List of Authors
English മലയാളം
A B C D E F G H I J K L M N O P Q R S T U V W X Y Z

അപര്‍ണ ചിത്രകം

1995 സെപ്തംബര്‍ 16 ന് കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ജനിച്ചു. വളരെ ചെറുപ്പത്തിലെ തന്നെ കവിതകള്‍ രചിച്ചു തുടങ്ങി. മാതൃഭൂമി ബാലപാഠപംക്തി, യുറീക്ക, കുടുംബ മാധ്യമം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, ചില്ല, തളിര് തുടങ്ങിയ പ്രധാന ആനുകാലികങ്ങളിലൊക്കെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഴയോതിയ കഥകള്‍ (2005), മാറി മറഞ്ഞ ചിത്രം (2008) എന്നീ കവിതാസമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. കവിതാ രചനയ്ക്ക് ജില്ലാതലത്തില്‍ സമ്മാനം നേടി. കുട്ടികളുണ്ടാക്കിയ യൂറീക്കയുടെ പത്രാധിപസമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008 ല്‍ സി.ബി.എസ്.ഇ. സിലബസ് പ്രകാരം നാലാം തരത്തിലേക്ക് തയ്യാറാക്കിയ 'തേന്‍തുള്ളി' എന്ന പാഠപുസ്തകത്തില്‍ അപര്‍ണയുടെ 'മറയുന്ന പൂമരം' എന്ന കവിതയും ഉള്‍പ്പെടുത്തിയിരുന്നു. 2008 ല്‍ പ്രഥമ ചെറുശ്ശേരി പുരസ്‌കാരം, 2009 ല്‍ കടത്തനാട്ട'് മാധവിയമ്മ പുരസ്‌ക്കാരം, എം.ഒ. ജോണ്‍ ടാലന്റ് അവാര്‍ഡ് (2009) എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കാഴ്ചയില്‍ അപാകതകള്‍ തിങ്ങിനിറയുന്നു, അവ അനുഭവങ്ങളെ മാറ്റി മറിയ്ക്കുന്നു. എങ്കിലും കാഴ്ചയുടെ തകരാറു കാണാനാവാതെ, സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ച് അവയുടെ യാഥാര്‍ത്ഥ്യവല്‍ക്കരണത്തിനായി പ്രതീക്ഷിക്കുന്ന പാവം മാനവ ഹൃദയം. 'ചട്ട'ി തകര്‍ത്ത വേരുകള്‍' എന്ന കവിതയില്‍ ജീവിത പ്രതിസന്ധികളെ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ നാം കാണുന്ന സ്വപ്നങ്ങളെല്ലാം വ്യര്‍ത്ഥമാണ് എന്നൊരു സന്ദേശവും ഈ കവിത നല്‍കുന്നുണ്ട്.

അഖില

കൊല്ലം ജില്ലയിലെ കാവനാട്ട'് എ സ്ഥലത്ത് 1948 ല്‍ ജനിച്ചു. കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥയാണ്. ആഗോളതലത്തിലും ദേശീയതലത്തിലും സംസ്ഥാനതലത്തിലും ചെറുകഥാ അവാര്‍ഡുകള്‍ നേടി. 1985 ല്‍ വനദേവത എന്ന നോവലിന് സഖി അവാര്‍ഡ് ലഭിച്ചു. "മൂക്കുത്തി" (1983) എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രമാസികകളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെടുന്ന പുതിയ തലമുറയില്‍പ്പെട്ട കഥയെഴുത്തുകാരുടെയിടയില്‍ ശ്രദ്ധേയമായ എഴുത്തുകാരിയാണ് അഖില. സ്‌ത്രൈണ ദുഃഖങ്ങളുടെ ഏങ്ങലടിയും ജീവിത ദുരന്തങ്ങളുടെ വിതുമ്പലും അഖിലയുടെ കഥകളിലെ പ്രത്യേകതയാണ്. കാവ്യമധുരമായ കഥാകഥനശൈലിയും ഭാഷാ സമ്പത്തും എഴുത്തുകാരിയുടെ കഴിവിനെ കൂടുതല്‍ മികവുറ്റതാക്കുന്നു. 'മൂക്കുത്തി' എന്ന കഥയിലെ സൗദാമിനിച്ചെറിയമ്മ വായനക്കാരന്റെ മനസ്സില്‍ കണ്ണുനീര്‍ത്തുള്ളി പാകി വൈരപ്പാടുപോലെ തിളങ്ങി നില്‍ക്കുന്നു. ബധിരയും മൂകയുമായ സൗദാമിനിച്ചെറിയമ്മ ജീവിതം സ്വയം അവസാനിപ്പിക്കുന്നു. ദുരന്തത്തില്‍ അവസാനിക്കുന്ന ഈ കഥയിലെ ചെറിയമ്മ വായനക്കാരുടെ മനസ്സില്‍ മറക്കാനാവാത്ത ഒരു കഥാപാത്രമായി എന്നും നിലനില്‍ക്കും എന്നതില്‍ സംശയമില്ല.

