Indira Balagopal

ഇന്ദിരാ ബാലഗോപാല്‍

പാലക്കാട് ജില്ലയിലെ മണ്ണേങ്ങോട്ട് ജനിച്ചു. എ. പി. നെടുങ്ങാടിയുടെയും ശ്രീദേവിയുടെയും മകള്‍. മണ്ണേങ്ങോട്ട് യു. പി. സ്കൂള്‍, നടുവട്ടം ജനതാ ഹൈസ്കൂള്‍, എം. ജി. എസ്. കാലടി കോളേജ്, മണ്ണാര്‍ക്കാട് ആര്‍ട്സ് & സയന്‍സ് കോളേജ്, റായ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. ഇന്ദുബാല എന്ന പേരിലാണ് സാഹിത്യ ലോകത്ത് അറിയപ്പെടുന്നത്.

                “അതീന്ദ്രീയത്തിനപ്പുറം” (2005), “മുക്തിപര്‍വ്വം” (2008) എന്നീ രണ്ട് കഥാസമാഹാരങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. 2005 ലെ പാണക്കാട് ശങ്കരന്‍ അവാര്‍ഡ് ‘മുക്തി പര്‍വ്വം എന്ന ചെറുകഥയ്ക്ക് ലഭിച്ചു. 2007 ലെ പി. ഉഷാദേവി അനുസ്മരണ ചെറുകഥാ മല്‍സരത്തില്‍ ‘പരിണാമസിദ്ധാന്തം’ എന്ന കഥയ്ക്ക് പ്രോത്സാഹന സമ്മാനവും 2009 ലെ എ. കെ. ലോഹിതദാസ് അനുസ്മരണാര്‍ത്ഥം നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒഴുക്കിനെതിരെ എന്ന ചെറുകഥയ്ക്ക് ഒന്നാം സ്ഥാനവും ലഭിച്ചു.

                ഗൃഹാതുരത്വത്തിന്‍റേയും പാരമ്പര്യത്തിന്‍റെയും ഇടയില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീ ജീവിതത്തിന്‍റെ ദൈന്യതയാണ് ഇന്ദുബാല തന്‍റെ കഥകളില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ‘മുക്തിപര്‍വ്വം’ എന്ന കഥയിലും ഇത്തരത്തില്‍ ജീവിതത്തില്‍ നിന്ന് മുക്തിനേടാന്‍ ആഗ്രഹിക്കുന്ന സ്ത്രീയെ അനുവാചകര്‍ക്ക് ദര്‍ശിക്കാം. വീട്ടുകാരുടെ ആഗ്രഹപ്രകാരം ശവം ദഹിപ്പിക്കുന്ന പണി ചെയ്യുന്ന രുദ്രനെ വിവാഹം കഴിക്കുന്ന സതി നിസ്സഹായയായി അയാള്‍ക്ക് കീഴടങ്ങുകയാണ്. ജീവിച്ചിരിക്കുന്നവരെ തീരെ പരിഗണിച്ചിട്ടില്ലെങ്കിലും ജഡങ്ങളുടെ കാര്യത്തില്‍ ഒരലംഭാവവും ഇല്ലാത്ത കര്‍മ്മയോഗിയാണ് രുദ്രന്‍. ചെറിയ കാര്യങ്ങള്‍ക്കുപോലും വഴക്കുണ്ടാക്കി തന്നെയും മക്കളെയും ക്രൂരമായി ശിക്ഷിക്കാറുള്ള രുദ്രന്‍ ഒരു മാനസിക രോഗിയാണോ എന്നുപോലും സതിക്ക് തോന്നാറുണ്ട്. ശവം ദഹിപ്പിക്കാന്‍ വരുന്നവരുടെ കയ്യില്‍ നിന്നും വിലപേശി കാശ് സമ്പാദിക്കുന്ന രുദ്രന്‍ ഒരിക്കല്‍ പോലും സതിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. ദാമ്പത്യം സമ്മാനിച്ച ദുരനുഭവങ്ങളില്‍ നിന്ന് സതിയുടെ മനസും മുക്തി നേടാന്‍ ആഗ്രഹിക്കുന്നു. സതിയുടെ ദുരന്തപൂര്‍ണ്ണമായ ജീവിതത്തെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിക്കാന്‍ ഇന്ദുബാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

“അതീന്ദ്രീയത്തിനപ്പുറം”, (ചെറുകഥാ സമാഹാരം). കോഴിക്കോട്: ഒലിവ്, സെപ്റ്റംബര്‍, 2005. “മുക്തിപര്‍വ്വം” - (ചെറുകഥാ സമാഹാരം). കോട്ടയം: ഗായത്രി പബ്ലിക്കേഷന്‍സ്, സെപ്തംബര്‍, 2008.