P. Vijayakumari Amma

പി. വിജയകുമാരി അമ്മ

1949 ല്‍ ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങരയില്‍ ജനനം. ഹൈസ്കൂള്‍ അദ്ധ്യാപിക ആയിരുന്നു. ചെട്ടിക്കുളങ്ങര ഹൈസ്കൂളിലും, പന്തളം എന്‍. എസ്. എസ്. കോളേജിലും, പന്തളം എന്‍. എസ്. എസ് ട്രെയിനിംഗ് കോളേജിലുമായി വിദ്യാഭ്യാസം. ചെറുകഥ, നോവല്‍, ലേഖനങ്ങള്‍, നിരൂപണം തുടങ്ങിയവ എഴുതാറുണ്ട്. മുന്നു പുസ്തകങ്ങളാണ് ശ്രീമതി പി. വിജയകുമാരിയുടേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. രണ്ട് സാഹിത്യ പഠനങ്ങളും ഒരു നോവലും. പഠന ഗ്രന്ഥങ്ങള്‍ രണ്ടും ഇതിഹാസ കഥാപാത്രങ്ങളായ സ്ത്രീകളെ കുറിച്ചും അവരുടെ പാത്ര നിര്‍മ്മിതിയെക്കുറിച്ചുമാണ്. “നീലാംബരി” എന്ന നോവല്‍ മധ്യകേരളത്തിലെ തകര്‍ച്ച നേരിടുന്ന ഒരു നായര്‍ത്തറവാട്ടിലെ സ്ത്രീകളുടെ ജീവിതത്തെ ചിത്രീകരിക്കുന്നതാണ്. പി. വിജയകുമാരി അമ്മയുടെ ‘കറുത്തമുത്ത്’ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥയിലെ കേന്ദ്രകഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥനാണ് എഴുത്തുകാരി കറുത്തമുത്ത് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഒറ്റ നോട്ടത്തില്‍ ആരുടെ കാല്‍മുട്ടും കൂട്ടിയിടിക്കുന്നൊരു ആകാര ഭംഗി എങ്കിലും നറുനെയ്പോലെ വിശുദ്ധിയാര്‍ന്നൊരു മനസ്സും’ ഇങ്ങനെയാണ് എസ്. ഐ. കുട്ടന്‍പിള്ളയെ എഴുത്തുകാരി അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം അവിവാഹിതനാണ്. ബാല്യത്തില്‍ സ്കൂളിലേക്ക് പോയ വഴി കാണാതായ സഹോദരിയെക്കുറിച്ചും അവളെക്കുറിച്ചും മനോവേദനയാല്‍ ആത്മഹത്യ ചെയ്ത അമ്മയെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ അയാളെ പിന്തുടരുന്നുണ്ട്. എങ്കിലും കുട്ടന്‍പിള്ളക്കും ഒരു ദൗര്‍ബല്യമുള്ളതായി എഴുത്തുകാരി പറയുന്നു. ഇടക്കൊക്കെ അയാള്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷനാകും. ഏതെങ്കിലും വേശ്യാലയത്തിലേക്കാവും യാത്ര. ഒരിക്കല്‍ അത്തരമൊരു വീട്ടില്‍ അയാളെ സ്വീകരിച്ചത് സ്വന്തം സഹോദരി തന്നെ ആയിരുന്നു. അവിടെ അയാള്‍ തകരുകയാണ്.

“വ്യാസശില്പത്തിലെ സ്ത്രീചാരുത” (പഠനം). മാവേലിക്കര: പ്രതിഭാ ബുക്സ്, 2003. “നീലാംബരി” (നോവല്‍). കോട്ടയം: നാഷണല്‍ ബുക്സ്റ്റാള്‍, 2004. “ഇതിഹാസ പുത്രിമാര്‍” (തൂലികാചിത്രം). കോട്ടയം: നാഷണല്‍ ബുക്സ്റ്റാള്‍, 2009.

Extracts

Women Writers of Kerala

View all Authors