List of Authors
English മലയാളം
A B C D E F G H I J K L M N O P Q R S T U V W X Y Z

പ്രൊഫ. ആശ ജി വക്കം

1955 ല്‍ തിരുവനന്തപുരം, കടയ്ക്കാവൂരില്‍ ജനിച്ചു. രാധമ്മയുടെയും ഡോ.ഗോപാലന്‍റെയും മകള്‍. കാര്യവട്ടം യൂണിവേഴ്സിറ്റി സെന്‍റര്‍ മലയാള വിഭാഗം (എം. എ.), തിരുവനന്തപുരം വിമന്‍സ് കോളേജ് (എം. ഫില്‍.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എസ്. എന്‍ കോളേജില്‍ മലയാള വിഭാഗം പ്രൊഫസറാണ്. പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. സാഹിത്യകേരളം അവാര്‍ഡ് 2006 (“അനാമികയുടെ സുവിശേഷങ്ങള്‍” - ആത്മകഥ) ലഭിച്ചു. ‘പൂമരത്തണല്‍പോലെ ഒരു പുസ്തകം’ (ബി. സന്തോഷ്, കലാകൗമുദി, ഒക്ടോബര്‍ 23, 2005), ‘എത്ര ആശ്വാസം ആശയുടെ വാക്കുകള്‍’ (ഉഷ എസ് നായര്‍, കലാകൗമുദി), ‘അര്‍ബുദത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക്’ (സുരേന്ദ്രന്‍ ചുനക്കര, മാതൃഭൂമി ആരോഗ്യമാസിക, ഒക്ടോബര്‍ 2005), ‘അര്‍ബുദത്തിന്‍റെ സുവിശേഷം’ (ചന്ദ്രിക വാരാന്തപതിപ്പ്, സുധീപ്, ജെ.സലീം, 2005 സെപ്റ്റംബര്‍ 4), ‘ദിവ്യചൈതന്യത്തിന്‍റെ ജ്വാലകള്‍’ (കെ.പി.അബ്ദുള്‍ റഹ്മാന്‍, സാഹിത്യകേരളം, ഏപ്രില്‍ 2006), ‘ദേവസംഗീതം തഴുകിയെത്തുമ്പോള്‍’ (മനോരമ ആരോഗ്യം, ഡിസംബര്‍ 2007), ‘രോഗത്തെ പ്രണയിച്ച് അനാമിക’ (കന്യക, ജനുവരി 2006) തുടങ്ങിയവ “അനാമികയുടെ സുവിശേഷങ്ങള്‍” (ആത്മകഥ) എന്ന കൃതിയെ ആസ്പദമാക്കിയുള്ള പഠനങ്ങളാണ്. “അനാമികയുടെ സുവിശേഷങ്ങള്‍” എന്ന കൃതി ഒരു പുനര്‍ജډ കഥ കൂടിയാണ്. അവര്‍ ആത്മകഥനം നടത്തുമ്പോള്‍ നമുക്കും കരുത്തു ലഭിക്കുന്നു. ജീവിതത്തെ കാര്‍ന്നു തിന്നുന്ന രോഗത്തെ ജയിച്ച എഴുത്തുകാരിയുടെ സ്വന്തം അനുഭവം വായനക്കാരന്‍റെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ സ്പര്‍ശിക്കുന്നു. കാല്പനികതയും ജീവിതവും ഈ ആത്മകഥയുടെ രചനയില്‍ കലര്‍ന്നു വന്നിരിക്കുന്നു.

പി. ഭാരതി

1948 ജൂണ്‍ 23 ന് ജില്ലയിലെ പള്ളിക്കുന്നില്‍ ജനിച്ചു. പി. മുകുന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകള്‍. അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നു.

"ജാലകത്തിനപ്പുറം" (2005), "ചില നിമിഷങ്ങളിലെ ചില മനുഷ്യര്‍"എന്നീ  കഥാസമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. 2001, 2002 വര്‍ഷങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ആകാശവാണി (കണ്ണൂര്‍)യില്‍ സുഭാഷിതം, കഥ എന്നിവ അവതരിപ്പിക്കാറുണ്ട്. കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'വാര്‍ത്താസാന്ത്വനം' (സാന്ത്വനം വയോജനസദനവുമായി ബന്ധപ്പെട്ടത്) എന്ന ദ്വൈവാരികയുടെ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. അതില്‍ 'സുഭാഷിതം' എന്നൊരു കോളം എഴുതുന്നു.

ഓര്‍മ്മകള്‍ മുഴുവനും കഥകളാക്കുന്ന എഴുത്തുകാരിയാണ് പി. ഭാരതി. ഹൃദയം കൊണ്ടൊരു സര്‍ഗാത്മക കലാപം ആണ് പി. ഭാരതിയുടെ കഥകള്‍. 'മനസ്സിന്‍റെ മഹിമ' എന്ന കഥയില്‍ ഒരു മുത്തശ്ശിയുടെ ക്ലേശപൂര്‍ണ്ണമായ ജീവിതമാണ് ആവിഷ്ക്കരിക്കുന്നത്. ജീവിതകാലം മുഴുവനും തന്‍റെ അധ്വാനസമ്പത്തും എല്ലാം മക്കള്‍ക്കായി നല്‍കി. എന്നാല്‍ ഇന്ന് മക്കള്‍ക്ക് ആ അമ്മയെ തിരിഞ്ഞു നോക്കാന്‍ സമയം കിട്ടുന്നില്ല. ഒരു അമ്മയുടെ ആത്മസംഘര്‍ഷം മുഴുവനും വളരെ ഹൃദയസ്പര്‍ശിയായി ആവിഷ്ക്കരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

പള്ളിക്കല്‍ ഭവാനി

കൊല്ലം ജില്ലയിലെ കടപ്പാക്കുഴി സ്വദേശി. കല്ലടയാറ്റിലെ മണലൂറ്റലിനെതിരെയുള്ള ഒറ്റയാള്‍ പ്രക്ഷോഭത്തോടെ ശ്രദ്ധിക്കപ്പെട്ടു.