അലക്സി സൂസന്‍ ചെറിയാന്‍

1958 ല്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കര എന്ന സ്ഥലത്ത് ജനിച്ചു. ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ്ടു അധ്യാപികയാണ്. അധ്യാപന രംഗത്ത് മാത്രമല്ല സാഹിത്യരംഗത്തും തന്‍റെ കഴിവ് തെളിയിച്ച ഒരു എഴുത്തുകാരിയാണ് അലക്സി. ഭര്‍ത്താവ് ജോസ് വെമ്മേലിയും കവിയാണ്. വളരെ കുറച്ച് കവിതകള്‍ മാത്രമേ പ്രസിദ്ധീകൃതമായിട്ടുള്ളു. സഹന സൂചിക (റെയ്ന്‍ബോ, ബുക്സ്, ചെങ്ങന്നൂര്‍ 2004) എന്ന കവിതാ സമാഹാരത്തിന് അധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന അവാര്‍ഡും (2007), ചെങ്ങന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമന്വയം കലാസാഹിത്യ സമിതി അവാര്‍ഡും (2008) ലഭിച്ചു. മനസ്സിന്‍റെ സ്വകാര്യ സ്മരണകള്‍ ആണ് "സഹനസൂചിക" എന്ന കവിതാ സമാഹാരത്തിലെ കവിതകളോരോന്നും. മലയാളത്തിന്‍റെ തനിമ ആവിഷ്കരിക്കുന്ന ഓണം എന്ന കവിതയില്‍ കാലത്തിന്‍റെ നഷ്ട സ്വപ്നങ്ങള്‍ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. പുരാണകഥയുമായി ബന്ധപ്പെടുത്തി 'ഓണം' എന്ന കവിത ആവിഷ്കരിക്കുമ്പോള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഓണത്തിന്‍റെ നിസ്സര്‍ഗ്ഗ സൗന്ദര്യം വായനക്കാരുടെ മനസ്സില്‍ ഒരു വിങ്ങലായി വളര്‍ത്തുന്നു എഴുത്തുകാരി. ഓണമെരോര്‍മ്മ തെറ്റാണ് വര്‍ഷം തോറുമാവര്‍ത്തിക്കുന്ന നഷ്ട സ്വപ്നത്തിന്‍റെ അണയാത്ത ജ്വാലാവെളിച്ചം (ഓണം)

അമ്പാടി ഇക്കാവമ്മ

1993 നും 35 നും മധ്യേ മാതൃഭൂമിയുടെയും ‘മലയാളരാജ്യ’ത്തിന്‍റെയും ആഴ്ച്ചപ്പതിപ്പുകളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഉദ്യാനം” (1956) എന്ന കൃതിയാണ് പ്രസിദ്ധീകൃതമായത്. ആംഗലേയ കഥാകൃത്തായിരുന്ന ഓസ്കര്‍ വൈല്‍ഡിന്‍റെ കഥാപാത്രങ്ങളെ മലയാളീകരിച്ച് എഴുതിയ നാല് കഥകളാണ് ഈ ഗ്രന്ഥത്തിലുള്ളത് - ‘പ്രഭുവിന്‍റെ ഉദ്യാനം’, ‘നക്ഷത്ര സന്താനം’, ‘മാതൃകാ ധനികന്‍’, ‘രാജകുമാരന്‍റെ പട്ടാഭിഷേകം’. ‘പ്രഭുവിന്‍റെ ഉദ്യാനം’ എന്ന കഥയില്‍ വളരെ മനോഹരമായ ഒരു ഉദ്യാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു പ്രഭുവിന്‍റെ ജീവിതത്തിലുണ്ടായ മാറ്റം ആവിഷ്കരിക്കുന്നു. വായനക്കാര്‍ക്ക് പരിചിതമായ സ്ഥലങ്ങള്‍ പശ്ചാതലമാക്കാന്‍ കഥാകാരി ശ്രമിച്ചിട്ടുണ്ട്.

