T. R. Vimala

ടി. ആര്‍. വിമല

1916 നവംബര്‍ 6 ന് എറണാകുളം ജില്ലയില്‍, വടക്കന്‍ പറവൂര്‍ വടക്കേക്കരയിലെ തട്ടാരുപറമ്പില്‍ ജനിച്ചു. 1934 ല്‍ ഭാരതചന്ദ്രികയില്‍ ആദ്യ കവിത പ്രസിദ്ധീകരിച്ചു. 1951 ല്‍ ആദ്യ കവിതാസമാഹാരം “ഓടക്കുഴല്‍”. ധാരാളം കവിതകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്കൂളില്‍ അദ്ധ്യാപികയായിരുന്നു. ജോലിയില്‍ നിന്നു വിരമിച്ച ശേഷം ആദ്ധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍ സജീവമായി കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. 1996 ഒക്ടോബര്‍ 25 ന് തിരുവനന്തപുരത്തു തിരുമലയിലുള്ള സ്വന്തം ഗൃഹത്തില്‍ അന്തരിച്ചു. മകന്‍ ശരത്ചന്ദ്രന്‍ കവിയാണ്. അര്‍ഹമായ പരിഗണന ലഭിക്കുകയോ അതിനുവേണ്ടി കാത്തുനില്‍ക്കുകയോ ചെയ്യാതിരുന്ന ഒരു കവയിത്രിയാണ് ടി. ആര്‍ വിമല. വിമലയുടെ കവിതകളില്‍ പലതിലും ആത്മഗീതങ്ങളുടെ നിസര്‍ഗളമായ നിര്‍മലഭാവം തെളിഞ്ഞുകാണാം. പാണ്ഡിത്ത്യത്തിന്‍റെ പദമുദ്രയല്ല, അനുഭവങ്ങളുടെ ആത്മാര്‍ത്ഥമായ കരള്‍ത്തുടിപ്പുകളാണ് ഇവരുടെ കവിതകളില്‍ ഓളം വെട്ടുന്നത്. സ്വപ്നാനുഭൂതികളും മധുരസ്മരണകളും പ്രേമവും നിരാശയുമെല്ലാം കവിതയ്ക്കു വിഷയമാകുന്നു. മഹാകവി ചങ്ങമ്പുഴയുമായി കത്തിടപാടുകള്‍ നടത്തിയിരുന്ന വിമല ആത്യന്തികമായി ഒരു സ്വപ്നജീവിയായിരുന്നു. ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘ഓടക്കുഴല്‍’ എന്ന കവിതയിലെ അദൃശ്യഗീതാകാരന്‍ ചങ്ങമ്പുഴയാകാം. ദൂരെ നിന്നു വന്നണഞ്ഞ ഓടക്കുഴലിന്‍ നാദത്തില്‍ സ്വയം മറക്കുന്ന കവയിത്രി, കൗമാരമെന്നെ വിലക്കി. യുവ കൗതുകമൊന്നലട്ടി എന്നു പറഞ്ഞതിനുശേഷം സ്വന്തം മുരളി കൈയിലെടുത്ത് ആത്മഗീതങ്ങള്‍ പാടുകയാണ്. ഭാവനയുടെ ചെറുചില്ലയില്‍ ലോകം പൂവനമായി നിഴലിക്കുന്നു. അതിനുമപ്പുറം വിമലയുടെ കവിതയില്‍ നിറയുന്നത് വിരഹത്തിന്‍റെ നെടുനിശ്വാസങ്ങളാണ് ശോകഗായകന്‍ ഞാന്‍ പോയി വരട്ടെ എന്നു പറഞ്ഞ് മുരളീവാദകന്‍ യാത്ര ചൊല്ലിയകലുന്നു. കണ്ടതെല്ലാം സ്വപ്നമെന്ന തിരിച്ചറിവില്‍ കവിതയും അവസാനിക്കുന്നു.

“ടി. ആര്‍ വിമലയുടെ കവിതകള്‍”. തിരുവനന്തപുരം: കാലം 2011.

Extracts

Women Writers of Kerala

View all Authors