Leela Damodara Menon

ലീലാ ദാമോദര മേനോന്‍

1923 ജനുവരി നാലിന് കൃഷ്ണന്‍ നായരുടെ മകളായി ജനിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകനായ ദാമോദര മേനോനാണ് ഭര്‍ത്താവ്. രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 1995 ഒക്ടോബര്‍ 10 ന് അന്തരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ സുപരിചിതയായ ലീലാ ദാമോദരന്‍, നല്ലൊരു എഴുത്തുകാരി കൂടിയാണെന്ന് തെളിയിക്കുന്നതാണ് “ചേട്ടന്‍റെ നിഴലില്‍” എന്ന ഓര്‍മ്മക്കുറിപ്പുകള്‍. രാഷ്ട്രീയ പ്രവര്‍ത്തകനായ ദാമോദര മേനോന്‍ അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്നതും രാഷ്ട്രീയ സംഭവങ്ങളുമെല്ലാം ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഭര്‍ത്താവ് എന്ന നിലയിലും, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം എങ്ങനെയായിരുന്നുവെന്നും അവര്‍ ഓര്‍മ്മിക്കുന്നു. ഒരു ഭാര്യയുടെ സ്മരണകളെക്കാളുപരി സമൂഹം ഇവിടെ പ്രധാന കഥാപാത്രമാകുന്നുണ്ട്. സമൂഹത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവിക്കുമ്പോള്‍ അവിടെ വ്യക്തി ജീവിതം എന്തെല്ലാം അഭിമുഖീകരിക്കേണ്ടി വരുമെന്നും ഈ കൃതി വായിക്കുമ്പോള്‍ നമുക്ക് വ്യക്തമാകും. “ചേട്ടന്‍റെ നിഴലില്‍” ഓര്‍മ്മക്കുറിപ്പിലെ ഒന്നാം അധ്യായത്തിലൂടെ ദാമോദര മേനോനെ കണ്ടുമുട്ടുന്നതും വിവാഹത്തിലേക്കു എത്തുന്ന സംഭവങ്ങളുമാണ് വിവരിക്കുന്നത്. ഒരു സാഹിത്യകൃതി വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദമാണ് ഈ കൃതിയുടെ വായന നമുക്ക് സമ്മാനിക്കുന്നത്. വളരെ സ്വാഭാവികമായ സംഭവങ്ങളുടെ വിവരണമാണ് നടക്കുന്നതെങ്കിലും ലാളിത്യവും സാഹിത്യഭംഗിയും കൃതിയില്‍ മുറ്റി നില്‍ക്കുന്നുണ്ട്. അനുഭവങ്ങളും ഓര്‍മ്മകളും കോര്‍ത്തിണക്കിയ വളരെ നല്ലൊരു രചനയാണിത്. “ചേട്ടന്‍റെ നിഴലില്‍” എന്ന തലക്കെട്ടുതന്നെ സ്ത്രീ എന്നും പുരുഷന്‍റെ നിഴലില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്നതിന്‍റെ തെളിവാണ് നമുക്ക് തരുന്നത്. പക്ഷേ ദാമോദര മേനോന്‍ എന്ന വ്യക്തി ഭാര്യയെ സ്വാതന്ത്ര്യവും വ്യക്തിത്വവും ഉള്ള മനുഷ്യനായി കണ്ടു. അത് ഗ്രന്ഥകാരിയുടെ വാക്കുകളില്‍ ദൃശ്യമാണ്. നാടിന്‍റ സ്വാതന്ത്ര്യം കുടുംബത്തിലേ സ്നേഹത്തിലൂടെയും സ്വതന്ത്ര്യത്തിലൂടെയുമാണ് നേടേണ്ടതെന്ന് ഈ ഓര്‍മ്മക്കുറിപ്പ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

“ചേട്ടന്‍റെ നിഴലില്‍”. കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്ക് സ്റ്റാള്‍, ജനുവരി, 1984.

Extracts

Women Writers of Kerala

View all Authors