Beena K. A.

കെ.എ.ബീന

1964 ല്‍ തിരുവനന്തപുരത്തു ജനിച്ചു. അംബികയുടെയും എം. കരുണാകരന്‍ നായരുടെയും മകള്‍. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, കേരള സര്‍വ്വകലാശാല മാസ് കമ്മ്യുണിക്കേഷന്‍  ആന്‍ഡ്‌ ജേണലിസം ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ന്യൂസ് എഡിറ്ററാണ്.

1996 മുതല്‍ തിരുവനന്തപുരത്ത് എഴുത്തുകാരികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതില്‍ ഉള്‍പ്പെടുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, ദൂരദര്‍ശന്‍, കൈരളി, ജയ്ഹിന്ദ്, എ. സി. വി. തുടങ്ങിയ ചാനലുകളിലും പത്രമാസികകളിലും അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. ബാലസാഹിത്യം, യാത്രാനുഭവം, ചെറുകഥ, വിവര്‍ത്തനം തുടങ്ങിയ വ്യത്യസ്ത സാഹിത്യ വിഭാഗങ്ങളില്‍ രചനകള്‍ എഴുതുന്നു.

'രാക്ഷസന്‍' എന്ന കഥയില്‍ മിനിക്കുട്ടി എന്ന നാലാംക്ലാസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ കഥ പറയുന്നു. അതു തിരിച്ചറിയാന്‍ പോലും (പീഡനം) കഴിയാത്ത കുഞ്ഞിന്റെ അവസ്ഥ - ഈ കഥയില്‍ വ്യക്തമാണ്. നാലു ചുറ്റിനും അഭിപ്രായ പ്രകടനങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍, തന്നെ ഒരു രാക്ഷസന്‍ പിടിച്ചുവെന്നു മാത്രമേ അവള്‍ക്കു മനസ്സിലാകുന്നുള്ളു. മനുഷ്യനെപ്പോലെയുളള രാക്ഷസനാണെന്നു മാത്രമേ അവള്‍ക്കറിയൂ. സമകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തിയുള്ള ഒരു കഥയാണിത്.

“ബീന കണ്ട റഷ്യ” (യാത്രാവിവരണം). കോട്ടയം: ഡി. സി. ബുക്സ്, 1981, 2007. “ബ്രഹ്മപുത്രയിലെ വീട്” (യാത്രാവിവരണം). കോട്ടയം: കറന്‍റ് ബുക്സ്, 2008, 2009. “കൗമാരം കടന്നുവരുന്നത്” (ചെറുകഥകള്‍). ചെങ്ങന്നൂര്‍: റെയിന്‍ബോ, 2005. “ഡേറ്റ്ലൈന്‍” (അഭിമുഖങ്ങള്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 2010. “റേഡിയോ കഥയും കലയും”. തിരുവനന്തപുരം: മാധ്യമം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2008. “അമ്മക്കുട്ടിയുടെ ലോകം” (ബാല നോവല്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1999, 2009. “അമ്മക്കുട്ടിയുടെ സ്കൂള്‍” - (ബാല നോവല്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2006, 2009. “വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്”. കൊല്ലം: മാധ്യമം, കീര്‍ത്തി ബുക്സ്, 2008, 2009. “ബഷീറിന്‍റെ കത്തുകള്‍” (സമാഹരണം). കോട്ടയം: ഡി. സി. ബുക്സ്, 2008 - 2009. “പഞ്ചതന്ത്രം”, (ബാലസാഹിത്യം). തിരുവനന്തപുരം: കമ്പ്യുടെക്, 2000, 2001, 2002. “ഝാന്‍സി റാണി” (വിവര്‍ത്തനം). ഡെല്‍ഹി: നാഷണല്‍ ബുക്സ് ട്രസ്റ്റ്, 2000. “ടിപ്പു സുല്‍ത്താന്‍” (വിവര്‍ത്തനം). കോട്ടയം: നാഷണല്‍ ബുക്സ് ട്രസ്റ്റ്, 2000.