ബിയാട്രിക്സ് അലെക്സിസ്

1944 നവംബര്‍ 30 ന് തിരുവനന്തപുരത്തെ ചിറ്റാറ്റുമുക്കില്‍ ജനിച്ചു. ചാള്‍സ് റ്റി. ഗോമസിന്‍റെയും  ബ്ലെസി. ഡി. ഗോമസ്സിന്‍റെയും മകള്‍. എം. ജി. കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, കേരള സര്‍വ്വകലാശാല, കാര്യവട്ടം എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. ബി. എസ്. സി. (സുവോളജി), എം. എ. (മലയാളം), എം. ഫില്‍., പി. എച്ച്. ഡി. എന്നീ ബിരുദങ്ങള്‍. 1967 ല്‍ കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ് ലക്ചററായി ചേര്‍ന്നു. 2000 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. ഇപ്പോള്‍ കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം പ്രോജക്ട് ഇന്‍വെസ്റ്റിഗേറ്ററായി സേവനം അനുഷ്ഠിക്കുന്നു.

2ക്രൈസ്തവ മിത്തും സി.ജെ. നാടകങ്ങളും" (2006), "അഗ്നിസാക്ഷി മുതല്‍ അടയാളങ്ങള്‍ വരെ" (2007) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

ബൈബിളിലെ  മിത്തിന്റെ സങ്കേതങ്ങളെ സ്വീകരിച്ചു കൊണ്ട്, അതിനെ അടിസ്ഥാനമാക്കി സി. ജെ. തോമസിന്റെ നാടകങ്ങളെ പഠനവിധേയമാക്കിയിരിക്കുന്ന ഗ്രന്ഥമാണ് "ക്രൈസ്തവ മിത്തും സി. ജെ. നാടകങ്ങളും". നാടകകാരന്റെ രചനാ വൈഭവം സ്പഷ്ടമാക്കുന്നവയാണ് സി. ജെ.യുടെ എല്ലാ നാടകങ്ങളും. ആ നാടകങ്ങളില്‍ ഒരു മുഖ്യധാരയായി കാണുന്നത് ക്രൈസ്തവ ദര്‍ശനമാണ്. ഇത് ഒരു ഗവേഷണ പ്രബന്ധമാണ്. ജീവിതത്തെ അതിന്റെ സങ്കീര്‍ണ്ണതയില്‍ കാണുന്ന സി. ജെ. കഥാപാത്രങ്ങളുടെ നിസ്സഹായതയും ഏകാന്തതയും തന്‍മയത്വത്തോടെ അവതരിപ്പിക്കുന്നു. പാപം, ശിക്ഷ, പാപമോചനമായ രക്ഷ എന്നീ ത്രയത്തിലടങ്ങുന്ന മാനവസംരക്ഷണത്തിന്റെയും പ്രകാശനത്തിന്റെയും കഥകളാണ് 'അവന്‍ വീണ്ടും വരും''ആ മനുഷ്യന്‍ നീതന്നെ" എന്നീ നാടകങ്ങളിലും അവതരിപ്പിച്ചിരിക്കുന്നത് എന്ന് പ്രബന്ധകാരി സ്ഥാപിക്കുന്നു. ഉന്നതമായ ധാര്‍മ്മിക ബോധത്തില്‍ അധിഷ്ഠിതമാണ് സി. ജെ യുടെ നാടകങ്ങള്‍. അതിന് അദ്ദേഹത്തിന് മുഖ്യ പ്രേരണയായി വര്‍ത്തിച്ചത് ബൈബിളിലെ പതനത്തിന്റെയും രക്ഷയുടെയും മിത്തുകളാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

“ക്രൈസ്തവ മിത്തും സി.ജെ. നാടകങ്ങളും” (നാടകപഠനം). തിരുവനന്തപുരം: സെഡ് ലൈബ്രറി, പരിധി ഗ്രൂപ്പ്, ആഗസ്റ്റ് 2006. “അഗ്നിസാക്ഷി മുതല്‍ അടയാളങ്ങള്‍ വരെ” (നോവല്‍ പഠനങ്ങള്‍). കൊല്ലം: രചനാ ബുക്സ്, 2007. “മലയാള നാടകം - നവീനമുഖം” (നാടകപഠനം). അച്ചടിയില്‍. “അരങ്ങില്‍ അല്പനേരം” (ആത്മകഥാപരമായകൃതി) - അച്ചടിയില്‍.