അംബിക അമ്പാട്ട്

1927 ജൂണില്‍ തൃശൂരില്‍ ജനനം. സ്കൂള്‍ വിദ്യാഭ്യാസം വിവേകോദയം സ്കൂളിലും വി. ജി. സ്കൂളിലും സെന്‍റ് മേരീസ് കോളേജില്‍ നിന്ന് അര്‍ത്ഥ ശാസ്ത്രത്തില്‍ ബിരുദം നേടി. നാഗപ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ എം. എ. ബിരുദം എടുത്തു. 1951 ല്‍ കോഴിക്കോട്ടെ പ്രോവിഡന്‍സ് കോളേജിലും 1952 ല്‍ തൃശൂരിലെ സെന്‍റ് മേരീസ് കോളേജിലും ഹിന്ദി അദ്ധ്യാപികയായി ജോലി നോക്കി. 1953 മുതല്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ഹിന്ദി പ്രൊഫസറായി ജോലി ചെയ്തു. 1987 ല്‍ വിരമിച്ചു. പ്രസിദ്ധ ഹിന്ദി സാഹിത്യക്കാരന്‍ ശ്രീ. പ്രതാപനാരായണന്‍ ശ്രീവാസതവയുടെ “ബിദം”, “വിഷമുഖി” എന്നീ നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ആകാശവാണി തൃശൂര്‍ നിലയത്തിനുവേണ്ടി റേഡിയോ നാടകങ്ങള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ശ്രീമതി അംബിക അമ്പാട്ടിന്‍റെ “പുരാണ കഥാമൃതം” എന്ന ഉപന്യാസ സമാഹാരത്തില്‍ നിന്ന് ‘രാമചരിതം മാഹാത്മ്യം’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീരാമകഥാ ശ്രവണത്തിലൂടെ മോക്ഷപ്രാപ്തി ലഭിച്ച സാത്വികന്‍ എന്ന ബ്രാഹ്മണന്‍റെ കഥ അവതരിപ്പിച്ചുകൊണ്ട് ധര്‍മ്മവഴിയില്‍ നിന്ന് വ്യതിചലിക്കാതെ സഞ്ചരിക്കാന്‍ സാമാന്യജനത്തെ ഉദ്ബോധിപ്പിക്കുകയാണ് എഴുത്തുകാരി.

എസ്. അംബികാദേവി

1945 ല്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ജനിച്ചു. ശ്രീമതി വി. ശാരദാമ്മയുടെയും ശ്രീ കോട്ടുകോയിക്കല്‍ വേലായുധന്‍റെയും മകള്‍. തിരുവല്ലാ ബാലികാമഠം ഗേള്‍സ് ഹൈസ്കൂള്‍, കൊല്ലം എസ്. എന്‍ വനിതാ കോളേജ്, കൊല്ലം എസ്. എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാള വിഭാഗം മേധാവിയായി വിരമിച്ചു. നോവല്‍, ലേഖനം, ചെറുകഥ എന്നിവ രചിക്കാറുണ്ട്. സാഹിത്യകേരളം അവാര്‍ഡ് (2004, “നിലാമഴ”), വായന അവാര്‍ഡ് (“നിലാമഴ”, 2005) എന്നിവ ലഭിച്ചു. “നിലാമഴ” എന്ന നോവലില്‍ ഫാന്‍റസിയുടെയും യാഥാര്‍ത്ഥ്യത്തിന്‍റെയും ഒരു ലോകമാണുള്ളത്. മരണത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചു ചിന്തിക്കുകയും മരണത്തിനുശേഷമുള്ള കാര്യങ്ങളെ ഓര്‍മ്മിച്ചെടുക്കുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ജീവിതത്തിലെ യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവുമായ കാര്യങ്ങളെപ്പറ്റി ഈ നോവല്‍ ചിന്തിപ്പിക്കുന്നു. അവതാരിക പ്രൊഫ. എം.കെ. സാനു.

