List of Authors
English മലയാളം
A B C D E F G H I J K L M N O P Q R S T U V W X Y Z

ഏലിയാമ്മ ഐപ്പ്

1924 ആഗസ്റ്റ് 21 ന് കോട്ടയത്തെ ചെങ്ങളത്ത് മങ്ങാട്ട് കുടുംബത്തില്‍ കൊച്ചയ്പ് എബ്രഹാമിന്‍റെ മകളായി ജനിച്ചു. സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. “കലവറ” (1999), “നാട്ടറിവും ഗൃഹചികിത്സയും” എന്ന ആരോഗ്യ ശാസ്ത്ര ഗ്രന്ഥമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗാവസ്ഥ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തില്‍ ഇത്തരമൊരു കൃതിയ്ക്ക് വളരെ പ്രാധാന്യമുണ്ട്. രോഗത്തെ കുറിച്ചും രോഗാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. നാടന്‍ ചികിത്സാരീതികള്‍ രോഗങ്ങള്‍ക്ക് പ്രതിവിധിയായി പറയുന്നു. ഓരോ രോഗത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചും അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഏറെ പ്രയോജനപ്രദമാണ്.

എലീസ

1946 സെപ്തംബര്‍ 27 ന് കോട്ടയം ജില്ലയില്‍ ജനിച്ചു. ശോശക്കുട്ടി കുരുവിളയും റ്റി. സി. കുരുവിളയും മാതാപിതാക്കള്‍. 1967  മുതല്‍ 12 വര്‍ഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. തുടര്‍ന്ന് കോട്ടയം ബസേലിയേസ് കോളേജില്‍ 1979 ല്‍ കാലിക്കറ്റ് വാഴ്സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ എം. ഫില്‍ (ഇംഗ്ലീഷ്) പാസ്സായി.

“റെയ്സ് ഓഫ് ഹോപ്പ്”, “ദി റെയ്ന്‍ബോ” എന്നീ കൃതികള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “പുതിയ കീര്‍ത്തനങ്ങള്‍ പുതിയ സംവാദങ്ങള്‍” ആണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ ‘അത്ഭുതം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രൊഫ. മാത്യു ഉലകുംതറ അവതാരികയില്‍ ഈ കവിതയെ വിലയിരുത്തുന്നത് ശ്രദ്ധേയമാണ്. ‘പിതൃഹത്യാശാപം’ പേറുന്ന അബ്ശാലോം രാജകുമാരډാരുടെ ബാഹ്യസൗന്ദര്യം ആധുനിക തലമുറയ്ക്ക് പ്രലോഭനീയമായിരിക്കാം. എന്നാല്‍ പിതൃപൂജാപുണ്യത്തിന്‍റെ യുഗാന്തരശോഭ കണ്ടറിയുന്നതിനുള്ള ക്ഷമയുണ്ടാകണമെന്നു മാത്രം. (‘അത്ഭുതം’ എന്ന കവിത). ബൈബിള്‍ ബിംബങ്ങളുണ്ടെങ്കിലും സാര്‍വ്വലൗകികമാണ് ഈ ദര്‍ശനം.

