Sreelatha

ശ്രീലത

ശ്രീ കരുവത്ത് ശങ്കരനാരായണന്‍റേയും പുളിക്കല്‍ പുഷ്പമണിയുടെയും മകളായി തൃശ്ശൂരിനടുത്ത് തളിക്കുളത്ത് ജനിച്ചു. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ്, നാട്ടിക എസ്. എന്‍, തൃശ്ശൂര്‍ വിമ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. കഥാരചനയ്ക്ക് കോളേജ് തലത്തില്‍ അംഗീകാരം. നാന 1980 ല്‍ നടത്തിയ തിരക്കഥാമത്സരത്തില്‍ അംഗീകാരം. ക്ഷീരവികസനവകുപ്പില്‍ ഡെയറി ഫാം ഇന്‍സ്ട്രക്റ്ററായിരുന്നു. ഇപ്പോള്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ റീജണല്‍ മാനേജര്‍. ശ്രീലതയുടെ ആദ്യകഥാസമാഹാരമാണ് “അപരിചിതര്‍”. പേരുപോലെ തന്നെ നാം നിത്യവും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ, അപരിചിതമായ വ്യക്തികളെയാണ് ഓരോ കഥയിലും കാണുന്നത്. സമകാലിക കഥാകാരികളെപോലെ തന്‍റെ കഥയില്‍ ദാമ്പത്യത്തിന്‍റെ പ്രശ്നങ്ങളും മാതൃത്വത്തിന്‍റെ തേങ്ങലും വിഷയങ്ങളായി സ്വീകരിക്കപ്പെടുമ്പോഴും, കഥാബീജം ഒന്നാണെങ്കില്‍ കൂടി അതില്‍ തന്‍റേതായ വീക്ഷണങ്ങളും നിലപാടുകളും കൊണ്ടുവരുന്ന ശക്തിയുള്ള ഒരു കഥാകാരിയാണ് ശ്രീലത. നന്നായി കഥപറയാനറിയാവുന്ന ശ്രീലതയ്ക്ക് ഇനിയും ഒരുപാട് മേഖലകള്‍ കീഴടക്കാന്‍ കഴിയുമെന്ന് ആദ്യകഥാസമാഹാരം തന്നെ തെളിവുനല്‍കുന്നുണ്ട്. ഇതിലെ ഓരോ കഥയും വ്യത്യസ്തമായ ജീവിതാവിഷ്കാരവും സ്വഭാവാവിഷ്കാരവുമായി മാറികൊണ്ടിരിക്കുന്നു. “അപരിചിതര്‍” കഥാസമാഹാരത്തിലെ ഏറ്റവും മികച്ച ഒരു കഥയാണ് ‘സ്വര്‍ഗ്ഗവാതില്‍’. ഒരുപാടുക്രൂര കൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഒരു ധനികന്‍ മരണത്തിനുശേഷം സ്വര്‍ഗ്ഗവാതില്‍ കടക്കാന്‍ ശ്രമിക്കുമ്പോള്‍ പടിവാതില്‍ക്കല്‍ വച്ച് ചിത്രഗുപ്തന്‍ അയാളെ തടയുന്നു. നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷം പരമദുഷ്ടനായിരുന്നെങ്കിലും ഒന്നുരണ്ടു നല്ല കാര്യങ്ങള്‍ ചെയത അയാളുടെ കാര്യത്തില്‍ ഒരു പുനരാലോചന വേണമെന്ന് ചിത്രഗുപ്തന് തോന്നിയതുകൊണ്ട് അയാളെ ഭൂമിയിലേക്കു മടക്കുന്നു. മരണവീട്ടിലെ ചുറ്റുപാടുകളില്‍, മരിച്ച ആള്‍ പെട്ടെന്ന് കണ്ണുതുറക്കുമ്പോള്‍ ഉണ്ടാകാവുന്ന കോലാഹലങ്ങള്‍ ഊഹിക്കാവുന്നതേയുളളു. അതുപോലെ ഉറ്റവരുടെയും ഉടയവരുടെയും വ്യത്യസ്തമായ പ്രതികരണങ്ങളും. ഒടുവില്‍ ചിത്രഗുപ്തന്‍റെ അവസാനത്തെ കുറ്റവിചാരണയില്‍ മരിച്ചയാള്‍ വാദിക്കുന്നു. “എന്താണ് തെറ്റ്? എനിക്ക് ശരിയെന്നു തോന്നിയത് ഞാന്‍ എന്നും ചെയ്തു. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ശരി ഇഹത്തിലും പരത്തിലും ഉണ്ടോ?” ആ വിചിത്രമായ വാദത്തിനുമുമ്പില്‍ അടിയറവു പറയേണ്ടി വന്ന സാക്ഷാല്‍ ചിത്രഗുപ്തന്‍ ഒടുവില്‍ സ്വര്‍ഗ്ഗകവാടം അയാള്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഈ ചോദ്യം കഥാകാരി സമൂഹത്തോട് ചോദിക്കുകയാണ് മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഇന്നത്തെ തെറ്റ് നാളെ ശരിയായി മാറാം. മനുഷ്യമനസ്സുകള്‍ക്ക് ഉണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് ശരി തെറ്റുകളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഒരു ശരിക്കായി ജീവിതം ഉപേക്ഷിക്കുന്നവര്‍ വിഡ്ഢികളാണ്. അവനവന്‍റെ മനസാക്ഷിക്ക് നിരക്കുന്ന കാര്യങ്ങള്‍ ചെയ്യുക എന്ന ആഹ്വാനമാണ് ഈ കഥ.


Extracts

Women Writers of Kerala

View all Authors