“ചോറിന്‍റെ മണമുള്ള ചേറ്” (ആത്മകഥ) ആണ് പ്രസിദ്ധീകരിച്ച കൃതി. പടിഞ്ഞാറേ കല്ലടയിലെ വയലുകളുടെ അടിത്തട്ടില്‍ നല്ല സ്വര്‍ണ്ണത്തിന്‍റെ നിറമുള്ള മണല്‍ ഉണ്ടെന്നറിഞ്ഞിടം മുതല്‍ അത് വെട്ടിവിറ്റ് ലക്ഷങ്ങള്‍ വാരിക്കൂട്ടിയും കോടതി വിധികള്‍ ലംഘിക്കുന്ന മണല്‍ മാഫിയ്ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു പള്ളിക്കല്‍ ഭവാനി. കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അറിഞ്ഞിട്ടും വേരുകളറ്റു പോകുന്നതറിഞ്ഞിട്ടും പിډാറിയില്ല ഈ ശല്യക്കാരി വല്യമ്മ. കല്ലടയാറിന്‍റെ തീരങ്ങളില്‍ പിടിമുറുക്കിയ മണല്‍ മാഫിയയ്ക്കെതിരെ ജീവിതം കൊണ്ട് പ്രതിരോധം തീര്‍ത്ത ഒരു വീട്ടമ്മയുടെ കഥയാണ് “ചോറിന്‍റെ മണമുള്ള ചേറ്”.

പി. വി. ദേവി

1991 ല്‍ തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ ജനിച്ചു. ആര്‍. പ്രസന്നകുമാറിന്‍റെയും ജി. വിജയലക്ഷ്മിയുടെയും മകള്‍. ഗവ. മോഡല്‍ എച്ച്. എസ്. എല്‍. പി. എസ്., ശിശുവിഹാര്‍ യു. പി. എസ്., ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍, കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. വിദ്യാര്‍ത്ഥിനിയാണ്.

“ഇനി നമുക്കില്ലൊരു ബാല്യം” (പരിധി പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം ഒക്ടോബര്‍ 2008) എന്ന കവിതാ സമാഹാരമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരള സംസ്ഥാന ശിശുക്ഷേമസമിതി, കമല സുരയ്യ അവാര്‍ഡ് 2008 (“ഇനി നമുക്കില്ലൊരു ബാല്യം”) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശാഭിമാനി ദിനപ്പത്രത്തിലും ജയ്ഹിന്ദ് ടിവി. (സൃഷ്ടി) യിലും അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. ലളിതമായ രചനാശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.

‘തമസ്സിന്‍ വഴിയെ’ എന്ന കവിതയില്‍ ശസ്ത്രക്രിയ വഴി അന്ധത്വം അവസാനിച്ച ഒരുവന്‍റെ കാഴ്ചയിലൂടെ ഇന്നത്തെ നാടിന്‍റെ അവസ്ഥ പറയാന്‍ ശ്രമിക്കുകയാണ്. നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയും കണിക്കൊന്നകള്‍ പൂക്കുന്ന മേടപ്പുലരിയും പൂമരം നല്‍കുന്ന തണലും കാണാനാഗ്രഹിച്ച് അയാള്‍ കണ്ണുതുറന്നു. എന്നാല്‍ മനസ്സില്‍ അന്ധകാരം സൂക്ഷിക്കുന്ന അനേകരെയാണ് അവന്‍ കാണുന്നത്. തെരുവുകളില്‍ ചോരയുടെയും ഭീതിയുടെയും അടയാളങ്ങളേ അവശേഷിക്കുന്നുള്ളു. അന്ധനായിതന്നെ ഇരിക്കുമ്പോഴുണ്ടാകുന്ന സുഖം അവന്‍ തിരിച്ചറിയുന്നു. ഒരു സദ്ചിന്തയാണ് ഈ കവിതയിലൂടെ കവയിത്രി ആഗ്രഹിക്കുന്നത്.

പി.കെ. ദിവ്യ

1981 ല്‍ കല്ലാച്ചിയില്‍ ജനിച്ചു. ബിരുദ പഠനത്തിനുശേഷം ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി. 1996-97 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. മാതൃഭൂമി വിഷുപ്പതിപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാഹിത്യ രചനാമത്സരത്തില്‍ കവിതയ്ക്ക് രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതാറുണ്ട്. “സ്നേഹത്തിന്‍റെ ചില കുറിപ്പുകള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ ലഘു നോവലിന്‍റെ ആദ്യ ഭാഗമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

