Usha Nangiar

ഉഷ നങ്ങ്യാര്‍

1969 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാത്തക്കുടം എന്ന സ്ഥലത്ത് ജനിച്ചു. അമ്മന്നൂര്‍ മാധവ ചാക്യാരുടെ നിശിതമായ അധ്യാപനത്തിന്‍റെ ഫലമായി കൂടിയാട്ടത്തിന് ലഭിച്ച അസുലഭ സൗഭാഗ്യമാണ് ഉഷാനങ്ങ്യാര്‍. ഏഴു വര്‍ഷം അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരു കുലത്തില്‍ അധ്യാപികയായിരുന്നു. ഇപ്പോള്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ കൂടിയാട്ടം അധ്യാപികയാണ്. അഭിനേത്രി: നാട്യവേദത്തിലെ സ്ത്രീപര്‍വം (കേളി പ്രസിദ്ധീകരണം, മുംബൈ, 2003) എന്നൊരു കൃതി മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. കൂത്ത്, കൂടിയാട്ടം എന്നിവയിലെ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പഠനമാണ് ഇത്. കേരളത്തിലെ കൂടിയാട്ടം കഥാകാരികളില്‍ ശ്രദ്ധേയയായ ഉഷാ നങ്ങ്യാരുടെ ഈ കൃതി നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ഒരു കണ്ണികൂടിയാണ്. കൂടിയാട്ടത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് കലാസ്നേഹികളായ വായനക്കാര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്ന ഒരു പഠനമാണിത്. ശ്രീമതി ഉഷാ നങ്ങ്യാരുടെ “അഭിനേത്രി അഥവാ നാട്യവേദത്തിലെ സ്ത്രീപര്‍വ്വം” എന്ന ഗ്രന്ഥം കൂടിയാട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ ഗണനീയമായ ഒരു സ്ഥാനം വഹിക്കുന്നു. “നാട്യകല്പദ്രുമം”, “കൂത്തും കൂടിയാട്ടവും”, “കൂത്തമ്പലങ്ങളില്‍” തുടങ്ങിയ ഗ്രന്ഥങ്ങളില്‍ സമാഹരിക്കാത്ത പല വസ്തുതകളും ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുണ്ട്. ഈ പഠനത്തിലെ ഓരോ വാക്കുകളും ഉഷയുടെ ദീര്‍ഘകാല അനുഭവ ജ്ഞാനത്തിലൂടെ ഉരുത്തുരിഞ്ഞു വന്നവയാണ്. ഒരു നടി എന്ന നിലയില്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ ഗ്രന്ഥത്തിലെ പല പഠനങ്ങളും. മായയായും, അശരീരിയായും, നിലവിളക്കായും, ദിവ്യപരിവേഷത്തിന്‍റെ സദ്ഗുണ വൈപരീത്യമായും ഏറെക്കാലം മറഞ്ഞിരിക്കാന്‍ ശക്തി സ്വരൂപിണിയായ സ്ത്രീക്കാവില്ല. ഈ ഉയിര്‍ത്തെഴുന്നേല്പിന്‍റെ സൂചനകളാണ്. അഭിനേത്രി എന്ന ഗ്രന്ഥം.

“അഭിനേത്രി : നാട്യവേദത്തിലെ സ്ത്രീപര്‍വ്വം” (പഠനം). മുംബൈ: കേളി പ്രസിദ്ധീകരണം, 2003.

Extracts

Women Writers of Kerala

View all Authors