സി. അംബികാവര്‍മ്മ

1962 നവംബര്‍ 8 ന് തിരുവനന്തപുരത്ത് ജനിച്ചു. നെടുവക്കോട് കോവിലകത്തെ എസ്. രവിവര്‍മ്മയുടെയും നെടുമ്പുള്ള കോവിലകത്തെ ഡി. ചന്ദ്രികാ വര്‍മ്മയുടെയും മകള്‍. ചെറുപ്പത്തിലെ തന്നെ സംഗീതവും വയലിനും അഭ്യസിച്ചു. 1980 മുതല്‍ 1986 വരെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ചേര്‍ന്ന് ഗാനഭൂഷണം, ഗാനപ്രവീണ എന്നിവ പാസ്സായി. 1987 മുതല്‍ 1989 വരെ വിമന്‍സ് കോളേജില്‍ നിന്നും പി. ഡി. സി. (മ്യൂസിക് മെയിന്‍) കോഴ്സും, ചിത്തിര തിരുനാള്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ രണ്ടു വര്‍ഷം മാവേലിക്കര പ്രഭാകരവര്‍മ്മ സാറിന്‍റെ നേതൃത്വത്തില്‍ രാഗം, താനം, പല്ലവി (കര്‍ണ്ണാടക സംഗീതം) കോഴ്സും പഠിച്ചു. തരംഗിണി സ്കൂളില്‍ നിന്നും കീബോര്‍ഡ് ഗ്രേഡ് കോഴ്സും കഴിഞ്ഞു. 1984 മുതല്‍ ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസിന്‍റെ തരംഗിണി സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ വയലിന്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ, അച്ഛന്‍ എസ്. രവിവര്‍മ്മയുടെ രക്ഷാധികാരത്തില്‍ നടന്ന് വരുന്ന ശ്രീ മുകാംബിക സംഗീത വിദ്യാലയത്തിലും സി. അംബിക വര്‍മ്മ അധ്യാപികയാണ്. വിശ്വപ്രകാശ് സെന്‍ട്രല്‍ സ്കൂളിലും മ്യൂസിക് ടീച്ചറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ല്‍ വയലിനില്‍ യംഗ് ടാലന്‍റ് പ്രോഗ്രാമില്‍ ക്യാഷ് അവാര്‍ഡും, 1990 ല്‍ അവിട്ടം തിരുനാള്‍ ഗ്രന്ഥശാലയുടെ ഗോള്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്. “സ്വരരാഗം” (കര്‍ണ്ണാടക സംഗീതപാഠങ്ങള്‍, 2008) എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്. സംഗീതപാരമ്പര്യം നിറഞ്ഞ കുടുംബത്തിലെ ഒരംഗമാണ് സി. അംബിക വര്‍മ്മ. സംഗീതത്തില്‍ പ്രാഥമിക അഭ്യസനത്തിന് ഉതകുന്ന വിധത്തില്‍ സപ്തസ്വരം മുതല്‍ സംഗീത കൃതികള്‍ വരെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ കൃതിയാണ് സ്വരരാഗം. സംഗീതം ഒരു ജീവകലയാണ്. സംഗീതാഭ്യാസനം കൊണ്ട് മനുഷ്യര്‍ക്കു വേണ്ടതായ ഉത്തമ ഗുണങ്ങള്‍ സിദ്ധിക്കുന്നു. സംഗീതം എല്ലാ ജീവജാലങ്ങള്‍ക്കും ആനന്ദാനുഭൂതി നല്‍കുന്നു. ചിട്ടയോടുകൂടിയ ഒരു സംഗീത പഠനത്തിന് സഹായകമാകണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇത് തയ്യാറാക്കിയത് എന്ന് എഴുത്തുകാരി അഭിപ്രായപ്പെടുന്നു.

ആബിദ യൂസഫ്

1949 ആഗസ്റ്റ് 1 ന് കൊല്ലം ജില്ലയില്‍ ജനിച്ചു. എം. എസ്സി. ബിരുദം. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് എഡിറ്റര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രാന്‍സ്ലേറ്റര്‍ - സബ് എഡിറ്റര്‍, അഞ്ചുവര്‍ഷക്കാലം സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്‍റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. “മലയാളത്തിലെ മുത്തശ്ശിക്കഥകള്‍” (2010), “കുട്ടത്തിപ്പ്രാവും അനിയത്തിപ്പ്രാവും” (2009), “കുഞ്ഞിപ്പാറുവും ഏഴാങ്ങളമാരും” (2009), “ആനയും തുന്നല്‍ക്കാരനും” (2009), “ഡോളി എന്നൊരു കുഞ്ഞാട്” (2004), “അമ്മയും ഞാനും” (2008), “അമ്മയെക്കാണാന്‍” (2000), “പ്രകൃതിയുടെ ചായക്കൂട്ടുകള്‍” (1993), “കാടിനെ അറിയാന്‍” (1994), “ഉണ്ണിക്കഥകള്‍” (1993), “ജൂലിയസ് സീസര്‍” (1997), “മുത്തുവും മത്തങ്ങക്കുട്ടനും” (2004), “പേടി പേടി” (1987), “ഓമനിക്കാന്‍ ഒരുമയില്‍” (1987), “കുരുവിയും പൊന്‍പണവും” (2001), “പച്ചക്കറി വിളകള്‍”, “ബാലകൈരളി വിജ്ഞാനകോശം” എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. “ഈ കിളിക്കൂട്ടില്‍” എന്ന കവിതയില്‍ മനുഷ്യ ജീവിതാവസ്ഥകളെ വളരെ ഭംഗിയായി കിളികളുടെ ജീവിതത്തിലൂടെ കവയിത്രി ആവിഷ്കരിക്കുന്നു. നാരും ചകിരിയും ചുള്ളിയും കൊണ്ട് മനോഹരമായി നിര്‍മ്മിച്ച കൂട്ടില്‍ കിളികള്‍ വളരെ സ്നേഹത്തോടും സന്തോഷത്തോടും കൂടെ ജീവിക്കുന്നു. പെട്ടെന്ന് ആ അവസ്ഥയ്ക്ക് മാറ്റം വരുന്നു. മൂകത തളം കെട്ടിയ മുറിവുണങ്ങാത്ത വിജനമാം കൂട്ടില്‍ വിധിയേയും കാത്ത് ഏകാകിനിയായ് വിരഹാര്‍ത്തയായ് വിഹ്വലയായ് വിരസ ജീവിതം വിധിക്കപ്പെട്ട് ഈ തൂവല്‍ കൊഴിഞ്ഞ പക്ഷി!

