Dr. P. Bhanumati Amma

ഡോ. പി. ഭാനുമതി അമ്മ

കൊല്ലം ജില്ലയില്‍ ഓച്ചിറ, ഞക്കനാല്‍ ഗ്രാമത്തിലുള്ള വെട്ടുകുളഞ്ഞയില്‍ വീട്ടില്‍ അഡ്വ. കെ. മാധവന്‍ നായരുടെയും ശ്രീമതി എന്‍. ഭാര്‍ഗ്ഗവി അമ്മയുടെ മകളായി 1942 നവംബര്‍ 21 ന് ജനിച്ചു. ഗവ. കോളേജ് കാസര്‍ഗോഡ്, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം, ഗവ. ആര്‍ട്സ് കോളേജ് തിരുവനന്തപുരം, സംസ്കൃത കോളേജ് പട്ടാമ്പി, ഗവ. കോളേജ് ചാലക്കുടി, ഗവ. കോളേജ് തൃശ്ശൂര്‍, ഗവ.കോളേജ് മണിമലക്കുന്ന്, ഗവ. വിമന്‍സ് കോളേജ് തൃശ്ശൂര്‍, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ മലയാളം ലക്ചററായും പ്രൊഫസറായും ജോലിനോക്കി. ഇരുപതു വര്‍ഷക്കാലം എറണാകുളം മഹാരാജാസ് കോളേജില്‍ തന്നെയാണ് ജോലിനോക്കിയത്. അവിടെ മലയാള വിഭാഗം മേധാവിയായിരിക്കെ ജോലിയില്‍ നിന്നും വിരമിച്ചു. യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ്, പി. ജി. പരീക്ഷാബോര്‍ഡ്, ചോദ്യപേപ്പര്‍ ബോര്‍ഡ്. പി. എച്ച്. ഡി. മൂല്യനിര്‍ണ്ണയ സമിതി എന്നിങ്ങനെ വിവിധ കമ്മിറ്റികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി. കുഞ്ഞിരാമന്‍ നായരുടെ കവിതകളെക്കുറിച്ചുള്ള വിമര്‍ശനാത്മക പഠനഗ്രന്ഥമാണ് ഡോ. ബി. ഭാനുമതി അമ്മയുടേതായി പ്രസിദ്ധീകൃതമായിരിക്കുന്ന കൃതി.  ധര്‍മ്മോദ്ബോധനം തന്‍റെ കാവ്യലക്ഷ്യമായിക്കണ്ട പി. യുടെ കവി മനസ്സ് ഏത് ദര്‍ശനത്തിലാണ് ആഴ്ന്നിറങ്ങുന്നതെന്ന് പ്രവചിക്കാനാവില്ലെങ്കിലും പല കോണുകളില്‍ നിന്നും കവിതകളെ നോക്കികാണാനുദ്യമിച്ചിട്ടുണ്ട് നിരൂപക. ഭാരതീയത, ഭക്തി, കേരളീയത, പ്രകൃതിയോടുള്ള ആത്വൈക്യം, സൗന്ദര്യദര്‍ശനം, പ്രേമാനുഭൂതി, ഭാവന, കാവ്യബിംബങ്ങള്‍, ദേശീയത, സാമൂഹിക വീക്ഷണം, ശില്പഘടന ഇങ്ങനെ വിവിധങ്ങളായ വീക്ഷണകോണുകളുണ്ടിതിന്. ഒരു പഠനഗ്രന്ഥമായിരുന്നിട്ടു കൂടിയും കലാപരമായ സൗന്ദര്യം ഇതില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഡോ. ബി. ഭാനുമതി അമ്മയുടെ വിമര്‍ശനാത്മക പഠനഗ്രന്ഥത്തിന്‍റെ ഒരു ഭാഗമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. പ്രകൃതിയെയും പ്രകൃതിയുടെ അനന്തരഭാവരസങ്ങളെയും തന്‍റെ കവിതയില്‍ക്കൂടി ഉപാസിച്ച കവിയാണ് പി. കുഞ്ഞിരാമന്‍ നായര്‍. ഗ്രാമീണകന്യകയായ കവിതയെ പ്രകൃതിയുമായി സമഞ്ജസിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള പ്രതിഭാവിലാസ ത്തെയാണ് ഭാനുമതി അമ്മ നിരൂപണത്തിന് വിധേയമാക്കിയത്. പി. യുടെ കവിതകളുടെ ഉള്ളറകളില്‍ കടന്നുചെന്ന് കഴിയുന്നത്ര എല്ലാ കൃതികളെയും വിലയിരുത്തിയാണ് എഴുത്തുകാരി പ്രസ്തുത നിരൂപണം നടത്തിയിരിക്കുന്നത്. തന്‍റെ നിരൂപണത്തോട് വളരെയേറെ വിശ്വാസ്യത പുലര്‍ത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

“പി. കുഞ്ഞിരാമന്‍ നായരുടെ കവിത: ഒരു വിമര്‍ശനാത്മക പഠനം” (നിരൂപണം) നാഷണല്‍ ബുക്ക് സ്റ്റാള്‍, 1989.

Extracts

Women Writers of Kerala

View all Authors