Vijayalekshmi

വിജയലക്ഷ്മി

1960-ല്‍ എറണാകുളം ജില്ലയില്‍ മുളന്തുരുത്തി വില്ലേജില്‍ പെരുമ്പള്ളി ദേശത്ത് കുഴിക്കാട്ടില്‍ രാമന്‍ വേലായുധന്‍റേയും കമലാക്ഷിയുടേയും മകളായി ജനിച്ചു. ചോറ്റാനിക്കര ഗവണ്‍മെന്‍റ് സ്കൂള്‍, എറണാകുളം സെന്‍റ് തെരേസാസ് കോളേജ,് മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1980 - ല്‍ ജന്തുശാസ്ത്രത്തില്‍ ബിരുദം. 1982-ല്‍ മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. 1982 മുതല്‍ 84 വരെ തപാല്‍ വകുപ്പില്‍ ജോലി ചെയ്തു. 1984 മുതല്‍ എറണാകുളം ടെലികോമില്‍ ജോലിചെയ്യുന്നു. 1977-ല്‍ 17-ാം വയസ്സില്‍ വിജയലക്ഷ്മിയുടെ കവിത ആദ്യമായി പ്രസിദ്ധീകൃതമായി, കലാകൗമുദിയില്‍. 1980-ല്‍ കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ കഥയ്ക്കും, കവിതയ്ക്കും ഒന്നാം സ്ഥാനം നേടി. 1992-ല്‍ ആദ്യ കവിതാസമാഹാരം “മൃഗശിക്ഷകന്‍” പ്രസിദ്ധീകൃതമായി. എഴുതി തുടങ്ങി അധികം വൈകാതെ തന്നെ മലയാള കവിതാ ലോകം വിജയലക്ഷ്മിയുടെ കവിതകളെ അംഗീകരിച്ചു. കവിത ഒരു ലഹരിയായി, ഉന്മാദമായി അവരില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ വാക്കുകളും ചിന്തകളും അയത്നലളിതമായി അവരിലേയ്ക്ക് ഓടിയെത്തി. തനിക്ക് മുമ്പ് എഴുതിയ കവികളുടെ വാക്കുകളെ ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ‘ബാലാമണിയമ്മയ്ക്ക്’ എന്ന കവിതയില്‍ വിജയലക്ഷ്മി ഇങ്ങനെ എഴുതിയിരിക്കുന്നു. “ ഈ ദൈര്‍ഘ്യമേറുന്ന രാവിലുറങ്ങുവാ നാവതില്ലന്ധകാരാന്ധ്യം വിളിക്കവേ ദേവമാര്‍ഗ്ഗങ്ങളില്‍ ധൂമകേതുകളും കാര്‍മിന്നലും വന്നു കൈകാട്ടി നില്‍ക്കവേ ദൂരത്ത് മേഘങ്ങളില്‍ സര്‍വ്വശക്തന്‍റെ നാദം പെരുമ്പറപോലെ മുഴങ്ങവേ കാണുവാന്‍ കേള്‍ക്കാന്‍ വിതുമ്പിയും വെമ്പിയും ജാലക വാതില്‍ തുറന്നു നില്‍ക്കുന്നു ഞാന്‍” വിജയലക്ഷ്മിയുടെ കവിതകളിലെ സ്ത്രീപക്ഷ രാക്ഷ്ട്രീയം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. പുരുഷനൊപ്പമുള്ള ലോകത്തോട് ഇണങ്ങി നില്‍ക്കുമ്പോള്‍ തന്നെ, തന്‍റെ ഉള്‍ക്കരുത്തിനെ ഉള്ളിന്‍റെ ഉള്ളിലെ വന്യമായ മൃഗത്യഷ്ണകളെ വെളിപ്പെടുത്തുക എന്നതാണ് ആ കവിതാ ധര്‍മ്മം.

“മൃഗശിക്ഷകന്‍”

Extracts

Women Writers of Kerala

View all Authors