R. Sujatha

ആര്‍. സുജാത

1964 ലാണ് സുജാതയുടെ ജനനം. പെരുന്ന എന്‍. എസ്. എസ്. ഹൈസ്കൂള്‍, ചങ്ങനാശേരി അസംപ്ഷന്‍ കോളേജ്, എസ്. ബി. കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് 1989 ല്‍ തന്‍റെ 25-ാം വയസ്സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് സുജാത അന്തരിച്ചു. അപ്പോള്‍ വിവാഹതയായിരുന്നു, ഗര്‍ഭിണിയും. സുജാതയുടെ അച്ഛന്‍ ഹരീന്ദ്രനാഥക്കുറുപ്പ് അദ്ധ്യാപകന്‍, പ്രസംഗകന്‍, കവി എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. അമ്മ രാധാമണി ഇരയിമ്മന്‍ തമ്പിയുടെയും കുട്ടിക്കുഞ്ഞുതങ്കച്ചിയുടെയും താവഴിയില്‍പ്പെട്ട ആളായിരുന്നു. എങ്കിലും സുജാത കവിത എഴുതിയിരുന്ന കാര്യം വീട്ടിലുള്ളവര്‍ പോലും അറിഞ്ഞിരുന്നില്ല. അവര്‍ മരിച്ചതിന് ശേഷം യാദൃച്ഛികമായാണ് കവിതകള്‍ മറ്റുള്ളവരുടെ കണ്ണില്‍പ്പെട്ടത്. തുടര്‍ന്ന് 1990 ല്‍ സുജാതയുടെ കവിതാ പുസ്തകം “ഒറ്റക്കിളിയുടെ തേങ്ങല്‍” പ്രസിദ്ധീകൃതമായി. തികച്ചും സ്വകാര്യമായ ഒന്നായിരുന്നു അവര്‍ക്ക് കവിത എഴുത്ത്. ഫലചിന്ത തീണ്ടിയിട്ടില്ലാത്ത കവികര്‍മ്മം എന്ന് ഇതിനെ അവതാരികയില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി നിരീക്ഷിച്ചിരിക്കുന്നു. അത്യന്തം ഹൃദയാവര്‍ജ്ജകമാണ് അവയുടെ നൈസര്‍ഗ്ഗികമായ ചൈതന്യം. മരവിക്കാത്ത മനസ്സുകളെ തൊട്ടുണര്‍ത്തുവാനും അപരിചിതമായ ഒരു ശാന്തിതലത്തിലേക്ക് ഉയര്‍ത്തുവാനും കെല്പുള്ളതാണ് നേര്‍ത്തു നേര്‍ത്ത് ആ സ്പന്ദം. അതേസമയം അവ നിലയ്ക്കാത്ത പ്രതിസ്പന്ദങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു. അദ്ദേഹം സുജാതയുടെ കവിതയെ ഇങ്ങനെയാണ് വിലയിരുത്തിരിക്കുന്നത്. ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത് ആദിമന്ത്രം എന്ന കവിതയാണ്. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ചൈതന്യത്തെ കുറിച്ച് പാടുകയാണ് കവി. പ്രസാദാത്മകമായ ചിന്തകളാണ് വരികളില്‍.


Extracts

Women Writers of Kerala

View all Authors