... ഇലകളോരോന്നായ് പൊഴിയുന്നു എൻ ചില്ലയിൽ നിന്നും. കണ്ണുനീരിൻ ചുടുലാവയിൽ മുങ്ങിയിരുകി ഞാനില്ലാതാകുന്നു നിങ്ങൾ തന്നോർമ്മകൾ നിഴൽ ചിത്രങ്ങളാകും വരെ. ഡാനി ഡാർവിൻ (മഴവില്ല്)


Dany Darvin

നീലക്കുറിഞ്ഞികൾ പൂക്കുമ്പോൾ

മിനിക്കഥ #നീലക്കുറിഞ്ഞികൾ_പൂക്കുമ്പോൾ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, നിന്റെ മൗനം എന്നെ പഠിപ്പിക്കാത്തതായി ഒന്നുമില്ല. നിന്നിൽനിന്നാണ് ഞാൻ പലപ്പോഴും മൗനത്തിൻ ദൂരങ്ങൾ അളക്കാറുള്ളത്. നിന്നോർമ്മകളാണ് എന്നെ പലതും ഹൃദയത്തോടു ചേർത്തുനിർത്താൻ പഠിപ്പിച്ചിട്ടുള്ളതും. എന്നിൽതന്നെ ഇതെല്ലാം അവസാനിക്കാതിരിക്കാൻ ഹൃദയം എന്നെ എന്നേ പഠിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. നീലക്കുറുഞ്ഞികൾക്കിടയിലൂടെ നാം കൈകോർത്തുനടന്നപ്പോൾ നീ എനിക്കായി നൽകിയ ഒരു കുടന്നപൂവ് കൈനീട്ടി വാങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇനിയും ഇവ പൂക്കുന്ന വേളയിൽ നിന്റെ വിരൽ തൊട്ടു നടക്കുവാൻ എനിക്കിനി കഴിയില്ലല്ലോ. എന്തോ, ശവനാറി പൂക്കളുടെ ഗന്ധം എന്റെ നാസികയിലേക്ക് എത്തുവാൻ തുടങ്ങിയിരിക്കുന്നു. നിന്റെ സ്നേഹത്തിന്റെ മന്ത്രണങ്ങളാൽ എന്റെ ആത്മാവ് തേങ്ങുന്നത് സന്തോഷത്താലാകാം. ഇനിയുമൊരു ജന്മം നമുക്കു മാത്രമായി പൂക്കുമീ നീലക്കുറുഞ്ഞികൾ. ഡാനി ഡാർവിൻ (മഴവില്ല്)


Dany Darvin

യാത്രാമൊഴി

യാത്രാമൊഴി ........................... തുടിക്കുന്ന ഹൃദയത്തിനൊപ്പം വിഹ്വലമായ ചിന്തകൾ പടിയിറങ്ങുന്നു പ്രതീക്ഷപ്പൂക്കൾ ഒരു പിൻവിളിക്കു മാത്രമായ് കാതോർത്തപോൽ ഞാനും. ഒരു മടക്കയാത്ര പൂർണ്ണമായ് അനിവാര്യമല്ലിവിടെയെന്നാലും യാത്രാമൊഴിയേകുന്നു ഞാനെൻ ശൂന്യമാം മനതാരിൽ നിന്നും. മഴവില്ല് (ഡാനി ഡാർവിൻ )


Dany Darvin

ഇങ്ങിനേയും ചിലർ

ഇങ്ങിനേയും ചിലർ .................................... ഏകാന്തതക്കിടയിൽ മൗനത്താൽ ചാലിച്ച് തീർത്തുമെനഞ്ഞൊരു കൊട്ടാരമുണ്ട് പലർക്കും... പലപ്പോഴും. നൊമ്പരപ്പൂക്കൾ ചാർത്തിയതിൽ രാജകുമാരനും കുമാരിയുമായി വാഴുന്നു പലരും ഈയുലകിൽ. സൗഹൃദത്തിൻ പൂക്കളുമായി ഒഴുകിയെത്തും നൻമ മരങ്ങളെയവർ ഹൃത്തിനാൽ സാഷ്ടാംഗം പ്രണമിച്ചീടുന്നു.... മഴവില്ല് (ഡാനി ഡാർവിൻ )