പെണ്ണിനും മണ്ണിനും അധികാരത്തിനും മുമ്പില്‍ സാഷ്ടാംഗപ്രണാമം നടത്തുന്ന ജനങ്ങളും അവരെ ഉള്‍ക്കൊള്ളുന്ന പുതിയ ലോകവും ആ നെറികേടിനു മുമ്പില്‍ പകച്ചുനില്‍ക്കുന്ന നിസ്സഹായരായ മനുഷ്യരും കഥാപാത്രങ്ങളായി കടന്നു വരുന്നു ദിവ്യയുടെ ആദ്യ നോവലില്‍. ദിനാന്തക്കുറിപ്പുകളുടെ ഘടനയില്‍ കഥയും കഥാപാത്രങ്ങളും വളരുന്ന ലഘു നോവലാണ് “സ്നേഹത്തിന്‍റെ ചില കുറിപ്പുകള്‍”. ഒരു ദിവസം കൊണ്ട് ഒരു ജനം മുഴുവന്‍ ഒറ്റപ്പെടുന്ന അവസ്ഥയില്‍ എത്തിയ മനുഷ്യരുടെ കഥയാണിത്. പെണ്‍മനസ്സിന്‍റെ ആഴങ്ങളില്‍ നിന്നു രൂപം കൊള്ളുന്ന വാക്കും ഭാഷയുമാണിത്. കുറിപ്പുകളുടെ രൂപത്തിലായതുകൊണ്ടു തന്നെ, നോവലിന്‍റെ എഴുത്തു രീതിക്ക് സവിശേഷതയുണ്ട്. പതിനെട്ടു വര്‍ഷങ്ങള്‍ക്കിടയിലാണ് കുറിപ്പുകളുടെ പിറവി. കാലത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്കു യാത്ര പോകുന്ന ചിന്തകള്‍, സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും കണ്ണുംനട്ട് വികാരഭരിതമാകുന്നു. എല്ലാ അക്ഷരങ്ങളും അറിവുകളും തോറ്റുപോകുന്ന അനുഭവത്തെ പകര്‍ത്താന്‍ മൗനമാണ് നല്ലതെന്നു ഇടയ്ക്ക് തോന്നുമ്പോഴും ചില മുറിവുകള്‍ ഉണങ്ങാന്‍ അര്‍ത്ഥമില്ലാത്ത എഴുത്ത് സഹായകമാണെന്ന തിരിച്ചറിവ് എഴുത്തുകാരിക്കു പ്രചോദനമാകുന്നു.

പ്രൊഫ. ജി. ഗോമതി അമ്മ

1942 ജൂണ്‍ 23 ന് കൊല്ലം ജില്ലയിലെ പരവൂരില്‍ ജനിച്ചു. എസ്. രാമകൃഷ്ണ പിള്ളയുടെയും കെ. ഗൗരി അമ്മയുടെയും മകള്‍. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ്, എസ്. എന്‍. കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. 1968 മുതല്‍ 1997 വരെ വിവിധ എസ്. എന്‍. കോളേജുകളില്‍ മലയാളം അധ്യാപികയായിരുന്നു. “ജാഗ്രത” (2002), “അനാവരണം” (2003), “ശൈലേന്ദ്ര ശൃംഗങ്ങളില്‍” (2006), “ദേവദാരു പൂക്കുന്ന താഴ്വരകള്‍” (2008), “കെ. സി. കേശവപിള്ള” (ജീവചരിത്രം, 2006), “മഹായുദ്ധത്തിന്‍റെ കനല്‍ വഴികള്‍ നീന്തി”, “ഒരു നേപ്പാള്‍ യാത്ര” (2010) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. സമകാലിക ജീവിതത്തിന്‍റെ അന്ധകാരങ്ങള്‍ തുറന്നെഴുതുന്ന കവയിത്രിയാണ് പ്രൊഫ. ജി. ഗോമതിയമ്മ. കവിതയിലെ ലാളിത്യം ശ്രദ്ധാര്‍ഹമാണ്. കാലഘട്ടത്തിന്‍റെ നൈസര്‍ഗ്ഗികമായ ഗുണത്തെ ആദരിക്കുകയും കടുത്ത തിന്‍മകള്‍ക്കെതിരെ ശാന്തമായി പ്രതികരിക്കുകയും ചെയ്യുന്നതാണ് ഗോമതി അമ്മയുടെ കവിതകളുടെ സവിശേഷത. ഏറ്റവും ആധുനികമായ സംഭവങ്ങള്‍ പോലും കവിതയ്ക്ക് വിഷയമാകുന്നു. ലോകത്തിന്‍റെ മുറവിളികള്‍ ആരും കേള്‍ക്കുന്നില്ല. വര്‍ത്തമാനകാല രാഷ്ട്രീയത്തിന്‍റെ കാപട്യമാണ് ‘ഗംഗയെ കൊല്ലാം’ എന്ന കവിതയ്ക്ക് ആധാരം. മതത്തിന്‍റെ പേരിലുള്ള വര്‍ഗ്ഗീയ കലാപം, ആവശ്യമുള്ളത് സംരക്ഷിക്കാതെ അനാവശ്യ കാപട്യം കളിക്കുന്ന രാഷ്ട്രീയക്കാരെ നിശിതമായി പ്രസ്തുത കവിതയില്‍ വിമര്‍ശിക്കുന്നു. മരിക്കാന്‍ കിടക്കുമ്പോള്‍ വായിലേക്കിറ്റിക്കുവാന്‍ തീര്‍ത്ഥമായിനി ഗംഗാജലമേ സൂക്ഷിക്കേണ്ട അടുത്തുള്ളൊരു തട്ടുകടയില്‍ വാങ്ങാന്‍ കിട്ടും ബോട്ടിലില്‍ നിറഞ്ഞുള്ള തെളിനീര്‍ ബിസ്ലേരിയായ് കീടനാശിനിയല്‍പ്പം ചേര്‍ത്തു പോകിലും കുറ്റ- മില്ലല്ലോ മിനറലാണെന്നന്തസ്സില്‍ കുടിച്ചീടാം.

