Resmi K.

രശ്മി കെ. (30.07.1979 - 04.02.2009)

തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനനം. അച്ഛന്‍, പാലക്കാട് ജില്ലയിലെ ലക്കിടി വില്ലേജില്‍ എഴുത്തച്ഛന്‍ പാരമ്പര്യ കുടുംബമായ കഞ്.ജുകുളത്തുകാരാട്ടില്‍ കെ. ശങ്കരന്‍കുട്ടി. അമ്മ, തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ വില്ലേജില്‍ തെക്കേതില്‍ നന്ദിനി ടി. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ്, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള മികവുറ്റ വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലെ ഒരു പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ 2001 ല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പതിനൊന്നുകാരിയായ നിധി മകളും, കിരണ്‍ സഹോദരനുമാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ രശ്മി കഥകള്‍ എഴുതിയിരുന്നു. മാതൃഭൂമിയുടെ ബാലപംക്തിയിലാണ് (ഏപ്രില്‍ 21, 1996) ആദ്യകഥ അച്ചടിച്ചു വന്നത്. തുടര്‍ന്നും മാതൃഭൂമി വാരിക, കോളേജ് മാഗസിന്‍ എന്നിവയില്‍ എഴുതിയിരുന്നു. 2003 ല്‍, കുട്ടികള്‍ക്കു വേണ്ടി ഇംഗ്ലീഷില്‍ 50 കഥകളും കവിതകളും എഴുതി. രശ്മിയുടെ മരണ ശേഷം ഇംഗ്ലീഷിലും മലയാളത്തിലും രചിക്കപ്പെട്ടതായ 58 രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കപ്പെട്ട ബാലസാഹിത്യകൃതിയാണ് “മൈ ബെഡ് ടൈം ബുക്” . പ്രശസ്ത സാഹിത്യകാരനായ ശ്രീ എം. സുകുമാരന്‍ “മൈ ബെഡ് ടൈം ബുക്” എന്ന കൃതിയുടെ ആമുഖക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു. “... പടര്‍ന്നു പന്തലിച്ചു നില്ക്കാന്‍ കെല്‍പ്പുള്ള ഒരു പ്രതിഭാവൃക്ഷത്തിന്റെ  വിത്ത് രശ്മിയിലുണ്ടായിരുന്നു എന്നു വേണം കരുതാന്‍. സര്‍ഗാത്മകസുഗന്ധം പരത്തിയ കൗമാരകഥകള്‍  എന്റെ  വിലയിരുത്തലിനെ ബലപ്പെടുത്തുന്നു..” ലോഡ്ഷെഡ്ഡിങ്ങിനെ അസ്വസ്ഥതയോടെ കാത്തിരിക്കുന്ന, ഒരു പട്ടിക്കുട്ടി ഉള്‍പ്പെടെ നാല് പേരടങ്ങുന്ന കുടുംബത്തിന്റെ  കാത്തിരിപ്പിന്റെ അന്ത്യം പ്രതിപാദിക്കുന്നതാണ് രശ്മിയുടെ ആദ്യ രചനയായ ‘ഒരു കാത്തിരിപ്പിന്റെ  അന്ത്യം’. ഈ കഥ മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്ത പ്രശസ്ത സാഹിത്യ നിരൂപകന്‍ ശ്രീ കെ. പി. ശങ്കരന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: “...രശ്മിയുടെ ‘ഒരു കാത്തിരിപ്പിന്റെ  അന്ത്യം’ രസമായി അനുഭവപ്പെടുന്നു. ഇക്കാലത്ത് പ്രതേകിച്ചും പ്രസക്തിയുള്ള, സത്യസന്ധമായ പ്രമേയം. സ്വാഭാവികമായ പ്രതിപാദനവും....” ശ്രീ എം. ടി. മുഖ്യ പത്രാധിപരായിരിക്കെ, ഡസന്‍ കണക്കിന് കൊച്ചു രചനകളില്‍ നിന്നാണത്രെ ശ്രീ കെ. പി. ശങ്കരന്‍ ഈ കഥ കണ്ടെത്തിയത്. കേരളത്തിലെ മാതൃഭൂമി, ദേശാഭിമാനി, മാധ്യമം തുടങ്ങിയ പത്രങ്ങളിലും ചെന്നൈ, മുംബൈ മാതൃഭൂമി പത്രങ്ങളിലും രശ്മിയുടെ ‘മൈ ബെഡ് ടൈം ബുക്’ നെക്കുറിച്ചുള്ള വിശദമായ ലേഖനങ്ങള്‍ വന്നിട്ടുണ്ട്. 


Extracts

Women Writers of Kerala

View all Authors