എല്‍സി താരമംഗലം

സ്വദേശം കേരളം ആണെങ്കിലും എല്‍സി താരമംഗലം വളര്‍ന്നതും ജീവിക്കുന്നതും കേരളത്തിന് പുറത്ത്മൈസൂറിലാണ്. മലയാള ഭാഷയോടും സാഹിത്യത്തോടും ആഭിമുഖ്യം ഉളളതായിരുന്നു എല്‍സിയുടെ അച്ഛന്‍ എസ്. പി. ഗി. എസില്‍ നിന്ന് മലയാള കൃതികള്‍ വരുത്തി വായിച്ചിരുന്നു. സ്വപ്രയത്നത്താല്‍ മലയാളം പഠിച്ചു. കഥകള്‍ എഴുതിതുടങ്ങിയത് മലയാളത്തിലാണ്. ഇംഗ്ളീഷില്‍ കവിതകള്‍ എഴുതുന്നു. മൈസൂറിലെ വിദ്യാഭ്യാസകാലത്ത് , റീജിയനല്‍ കോളേജ് ഏഫ് എജ്യുക്കേഷനില്‍ ഇംഗ്ളീഷ് സാഹിത്യത്തിന് പഠിക്കുമ്പോള്‍ യു. ആര്‍ അനന്തമൂര്‍ത്തി അവിടെ അധ്യാപകനായിരുന്നു. അനന്തമൂര്‍ത്തിയുടെ കീഴില്‍ തന്നെയാണ് എല്‍സി ഗവേഷണം നടത്തിയതും ഡോക്ടറേറ്റ് നേടിയതും. കവി എന്ന നിലയില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ എല്‍സി താരമംഗലം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍ കവിതാ മത്സരത്തില്‍ രണ്ട് തവണ സമ്മാനങ്ങള്‍ ലഭിച്ചു. നാഷണല്‍ ലൈബ്രററി ഓഫ് പോയട്രി, പോയട്രി ഗില്‍ഡ്, നോബിള്‍ ബുക് ഹൗസ് എന്നിവയുടെ പ്രശസ്തമായ ആന്തോളജിയില്‍ എല്‍സിയുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടൊറന്‍റൊ റിവ്യൂ, ജേണല്‍ ഓഫ് കോമണ്‍വെല്‍ത്ത് ലിറ്ററേച്ചര്‍, ഇന്ത്യന്‍ ലിറ്ററേച്ചര്‍, ദി ലിറ്റില്‍ മാഗസിന്‍ എന്നിവയിലും കവിതകള്‍ എഴുതിയിട്ടുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളും, പി. സുരേന്ദ്രന്‍റെ കഥകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. “അമേരിന്ത്യന്‍ നോട്ട്ബുക്ക്” എന്ന എല്‍സി താരമംഗലത്തിന്‍റെ പുസ്തകം ഒരു യാത്രാവിവരണമാണ്. സബ് ആര്‍ട്ടിക് പ്രദേശമായ പക്കറ്റവാഗണിലെ ക്രി എന്ന റെഡ് ഇന്ത്യന്‍ വിഭാഗത്തിന്‍റെ അദ്ധ്യാപികയായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവമാണ് ഈ പുസ്തകത്തിന് വിഷയമായിരിക്കുന്നത്. മാനയിലെ പ്രധാന ഭൂമിയില്‍ നിന്ന് വിദൂരത്താണ് ഈ പ്രദേശം. മൂന്നുതരം വിമാനത്തില്‍ കയറി. കണ്ണെത്താത്ത കാടും എണ്ണിയാല്‍ തീരാത്ത തടാകങ്ങളും താണ്ടി പക്ക് എയര്‍സ്ട്രിപ്പില്‍ എത്തിയാല്‍ പിന്നെ അഞ്ച് കിലോമീറ്റര്‍ കാട്ടുപാത താണ്ടണം. അരക്ക് പോലെ കാലില്‍ ഒട്ടിപ്പിടിക്കുന്ന മണ്ണാവും മഴക്കാലത്ത്, അല്ലാത്തപ്പോള്‍ അകത്തേക്ക് അടിച്ചുകയറുന്ന പൊടിമണ്ണ്. പലതരം ചൂഷണങ്ങള്‍ക്ക് വിധേയരായ ആദിമ മനുഷ്യരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ പുസ്തകം.

എല്‍സ (എല്‍സമ്മ ഈശോ മുക്കാടന്‍)

1953 ജനുവരി 15 ന് കോട്ടയം ജില്ലയില്‍ ജനിച്ചു. ബിരുദ പഠനത്തിനുശേഷം  ചില ആനുകാലികങ്ങളില്‍ സബ് അസിസ്റ്റന്‍റ് എഡിറ്ററായും അബുദാബിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അറേബ്യ മാഗസിനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

“ശിശിരസന്ധ്യകള്‍” (1980), “നയോമി” (1992) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍.

‘ഒരു ഉള്‍നാടന്‍ യാത്ര’ എന്ന കഥയില്‍ തന്‍റെ സുഹൃത്തായ വിജയനെ അന്വേഷിച്ച് ഇറങ്ങുന്ന ജേക്കബിലൂടെ ആസ്വാദകരും ഒരു യാത്ര നടത്തുകയാണ്. യാത്രയ്ക്കിടയില്‍ ജേക്കബ് നേരിടും പ്രതിസന്ധികള്‍ സാമൂഹിക അനീതികളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയത്തിന്‍റെ പേരില്‍ സമൂഹത്തില്‍ നടക്കുന്ന കൊള്ളതരുതായ്മകളെ വളരെ വ്യക്തമായി ഈ കഥയില്‍ ആവിഷ്കരിക്കുന്നു. ആധുനിക കാലഘട്ടത്തിന്‍റെ കൊടും തകര്‍ച്ചയാണ് എല്‍സയുടെ കഥകള്‍ക്ക് അടിസ്ഥാനം.

