
സുജാത രാമകൃഷ്ണന്
1971 ല്‍ പാലക്കാട് ജില്ലയിലെ വാടനാംക്കുറിശ്ശിയില്‍ ജനനം. സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ. ബിരുദം. അദ്ധ്യാപികയാണ്. “ഈറ്റക്കാടിന്റെ മക്കള്‍” എന്ന ഒരേയൊരു നോവല്‍ മാത്രമാണ് സുജാത രാമകൃഷണന്റേതായി പ്രസിദ്ധീകൃതമായിട്ടുള്ളത്. മാതൃഭൂമി ബുക്സ് നവാഗത നോവലിസ്റ്റുകള്‍ക്കായി നടത്തിയ മത്സരത്തില്‍ ലഭിച്ച കൃതികളില്‍ നിന്ന് പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്ത പതിനാറ് നോവലുകളിലൊന്നാണിത്. പ്രമേയത്തിന് അനുയോജ്യമായ ഭാഷ, ഗ്രാമീണമായ പശ്ചാത്തലം ഇവയാണ് സുജാതയുടെ നോവലിന്റെ പ്രത്യേകതകള്‍. ഈറ്റക്കാടുകളുടെ താളാത്മകമായ മര്‍മ്മരവും കതിര്ക്കറ്റകളിലെ ഈര്‍പ്പവും നെല്മണവും കൂട്ടിക്കലര്ന്നുണ്ടാകുന്ന വാസനയും തങ്ങിനില്ക്കുന്ന ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരുടെ അസാധാരണ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. “ഈറ്റക്കാടിന്റെ മക്കള്‍” എന്ന നോവലില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ടു ചെറുഭാഗങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ഒരു സാധാരണ കാര്‍ഷിക ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിന്റെ ജീവിതത്തെ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്ന രണ്ട് ഭാഗമാണിത്. ഒരു ഭാഗത്തില്‍ അതിന്റെ സൗന്ദര്യത്തെ കണ്ടെത്തുകയാണെങ്കില്‍, മറ്റേ ഭാഗത്തില്‍ ഗ്രാമീണ ജീവിതം ഉല്‍പ്പാദിപ്പിക്കുകയും, പകരുകയും ചെയ്യുന്ന നിറമില്ലായ്മയാണ് വ്യക്തമാക്കുന്നത്.