Dany Darvin

മൗനം

മൗനം ,,,,,,,,,,,,,,, നിന്റെ മൗനവും പേറി എനിക്കൊരു യാത്ര പോകണം. പോകുന്ന വീഥിയിൽ എനിക്കവയെ ഒന്നുകീറി മുറിക്കണം. തടയുവാൻ ശ്രമിക്കും നിൻ മനസ്സിനെ എന്റെ മനസ്സിനോട് ബന്ധിച്ചിടണം. യാത്രക്കവസാനമെപ്പോഴെങ്കിലും നിൻമനസ്സിൻ കോണിൽ എനിക്കുമൽപം സ്ഥാനമുണ്ടായിരുന്നുവെന്ന് തെളിഞ്ഞാൽ ഞാനാമൗനത്തെ എന്റെ മനസ്സിനോട് മാത്രം ചേർത്ത് ഒരിക്കലും വേർപെടാത്തവിധം തുന്നിച്ചേർത്തീടാം. മഴവില്ല് ( ഡാനി ഡാർവിൻ )


Dany Darvin

ചലിക്കാത്ത തൂലിക

ചലിക്കാത്ത തൂലിക .................................. പേനയിലെ മഷി വറ്റിത്തുടങ്ങിയിട്ടോ കടലാസിൻ ഇടമില്ലാഞ്ഞിട്ടോ അല്ല എൻതൂലിക ചലിക്കാതിരിക്കുന്നത്. നൊന്തു പ്രസവിക്കാൻ മടിയാണെന്നവൾ. സമൂഹത്തിൻ തിന്മകളെ പ്രതിക്ഷേധിച്ചെഴുതി എഴുതി അതിൻ മുനയൊടിഞ്ഞതെന്നതു സത്യം. അതല്ല,അക്ഷരങ്ങൾ ആളിക്കത്തുമ്പോഴും മാധ്യമധർമ്മങ്ങൾ മറന്ന് പേക്കൂത്തുകൾ നടത്തുന്നവരെ കാണുമ്പോൾ എല്ലാത്തിനും സാക്ഷിയായി അക്ഷര കുഞ്ഞുങ്ങളെ ചാപിള്ളകളാക്കാൻ വയ്യെന്നവൾ. അതിശക്തയായി തിരിച്ചു വരുവാനാണ് ഈ പിൻവലിയലെന്നത് വ്യക്തവും. ഡാനി ഡാർവിൻ (മഴവില്ല്)


Dany Darvin

അസ്തമയം

#അസ്തമയം നരകൾ പടർന്നെന്നാൽ വയസ്സുകളോരോന്നു വർദ്ധിച്ചീടിൽ മാത്രമോ അസ്തമനത്തിനതു തുടക്കം. ഈശ്വരൻ കണ്ണതൊന്നടക്കുമ്പോൾ ജീവിതമതാടി തീർക്കാതെ പച്ചിലകളതു നിലംപതിക്കുന്നില്ലേ... ഇതേതു ഗണത്തിലും പെടാതെ ചിലരതു മരിക്കാതെ മരിക്കുന്നു. മനസ്സിൽ നരകൾ പടർന്നിരിക്കുന്നു. മനസ്സിൽ പ്രായമതു വർദ്ധിച്ചിടുന്നു. എങ്ങുമവരിൽ ദർശിക്കുന്നതു അസ്തമന കാഴ്ചകൾ മാത്രം. ഉൾക്കണ്ണിൽ പുഴുക്കുത്തേറ്റ് കൊഴിയുന്ന ഇലകളും ശുഷ്കിച്ച ദേഹങ്ങളും മെല്ലിച്ചവരണ്ട കൈകാലുകളും ഊന്നുവടികളും ദർശനീയം. കാഴ്ചകൾ മങ്ങി തപ്പിത്തടഞ്ഞ് പ്രാഞ്ചി പ്രാഞ്ചിയുള്ള നടത്തം. കുഴമ്പിന്റേയും കഷായത്തിന്റെയും ഗന്ധം മുക്കിൽ തുളഞ്ഞു കയറുന്നു പിഞ്ചു കുഞ്ഞിനേപ്പോൽ വ്യക്തമല്ലാത്ത സംസാരം. എണ്ണപ്പെട്ട ദിനങ്ങളിലൂടെയുള്ള ജീവിത നടത്തങ്ങൾ. ഇതാ മനസ്സു മരിച്ചിരിക്കുന്നു. വാർദ്ധക്യത്തിൻ ചുവടുവെപ്പില്ലാതെ ഞാനും... നീയുമെല്ലാം മരിച്ചവർ മാത്രം. ഡാനി ഡാർവിൻ (മഴവില്ല്)