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമത്തില്‍ ജനനം. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ബി. എഡും നേടി. ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റിയില്‍ നിന്ന് അധ്യാപനത്തിലും കെമിക്കല്‍ എഞ്ചിനീയറിംഗിലും മാസ്റ്റര്‍ ബിരുദം നേടിയ നീലഗിരി സ്റ്റെയിന്‍സ് ഹൈസ്കൂളിലും കടമ്പനാട് ഹൈസ്കൂളിലും അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. അമേരിക്കയിലെത്തി ഉന്നത വിദ്യാഭ്യാസം നേടിയതിന് ശേഷം നാസാ കൗണ്ടി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പബ്ലിക് വര്‍ക്സില്‍ എഞ്ചിനീയറായി ദീര്‍ഘകാലം ജോലി ചെയ്തു.

ആറ് കവിതാ സമാഹാരങ്ങള്‍, ഗീതാഞ്ജലിയുടെ പരിഭാഷയും എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‍റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മലയാളഭാഷയുമായുള്ള അവരുടെ ബന്ധത്തെ ബാധിച്ചിട്ടില്ല. മാത്രമല്ല നാട്ടിന്‍ പുറത്തെ അതിസാധാരണമായ ജീവിതത്തെ അതിസാധാരണമായ ഭാഷയില്‍ അവതരിപ്പിക്കുന്നതിനും അവര്‍ക്ക് കഴിയുന്നുണ്ട്. ڈപിന്നെയും പൂക്കുന്ന സ്നേഹംڈ എന്ന കാവ്യ ഗ്രന്ഥം തന്നെ ഇതിന് ഉദാഹരണം. കുടുംബത്തിനുള്ളില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും അവയുടെ ശുഭകരമായ പര്യവസാനവുമാണ് കവിതക്ക് വിഷയം. കുടുംബത്തിനുള്ളില്‍ അമ്മായിയമ്മയും മരുമകളും തമ്മിലുണ്ടാകുന്ന സംഘര്‍ഷം എല്ലാകാലത്തും സമൂഹത്തില്‍ ചര്‍ച്ചാവിഷയമാണ്. ഈ വിഷയത്തെ ഏകപക്ഷീയമായി കാണുന്നില്ല എന്നതാണ് എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‍റെ പ്രത്യേകത.

എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‍റെ രചനകള്‍ ധാരാളം പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്. ഫൊക്കാന അവാര്‍ഡ് (യു. എസ്. എ) 1994, 96, 98, ജ്വാല അവാര്‍ഡ്, (ഹ്യൂസ്റ്റണ്‍), 1996, നാലപ്പാട്ടു നാരായണ മേനോന്‍ അവാര്‍ഡ്, 1998, തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടതായണ്.

എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‍റെ കൃതികളില്‍ നിന്ന് ڈപിന്നെയും പൂക്കുന്ന സ്നേഹംڈ എന്ന കവിതാ പുസ്തകത്തിലെ ഒരു ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പണമുള്ള വീട്ടിലെ പെണ്‍കുട്ടി ഭര്‍ത്താവിനെ ദരിദ്രരായ മാതാപിതാക്കളില്‍ നിന്ന് അശറ്റി കൊണ്ടുപോകുന്നതും, പിന്നീട് അതേ വൃദ്ധജനങ്ങള്‍ തന്നെ അവള്‍ക്ക് തുണയാകുന്നതുമാണ് കവിതയുടെ പ്രമേയം.