പി. കമലമ്മ

1937 ല്‍ ചേര്‍ത്തല താലൂക്കില്‍ മരുത്തോര്‍ വട്ടത്ത് ജനിച്ചു. ചെറുപ്പം മുതല്‍ക്കേ നന്നായി പാട്ടുപാടുകയും തിരുവാതിര കളിക്കുകയും ചെയ്തിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പെണ്‍കുട്ടികളെ തിരുവാതിര പഠിപ്പിക്കുവാന്‍ തുടങ്ങി. “മഗംല ആതിര” (2006) എന്ന തിരുവാതിരപ്പാട്ടുകളുടെ സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. തിരുവാതിരപ്പാട്ടുകളുടെ സമാഹാരമായ “മംഗല ആതിര”യിലെ ഗണപതിസ്തുതികള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിലാണ് തിരുവാതിര ആഘോഷിക്കുന്നത്.പാര്‍വ്വതീദേവി തപസ്സു ചെയ്ത് ശ്രീപരമേശ്വരനെ പ്രത്യക്ഷപ്പെടുത്തിയ ദിവസമാണ് തിരുവാതിര നാളായി ആഘോഷിക്കുന്നത്. തിരുവാതിരനാളില്‍ തിരുവാതിരപ്പാട്ടുകല്‍ പാടി സ്ത്രീകള്‍ കൈക്കൊട്ടിക്കളി നടത്തുന്നു. ഓണക്കാലത്തും ഇത് കളിക്കാറുണ്ട്. ഗണപതി, സരസ്വതി, പാര്‍വ്വതി, ശിവന്‍, സുബ്രഹ്മണ്യന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവീദേവډാരെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ധാരാളം തിരുവാതിരപ്പാട്ടുകള്‍ ഉണ്ട്. ഒരു സമൂഹത്തിന്‍റെ വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് തിരുവാതിര ആഘോഷിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ വ്രതാനുഷ്ഠാനങ്ങളോടെ വളരെ ഭക്തിനിര്‍ഭരമായി ധാരാളം ചടങ്ങുകളോടുകൂടെ തിരുവാതിര ആഘോഷിച്ചിരുന്നു. എന്നാല്‍ ഇന്ന് അതിന്‍റെ പ്രാധാന്യം കുറഞ്ഞു വരുന്നതായാണ് കാണുന്നത്. യുവജനോത്സവ വേദികളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു തിരുവാതിരക്കളിയും തിരുവാതിരപ്പാട്ടുകളും.

പ്രൊഫ. കൊച്ചുത്രേസ്യാ തോമസ്

1946 ല്‍ ഇടുക്കിയില്‍ ജനിച്ചു. റിട്ടയേര്‍ഡ് പ്രൊഫസര്‍ ആണ്. “സ്ത്രീശക്തിയുടെ മനശാസ്ത്രം” എന്ന കൃതി രചിച്ചതിന് 2004 ല്‍ ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ നടന്ന ചടങ്ങില്‍ പൊന്നാടയണിയിച്ച് ബഹുമാനിക്കപ്പെട്ടു. പൊതുപ്രശ്നങ്ങളെ അധീകരിച്ചാണ് ലേഖനങ്ങള്‍ രചിക്കാറുള്ളത്. സ്ത്രീയുടെ ശക്തിയെക്കുറിച്ചും അവളുടെ സ്വഭാവ മഹിമയെപ്പറ്റി, അവള്‍ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റിയൊക്കെ അവര്‍ ചര്‍ച്ച ചെയ്യുന്നു. ശാക്തീകരിക്കപ്പെടാത്ത സ്ത്രീസമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ അവലോകനം ചെയ്യുന്നു. സ്ത്രീശക്തിയുടെ മനശ്ശാസ്ത്രം എന്ന കൃതിയില്‍ ‘അമ്മയും കുഞ്ഞും’ എന്ന ഭാഗത്തില്‍ അമ്മ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കാന്‍ എഴുത്തുകാരിക്കു കഴിഞ്ഞിട്ടുണ്ട്. വളരെ ഉപകാരപ്രദമായ ലേഖനമാണിത്.