Dany Darvin

വസന്തകാലം തീർക്കുന്നവർ

#വസന്തകാലംതീർക്കുന്നവർ ഞാനൊരു വസന്തകാലം... സന്തോഷത്തിന്റെ സന്താപത്തിന്റെ ദിനങ്ങളെന്നിൽ പൂത്തു തളിർക്കാറുണ്ട്. എന്നിലേക്കെത്തി നോക്കുന്ന സൂര്യകിരണങ്ങളെ നോക്കി പുഞ്ചിരി തൂകാറുണ്ട്. ഇടക്കെങ്കിലും മൗനത്തിന്റേയും വിരഹത്തിന്റെയും ചില്ലകളിൽ തട്ടി എന്റെ മനസ് ഉടക്കി നിൽക്കാറുമുണ്ട്. പ്രണയം മൊഴിയും കാലമായതിനാൽ ഞാൻ എന്നെത്തന്നെ മറന്നു നിൽക്കുമ്പോൾ എന്നിലേക്ക് പറന്നടുക്കുന്നു ചിത്രശലഭങ്ങൾ. എന്നിൽ തഴുകി പോകുന്ന കാറ്റിനോടെനിക്ക് ആരാധനയാണ്. വിരഹ ചൂടിൽ അവനൊരു കൊടുങ്കാറ്റാകാൻ ശ്രമിക്കുകിൽ ഋതുക്കളുടെ അതിർത്തി ലംഘിച്ച് ഞാനെന്നെത്തന്നെ അവനു സമർപ്പിക്കാറുണ്ട്. എന്റെ അസ്തമയം ഇതാ തുടങ്ങുന്നു. എന്നിൽ നിന്നുതിർന്നു വീഴുന്ന പൂക്കളിൽ തീർത്ത വീഥികൾ നിങ്ങൾക്കായി രാജപാതകൾ തീർക്കുകയാണ്. വിഷമമരുതേ..... എന്തായാലും ഞാൻ മറ്റൊരു കാലത്തിന് വഴി മാറേണ്ടവൾ. ഇനിയും പ്രതീക്ഷകളുടെ വസന്തകാലം തീർക്കാൻ താമസമേതും കൂടാതെ ഞാനെത്തിടാം. ഡാനി ഡാർവിൻ (മഴവില്ല്)


Dany Darvin

മൗനാനുരാഗം

മൗനാനുരാഗം ....................... ആർദ്രമാം വരികളിലൂടെ ഒഴുകി ഇറങ്ങിയത് കുളിർമഴയായിരുന്നില്ല. മറിച്ച് ഹൃദയത്തിലെ നോവുകൾ തൻ ചുടുലാവയായിരുന്നു. ചെന്നു പതിച്ചതോ, നൊമ്പരങ്ങളുടെ വലിയൊരു നെരിപ്പോടിലേക്കും. അതിനന്ത്യത്തിൽ തിളച്ചുമറിയുന്ന ഹൃദയ നൊമ്പരത്താൽ അവർ ഉൾക്കൊണ്ടത് നീയില്ലാതെ ഞാനില്ലെന്ന ഒരു നഗ്ന സത്യവും. #മഴവില്ല്


