Akkamma Varki (Akkamma Cheriyan)

അക്കമ്മ വര്‍ക്കി (അക്കമ്മ ചെറിയാന്‍)2

1909 ഫെബ്രുവരി 15 ന് കാഞ്ഞിരപ്പള്ളിയില്‍ ജനിച്ചു. പിതാവ് കരിപ്പാപ്പറമ്പില്‍ ചെറിയാന്‍. കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലുമായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം സെന്‍റ് തെരേസാസില്‍ നിന്ന് ബി.എ.യും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നു എല്‍.ടി.യും പാസ്സായശേഷം കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ആയി. 1938 ല്‍ ജോലി രാജിവച്ച് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ പന്ത്രണ്ടാമത്തെ സര്‍വാധിപതിയായി കൊട്ടാരത്തിലേക്കു ജാഥ നയിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് വനിതാ വിഭാഗമായ ദേശസേവികാ സംഘ കമാന്‍ഡന്‍റ് ആയി വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്തതിനു 1938 ല്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഒരു വര്‍ഷം തടവു ശിക്ഷ അനുഭവിച്ചു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തതിനു 1942 ലും നിയമം ലംഘിച്ചതിനു 1946 ലും സ്വതന്ത്ര തിരുവിതാംകൂര്‍ പ്രസ്ഥാനത്തെ എതിര്‍ത്തതിനു 1947 ലും ജയില്‍വാസം അനുഭവിച്ചു. 1947 ല്‍ തിരുവിതാംകൂര്‍ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1972 ല്‍ താമ്രപത്രം നല്‍കി കേന്ദ്ര ഗവണ്‍മെന്‍റ് ബഹുമാനിച്ചു. 1951 ല്‍ സ്വതന്ത്ര്യസമരനേതാവും എം. എല്‍. എ. യുമായ വി. വി. വര്‍ക്കിയെ വിവാഹം ചെയ്തു. അക്കമ്മ ചെറിയാന്‍ അന്നു മുതല്‍ അക്കമ്മ വര്‍ക്കിയായി. 1982 ല്‍ മെയ് 5 ന് അനാരോഗ്യം നിമിത്തം അവര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനെതിര്‍വശത്ത് അക്കാമ്മയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വെടി വയ്ക്കാനാണ് ഭാവമെങ്കില്‍ ആദ്യം എന്‍റെ നെഞ്ചില്‍ത്തന്നെ നിറയൊഴിക്കുക എന്നു കേണല്‍ വാട്കിസിനോടു പറയാന്‍ ധൈര്യം കാട്ടിയ വീരവനിതയാണു അക്കമ്മ. 1114 (1938) ല്‍ തിരുവിതാകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമരം നയിച്ചതിന്‍റെ സ്മരണകളാണ് "1114 ന്‍റെ കഥ". 'ചരിത്രപ്രഖ്യാതമായ ജാഥ' എന്ന ഭാഗമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. അക്കാമ്മ ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് 1938 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രുപീകരിച്ചതും അതിന്‍റെ ആഭിമുഖ്യത്തില്‍ തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭണമാരംഭിച്ചതും. ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടുക്കാതെ അതിനെ അടിച്ചമര്‍ത്താനാണ് ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ ഉന്നയിച്ചു കിട്ടാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രത്യയസമരമാരംഭിക്കാന്‍ തീരുമാനിച്ചു. 1938 ആഗസ്റ്റ് 26 നായിരുന്നു അത്. അന്നു തന്നെ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിച്ചുകൊണ്ട് രാജകീയ വിളംബരമിറങ്ങി. 1938 ഒക്ടോബര്‍ 21 ന് പതിനൊന്നാമത്തെ ഡിക്ടേറ്ററും അറസ്റ്റു ചെയ്യപ്പെട്ടതോടെ പന്ത്രണ്ടാമത് ഡിക്ടേറ്ററായി അക്കാമ്മ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ ആട്ടത്തിരുനാള്‍ ദിനം എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ജാഥ നയിച്ച് നിവേദനം മഹാരാജാവിന് സമര്‍പ്പിക്കാന്‍ അക്കാമ്മയ്ക്കു നറുക്കു വീണു. ഐതിഹാസികമായ ആ ജാഥയുടെ സൂക്ഷ്മ വിവരണമാണ് ചരിത്രപ്രഖ്യാതമായ ജാഥ.

"1114 ന്‍റെ കഥ" (സ്മരണകള്‍), കോട്ടയം, ഡി.സി. ബുക്സ്, 1977. "ജീവിതം ഒരു സമരം" (ആത്മകഥ), കോട്ടയം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 2011

Extracts

Women Writers of Kerala

View all Authors