പ്രൊഫ. കുമ്പളത്തു ശാന്തകുമാരി അമ്മ

1936 ല്‍ കൊല്ലം ജില്ലയിലെ പന്‍മനയില്‍ ജനിച്ചു. അഡ്വ. പ്രാക്കുളം പി. കെ. പത്മനാഭ പിള്ളയുടെയും കുമ്പളത്തു തങ്കമ്മയുടെയും മകള്‍. പന്‍മന ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത സ്കൂള്‍, തിരുവനന്തപുരം സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എന്‍. എസ്. എസ്. കോളേജ് ധനുവച്ചപുരം, നീറമണ്‍കര, എം. ജി. കോളേജ് എന്നീ കേളേജുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. “ശ്രീ. വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍” (2003), “ശ്രീ നാരായണഗുരു” (ബാലസാഹിത്യം), “പൂജാപുഷ്പങ്ങള്‍” (2005), “ശ്രീ നീലകണ്ഠതീര്‍ത്ഥപാജ യോഗീശ്വരന്‍ അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല”, “വിശ്വാസം വിളക്ക്”, “ഇന്നത്തെ ചിന്താവിഷയം”, “പഞ്ചമൂര്‍ത്തികള്‍” (2006), “ചണ്ഡാലഭിഷുകി ഒരവലോകനം” എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. ആറ്റുകാല്‍ ഭഗവതി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചട്ടമ്പി സ്വാമി പുരസ്കാരം ഹേമലത പുരസ്കാരം, തിരുവനന്തപുരം വിദ്യാധിരാജമിഷന്‍ വക ശ്രീ വിദ്യാധിരാജ ശ്രേഷ്ഠ പുരസ്കാരം, കെ. ആര്‍. ഇലങ്കത്ത് സ്മാരക ട്രസ്റ്റിന്‍റെ കെ. ആര്‍. ഇലങ്കത്ത് സ്മാരക പ്രശംസപത്രം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ അന്തര്‍ മാഹാത്മ്യങ്ങള്‍, സത്യവും സാരവത്തുമായിരിക്കുന്ന പക്ഷം നശിക്കുകയില്ലെന്നും, മറിച്ച് കാലദേശങ്ങളെ അതിജീവിച്ച് നിലനില്‍ക്കുമെന്നുള്ളതിന്‍റെ തെളിവാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജീവിതം എന്ന് ശാന്തകുമാരി അമ്മ അഭിപ്രായപ്പെട്ടു. കേരളീയ സമുദായങ്ങള്‍ക്ക് വന്ന ഉയര്‍ച്ചയ്ക്കും ശുദ്ധിക്കും മാര്‍ഗ്ഗ ദര്‍ശനം ചെയ്ത മഹാത്മാവായിട്ടാണ് സ്വാമികള്‍ ഇന്ന് അറിയപ്പെടുന്നത്. സമൂഹത്തിലുണ്ടായ അടിസ്ഥാനപരമായ അനീതികളെയും അധര്‍മ്മങ്ങളെയും സ്വാമികള്‍ എതിര്‍ത്തു. വളരെയേറെയൊന്നും അറിയപ്പെടാത്ത സാമികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി എഴുതിയതാണ് ശ്രീ വിദ്യാരാജ ചട്ടമ്പിസ്വാമികള്‍ എന്ന ഗ്രന്ഥം.

പ്രൊഫ. ലീലാ ഓംചേരി

1929 മെയ് 1 ന് കന്യാകുമാരിക്കടുത്ത് തിരുവട്ടാറ്റു ജനിച്ചു. ലക്ഷ്മിക്കുട്ടിയമ്മയും കമുകറ പരമേശ്വരക്കുറുപ്പും മാതാപിതാക്കള്‍. ചലിച്ചിത്ര പിന്നണിഗായകന്‍ കമുകറ പുരുഷോത്തമന്‍ സഹോദരനായിരുന്നു. ആദ്യകാല ഗുരുക്കള്‍ അച്ഛനമ്മമാര്‍ തന്നെ. കേരള, ഡല്‍ഹി, പഞ്ചാബ് എന്നീ യൂണിവേഴ്സിറ്റികളില്‍ നിന്നു ബി. എ., ബി. എ. മ്യൂസിക്, എം. എ., പി. എച്ച്. ഡി. ഡിഗ്രികള്‍ നേടി. അദ്ധ്യാപനവും ഗവേഷണവും തൊഴിലാക്കി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. മുപ്പത്തിയഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം 1994 ല്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്തു. ഗുരുകുലാധ്യായനം തുടരുന്നു. 2008 ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു. ഭര്‍ത്താവ് പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള എഴുത്തുകാരനാണ്. മകള്‍ പ്രൊഫ. ദീപ്തി ഓംചേരി ഭല്ല സംഗീതജ്ഞയും ഗ്രന്ഥകാരിയുമാണ്. 1993 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. ഭാരതീയ സംഗീതത്തെ ആസ്പദമാക്കി ഒട്ടേറെ ഗവേഷണ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുണ്ട്. ഇരിയമ്മന്‍തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി തുടങ്ങിയവരുടെ പരമ്പരസ്വരൂപം ഉയര്‍ത്തിക്കാട്ടി. ഒട്ടേറെ രചനകള്‍ കണ്ടെടുത്തു. പുത്തന്‍ ശൈലിയില്‍ പ്രചരിപ്പിക്കപ്പെട്ട സ്വാതിതിരുനാള്‍ രചനകളുടെ ഒറിജിനല്‍ ശൈലി കണ്ടെടുക്കാനും പാടിക്കാട്ടാനും ശ്രമിച്ചു. തമിഴും മലയാളവും കലര്‍ന്ന ഒരു പ്രത്യേക ശൈലിയിലെഴുതപ്പെട്ട അനവധി പഴംകാല ചുവടുകളെ വിശകലനം ചെയ്ത് വെളിച്ചത്തു കൊണ്ടുവന്നു. മോഹിനിയാട്ടത്തിനു ജډം നല്‍കിയ കൊട്ടാര പാരമ്പര്യത്തിന്‍റെ പ്രത്യേകതകളെ എടുത്തു കാട്ടി വിശദീകരിച്ചു. “ലീലാ ഓംചേരിയുടെ പഠനങ്ങള്‍” എന്ന ഗ്രന്ഥത്തിലെ ‘ചിത്രരാമായണം ഒരു താളിയോല ചിത്രാത്ഭുതം’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ. ഡി. 1550 ല്‍ രചിക്കപ്പെട്ട അമൂല്യഗ്രന്ഥമാണ് ചിത്രരാമായണം. ചിതലരിച്ചും ചിതറിയും തിരിച്ചറിയാതെയും ലൈബ്രറിയില്‍ കിടന്നിരുന്ന മുക്കാല ഗ്രന്ഥങ്ങളെ കണ്ടെടുക്കാനും, അടുക്കിച്ചേര്‍ത്ത് ഒരു കാറ്റലോഗ് തയ്യാറാക്കാനുമായി ഇന്ദിരാഗാന്ധി നാഷണല്‍ ആര്‍ട്സ് ഡയറക്ടര്‍ ഡോ. കപില വാത്സ്യായന്‍ ചുമതലപ്പെടുത്തിയതിന്‍റെ പേരില്‍ 1990-91 ല്‍, തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍ എത്തിയ ഗ്രന്ഥകാരിയെ ചിത്രരാമായണം ഹഠാഭാകര്‍ഷിച്ചു. എല്ലാ കാവ്യരാമായണങ്ങളുടെയും കഥ തന്നെയാണ്. ചിത്രരാമായണകാരനും സ്വീകരിച്ചിട്ടുള്ളത്. പക്ഷേ രാമപട്ടാഭിഷേകത്തിനു ശേഷമുള്ള ഭാഗങ്ങള്‍ ഇതിലില്ല. ചിത്രരാമായണത്തിന്‍റെ രചിയതാവ്, സ്വന്തം പേര് ഒരിടത്തും പറഞ്ഞു കാണുന്നില്ല. മലയാള ലിപിയില്‍ ആയിപ്പോയതുകൊണ്ടും മലയാളി എഴുതിപ്പോയതുകൊണ്ടും മാത്രം എന്നും ശ്രദ്ധയില്‍പ്പെടാതെ കിടക്കുന്ന ഒരു ചിത്രനാട്യകലാവിസ്മയമാണ് ചിത്രരാമായണം.