ഇ. പി. ജ്യോതി

1972- ല്‍ കോഴിക്കോട് ജനിച്ചു. സാമ്പത്തികശാസ്ത്രം, മലയാള സാഹിത്യം, മാനേജ്മെന്‍റ്, എന്നിവയില്‍ ബിരുദാനന്തരബിരുദം. കോഴിക്കോട് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസില്‍ അധ്യാപിക. ആദ്യ ചെറുകഥസമാഹാരം “ഇടവപ്പാതിയില്‍”. “ശവംതീനികളുടെ പ്രണയം” എന്ന സമാഹാരത്തിലെ അതേ പേരുള്ള കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓജസ്സുള്ള ഭാഷയും വശ്യമായ ശൈലിയും ആര്‍ജവമുള്ള പ്രയോഗവും ജ്യോതിയുടെ കഥകളുടെ സവിശേഷതകളാണ്. ‘ശവംതീനികളുടെ പ്രണയം’ എന്ന ചെറുകഥയിലെ നായിക ജാനകി, വീട്ടമ്മയാണ്. സാഹിത്യകാരനായ ജയന്‍ ജാനകിയെ പ്രണയിക്കുന്നുവെന്നറിയിക്കുന്ന കുറിപ്പ് അവളെ തളര്‍ത്തുന്നു. ആ പ്രണയ ലേഖനം കൊച്ചുമകനു കളിത്തോണിയുണ്ടാക്കുവാനാണ് ജാനകി പ്രയോജനപ്പെടുത്തുന്നത്. പറയാത്ത പ്രണയം അന്യനെപ്പോലെ മാറിനില്‍ക്കുന്ന ഒരവസ്ഥയാണ് ആ കുടുംബിനിയില്‍ സൃഷ്ടിക്കുന്നത്. ടാഗോറിന്‍റെ പല കഥകളിലും നഷ്ടപ്രേമത്തിന്‍റെ ആശയങ്ങള്‍ പ്രത്യേകിച്ചും സ്ത്രീയെ കേന്ദ്രീകരിച്ചുകൊണ്ട് വിവരിക്കപ്പെടുന്നു. അത്തരം ഒരു പശ്ചാതലത്തിലേക്ക് ഈ കഥ തികച്ചും ഭാവപുഷ്കലമായി ഉയര്‍ന്നു വരുന്നതായി അവതാരികയില്‍ ഡോ. കെ. കെ. എന്‍. കുറുപ്പ് നിരീക്ഷിക്കുന്നു.

എന്‍. കുമാരി

1964 നവംബര്‍ 14-ന് കോട്ടയം ജില്ലയിലെ കട്ടച്ചിറയില്‍ ജനിച്ചു. കട്ടച്ചിറയിലെ ലോവര്‍ പ്രൈമറി സ്കൂള്‍, കിടങ്ങൂര്‍ എന്‍. എസ്. എസ്. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം മാന്നാനം കെ. ഇ. കോളേജില്‍ നിന്നും പ്രീഡിഗ്രി, കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നു ഡിഗ്രി, പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്നും ബി. എഡ്. എറണാകുളത്തു നിന്നു  ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി ഇപ്പോള്‍ വൈക്കം മുന്‍സിഫ് കോടതിയില്‍ ഉദ്യോഗസ്ഥ.

          1983-ല്‍ ടൈംസ്റ്റാര്‍ മാസികയില്‍ ആദ്യ കഥ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകളെഴുതി. ആകാശവാണിയില്‍ കഥകളവതരിപ്പിച്ചു. നാടകവും എഴുതി. څനിങ്ങളും ഭാര്യും ചെടിയുംچ ആണ് പ്രസിദ്ധീകരിച്ച കൃതി.

          څനിങ്ങളും ഭാര്യയും ചെടിയുംچ എന്ന ചെറുകഥയ്ക്ക് പ്രശസ്ത കഥാകൃത്ത് ജി. എന്‍. പണിക്കര്‍ എഴുതിയ അവതാരിക ശ്രദ്ധേയമാണ്. കഥയിലെ ചെടിയെ വെറും ചെടിയായെടുത്താലും, ഭാര്യയുടെ വ്യക്തിത്വം, സ്വത്വം ഉറപ്പിക്കാനുള്ള ശ്രമമായി നമുക്കനുഭവപ്പെടും. ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭധാനം സാധ്യമാകാത്ത ഘട്ടത്തില്‍ അതിനായി മറ്റൊരു മാര്‍ഗം കണ്ടെത്തുന്ന ഭാര്യയും ഇവിടെ ധ്വനിക്കപ്പെടുന്നുണ്ട്. ജാരസന്തതിയോട് ഒരമ്മയ്ക്ക് വാത്സല്യം കൂടുക തികച്ചും സ്വാഭാവികം. അതുപോലെ, കഥാഖ്യാന രീതിയും കഥയ്ക്ക് തുറന്ന സമാപ്തി നല്‍കിയതും കുറച്ചൊന്നുമല്ല കഥയ്ക്ക് ധ്വനി പ്രാധാന്യം നല്‍കുന്നത് മുഖ്യമായുംപ്രജ്ഞാപരമാണെങ്കിലും കഥ നമ്മുടെ വികാരങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്. മൂര്‍ത്തമായ ജീവിത സന്ദര്‍ഭങ്ങള്‍ ഇതിലുള്ളതുകൊണ്ടാണ് അത്. ഈ കഥയില്‍ ധ്വനിപ്പിച്ചിരിക്കുന്ന സ്ത്രീത്വത്തിന്‍റെ അധീശത്വം മറ്റു ചില കഥകളിലും അന്തര്‍ധാരയായുണ്ട്.

