Beena K. R.

കെ. ആര്‍. ബീന

1965 മെയ് 31 -ന് കോട്ടയത്ത് ജനിച്ചു. കെ. എന്‍. രാമന്‍പിള്ളയുടെയും കെ. രത്നമ്മയുടെയും മകള്‍. 1988 -ല്‍ എം. എ. പാസായി. തിരുകുടുംബംവനിത എന്നീ പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ കുറച്ചുകാലം ജോലി ചെയ്തു. 1993 വരെ രണ്ടര വര്‍ഷം വിദ്യാര്‍ത്ഥിമിത്രത്തില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്‍റായിരുന്നു. ഇപ്പോള്‍ പുരോഗമന സാഹിത്യ സംഘം വൈക്കം ഏരിയയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതുന്നു.

          "വെള്ളിവരയുള്ള പാമ്പുകള്‍" (1997), چമാര്‍കഴി എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍.

          'വെള്ളിവരയുള്ള പാമ്പുകള്‍' എന്ന കഥ സര്‍പ്പാരാധനയുമായി ബന്ധപ്പെടുത്തിവായിക്കാവുന്നതാണ്. വെള്ളപ്പാണ്ട് വരുന്നത് സര്‍പ്പകോപം കൊണ്ടാണെന്നാണ് വിശ്വാസം. കഥാകാരിയുടെ വീട്ടുവേലക്കാരിയായ കുഞ്ഞന്നയ്ക്ക് പാണ്ട് പിടിക്കുന്നു. രോഗം പകരും എന്ന ഭയത്താല്‍ എല്ലാവരും കുഞ്ഞന്നയെ അകറ്റി നിര്‍ത്തുമ്പോഴും കഥാകാരി മാത്രം കുഞ്ഞന്നയെ ഇഷ്ടപ്പെടുന്നു. കുഞ്ഞന്നയും വെള്ളി വരയുള്ള പാമ്പുകളുമാണ് കഥാകാരിയുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കിയിരുന്നത്. കാലക്രമത്തില്‍ വെള്ളപ്പാണ്ട് കഥാകാരിയെയും തേടി എത്തുന്നു. 'നീയെന്തിനാണു വെറുതെ ഉരഗങ്ങളെ കൂട്ടു വിളിക്കുന്നത് അവയെ വെറുതെ വിട്ടേയ്ക്കൂ. സത്യത്തില്‍ ഇതൊരു രോഗമല്ല. വെറുമൊരു സൗന്ദര്യ പ്രശ്നമാണ്'. എന്ന് അജയന്‍ പറയുമ്പോള്‍ അന്ധവിശ്വാസങ്ങളുടേതായ ഒരു ലോകത്ത് നിന്ന് തിരിച്ചു വരാനാണ് ആവശ്യപ്പെടുന്നത്.

“വെള്ളിവരയുള്ള പാമ്പുകള്‍” (കഥാസമാഹാരം). തിരുവനന്തപുരം: കോറസ് ബുക്സ്. 1997. “മാര്‍കഴി” (കഥാസമാഹാരം). നൂറനാട്: ഫേബിയന്‍ ബുക്സ്, 2003.