പ്രൊഫ. ജെ. മഹിളാമണി

1940 സെപ്തംബറില്‍ തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരില്‍ ജനിച്ചു. ഗവണ്‍മെന്‍റ് വിമെന്‍സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും വിദ്യാഭ്യാസം. ശ്രീനാരായണ ഗുരുവിന്‍റെയും തുളസീദാസിന്‍റെയും കൃതികളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രബന്ധത്തിനു കേരള സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. വിവിധ ശ്രീനാരായണ കോളേജുകളില്‍ 32 വര്‍ഷം അധ്യാപികയും വകുപ്പു മേധാവിയുമായിരുന്നു. “ഗുരു സവിധത്തില്‍”, “താഴ്വരയില്‍ നിന്നു മലയെക്കാള്‍ ഉയരത്തില്‍”, “അന്ന് ഒരു ഹേമന്ത പ്രഭാതത്തില്‍”, “ഇടയന്‍റെ തിരുവാക്കുകള്‍”, “കേള്‍ക്കാത്തവര്‍”, “ഇന്നും ജീവിച്ചിരിക്കുന്ന ഹാരപ്പാസംസ്കാരം” എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍. “ഗുരു നിത്യചൈതന്യയതി” എന്ന ജീവചരിത്ര ഗ്രന്ഥത്തിലെ ‘നടരാജ സന്നിധിയില്‍’ എന്ന അധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വകയാര്‍ ഗ്രാമത്തില്‍ ജനിച്ച ജയചന്ദ്രന്‍ ആത്മീയാന്വേഷണത്തിലൂടെ നിത്യചൈതന്യയതിയായി മാറിയ, അവധൂത സഞ്ചാരത്തിന്‍റെ കഥ പറയുകയാണ് ഈ പുസ്തകം. നാരായണ ദര്‍ശനത്തിന്‍റെ വെളിച്ചത്തിലൂടെ നടരാജഗുരുവിലേക്കെത്തിയ ഒരു ചെറുപ്പക്കാരന്‍ നിരന്തരസാധനയിലൂടെ ജീവിതാനുഭവങ്ങളുടെ നേരില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് സന്ന്യാസത്തിന്‍റെ പുതിയ ഒരു വഴി കണ്ടെത്തിയ കഥ പറയുകയാണ് ഈ അദ്ധ്യായത്തില്‍.

പ്രൊഫ. മേരി മാത്യു

ആലപ്പുഴ ചേപ്പാട് ജനിച്ചു. കോട്ടയം ബസിലേയോസ് കോളേജ് മലയാളം വകുപ്പ് മേധാവി. നിരൂപക, പ്രഭാഷക, കൗണ്‍സിലര്‍. “ജډദിനം” എന്ന സാഹിത്യ നിരൂപണമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാഹിത്യകൃതിയെ അതിന്‍റെ പ്രമേയത്തിന്‍റെ സവിശേഷതിയിലൂടെ അനന്തമായ വ്യാഖ്യാനങ്ങള്‍ക്കു വിധേയമാക്കുമ്പോള്‍ അര്‍ത്ഥഗര്‍ഭമാകുന്ന എഴുത്താണ് പ്രൊഫ. മേരി മാത്യുവിന്‍റേത്. വൈക്കം മുഹമ്മദു ബഷീറിന്‍റെ ‘ജന്മദിനം’ എന്ന ചെറുകഥയുടെ നിരൂപണ പഠനമാണ് “ജന്മദിനം”. ബഷീറെന്ന കഥാകാരനെക്കാള്‍ വയറിന്‍റെ വിശപ്പാണ് ഈ കഥയില്‍ സംസാരിക്കുന്നതെന്നു നിരൂപക കരുതുന്നു. ഒരു സാഹിത്യരചനയെന്ന നിലയില്‍ ‘ജന്മദിനം’ ഒരു ഭാഷോല്പന്നം കൂടിയാണ്. ഭാഷയെയും മലയാള ചെറുകഥയെയും സംബന്ധിച്ചുള്ള ഒരവബോധത്തിലേക്ക് ‘ജډദിന’മെന്ന കഥ നയിക്കുന്നു. വ്യാഖ്യാനങ്ങളുടെ സാധ്യതകള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ട് ഇനിയും വരാനിരിക്കുന്ന പാഠാന്തരങ്ങളുടെ ജന്മദിനങ്ങള്‍ക്ക് അവസരമുള്ള മലയാളസാഹിത്യത്തിലെ അപൂര്‍വമായ ചെറുകഥയാണ് ബഷീറിന്‍റെ ജന്മദിനമെന്ന് മേരി മാത്യു സമര്‍ത്ഥിക്കുന്നു.

