B. M. Zuhra

ബി. എം. സുഹറ

1952 നവംബര്‍ 10 ന് കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ചു. പ്രശസ്ത നിരൂപകനും അധ്യാപകനുമായ ഡോ. എം. എം. ബഷീര്‍ ആണ് സുഹറയുടെ ഭര്‍ത്താവ്. 1995 മുതല്‍ 2001 വരെ ഗ്രന്ഥലോകത്തിന്‍റെ എഡിറ്റര്‍ ആയിരുന്നു. “കിനാവ്” (1990), “മൊഴി” (1991), “ഇരുട്ട്” (1994), “നിലാവ്” (1997), “നിഴല്‍” (1999), “ചോയിച്ചി” (1992), “ഭ്രാന്ത്” (2006), “കൂഹു...കൂഹു....”(2007), “രചനയിലെ ചില പ്രശ്നങ്ങള്‍” (2007), “അമൃതപുത്രി” (1991), “കൊട്ടാര തെരുവ്” (1999), “സൈനിന്‍റെ കല്യാണം” (1999), “കുട്ടികളുടെ അറബിക്കഥകള്‍” (1992), “മലമുകളിലെ അപ്പൂപ്പന്‍” (1992), “ഏഴാങ്ങളമാരും ഒരു കുഞ്ഞിപ്പെങ്ങളും” (1999), “മന്ത്രമോതിരം” (2004), “പഞ്ചതന്ത്രം കഥകള്‍” (2004) തുടങ്ങിയവയാണ് കൃതികള്‍. 1992 ല്‍ യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തര്‍ജനം മെമ്മോറിയല്‍ അവാര്‍ഡ് “കിനാവ്” എന്ന നോവലിന് ലഭിച്ചു. 2004 ല്‍ കെ. ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്, 2006 ല്‍ ഉണ്ണിമൊയി സ്മാരക അവാര്‍ഡ്, 2008 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘കളിത്തത്ത’ എന്ന കഥയില്‍ കുഞ്ഞലീമ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ആവിഷ്ക്കരിക്കുന്നത്. കൂട്ടില്‍ അടച്ചിട്ട കളിത്തത്തയെപോലെ, പര്‍ദ്ദയ്ക്കുള്ളില്‍ അകപ്പെട്ട കുഞ്ഞലീമയും സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നു. കുഞ്ഞലീമ ജനിച്ചതും വളര്‍ന്നതും മലയോര ഗ്രാമത്തിലാണ്. വിവാഹം കഴിഞ്ഞ കുഞ്ഞലീമയെ അറബിനാട്ടിലേക്ക് പറിച്ചു നടപ്പെടുന്നു. റബ്ബേ..... ഇനിക്കിന്‍റെ നാടൊന്നു കണ്ടിട്ട് മരിച്ചാ മതി എന്നാണ് കുഞ്ഞലീമ പറയുന്നത്. പര്‍ദ്ദയിടുന്നതിനോടും കുഞ്ഞലീമയ്ക്ക് വിയോജിപ്പാണ്. ആകാശം ഒന്നു കാണാന്‍ അവള്‍ ആഗ്രഹിക്കുന്നു. പുറത്ത് ഇറങ്ങാന്‍ പോലും ഉള്ള സ്വാതന്ത്ര്യം അവള്‍ക്ക് ഉണ്ടായിരുന്നില്ല. തനിക്ക് കൂട്ടായിരുന്ന തത്തകളെയും കുഞ്ഞിക്കിളികളെയും കൂട്ടില്‍ നിന്ന് തുറന്ന് വിട്ട് അവരെ സ്വതന്ത്രരാക്കുന്നു. സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന ഒരു മനസ്സ് നമുക്ക് ഇവിടെ ദര്‍ശിക്കാം.

“കിനാവ്” (നോവല്‍). കോഴിക്കോട്: പി. കെ. ബ്രദേഴ്സ്, 1990.. “മൊഴി” (നോവല്‍). തൃശ്ശൂര്‍: കറന്‍റ് ബുക്സ്, 1991 “ഇരുട്ട്” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1994. “നിലാവ്” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1997. “നിഴല്‍” (നോവല്‍). കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 1999.