G. Sreedevi Amma

ജി. ശ്രീദേവി അമ്മ

1941 ഡിസംബര്‍ 12 ന് ജനിച്ചു. ബി. എന്‍. ഗോപാലപിള്ളയുടെയും പി. കെ. ഗൗരി അമ്മയുടെയും മകള്‍. ബി. എസ്. സി. (ഗണിതം), എം. എ. (മലയാളം) എന്നീ ബിരുദങ്ങള്‍. വിമന്‍സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍ ഒരു വര്‍ഷത്തിലധികം ജോലി നോക്കി. പിന്നീട് അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസില്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം 2001 ഡിസംബര്‍ 31 ന് സീനിയര്‍ ആഡിറ്റ് ഓഫീസറായി വിരമിച്ചു. “മാതൃസ്മരണ” (2004) എന്ന കവിതാ സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ജീവിതാനുഭവങ്ങള്‍ക്ക് ജീവനേകി കവിതാരംഗത്തേയ്ക്ക് കടന്നുവന്ന എഴുത്തുകാരിയാണ് ജീ. ശ്രീദേവി അമ്മ. “മാതൃസ്മരണ” എന്ന കവിതാസമാഹാരത്തില്‍ ജീവിത അനുഭവങ്ങളുടെ ആഴമേറിയ ആവിഷ്ക്കാരമാണ് പ്രതിഫലിക്കുന്നത്. ഇതിലെ ‘ഫ്ളാറ്റില്‍ നിന്നൊരു കാഴ്ച’ എന്ന കവിതയില്‍ പുതിയ കാലത്തിന്‍റെ ഗതിവിഗതികളെ എഴുത്തുകാരി പരിഹസിക്കുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യന്‍ എന്ന സങ്കല്പം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് എവിടെയും കാണാന്‍ കഴിയുക. “പ്രകൃതീശ്വരി തന്‍റെ ചൂടേറ്റും തണുപ്പേറ്റു- മണ്ടനാ വളരുന്നു കാക്കതന്‍ പൊന്‍കുഞ്ഞുങ്ങള്‍ പ്രകൃതിടങ്കത്തില്‍ നിന്നകറ്റി വളര്‍ത്തുന്നു മനുഷ്യക്കുഞ്ഞുങ്ങളെയെന്തൊരു വിപര്യയം.” മറ്റു ജീവജാലങ്ങള്‍ പ്രകൃതിയുടെ മടിത്തട്ടിലിറങ്ങി സന്തോഷിക്കുന്നു. എന്നാല്‍ മനുഷ്യന്‍ കുഞ്ഞുങ്ങളെ പ്രകൃതിയില്‍ നിന്നും മാറ്റി നിര്‍ത്തി വളര്‍ത്തുന്നു. ഇത് എന്തൊരു വിപര്യയമാണെന്ന് ചോദിക്കുകയാണ് എഴുത്തുകാരി.

“മാതൃസ്മരണ” (കവിതകള്‍). തിരുവനന്തപുരം: പരിധി പബ്ലിക്കേഷന്‍സ്, ഒക്ടോബര്‍ 2004.

Extracts

Women Writers of Kerala

View all Authors