Sruthi K S

അവനൊപ്പം മരിച്ചവൾ

അവനൊപ്പം മരിച്ചവൾ ************************* ശ്രുതി കെ. എസ്. സന്ധ്യാദീപത്തിന് പോലും എന്റെ അതേ അസ്വസ്ഥത; എരിഞ്ഞു തുടങ്ങിയപ്പോഴേ നീറിപ്പുകയാൻ തുടങ്ങി. വാതിലിന് പിന്നിൽ വന്നു നിൽപ്പുണ്ട് എത്ര നേരമായോ എന്തോ? എന്നേക്കൂടെ കൂട്ടാനാകും! അതോ, വാടകപണത്തിന് വായ്‌പ്പക്കാകുമോ? നടക്കും തോറും അവനിലേക്ക് അകലം കൂടിക്കൊണ്ടേയിരുന്നു... അകങ്ങൾക്ക് അകലം കൂടിയപ്പോഴാണല്ലോ മോഹങ്ങളില്ലാത്ത യാത്രയ്ക്കൊരുങ്ങിയതും. കാശിനായി ഇനിയവൻ കൈനീട്ടില്ല, 'പൊട്ടി'യെന്നു ചൊടിപ്പിക്കാനുമവനില്ലിനി. പൊട്ടക്കവിതയെന്ന് കളിയാക്കാൻ ഇനിയാരുമില്ലെന്നോർത്തു സമാധാനിച്ചു. കരിന്തിരി കത്തിയ മണത്തിൽ മാംസമുരുകിയ ഘ്രാണവുമലിഞ്ഞു ചേർന്നു മങ്ങിയ നിഴൽരൂപത്തിൽ നീയപ്പോഴേക്കും എന്നിലേക്ക് സന്നിവേശിച്ചു കഴിഞ്ഞിരുന്നു. ഇനിയുള്ള രാപകലുകൾ നമ്മളുടേതാണ്, ജീവിച്ചിരുന്നപ്പോഴത്തെ ഏകാന്തത മരണംകൊണ്ടതിജീവിച്ചവനാണ് നീ. ഇനിയുള്ള ഞാൻ നീയാണ്, നീ ഞാനും... നിനക്ക് വേണ്ടി ഞാൻ ചിരിക്കും എന്നോടൊപ്പം നീയും കരയും ഉറക്കെയുറക്കെ നമ്മൾ പൊട്ടിച്ചിരിക്കും നിനക്കായി പൂക്കുന്ന വസന്തമാണിനി...!


Sruthi K S

ഒറ്റ മുറി(വ്)


Dany Darvin

സൗഹൃദ പെരുമഴ

സൗഹൃദപ്പെരുമഴ ,,,,,,,,,,,,,,,,,,,,,,,,,,,,,,, സൗഹൃദ പെരുമഴയിലെനിക്ക് നനഞ്ഞു കുതിരണം.. ഇറ്റിറ്റു വീഴുന്ന സ്നേഹത്തുള്ളികളെ ഹൃദയത്തിനൊടു ചേർത്തുവെയ്ക്കണം... സൗഹൃദം പൂക്കും വഴിയേ ഏകാകിനിയായി എന്നെ നടക്കാനനുവദിക്കാത്ത സൗഹൃദങ്ങളെ നോക്കി സന്തോഷത്തിൻ അശ്രു പൊഴിക്കണമെനിക്ക്. കണ്ണീർക്കടലിൻ ഉപ്പുരസം വറ്റിക്കാൻ ശ്രമിക്കുമെൻ പ്രീയരേ നോക്കി മനസ്സുനിറഞ്ഞ് ചിരിക്കണമെനിക്ക്. ഡാനി ഡാർവിൻ (മഴവില്ല്)


Dany Darvin

വണ്ടിക്കാളകൾ

വണ്ടിക്കാളകൾ ............................. കിതച്ചുകിതച്ചു തലകുമ്പിട്ടു - ശരീര സൗഖ്യമേതും കരുതാതെ ഭാരം വലിക്കുന്നതാവതുണ്ടായിട്ടല്ല. നാളെയുടെ പ്രതീക്ഷയൊന്നു കരുതി മാത്രം. ഇന്നിൻ ജീവിത യാഥാർത്ഥ്യത്തെ വ്യഥയാൽ കണ്ണുനീർതൂകി തളളീടിലും ഉള്ളമൊന്നു പിടയാറുണ്ട്. നെഞ്ചകം നീറ്റലിൻ കാഠിന്യം മിഴികളിൽ കണ്ണീർക്കടൽ തീർക്കാറുമുണ്ട്. ഒരൽപ വിശ്രമം അന്യമാകിലും ഹൃദയമതിന് വ്യഥാകൊതിക്കാറുണ്ട്. ഭാരം വലിക്കവേ സ്നേഹമതു നൽകിയില്ലേലും പീഢകളേതും നൽകാതിരുന്നുകൂടെ. എങ്ങിനെ നിങ്ങളതേകുമല്ലേ.... ഞങ്ങൾ വെറും വണ്ടിക്കാളകൾ മാത്രമല്ലേ ... ചൊല്ലുകൾ പാടില്ല .. എതിർവാക്കുകൾ പാടില്ല ... നിങ്ങൾ തെളിക്കും വഴിയേ മുടന്തിനടക്കാൻ വിധിക്കപ്പെട്ടവർ ഞങ്ങൾ. ഡാനി ഡാർവിൻ (മഴവില്ല്)


