1959- ലൈല അലക്സ് - Women Writers of Kerala 
Laila Alex

ലൈല അലക്സ്

 

1959- ല്‍ പത്തനംതിട്ടയിലെ കുമ്പനാട്ട് ജനിച്ചു. റ്റി. എം. വര്‍ഗ്ഗീസിന്‍റെയും മേരിക്കുട്ടി വര്‍ഗ്ഗീസിന്‍റെയും മകള്‍. കോട്ടയത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. കേരള യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എം. എ. പാസായി. കോഴഞ്ചേരി സെന്റ് തോമസ്‌ കോളേജില്‍ അദ്ധ്യാപികയായി ജോലി നോക്കി. ഇപ്പോള്‍ അമേരിക്കയിലെ സിറ്റി ഓഫ് ഫിലഡല്‍ഫിയായില്‍, പ്രോഗ്രാം അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലേയും, കേരളത്തിലേയും പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ അവാര്‍ഡ് 2000-ലും, ഇ-മലയാളിയുടെ ചെറുകഥ അവാര്‍ഡ് 2016-ലും ലഭിച്ചിട്ടുണ്ട്. അതിലളിതമായ ഭാഷയില്‍ക്കൂടി, അസാധാരണവും ഭ്രമാത്മകവും ആയ മായികലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നവയാണ് രചനകള്‍. “സ്വപ്നവും, യാഥാര്‍ഥ്യവും, തിരിച്ചറിയാനാവാത്ത വിധം, കൂടിക്കലര്‍ന്ന് കരുണവും, സാന്ത്വനവും, ഭയാനകവും തമ്മിലുള്ള അതിരുകള്‍ യഥേഷ്ടം ഭേദിക്കുന്ന കഥാലോകം സംഭ്രമിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഉദാത്തമായ ഒരു വായനാനുഭവം നല്‍കുകയും ചെയ്യുന്നു.” എന്ന് ശ്രീദേവി കെ. നായര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. “പകല്‍പേക്കിനാവ്” (കുങ്കുമം, ആഗസ്റ്റ്‌, 2007) എന്ന കഥയില്‍ ഫാന്റസിയും യാഥാര്‍ഥ്യവും വേര്‍തിരിച്ചറിയാനാവാത്ത വിധം ഇഴ ചേര്‍ത്തിരിക്കുന്നു. ഫാന്റസിയുടെ അംശങ്ങളാണ് കൂടുതലായുള്ളത്‌. ഒരു നായയെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. മനുഷ്യസ്വഭാവം പുലര്‍ത്തുന്ന നായ, സ്റ്റീവ് എന്നയാളിനെ കൊല്ലുന്നു. അതോടെ ഭയപ്പെട്ട അയാളുടെ ഭാര്യ അവരുടെ അനുഭവങ്ങള്‍ ഓര്‍മ്മിക്കുകയാണ്. തൊട്ടടുത്ത വീട്ടിലെ കാര്‍മലീറ്റയുടെ വളര്‍ത്തു നായയാണ് ടോമി. അത് ഇപ്പുറത്തെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനാവുകയും പുറമേ നിന്ന് മറ്റൊരാള്‍ക്ക് അവിടെ ഇടം കൊടുക്കാതിരിക്കുകയും ചെയ്തിരുന്നു. അസൂയാലുവായ ഒരു മനുഷ്യനെപ്പോലെയാണ് അത് സ്റ്റീവിനെ കൊന്നത്. ഫാന്‍റസിയുടെ തലത്തില്‍ നിന്ന് രചിച്ചിരിക്കുന്ന ഈ കഥ രസകരവും മനോഹരവുമാണ്.

1. കടൽ കടന്നെത്തിയ കഥകൾ, (ചെറുകഥകൾ), തിരുവനന്തപുരം, കേരള പ്രഭാത് ബുക്ക് ഹൌസ് 2002, 2.ലിലിത്ത് (ചെറുകഥകൾ), തിരുവനന്തപുരം, കേരള പ്രിയദർശിനി പബ്ലിക്കേഷൻസ് 2013, 3. ചരമക്കുറിപ്പ് (ചെറുകഥ) യു എസ് എ, ഇ-മലയാളി., 4. കാവൽ (ചെറുകഥ) യുഎസ്എ ഇ-മലയാളി 2016, 5. കാക്കക്കോടതി (ചെറുകഥ) കേരളം, ഇന്ത്യ കുങ്കുമം 2017, 6. നീണ്ട തണ്ടുള്ള ചുവന്ന പനിനീർ പൂവ് (ചെറുകഥ), യുഎസ്എ ഇ-മലയാലി 2018, 7. കൂട്ടുകാരി (ചെറുകഥ) കേരളം , ഇന്ത്യ, മലയാള മനോരമ 2017.

Extracts

Women Writers of Kerala

എഴുത്തിന്റെ, ജീവനത്തിന്റെ, സങ്കല്‍പ്പത്തിന്റെ, ഉണ്മയിലേക്ക് സ്വാഗതം!

© 2016 womenwritersofkerala.com | All rights reserved.

Powered by calzol