ഡോ. അബ്സീന ജെ. സലീം

1978 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജനനം. നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ആയൂര്‍വേദ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ലക്ഷദ്വീപിലെയും തിരുവനന്തപുരത്തെയും ചില ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ ചികിത്സാകേന്ദ്രം നടത്തുന്നു. ആയൂര്‍വ്വേദ ചികിത്സയും അതിന്‍റെ പ്രയോഗങ്ങളും സംബന്ധിയായ രചനകളാണ് ഡോ. അബ്സീനയുടേതായുള്ളത്. “ആയൂര്‍വേദം - ചരിത്രം, ശാസ്ത്രം, ചികിത്സ” എന്ന ഗ്രന്ഥം 2007 ല്‍ ചിന്താ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. ആയൂര്‍വ്വേദ ചികിത്സാരീതി സംബന്ധിച്ച ഒരു ആധികാരിക പഠന ഗ്രന്ഥമാണിത്. ആയൂര്‍വ്വേദചികിത്സയില്‍ രോഗശമനത്തിനുള്ള സാദ്ധ്യതകളെക്കുറിച്ച് എഴുത്തുകാരി ഈ പുസ്തകത്തില്‍ വിലയിരുത്തുന്നു. അതോടൊപ്പം ആയൂര്‍വ്വേദരംഗത്തുള്ള ഗവേഷണ സാധ്യതകളെയും നൂതനമായ ചികിത്സാരീതികളെയും അവതരിപ്പിക്കുകയും ചെയ്യുന്നു. ‘ആയൂര്‍വ്വേദത്തിലെ ചികിത്സാരീതികള്‍’ എന്ന അദ്ധ്യായത്തില്‍ നിന്ന് കുറച്ചു ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. പത്രപോടലസ്വേദം, കായസേകം, ഞവരക്കിഴി, രസായന ചികിത്സ തുടങ്ങി വിവിധയിനം ആയൂര്‍വേദ ചികിത്സാ രീതികളെ കുറിച്ച് വിശദീകരിക്കുകയാണ് ഇവിടെ. വളരെ ലളിതവും സാധാരണക്കാര്‍ക്ക് പോലും വായിച്ചാല്‍ മനസ്സിലാകുന്നതുമായ വിധത്തിലാണ് ഡോ. അബ്സീന ഇവിടെ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

