Dr. Susheela Raveendranathan

ഡോ. സുശീല രവീന്ദ്രനാഥന്‍

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനിച്ചു. 1970 ല്‍ എം. ബി. ബി. എസും ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞു. തുടര്‍ പഠനം ന്യൂയോര്‍ക്കില്‍ ആയിരുന്നു. ഇപ്പോള്‍ ഫ്ളോറിഡയിലെ ബ്രൂക്ക്സ് വില്ലില്‍ ശിശുരോഗവിദഗ്ദ്ധയായി പ്രാക്ടീസ് ചെയ്യുന്നു. ന്യൂയോര്‍ക്കില്‍ ബിരുദാനന്തരബിരുദ പഠനവും പ്രാക്ടീസുമായി കഴിഞ്ഞ കാലത്താണ് പ്രഥമ കവിതാ സമാഹാരമായ “ഹൃല്‍സ്പന്ദങ്ങള്‍” പ്രസിദ്ധീകരിക്കുന്നത്. മാതൃഭൂമി, കലാകൗമുദി മുതലായ വാരികകളില്‍ എഴുതാറുണ്ട്. കവിതകള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിവരുന്നു. ഫൊക്കാന മുതലായ വിദേശ മലയാളി സംഘടനകളുടെ കവിതാ മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ഡോ. സുശീല രവീന്ദ്രനാഥിന്‍റെ രണ്ടാമത്തെ കവിതാ സമാഹാരമായ “മിസ്സിസ്സിപ്പിയുടെ ഗീത”ത്തിന് ആശംസ അര്‍പ്പിച്ചുകൊണ്ട് പെണ്മയാണ് അവരുടെ കവിതകളുടെ പ്രത്യേകത എന്ന് പറയുന്നു. ഇഷ്ടമുള്ള മധുരം നുണയുന്ന ഒരു ചെറിയ പെണ്‍കിടാവിന്‍റെ കൗതുകമാണ് പലകവിതകളിലും നിറഞ്ഞു നില്‍ക്കുന്നതെന്ന് ശ്രീമതി സുഗതകുമാരി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. മധുരമായ തൃപ്തിക്കിടയിലും ഒരു തേങ്ങല്‍, സ്വര്‍ഗഭൂമിയിലെ വാസത്തിനിടയിലും ഒരു വിഷാദം............ കവിത ഒരു സാന്ത്വന ചികിത്സയാവുകയാണിവിടെ. “മിസ്സിസ്സിപ്പിയുടെ ഗീതം” എന്ന് സമാഹാരത്തിലെ ‘സ്വപ്നദര്‍ശനം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വപനത്തില്‍ പ്രത്യക്ഷനാകുന്ന ശ്രീകൃഷ്ണന്‍ നല്‍കുന്ന ആനന്ദത്തെക്കുറിച്ചാണ് കവിത. കാന്തമോ മായാവിതന്‍ തന്ത്രമോ നിദ്രാണമെന്‍ താന്തമാം തനുവണഞ്ഞാമുഗ്ദ്ധരൂപമുന്നില്‍- പൊന്‍ധൂളി പൊഴിഞ്ഞുവോ നാകലോകത്തില്‍ നിന്നു മെന്‍ പ്രജ്ഞ യസ്തിത്വവും ഹിമം പോലുരുകിപോ? സ്വപ്നത്തിലും ഉണര്‍വ്വിലും തോഴനായ കൃഷ്ണന് സ്നേഹപൂര്‍വ്വം അര്‍ച്ചിക്കുന്ന പ്രാര്‍ത്ഥന തന്നെയാണ് ഈ കവിത.

“ഹൃല്‍സ്പന്ദങ്ങള്‍” “മിസ്സിസ്സിപ്പിയുടെ ഗീതം”. പ്രണതബുക്സ്, 2008.

Extracts

Women Writers of Kerala

View all Authors