K. S. Sreelatha

കെ. എസ്. ശ്രീലത

1960 ല്‍ തൃശ്ശൂരിനടുത്ത് തളിക്കുളത്ത് ജനിച്ചു. ശ്രീ. കരുവത്ത് ശങ്കരനാരായണന്‍റെയും പുളിക്കല്‍ പുഷ്പമണിയുടെയും മകള്‍. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ്, നാട്ടിക എസ്. എന്‍. തൃശ്ശൂര്‍ വിമല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. ക്ഷീര വികസന വകുപ്പില്‍ ഡെയറി ഫാം ഇന്‍സ്ട്രക്റ്റരായിരുന്നു. ഇപ്പോള്‍ സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ റീജണല്‍ മാനേജര്‍. “അപരിചിതര്‍” (2001), “ഇറച്ചിക്കോഴിയും ചില സദാചാര പ്രശ്നങ്ങളും” (2009) “സഞ്ജയന്‍റെ കണ്ണ്” (2010) എന്നീ കഥാസമാഹാരങ്ങളാണ് പ്രസിദ്ധീകൃതമായ കൃതികള്‍. ‘ഈങ്കായി’ എന്ന കഥയില്‍ ഒരു ആദിവാസി അനുഭവിക്കുന്ന - നേരിടുന്ന പ്രശ്നങ്ങള്‍ളാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇത് ആദിവാസി സമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്നങ്ങളാണ്. ആദിവാസി സമൂഹം ഇന്നും മറ്റുള്ളവരുടെ ചൂഷണത്തിന് ബലിയാടുകളാവുകയാണ്. നാട്ടില്‍ നിന്നും ജോലിക്കായി പുറപ്പെട്ട തന്‍റെ മകനെയും ഭാര്യയെയും അന്വേഷിച്ച് ഇറങ്ങി തിരിക്കുന്ന ഈങ്കായി അവസാനം ചെന്നെത്തുന്നത് ജയിലിന്‍റെ ആകാശത്തോളം പൊക്കമുള്ള തുരുമ്പിച്ച അടഞ്ഞു കിടക്കുന്ന ഇരുമ്പു വാതിലുകള്‍ക്ക് മുന്നിലാണ്. ഈങ്കായിയുടെ മകന്‍ ഇപ്പോള്‍ ജയിലിലാണ്. മകനെ ഒന്ന് കാണാന്‍ ആഗ്രഹിച്ചാണ് ഈങ്കായി ജയിലിന്‍റെ അടഞ്ഞു കിടക്കുന്ന വാതിലുകള്‍ക്ക് മുന്നില്‍ കാവല്‍ നില്‍ക്കുന്നത്. മകന്‍റെ ഭാര്യ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും ഈങ്കായിക്ക് അറിയില്ല. ഭാര്യയെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ആ ചെറുപ്പക്കാരനെ തന്‍റെ ഭാര്യയുടെതടക്കം ഈ നാട്ടില്‍ ഇന്നേവരെ നടന്ന കൊലപാതകങ്ങളുടെയെല്ലാം കര്‍തൃത്വം ആരോപിച്ച് ജയിലില്‍ അടച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കന്‍മാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഈങ്കായിയുടെ കുടുംബത്തെതന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. തനിക്ക് ഒന്നും അറിയില്ല........ ഒന്നും എന്ന് പറഞ്ഞ് നിസ്സഹായനായി നില്‍ക്കുന്ന ഈങ്കായി എന്നും ആസ്വാദകരുടെ മനസ്സില്‍ നിലനില്‍ക്കുന്നു. ആകാശത്തിലെ ദൈവങ്ങള്‍ ഉറങ്ങുകയാണോ എന്നു പോലും ഈങ്കായി ചിന്തിക്കുന്നുണ്ട്.

“അപരിചിതര്‍” (ചെറുകഥ). കോട്ടയം: എന്‍. ബി. എസ് 2001. “ഇറച്ചിക്കോഴിയും ചില സദാചാര പ്രശ്നങ്ങളും” (ചെറുകഥ). തിരുവനന്തപുരം: മാളുബന്‍, 2009. “സഞ്ജയന്‍റെ കണ്ണ്” (ചെറുകഥ). തിരുവനന്തപുരം: സെന്‍ ബുക്സ്, 2010. “അയഞ്ഞതും ഇറുകിയതുമായ കുപ്പായങ്ങള്‍” (ചെറുകഥ) - പൂര്‍ണ്ണ, അച്ചടിയില്‍.

Extracts

Women Writers of Kerala

View all Authors