നളിനി ബേക്കല്‍

1955 ല്‍ കാസര്‍ഗോഡ്, ബേക്കല്‍ ജനിച്ചു. പത്രാധിപയാണ്. ഭര്‍ത്താവ് പായിപ്ര രാധാകൃഷ്ണന്‍ എഴുത്തുകാരനാണ്.

നോവല്‍, കഥ തുടങ്ങിയവ രചിക്കാറുണ്ട്. 1987 ല്‍ ഇടശ്ശേരി അവാര്‍ഡ് "മുച്ചിലോട്ടമ്മ" (2007) ല്‍ മാതൃഭൂമി വാരാന്തപ്പതിപ്പ് നടത്തിയ നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം ("തുരുത്ത്" -ആദ്യ നോവല്‍), 1992 ല്‍ ഏറ്റവും നല്ല നോവലിനുള്ള ("അമ്മ ദൈവങ്ങള്‍") സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുരസ്കാരം എന്നിവ ലഭിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ ഫെല്ലോഷിപ്പിനര്‍ഹയായിട്ടുണ്ട്.

'ശിലാവനങ്ങളില്‍' ഭദ്രയുടെ അനുഭവങ്ങളെയും ചിന്തകളെയും ഇഴചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു. കുടുംബദൈവങ്ങളുടെയും കുട്ടിച്ചാത്തന്മാരുടെയും ആവാസങ്ങളായ പഴയ തറവാടുകളിലൊന്നില്‍ ജനിച്ച ഭദ്ര, തനിക്കു ചുറ്റും നടന്ന കാര്യങ്ങളെ, നടക്കുന്ന കാര്യങ്ങളെ പലവിധത്തില്‍ തിരിച്ചറിയുകയാണ്. ഭ്രമാത്മകതയുടെ ഒരു തലവും ഈ നോവലിലുണ്ട്. ഒരു പരിധിവരെ നോവലിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതും ഈ ഗുണമാണ്.

നന്ദിത കെ. എസ്.

1969 മെയ് 21 ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ജനനം. എം. ശ്രീധര മേനോന്‍റെയും പ്രഭാവതി എസ്. മേനോന്‍റെയും മകള്‍. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വയനാട് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ അധ്യാപികയായിരുന്നു. 1999 ജനുവരി 17 ന് സ്വയം ജീവിതം അവസാനിപ്പിച്ചു.

"നന്ദിതയുടെ കവിതകള്‍" (2002) മരണാനന്തരം സമാഹരിച്ചു   പ്രസിദ്ധീകരിച്ചു.

അസാധാരണായ സംവേദന ശക്തിയുള്ള കവിതകളാണ് നന്ദിതയുടേത്. സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഒരു മനസ്സ് മിക്ക കവിതകളിലും കാണാന്‍ സാധിക്കും. കവിത്വ ശക്തിയുടെ പ്രതിരൂപമായിരുന്ന നന്ദിതയുടെ കവിതയില്‍ മരണ കാമന ഒളിഞ്ഞു നില്‍ക്കുന്നു. അത്തരം ഒരു കവിതയാണ് 'എന്‍റെ ദൈവത്തിന്' എന്ന കവിത. മരണത്തെ സ്വാഗതം ചെയ്യുന്നതായി പ്രസ്തുത കവിതയിലും ആവിഷ്കരിച്ചിരിക്കുന്നു.

കണ്‍പീലികളില്‍ കുരുങ്ങിയ സാന്ത്വനം

സ്വപ്നമായ്, ഒരിറ്റ് നനവായ്

ഓര്‍മ്മകളില്‍ ഓടക്കുഴലിന്‍റെ വേദനയായ് പുളയുന്നു

കുരുക്കിലെന്‍റെ ഹൃദയം പിടയുന്നു, നിശ്ചലം.