അചല ജെ.എസ്

തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ 1990ല്‍ ജനനം. ഇപ്പോള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ കഥ എഴുതി തുടങ്ങി. ഇംഗ്ലീഷില്‍ ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്. നാലം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ആദ്യകഥ കുട്ടികളുടെ ദീപികയില്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം പല വര്‍ഷങ്ങളിലായി കഥ, ലേഖനം, യാത്രാവിവരണം എന്നിവ കുട്ടികളുടെ മാസികയായ തളിരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ കഥാസമാഹാരമായ “കുറിഞ്ഞിയുടെ ഡയറിക്കുറിപ്പുകള്‍” പ്രസിദ്ധീകരിക്കുമ്പോള്‍ അചല ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും യുവജനോത്സവങ്ങളില്‍ അചലയുടെ രചനകള്‍ സമ്മാനാര്‍ഹമായിട്ടുണ്ട്. “കുറിഞ്ഞിയുടെ ഡയറിക്കുറിപ്പുകള്‍” എന്ന അചലയുടെ പുസ്തകത്തില്‍ മൂന്നാം ക്ലാസ്സിനും ഒമ്പതാം ക്ലാസിനുമിടയില്‍ പഠിക്കുമ്പോള്‍ എഴുതിയ കഥകളില്‍ നിന്ന് തെരഞ്ഞെടുത്തവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭാവനാ സമ്പന്നയായ ഒരു കുട്ടിയുടെ കൈയ്യൊപ്പ് പതിഞ്ഞവയാണ് അചലയുടെ രചനകള്‍ എന്ന് പുസ്തകത്തിനെഴുതിയ അവതാരികയില്‍ ശ്രീ. ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞിരിക്കുന്നു. ഈ പുസ്തകത്തിലെ കഥകള്‍ അചലയുടെ വളര്‍ച്ചയുടെ പടവുകളെ സൂചിപ്പിക്കുന്നവയാണ്. ‘ചെറിയവന്‍റെ ഗുണം’ എന്ന കഥ ഉദാഹരണം. “പണ്ട് പണ്ടൊരു കാട്ടില്‍ ഒരു സിംഹവും എലിയും താമസിച്ചിരുന്നു”, എന്നു തുടങ്ങുന്ന കഥ, ചെറിയവനും വലിയവനെപ്പോലെ ഗുണമുണ്ടെന്ന ഗുണപാഠത്തോടെയാണ് അവസാനിക്കുന്നത്. അതേ സമയം ‘ഓര്‍മ്മകളേ വിട’ എന്ന കഥയാവട്ടെ കൗമാരത്തെ വിട്ട് യൗവനത്തിലേക്ക് കടക്കുന്ന ഒരു കുട്ടിയുടെ ചിന്തകള്‍ പ്രതിഫലിക്കുന്നവയാണ്. അചലയുടെ കഥകളില്‍ നിന്ന് സര്‍വ്വകലാശാല യുവജനോത്സവത്തില്‍ നാലം സ്ഥാനം ലഭിച്ച ‘വീട്ടിലേക്ക് ഒരു ക്ഷണകത്ത്’ എന്ന കഥയിലെ ഒരു ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘വീട്ടിലേക്ക് ഒരു ക്ഷണക്കത്ത്’ എന്ന ദീര്‍ഘകഥയില്‍ നിന്നുള്ള ഒരു ഭാഗമാണിത്. ‘യാത്ര’ എന്നു പേരുകൊടുത്തിട്ടുള്ള ഈ കഥാഭാഗത്തില്‍ സ്വന്തം ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ഒരു പെണ്‍കുട്ടിയെ കാണാം. ഗര്‍ഭപാത്രത്തിന്‍റെ സുരക്ഷിതത്ത്വത്തെ, അമ്മയുടെ സ്നേഹത്തെ, ബന്ധങ്ങളുടെ ഊഷ്മളതയെ ഒക്കെ അനുസ്മരിക്കുകയാണ് എഴുത്തുകാരി. ഈ സ്മരണകള്‍ അവരുടെ കഥാപാത്രത്തെ അലിവുള്ളവളാക്കുന്നു.

ആഗ്നസ് വി. ദാസ്, കാട്ടാക്കട

1993 മെയ് 27 ന് തിരുവനന്തപുരത്ത് ജനിച്ചു. ജെ. വിമലയും ഡോ. ടി. ജി. ദാസും മാതാപിതാക്കള്‍. കോഴിക്കോട് ബി.ഇ.എം. സ്കൂള്‍, ഇടയ്ക്കോട് ഇന്‍ഫന്‍റ് ജീസസ് നഴ്സറി ആന്‍റ് യു.വി. സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൂന്നാം വയസ്സില്‍ രചിച്ച ‘നെയ്യപ്പം’ ആണ് ആദ്യ കഥ. അഞ്ചാം വയസ്സില്‍ ആദ്യ കവിത ‘അമ്മ’. ആറാം വയസ്സില്‍ “തേന്‍കിണ്ണം” (19 കഥകള്‍), ആദ്യ കഥാസമാഹാരം പ്രസിദ്ധപ്പെടുത്തി. അമ്പതില്‍പരം ചെറുകഥകളും ഇരുന്നൂറോളം കവിതകളും ഇതിനോടകം എഴുതിയിട്ടുണ്ട്. ഏഴു വയസ്സ് തികയുന്നതിനു മുമ്പ് രചിച്ച നാല്പത്തിനാലു കവിതകളുടെ സമാഹാരമാണ് “തേന്‍തുള്ളികള്‍” (2002). “തേന്‍തുള്ളികള്‍” എന്ന കവിതാസമാഹാരത്തിലെ ‘ഈശ്വരനډകള്‍’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാവനാവിലാസം കൊണ്ടും രചനാവൈചിത്ര്യം കൊണ്ടും അത്യന്തം മനോഹരമായ കവിതയാണ് ‘ഈശ്വര നന്മകള്‍’.

