K. Usha

കെ. ഉഷ

1955 ല്‍ ജനിച്ചു. കാമ്പിശ്ശേരി കരുണാകരന്‍റെയും പ്രേമവല്ലിയുടെയും മകള്‍. സ്കൂള്‍ വിദ്യാഭ്യാസം കൊല്ലം വിമലഹൃദയഗേള്‍സ് ഹൈസ്കൂളില്‍. കൊല്ലം എസ്. എന്‍. വനിതാ കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ എം. എസ്. സിയും പാസ്സായി. ശാസ്താംകോട്ട, അഷ്ടമുടിക്കായലുകളിലെ മത്സ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം. ഫില്ലും കശുവണ്ടി ഫാക്ടറികളിലെ മലിനീകരണത്തെക്കുറിച്ചുള്ള ഗവേഷണത്തിന് പി. എച്ച്. ഡി.യും ലഭിച്ചു. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വിവിധ കോളേജുകളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു. ജനയുഗം മുന്‍ ചീഫ് എഡിറ്ററും രാഷ്ട്രീ പ്രവര്‍ത്തകനുമായിരുന്ന യശഃശരീരനായ തോപ്പില്‍ ഗോപാലകൃഷ്ണന്‍ ഭര്‍ത്താവ്. “ഓര്‍മ്മകളുടെ സുഗന്ധം” (2008) എന്ന കൃതിയാണ് പ്രസിദ്ധീകൃതമായത്. ഒരച്ഛനോടുള്ള മകളുടെ സ്നേഹത്തിന്‍റെയും ഇഴപിരിയാത്ത ബന്ധത്തിന്‍റെയും ഉദാഹരണമാണ് “ഓര്‍മ്മകളുടെ സുഗന്ധം” എന്ന കൃതി. രാഷ്ട്രീയം, സാംസ്കാരികം, പത്രപ്രവര്‍ത്തനം, അഭിനയം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച, പ്രായോഗിക ജീവിതത്തിലെ പരാജയങ്ങളെ പിന്‍തള്ളിക്കൊണ്ട് ആദര്‍ശ ജീവിതത്തിന്‍റെ ഭാസുരമായ ഔന്നത്യത്തിലേക്ക് കടന്നുപോയ കാമ്പിശ്ശേരിയുടെ ജീവിതം, മകള്‍ ശ്രദ്ധാപൂര്‍വ്വമായ വീക്ഷണത്തിലൂടെ വിവരിക്കുന്നു. പഴയ തലമുറയോടൊപ്പം ക്രമേണ മാഞ്ഞു പോകാവുന്ന ആ വിലപ്പെട്ട ഓര്‍മ്മകളാണിവിടെ മകളുടെ പേനത്തുമ്പിലൂടെ ഉയിര്‍ക്കൊളളുന്നത്. മകളുടെ ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ അച്ഛന്‍, തന്‍റെ പഴയ പരിചയക്കാരുടെ അടുത്തേക്ക് വീണ്ടും കാച്ചിക്കുറുക്കിയ നര്‍മ്മമൊഴികളുമായി കടന്നു വരുന്നു. ഇങ്ങനെ എളിമയുടെ കുപ്പായം ധരിച്ച ഒരു വലിയ മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് പുതിയ തലമുറ അറിയുന്നു. തികഞ്ഞ ആര്‍ജ്ജവത്തോടെ സ്വാഭാവികതയോടെ, ഇടയ്ക്കിടെ സംഭാഷണ മൊഴിയുടെ സത്യ ചാരുതയോടെ ഉഷ അച്ഛന്‍റെ ജീവിതം സമഗ്രശോഭയോടെ അവതരിപ്പിക്കുന്നു.

“ഓര്‍മ്മകളുടെ സുഗന്ധം”. കൊല്ലം: സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്, ജൂലൈ 2008.

Extracts

Women Writers of Kerala

View all Authors