പ്രൊഫ. എ. നബീസത്ത് ബീവി

1947 ഫെബ്രുവരി 14 ന് തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലില്‍ ജനിച്ചു. 1962 ല്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ എസ്. എസ്. എല്‍. സി. പാസ്സായ ആദ്യ മുസ്ലീം പെണ്‍കുട്ടിയായി. 1967 ല്‍ കൊല്ലം എസ്. എന്‍. വനിതാ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബി. എ. പാസ്സായി. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും 1970 ല്‍ എം. എ. ചരിത്രത്തില്‍ ഒന്നാം ക്ലാസ്സോടുകൂടി പാസ്സായി. തിരുവനന്തപുരം ഗവണ്‍മെന്‍റ് വനിതാ കോളേജില്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 30 വര്‍ഷം വിവിധ ഗവണ്‍മെന്‍റ് കോളേജുകളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷം 2002 മാര്‍ച്ചില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. ഇപ്പോള്‍ അല്‍ഹിമായ ഓര്‍ഫനേജ് ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ജോയിന്‍റ് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. “ഇസ്ലാമിക ആദര്‍ശങ്ങള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ‘ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനം’ എന്ന അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതാദര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിനെ വിശകലനം ചെയ്യുന്ന ഈ കൃതി താത്വിക ചര്‍ച്ചയോടൊപ്പം ആചാരാനുഷ്ഠാനരൂപങ്ങള്‍ വരെ പരിചയപ്പെടുത്തുന്നു. ഇസ്ലാമിക നിയമത്തിലെ സാങ്കേതിക പദാവലിയും വിവാഹനടപടിക്രമങ്ങളും സാമൂഹിക സാമ്പത്തിക ഇടപാടുകളും സ്ത്രീയുടെ പദവിയുമൊക്കെ ഇതില്‍ വിശകലനം ചെയ്തിരിക്കുന്നു. ഒപ്പം ഇന്ത്യയിലെ മുസ്ലീം പിന്നോക്കാവസ്ഥയുടെ പ്രശ്നങ്ങളും പ്രതിവിധി നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇന്ന് ഇസ്ലാം മതം എന്നു പറയുമ്പോള്‍ നെറ്റി ചുളിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്നവര്‍ക്ക് ശരിയായ ധാരണകള്‍ പകര്‍ന്നു നല്‍കുന്നതാണ് ഈ ഗ്രന്ഥം.

പത്മാ കൃഷ്ണമൂര്‍ത്തി

1951 ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. കെ. എസ്. ഇ. ബി. യില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. തമിഴില്‍ നിന്ന് മലയാളത്തിലേക്ക് കഥകളും നോവലുകളും വിവര്‍ത്തനം ചെയ്യുന്നു. “ആകാശവീടുകള്‍” എന്ന വാസന്തിയുടെ (തമിഴ്) നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു. ഒരു വിവര്‍ത്തന നോവലാണെന്നു തോന്നാത്തവിധം വളരെ ഭംഗിയായി രചന നിര്‍വ്വഹിച്ചിട്ടുണ്ട്. പശ്ചാത്തലം മാത്രം പലപ്പോഴും വ്യത്യസ്തമാകുന്നു. എങ്കിലും നമ്മുടെ ചില ഗ്രാമങ്ങളുടെ ചിത്രം ആ കൃതിയില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം. അഗ്രഹാരത്തിലെ ചിലരുടെ ജീവിതങ്ങളിലൂടെ, വാസന്തി സൃഷ്ടിച്ച ശക്തമായ കഥാപാത്രങ്ങളിലൂടെ, വിവര്‍ത്തകയായ പത്മ ശ്രദ്ധാപൂര്‍വ്വം കടന്നിട്ടുണ്ട്.

പത്മാ രാമചന്ദ്രന്‍ / പത്മ

1947 ല്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് ജനിച്ചു. കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം. കോയമ്പത്തൂര്‍ അവിനാശലിംഗം ഹോംസയന്‍സ് കോളേജില്‍ ഹോംസയന്‍സ് ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കെ വിവാഹിതയായി.

സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ സ്കൂളിലെ കൈയെഴുത്ത് മാസികയില്‍ കഥകളും മറ്റും എഴുതിയിരുന്നു. പിന്നീട് 75 ല്‍ വീക്ഷണത്തിന്‍റെ വാരാന്തപ്പതിപ്പില്‍ ചില കഥകള്‍ പ്രസിദ്ധീകരിച്ചു. എഴുത്തില്‍ സജീവമാകല്‍ 90കളുടെ തുടക്കത്തിലാണ്.