ആഗ്നസ്. വി. സന്ധ്യ

1983 സെപ്തംബര്‍ 22 ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ (പോരൂര്‍) ജനിച്ചു. എം. എം, വര്‍ഗ്ഗീസിന്‍റെയും ലിസ്സി വര്‍ഗ്ഗീസിന്‍റെയും മകള്‍. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം. എഡും പാസായി അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. “സ്പന്ദനം” (2007) എന്ന കവിതാ സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. “സ്പന്ദനം” എന്ന കവിതാ സമാഹാരത്തിലെ ‘ഇവിടെ ഞങ്ങളുണ്ടായിരുന്നു’ എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായത ഈ കവിതയ്ക്ക് വിഷയമാകുന്നു. വാര്‍ദ്ധക്യത്തില്‍ മക്കളുടെ പരിചരണവും തുണയും സ്നേഹവും കൊതിക്കുന്ന മാതാപിതാക്കള്‍ ഒറ്റപ്പെട്ടു പോകുന്നു. സ്വന്തം കുടുംബത്തിനും മക്കള്‍ക്കുമായി അധ്വാനവും ആരോഗ്യവും കാഴ്ചവെച്ച അവരെ കുടുംബത്തില്‍ നിന്നു തന്നെ പുറന്തളളുകയാണ്. "രാത്രി വെളുക്കുകയും പകല്‍ കറുക്കുകയും ചെയ്ത ദിവസം മുടി നരച്ചവര്‍ക്കൊരിടം വേണമല്ലോ ഇരുണ്ട ജനലുകള്‍ക്കപ്പുറം കുനിഞ്ഞ വാര്‍ദ്ധക്യം ആശാഭവമെന്നത് വിളിപ്പേര്ٹ..ٹ..ٹٹ.." വാര്‍ദ്ധക്യത്തിന്‍റെ ദാരുണാവസ്ഥ തീവ്രമായ ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവുമാണ്. അനാഥത്വം പേറേണ്ടി വരുന്ന വൃദ്ധ ജനങ്ങളുടെ ദീനതയും നിസ്സഹായതയും വ്യഥയുമെല്ലാം ഈ കവിതയില്‍ നമുക്ക് ദര്‍ശിക്കാം.

തരവത്ത് അമ്മാളു അമ്മ

1873 ഏപ്രില്‍ 26 ന് പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബത്തില്‍ ജനിച്ചു. തരവത്ത് കുമ്മിണിയമ്മയും ചിങ്ങച്ചംവീട്ടില്‍ ശങ്കരന്‍ നായരുമാണ് മാതാപിതാക്കള്‍. ഡോ. ടി. എം. നായരുടെ സഹോദരി. സ്വപരിശ്രമത്താല്‍ മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അവഗാഹം നേടി. മൂന്നു തവണ വിവാഹം കഴിച്ചു. കൊച്ചി മഹാരാജാവ് സാഹിത്യ സഖി ബിരുദം നല്കാന്‍ തയ്യാറായെങ്കിലും അവര്‍ അതു സ്വീകരിച്ചില്ല. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടു കടത്തിയപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനും അഭയം നല്‍കുക വഴി തിരുവിതാംകൂര്‍ ചരിത്രത്തിലും ഇടം നേടി. 1936 ജൂണ്‍ 6 ന് അന്തരിച്ചു. മൗലിക കൃതികള്‍ കൂടാതെ സംസ്കൃതത്തില്‍ നിന്നും തമിഴില്‍ നിന്നും ഒട്ടേറെ കൃതികള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. കുംഭകോണം ടി. എസ്. സ്വാമി ഒരു ഇംഗ്ലീഷ് നോവലിനെ ആധാരമാക്കി രചിച്ച ഒരു തമിഴ് ഗ്രന്ഥത്തിന്‍റെ പരിഭാഷയാണു “കോമളവല്ലി”. “കോമളവല്ലി”യിലെ ഇരുപത്തിയേഴാം അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘സത്യം ജയതി നാന്യതം’ എന്ന ആപ്തവാക്യത്തെ ഈ നോവല്‍ ദൃഷ്ടാന്തീകരിക്കുന്നു. മനുഷ്യനിര്‍മിതങ്ങളായ കപടകവാടങ്ങള്‍ ഒന്നൊന്നായി സാവധാനത്തില്‍ ഭേദിച്ച് സത്യം ജയം പ്രാപിക്കുന്നത് ഈ നോവലില്‍ നമുക്ക് കാണാം. പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള ഈ കഥാനായികയുടെ പരിശുദ്ധമായ മനോഗതിയും ദുര്‍ഘടം നിറഞ്ഞ ജീവിതഗതിയും വായനക്കാരുടെ മനസ്സില്‍ സത്യശ്രദ്ധ, അത്ഭുതം, സന്താപം ഇവയെ അങ്കുരിപ്പിക്കും. സ്വാര്‍ത്ഥപരിത്യാഗം, പരോപകാര തല്പരത, ദീനദയാലുത്വം, പാപഭീരുത്വം, പിതൃഭക്തി, കര്‍ത്തവ്യ കര്‍മ്മാനുഷ്ഠാനം, ദൃഡനിശ്ചയം, ചാരിത്ര്യശുദ്ധി, അശ്രാന്തപരിശ്രമം, ദുഃഖസഹനം, ഈശ്വരവിശ്വാസം, യുക്തായുക്ത വിവേചനം, ധൈര്യം, ഗൗരവം എന്നിങ്ങനെ അനവധി സല്‍ഗുണങ്ങള്‍ ഈ കഥാനായികയില്‍ നിന്നു നമുക്ക് ഗ്രഹിക്കാം.

