Dr. A. Sheela Kumari

ഡോ. എ. ഷീലാകുമാരി

ആലപ്പുഴ ജില്ലയിലെ ഓച്ചിറയില്‍ 1964 ല്‍ ജനിച്ചു. പ്രശസ്ത കഥാപ്രസംഗകന്‍ ഓച്ചിറ രാമചന്ദ്രന്‍റെയും അമൃതവല്ലിയമ്മയുടെയും മകള്‍. 1986 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സില്‍ നാലാം റാങ്കോടെ എം. എ. (മലയാളം) ബിരുദം നേടി. തോപ്പില്‍ ഭാസിയുടെ നാടകങ്ങളെപ്പറ്റി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന് 1992 ല്‍ പി. എച്ച്. ഡി. ബിരുദവും നേടി. ഇപ്പോള്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ മലയാളം അധ്യാപികയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. “കാവ്യഭാവനയുടെ സ്ത്രീപഠനങ്ങള്‍” (ഇംപ്രിന്‍റ് ബുക്സ്, കൊല്ലം, 1995), “തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ - ഒരു പഠനം” (പ്രഭാത് ബുക്ഹൗസ്, തിരുവനന്തപുരം 2000), “അന്വേഷണത്തിന്‍റെ ഘടികാര സൂചികള്‍” (സഹകര്‍തൃത്ത്വം, ന്യൂ ഇന്ത്യാ ബുക്സ്, തിരുവനന്തപുരം 1997) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. 1993 ല്‍ കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ സ്മാരക സമ്മാനം -”ആധുനിക കവിതയിലെ സ്ത്രീസങ്കല്പം” എന്ന പ്രബന്ധത്തിന് ലഭിച്ചു. ‘കവിതയും പരിസ്ഥിതി രാഷ്ട്രീയവും’ (വിജ്ഞാന കൈരളി, ജൂണ്‍ 2009) എന്ന ലേഖനത്തില്‍ ഓരോ കാലഘട്ടത്തിലും കവിതയില്‍ പരിസ്ഥിതി എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. മനുഷ്യത്വം പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്‍റെ രാഷ്ട്രീയമാണ് പരിസ്ഥിതി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. പരിസ്ഥിതി രാഷ്ട്രീയത്തിന്‍റെ വികാസത്തിന് നമ്മുടെ കവിതയില്‍ വ്യക്തമായ മൂന്നു ഘട്ടങ്ങളുണ്ട്. പ്രകൃതി മനോഹരിതയെ കാല്പ്പനികമായി ആവിഷ്കരിക്കുന്നതാണ് ഒന്നാം ഘട്ടം. എന്നാല്‍ കാവ്യത്തെയാകെ ദീപ്തമാക്കുന്ന പ്രമേയ ചൈതന്യമായിത്തന്നെ പരിസ്ഥിതി രാഷ്ട്രീയം മാറുന്നതാണ് രണ്ടാംഘട്ടത്തില്‍ നാം കാണുന്നത്. പ്രതീക വ്യവസ്ഥകളെയും ബിംബാവലികളെയും ആകെ നവീകരിച്ചുകൊണ്ട് ഭാഷാശില്‍പ്പത്തെയൊട്ടാകെ പുനര്‍നിര്‍മ്മിക്കുന്നതാണ് ഇതിലെ മൂന്നാംഘട്ടം. ആധുനിക കവിതകളില്‍ കുമാരാനാശാന്‍റെയും വള്ളത്തോളിന്‍റെയും കാവ്യങ്ങളില്‍ തൊട്ട് പരിസ്ഥിതി പ്രമേയത്തിന്‍റെ സ്വാധീനം കാണാവുന്നതാണ്. ഇടശ്ശേരി, ഒ. എന്‍. വി. കുറുപ്പ്, പി. കുഞ്ഞിരാമന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, സുഗതകുമാരി, എന്‍. വി. കൃഷ്ണവാരിയര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, അയ്യപ്പപണിക്കര്‍ തുടങ്ങിയവരുടെ കവിതകളില്‍ പരിസ്ഥിതി രാഷ്ട്രീയത്തിന്‍റെ വിവിധ പ്രകാരങ്ങളെ ഏറ്റവും തീവ്രതയോടെ ആവിഷ്കരിച്ചിരിക്കുന്നതായി കാണാം. പി. പി. രാമചന്ദ്രന്‍റെ മാമ്പഴക്കാലം എന്ന കവിതയില്‍ വാങ്ങുക കുടിക്കുക പുറത്തേയ്ക്കെറിയുക ജീവിതം നിറച്ചൊരീ കൂടുകള്‍ നാളേയ്ക്കില്ല - എന്ന് ഫ്രൂട്ടിയുടെ പ്ലാസ്റ്റിക് കവര്‍ വലിച്ചെറിഞ്ഞു കൊണ്ട് നമ്മെ ഓര്‍പ്പിക്കുന്നത് ആഗോളവല്‍ക്കരണത്തിന്‍റെ മൂല്യശോഷണത്തെയാണ്. വ്യക്തിയുടെ ആവശ്യവും ഭരണകൂടത്തിന്‍റെ സമീപനവും തമ്മിലുള്ള വൈരുദ്ധ്യമാണ് പരിസ്ഥിതി രാഷ്ട്രീയത്തിന്‍റെ കാതല്‍.


Extracts

Women Writers of Kerala

View all Authors