ധാരാളം കഥകളും ഒരു നോവലും എഴുതിയിട്ടുണ്ട്. പത്മയുടെ കഥകള്‍ എന്ന കഥാസമാഹാരത്തിന് 1998 ല്‍ എം. ജി. ആര്‍. കലാവേദിയുടെ കലാസ്നേഹി അവാര്‍ഡ് ലഭിച്ചു. 1998 ല്‍ തന്നെ 'സ്വപ്നസദൃശം' എന്ന കഥയ്ക്ക് മഹിളാ ചന്ദ്രികയുടെ കഥാ അവാര്‍ഡ് ലഭിച്ചു. 'കുന്നുമ്മാല തെയ്യം' എന്ന കഥയ്ക്ക് 1994 ല്‍ കേരളസംസ്ഥാന ശാന്തിസേന മദ്യവര്‍ജന സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലഭിച്ചിരുന്നു. 'തിരുമേനി' എന്ന കഥയ്ക്ക് അന്വേഷി വിമന്‍സ് കൗണ്‍സില്‍ കഥാ അവാര്‍ഡും, 'ഇടത്-വലത്' എന്ന കഥയ്ക്ക് ദേവകി വാര്യര്‍ കഥാ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2007 ല്‍ മാതൃഭൂമി ബുക്സ് നടത്തിയ നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്ത 15 നോവലുകളില്‍ ഒന്ന് "അപ്പോത്തിക്കിരിയുടെ സത്യം" എന്ന പത്മയുടെ നോവലാണ്. പത്മയുടെ മൂന്നു കഥകള്‍ മലയാളം ലിറ്റററി സര്‍വ്വേയ്ക്കു വേണ്ടി അവര്‍ തന്നെ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

സമൂഹത്തിന് നേരേ തുറന്നുപിടിച്ച കണ്ണുകളുള്ള ഒരു എഴുത്തുകാരിയാണ് ശ്രീമതി പത്മ. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ പത്രത്തിലെ ദൈനം ദിന വാര്‍ത്തകള്‍ തുടങ്ങിയവ ഒക്കെ ശ്രദ്ധിക്കുകയും, അവയുടെ അനുരണനങ്ങള്‍ സ്വന്തം രചനയില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍. കക്ഷിരാഷ്ട്രീയം, വര്‍ഗ്ഗീയത ഉണ്ടാക്കുന്ന മുറിവുകള്‍, വാര്‍ദ്ധക്യത്തിലെ ഏകാന്തത, വില്പനചരക്കായി മാറുന്ന ലൈംഗീകത തുടങ്ങിയവയൊക്കെ പത്മയുടെ കഥകള്‍ക്ക് വിഷയമാകുന്നു. സാമൂഹ്യ പ്രതിബദ്ധത തന്‍റെ എഴുത്തിന്‍റെ ഒരു പ്രധാന ഘടകമാണെന്ന് വിശ്വസിക്കുന്നു എഴുത്തുകാരി.

പത്മയുടെ കഥകളില്‍ നിന്ന് 2001 ഏപ്രിലിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'മഥുരയിലെ രാധ' എന്ന കഥയിലെ ഒരു ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. നാട്ടില്‍ വലിയ ബിസിനസ്സ് ലോകമുള്ള കൃഷ്ണ ചന്ദ്രന്‍ എന്ന അവിവാഹിതനായ സ്വപ്നജീവി തന്‍റെ രാധയെ കണ്ടെത്തുന്നതിനായി, സാക്ഷാല്‍ കൃഷ്ണന്‍റെ മഥുരയിലേക്ക് ഒരു യാത്ര നടത്തുന്നു. പക്ഷേ കൃഷ്ണചന്ദ്രന്‍റെ സ്വപ്നങ്ങളെ തകര്‍ത്തു കളയുന്ന കാഴ്ചകളായിരുന്നു മഥുരയില്‍. മഥുരയില്‍ കണ്ട പശുക്കള്‍ പോലും അയാളെ മടുപ്പിച്ചു കളഞ്ഞു.

മെലിഞ്ഞ ആ മൃഗം പുല്‍മേടുകളില്ലാത്ത മണ്ണിലെ പൊടിഗന്ധം ശ്വസിച്ച് അമറിക്കൊണ്ടിരുന്നു.വൃന്ദാവനത്തിന്‍റെ മൃതശരീരത്തിലെ എല്ലുകളായി എഴുന്നുനില്‍ക്കുന്ന ക്ഷേത്രങ്ങളും ആര്‍ത്തിപിടിച്ച പൂജാരിമാരും, വിധവാമന്ദിരവും ഒക്കെ അയാളെ അരിശം പിടിപ്പിച്ചു. എങ്കിലും താന്‍ തന്‍റെ രാധയെ അന്വേഷിച്ചാണ് വന്നിരിക്കുന്നതെന്ന കാര്യം ഗൈഡിനോട് പറയാന്‍ അയാള്‍ മറന്നില്ല. പക്ഷേ വിധവാമന്ദിരത്തില്‍ താമസിച്ചുകൊണ്ട് വേശ്യാവൃത്തി ചെയ്യാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയുടെ ദയനീയ ദൃശ്യമാണ് അയാളെ കാത്തിരുന്നത്.

sss