നാരായണി മുത്തശ്ശി

യഥാര്‍ത്ഥ നാമം തങ്കമണി. പി. 1944 ല്‍ കൊല്ലം ജില്ലയിലെ തേവലക്കരയില്‍ ജനിച്ചു. കാര്‍ത്യായനിയുടെയും പത്മനാഭന്‍റെയും മകള്‍. കൊന്നവിള കേശവ വിലാസം എല്‍. പി. സ്കൂള്‍, ചവറ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ്, പന്തളം എന്‍. എസ്. എസ്. കോളേജ്, കോഴിക്കോട് ഗവണ്‍മെന്‍റ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്നു. സാഹിതീയത്തില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു. കവിതകള്‍ രചിക്കുന്നു. “കണ്ണകി” (കവിതാസമാഹാരം), (പ്രഭാത്ബുക്സ് ഹൗസ്, 2007, ജൂണ്‍) എന്ന ഒരു കൃതി മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. ‘കണ്ണകി’ എന്ന കവിതയില്‍ തെറ്റും ചെയ്യാത്ത കണ്ണകിയുടെ ശാപത്തിന്‍റെ ഉഗ്രനിമിഷങ്ങള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു. കണ്ണകി ഉഗ്രശാപത്താലുടച്ച ചിലമ്പിന്‍റെ പകുതിയാണ് ചന്ദ്രക്കലയായി മാറിയതത്രേ. അനീതിയുടെ മുന്നില്‍ ആളിപ്പടരുന്ന അനീതിയെ നശിപ്പിക്കുന്ന അഗ്നിയാണ് കണ്ണകി എന്ന് കവയിത്രി അഭിപ്രായപ്പെടുന്നു. അനീതി തന്‍ മുന്നിലാളിപ്പടരുന്നൊ- രഗ്നിയാണുജ്ജ്വല തേജസ്വി കണ്ണകീ!!

നസീമ ഇസ്മായില്‍

1964 മെയ് 15 ന് പാലക്കാട് ജില്ലയിലെ പേഴുക്കരയില്‍ ജനിച്ചു. ഇസ്മായിലിന്‍റെയും പാത്തുമ്മുവിന്‍റെയും മകള്‍. ലൈബ്രേറിയന്‍ ആയും റേഡിയോ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഷാര്‍ജയില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ടൈപ്പിസ്റ്റ്. “മാണിക്യക്കല്ല്” (2003) എന്ന നോവലാണ് പ്രസിദ്ധീകരിച്ച കൃതി. ലളിതമായ ആഖ്യാനശൈലിയും, സൗന്ദര്യാത്മകതയുമായി നോവല്‍ രംഗത്ത് കടന്നുവന്ന എഴുത്തുകാരിയാണ് നസീമ ഇസ്മായില്‍. നډയുടെയും സ്നേഹത്തിന്‍റെയും പ്രിയരൂപങ്ങളായ മനുഷ്യരുടെ ജീവിതാവസ്ഥകളിലൂടെ മനുഷ്യ മനസ്സിന്‍റെ അഗാധതകള്‍ ആവിഷ്ക്കരിക്കുകയാണ് “മാണിക്യക്കല്ല്” എന്ന് നോവലില്‍. നെല്ലറയിലെ എല്ലാ മതസ്ഥരുമായ ജനങ്ങള്‍ ‘മുത്തു’ എന്ന കുട്ടിയുടെ അസുഖം മാറുന്നതിനായി പ്രാര്‍ത്ഥിക്കുന്ന രംഗം ആണ് പ്രസ്തുത നോവലില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.

നീനാ പനയ്ക്കല്‍

തിരുവനന്തപുരത്ത് പേട്ടയില്‍ ജനനം. തിരുവനന്തപുരം വിമെന്‍സ് കോളേജില്‍ നിന്നും ബിരുദം നേടി. കേരളാ സ്റ്റേററ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥയായിരുന്നു. 1981 മുതല്‍ അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ ഹിസ്റ്റോളജി ലാബ് സൂപ്പര്‍വൈസര്‍. വിദ്യാഭ്യാസകാലം മുതല്‍ക്കു തന്നെ കഥകള്‍  എഴുതുവാന്‍ തുടങ്ങി. അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി കഥകള്‍ പ്രസിദ്ധപ്പെടുത്തുന്നു.

