Aalinthara B. Syamala

ആലിന്തറ ബി. ശ്യാമള

തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂട് ആലിന്തറയില്‍ 1949 നവംബറില്‍ ജനനം. പിതാവ് എസ്. ഗംഗാധരന്‍ പിള്ള, മാതാവ്‌ ശ്രീമതി എന്‍. ഭവാനി അമ്മ. ആലിന്തറ, വെഞ്ഞാറമൂട്, പിരപ്പന്‍കോട് സ്കൂളുകളില്‍ വിദ്യാഭ്യാസം. സ്കൂളില്‍ വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ മൂന്ന്‌ തവണ അവസരം ലഭിച്ചു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘അമ്മയാണെല്ലാം’ എന്ന നാടകം (സ്വന്തം രചന) അവതരപ്പിക്കുക്കയും ഏറ്റവും നല്ല നടിക്കുള്ള സമ്മാനം ലഭിക്കുകയും ചെയ്തു. ഇതിന്റെ എല്ലാം മികവില്‍ ശ്രീ ശൂരനാട് കുഞ്ഞന്‍ പിള്ള, ജി. ശങ്കരക്കുറുപ്പ് എന്നീ പ്രതിഭകളില്‍ നിന്നും മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും കഴിഞ്ഞു. കര്‍ണാടക സംഗീത വിദഗ്ധന്‍ ശ്രീ. വി. രവീന്ദ്രന്‍ നായരുടെ ശിക്ഷണത്തില്‍ സംഗീതപഠനം. വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്ന് അഗ്രികള്‍ച്ചര്‍ ട്രെയിനിംഗ് കഴിഞ്ഞ് കേരള കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്‌ ആയി ജോലിയില്‍ പ്രവേശിച്ചു. ചെറുതായ രീതിയില്‍ എഴുത്തും തുടര്‍ന്നു. പെന്‍ഷന് ശേഷം ഡോ. ഓമനക്കുട്ടി ടീച്ചറുടെ ശിക്ഷണത്തില്‍ നാലു വര്‍ഷം തുടര്‍ച്ചയായി സംഗീത പഠനം. നവരാത്രി മഹോത്സവങ്ങളിലും ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവങ്ങളിലും സംഗീതാരാധന നടത്താറുണ്ട്‌. സംഗീതസംബന്ധമായ അഞ്ചു ലേഖനങ്ങള്‍ കാലിക പ്രസിദ്ധീകരണമായ ‘രാഗലയം ശ്രുതി’ മാസികയില്‍ പ്രസിദ്ധീകരിച്ചു. “വിളക്കുമരം” എന്ന കവിതാസമാഹാരവും “അടുത്ത അവകാശി” എന്ന നാടക സമാഹാരവും, “സ്നേഹത്തീരം” എന്ന ബാലനോവലും കൃതികളായിട്ടുണ്ട്. ഇതിലെ ഏതാനും കവിതകളും നാടകവും തിരുവനന്തപുരം റേഡിയോ നിലയം പ്രക്ഷേപണം നടത്തി. 2012 ലെ ഏറ്റവും നല്ല നാടക ഗ്രന്ഥത്തിനുള്ള തിക്കുറിശ്ശി ഫൌണ്ടേഷന്‍ അവാര്‍ഡ്‌ “അടുത്ത അവകാശി”ക്കു ലഭിച്ചു. ദൂരദര്‍ശനില്‍ ‘കൂട്ടുകാരി’ പ്രോഗ്രാം അവതരിപ്പിച്ചു.
“വിളക്കുമരം” (കവിതാസമാഹാരം). “അടുത്ത അവകാശി” (നാടക സമാഹാരം). തിരുവനന്തപുരം: സെഡ് ലൈബ്രറി, 2012. “സ്നേഹത്തീരം” (ബാല നോവല്‍). ‘ഇന്ത്യയുടെ വാനമ്പാടി’ (ലേഖനം). ‘ചെറിയ മൂര്‍ത്തിയും വലിയ കീര്‍ത്തിയും’ (ലേഖനം). ‘എന്‍റെ സംഗീതം- എന്‍റെ ജീവിതം’ (ലേഖനം). ‘ഇരയിമ്മന്‍ തമ്പി- അനുസ്മരണം’ (ലേഖനം). ‘നേടിയ അറിവുകള്‍’ (ലേഖനം). ‘സ്നേഹത്തീരം’ (ലേഖനം). ഗ്രന്ഥാലോകം. ‘കടമനിട്ട’ (കവിത). പുരോഗമന കലാസാഹിത്യ സംഘം. ‘സ്വരാഷ്ടകം’ (കവിത). രാഗലയം ശ്രുതി. ‘മണ്ണും മനുഷ്യനും’ (കവിത). കേരള കര്‍ഷകന്‍. ‘രാഗം’ (കവിത). ബോധനിലാവ്.