Dany Darvin

ജീവിക്കാൻ മറക്കുന്നവർ

ജീവിക്കാൻ മറക്കുന്നവർ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, പ്രഭാതം പൊട്ടിവിടരുമ്പോൾ അവനോടൊപ്പം ഉണർന്ന് ഇന്നിനെ വരവേൽക്കാർ കാത്തിരിക്കുന്നവർ......... പ്രതീക്ഷക്കൊപ്പം ചിറകുവിടർത്തി നടനമാടാൻ ശ്രമിക്കുന്നോർ .... വെയിലിൻ കാഠിന്യം ദാക്ഷിണ്യമില്ലാതെ മേനിയെ തളർത്തുമ്പോൾ മന്ദമാരുതനൊന്നു തഴുകാൻ കൊതിക്കുന്നോർ .... മേലേ വാനിൽ കുങ്കുമം വാരിപൂശുമീ സന്ധ്യയെ വരൽവേൽക്കുമ്പോഴും ഉദയത്തിനൊരസ്തമയമെന്ന പ്രപഞ്ച സത്യത്തെ മനസിൽ കുടിയേറ്റി വീണ്ടുമൊരു പുത്തൻപുലരിക്കായ് കാതോർക്കാൻ വെമ്പുന്നോർ.... ജീവിതത്തിൻ ഉത്രാടപ്പാച്ചിലിൽ ദിനരാത്രങ്ങൾ കൊഴിയുമ്പോൾ വെറുതേ, ജീവിക്കാനായ് മാത്രം ജീവിക്കാൻ മറക്കുന്നവർ നാം... ഡാനി ഡാർവിൻ (മഴവില്ല്)


Dany Darvin

വിശ്വം കുതിക്കുന്നു

വിശ്വം കുതിക്കുമ്പോൾ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, വിശ്വം കുതിക്കുന്നു... ശാസത്രലോകത്തിൻ പൊരുളുകളറിയാൻ. വിശ്വം കുതിക്കുന്നു.... വർണ്ണങ്ങൾ വാരിവിതറുന്ന ചിത്രകാരനേയും നടനനാട്യങ്ങൾ തീർക്കുമീ കലാകാരന്മാരേയും വാക്കുകൾ കൊണ്ടു മായാജാലം തീർക്കുന്ന സാഹിത്യകാരന്മാരേയും പേറി. വിശ്വം കുതിക്കുന്നു.... യഥാർത്ഥ ഈശ്വരസേവകളറിയാത്ത ഭക്തന്മാരേയും അതിലേറെ നിരീശ്വരവാദികളുമായി. വിശ്വം കുതിക്കുന്നു.... നെറികേടിന്റെ കാണാകാഴ്ചകളുമായ് അധർമ്മത്തിൻ ചൂതാട്ടം തീർത്ത്. വിശ്വത്തിനൊപ്പം കുതിക്കുന്നവരോ, വഴിയെകാണും അബലരുടെ ഹൃദയത്തിൽ മുള്ളുകൾ കയറ്റി, സത്യത്തിനു വേണ്ടി വാദിക്കുന്നവർ തൻ ശിരസ്സിൽ മുൾക്കിരീടങ്ങൾ ചാർത്തി ആർത്തട്ടഹസിക്കുന്നു. പീഡിപ്പിക്കപ്പെട്ട ബാല്യകയുടെ ജീവിത പിന്നാമ്പുറങ്ങൾ തേടി കാർക്കിച്ചു തുപ്പാനും മറക്കുന്നില്ല ചിലർ. അവൾക്കു വേണ്ടി പകൽ വെട്ടത്തിൽ 'നീതിദേവതയേ കൺതുറക്കൂ'വെന്ന് വിളിച്ചു കൂവാനും മറക്കുന്നില്ലിവർ. കടമ നിർവ്വഹിച്ച്, രാവിൻ മറയത്ത് മറ്റൊരു കന്യകതൻ മടിക്കുത്തഴിക്കാൻ കൂട്ടിക്കൊടുപ്പുകാരിയോടൊപ്പം പുതിയ മാളങ്ങൾ തേടി നടക്കുന്നവർക്കായി ഓശാന പാടാൻ വെമ്പുന്ന ചില രാഷ്ട്രീയ കോമരങ്ങളേയും പേറി വിശ്വം കുതിക്കുകയാണ്....... വിശ്വം കുതിക്കുന്നു.... ഇനിയൊരു യുഗം എന്തായിത്തീരുമെന്നു പോലും സങ്കൽപ്പിക്കാനാകാത്ത വിധം. ഡാനി ഡാർവിൻ (മഴവില്ല്)


 /poems.php?o=&lang=mlym