"സന്മനസ്സുള്ളവര്‍ക്ക് സമാധാനം", (1999) "ഒരു വിഷാദ ഗാനം പോലെ" (2000), "മഴയുടെ സംഗീതം" (2004) എന്നീ കഥാസമാഹാരങ്ങളും "സ്വപ്നാടനം"എന്ന നോവലുമാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

"ഒരു വിഷാദഗാനം പോലെ" എന്ന കഥാസമാഹാരത്തില്‍ പതിനഞ്ച് കഥകളാണുള്ളത്. ആദ്യത്തെ കഥയുടെ പേരില്‍ തന്നെയാണ് കഥാസമാഹാരം. 'ഒരു വിഷാദഗാനം പോലെ' എന്ന കഥയിലെ ഇതിവൃത്തം വിവാഹിതയായി അമേരിക്കയിലെത്തി ഭര്‍ത്താവിനോടൊപ്പം താമസിച്ചു തുടങ്ങിയ ഇരുപത്തിയഞ്ചുകാരിയുടെ ദുഃഖ തീഷ്ണമായ ആത്മഗതങ്ങളാണ്. സ്വന്തം വീട്ടില്‍ നിന്നും ലഭിക്കാത്ത സ്നേഹം ഭര്‍ത്താവിന്‍റെ വീട്ടില്‍ ലഭിച്ചപ്പോള്‍ അതില്‍ മതിമറന്ന ലേഖയെ വിധി കൊണ്ടെത്തിക്കുന്നത് ദുഃഖത്തിന്‍റെ താഴ്വരയിലാണ്. ഒരിറ്റു സ്നേഹത്തിനു വേണ്ടി കാത്തിരുന്ന വേഴാമ്പലായിരുന്നു ഞാന്‍. സ്നേഹമൊരു നദിയായി ഒഴിക്കിത്തരുന്ന ഈ വീട്ടില്‍, എന്നെ സ്നേഹിക്കുന്ന ഈ പ്രിയപ്പെട്ടവരോടൊപ്പം ജീവിച്ചെനിക്ക് മതിയായില്ല. എനിക്ക് ഇനിയും ജീവിക്കണം.....നെഞ്ചില്‍ ഒരു മഞ്ചാടിക്കുരുവിന്‍റെയത്രയുള്ള ഒരു മുഴ കണ്ടു. അത് ഡോക്ടര്‍മാര്‍ എടുത്ത് ഉപരി പരിശോധനയ്ക്കയച്ചതിന്‍റെ റിസല്‍ട്ടറിയാന്‍ ഉത്കണ്ഠയോടെ കാത്തിരുന്ന ലേഖയുടെ ചിന്തകളിലൂടെയാണ് കഥയുടെ ആവിഷ്ക്കാരം. കഥയിലെ പല സന്ദര്‍ഭങ്ങളും ധ്വന്യാത്മകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പലതും വായനക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ്. ഡോക്ടറിന്‍റെ റിസല്‍ട്ടിനായി കാത്തിരിക്കുന്ന ലേഖയുടെ മാനസികാവസ്ഥ വളരെ ഹൃദ്യമായി കഥാകാരി ആവിഷിക്കരിക്കുന്നു. ഓക്കു മരത്തിലേക്ക് അവളുടെ കണ്ണുകള്‍ ഓടിച്ചെന്നു. ഒരു വലിയ കൊമ്പില്‍ ഒരേ ഒരു മഞ്ഞയില മാത്രം ശേഷിച്ചിരിക്കുന്നു. സ്നേഹിച്ച മരത്തെ, മരശാഖകളെ വിട്ടുപിരിയാന്‍ മനസ്സില്ലാതെ ആ ചെറിയ ഇല കാറ്റിനോട് കരയുകയാണ്. "എനിക്ക് പൊഴിഞ്ഞു വീഴണ്ടയിപ്പോള്‍ ദയവായി വിട്ടേക്കൂ."

KALAA, MAP, FOKANA, DOMMA, Writers Forum  തുടങ്ങിയ അവാര്‍ഡുകളും നീനാ പനയ്ക്കല്‍ കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചു ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 