തരവത്ത് അമ്മിണി അമ്മ

1895 ല്‍ പാലക്കാട് ജില്ലയിലെ വടക്കുന്തറയില്‍ ജനിച്ചു. തരവത്ത് അമ്മാളു അമ്മയും വടക്കുന്തറ ഉണ്ണിക്കൃഷ്ണവാരിയരും മാതാപിതാക്കള്‍. ബി. എ., ബി. എല്‍. ബിരുദങ്ങള്‍ നേടി. 1979 സെപ്റ്റംബര്‍ 16 ന് അന്തരിച്ചു. 1927 ല്‍ പ്രസിദ്ധീകരിച്ച “വീരപത്നി” എന്ന നോവലാണ് ആദ്യ കൃതി. “ആണ്ടാള്‍ ചരിതം”, “മീരാബായി”, “ശ്രീമതി തരവത്ത് അമ്മാളുഅമ്മ” എന്നീ ജീവചരിത്രങ്ങളും “ബദരീനാഥയാത്ര” എന്ന യാത്രാവിവരണവും “ബാലബോധിനി” എന്നൊരു ബാലസാഹിത്യകൃതിയും രചിച്ചിട്ടുണ്ട്. വ്യക്തി വിവരണങ്ങളിലെ സൂക്ഷ്മതയാണ് തരവത്ത് അമ്മിണി അമ്മയുടെ ജീവചരിത്ര രചനകളില്‍ പ്രതിഫലിക്കുന്നത്. ബാലസാഹിത്യവും രചിച്ചിട്ടുള്ള അവര്‍ക്ക് ആഖ്യാനത്തിലെ ലാളിത്യവും യഥാര്‍ത്ഥത്വവും ആദിമധ്യാന്തം സൂക്ഷിക്കാന്‍ കഴിയുന്നുണ്ട്. തരവത്ത് അമ്മാളു അമ്മയുടെ ജീവചരിത്രത്തില്‍ നിന്നൊരു ഭാഗമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഗ്രന്ഥകര്‍ത്രിയുടെ മാതാവായിരുന്ന ഈ പ്രശസ്ത സാഹിത്യകാരിയുടെ ജീവിതകഥ നല്ല പാരായണക്ഷമതയോടെ അവതരിപ്പിച്ചിരിക്കുന്നു. തന്‍റെ ജീവചരിത്രം മകള്‍ എഴുതണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമ്മാളു അമ്മ ആഗ്രഹിച്ചിരുന്നു. പക്ഷേ, തീരാദുഃഖങ്ങളുടെ ആഖ്യാനമായി മാറുന്ന ഒരു പുസ്തകം മരണശേഷം പുറത്തുവന്നാല്‍ മതിയെന്ന അഭിപ്രായമായിരുന്നു അമ്മയ്ക്ക്. അമ്മാളു അമ്മയുടെ ആത്മീയ ജീവിതത്തിന്‍റെ നേര്‍പ്പകര്‍പ്പ് സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുകയാണ് മകള്‍. അവസാനകാലത്ത് അമ്മാളു അമ്മ കാണിച്ചിരുന്ന ധൈര്യത്തിന്‍റെ മാതൃകയായി നല്‍കിയിരിക്കുന്ന ഉദാഹരണങ്ങളെല്ലാം വായനക്കാരുടെ മനസ്സില്‍ പതിയുന്നവയാണ്.
sss