നീനു റാഫേല്‍

1990 മെയ് 30 ന് എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില്‍ ജനിച്ചു. ടി. എസ്. റാഫേലിന്‍റെയും ഷാഗിയുടെയും മകള്‍. ഇപ്പോള്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി. “ചിത്രശലഭം”, “വില്‍ക്കാനുണ്ട് ബാല്യങ്ങള്‍” (2010) എന്നീ കവിതാ സമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. “വില്‍ക്കാനുണ്ട് ബാല്യങ്ങള്‍” എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളെക്കുറിച്ചുള്ള തേങ്ങല്‍ മാത്രമല്ല നഷ്ടമാകാന്‍ പോകുന്ന നവ യൗവനത്തെക്കുറിച്ചുള്ള ആശങ്കയും വേവലാതിയുമുണ്ട് ഈ കവിതയില്‍. ബാല്യമിവിടെ വില്പനയ്ക്കുണ്ട് ഡോളറും രൂപയും ദിനാറുമെല്ലാം കടം കൊണ്ട ബാല്യം ചാച്ചാതന്‍ പനിനീര്‍ദളങ്ങളില്‍ മുത്തം ചൊരിഞ്ഞൊരെന്‍ ബാല്യം കുയിലും കുരുവിയും വീഥിയില്‍ തനിച്ചായ് പുസ്തകത്താളിലെ മയില്‍പ്പീലികള്‍ ചത്തൊടുങ്ങി രക്തക്കറയുണക്കുവാനുഴറുന്ന പരിഹാരപാഠശാലകള്‍. ഇപ്പോള്‍ ശൈശവവും കൗമാരവും കുട്ടികള്‍ക്കില്ല എന്ന ദാരുണസത്യം ഈ കവിതയില്‍ ആവിഷ്കരിക്കുന്നു. ഇത്തരിപ്പോന്നൊരീ ജീവിതത്തില്‍ നേടുവാനൊത്തിരി; നേരിടുവാനതിലേറെ ഈ ജډമീ പ്രഭാതം ഈ സൂര്യനഗ്നിയെരിയും സന്ധ്യയെ പുല്കട്ടെ നിശാചരി ബാല്യമിവിടെ വില്പ്പനയ്ക്കുണ്ട്. സമൂഹത്തിന്‍റെ കൈപ്പിടിയ്ക്കുള്ളില്‍ കിടന്ന് ഞെരിഞ്ഞമരുന്ന ബാല്യത്തിന്‍റെ തേങ്ങലും അമര്‍ഷവുമാണ് ഈ വരികളില്‍ തെളിയുന്നത്.

നിലമ്പൂര്‍ അയിഷ

1937 ല്‍ നിലമ്പൂരിനടുത്ത് മുക്കടയില്‍ ജനനം. പ്രശസ്തയായ അഭിനേത്രി. മലബാറിലെ ആദ്യകാല നാടകനടിമാരില്‍ ഒരാള്‍. നിലമ്പൂര്‍ അയിഷ ജനിക്കുന്ന കാലത്ത് അവരുടെ കുടുംബം സന്നമായ ഒരു മാപ്പിള തറവാടായിരുന്നു. എന്നാല്‍ അധികം വൈകാതെ അവര്‍ക്ക് കൊടിയ ദാരിദ്ര്യത്തെ നേരിടേണ്ടി വന്നു. സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചു തുടങ്ങിയിരുന്നെങ്കിലും അധികം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. വളരെ ചെറുപ്പത്തില്‍ തന്നെ നടി എന്ന നിലയില്‍ നാടകരംഗത്തേക്ക് വന്നു. അത് തന്നെ ആയിരുന്നു അവരുടെ ഗുരുകുലം. നാടകത്തിലും മറ്റും സ്ത്രീകള്‍ അഭിനയിക്കുന്നതിനോട് സമൂഹത്തിന് പൊതുവേയും മുസ്ലീം സമുദായത്തിന് പ്രത്യേകിച്ചും എതിര്‍പ്പുള്ള കാലമായിരുന്നു അത്. പ്രതിസന്ധികളും, സങ്കടങ്ങളും സാഹസികതയും നിറഞ്ഞ ജീവിതമായിരുന്നു നിലമ്പൂര്‍ ആയിഷയുടേത്. “ജീവിതത്തിന്‍റെ അരങ്ങ്” എന്ന അവരുടെ ആത്മകഥ ഇതിനെ കുറിച്ചൊക്കെ നമ്മോട് പറയുന്നു. ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമാകുന്നത് 2007 ല്‍ ഭാഷാപോഷിണിയിലാണ്. അത് കേട്ടെഴുതി തയ്യാറാക്കിയത് ശ്രീ. എന്‍. പി. വിജയകൃഷ്ണനാണ്. പിന്നീട് വിമന്‍സ് ഇംപ്രിന്‍റ് ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം ഇവിടെ ഉള്‍പ്പെടുത്തുന്നു.

sss