K. Saradamani

കെ. ശാരദാമണി

1928 ഏപ്രില്‍ 25 ന് കൊല്ലത്ത് ജനിച്ചു. സെന്‍റ് ജോസഫ് കോണ്‍വെന്‍റ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം. ലിറ്റ് ബിരുദവും, പി. എച്ച്. ഡി. ബിരുദവും നേടി. മൂന്നു വര്‍ഷത്തോളം ഔദ്യോഗിക ജീവിതം ദില്ലിയിലെ ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു. പാലക്കാട്ടെ കാര്‍ഷിക ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളും സ്ത്രീകളും, കേരള തമിഴ്നാട് - പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ നെല്‍കൃഷിയും സ്ത്രീകളും എന്നിവ ശാരദാമണിയുടെ ശ്രദ്ധേയമായ പഠനങ്ങളാണ്. “ഇവര്‍ വഴികാട്ടികള്‍” (2010), “മാറുന്ന ലോകം മാറ്റുന്നതാര്” (2003), “സ്ത്രീസ്ത്രീവാദം സ്ത്രീ വിമോചനം” (1999) എന്നിവയാണ് കൃതികള്‍. പ്രബന്ധങ്ങളും ലേഖനങ്ങളുമാണ് കൂടുതലായി എഴുതപ്പെടുന്നത്. ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ളവയില്‍ കൂടുതലും സാമൂഹ്യ സാമ്പത്തിക ഗവേഷണ പ്രബന്ധങ്ങളാണ്. കൂടാതെ സമകാലീന രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങളോടും ശാരദാമണി ശക്തമായി പ്രതികരിക്കാറുണ്ട്. ജനകീയ സ്വഭാവമുള്ള ലേഖനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും അനവധി എഴുതിയിട്ടുണ്ട്. സ്ത്രീകളെ കേന്ദ്രമാക്കി എഴുതിയിട്ടുള്ള ലേഖനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത് ലേഖനങ്ങളുടെ സമാഹാരമാണ് “സ്ത്രീസ്ത്രീവാദം, സ്ത്രീ വിമോചനം”. സമൂഹത്തിന്‍റെ സമഗ്രമായ പരിവര്‍ത്തനമാണ് കെ. ശാരദാമണി തന്‍റെ ഉപന്യാസ സമാഹാരത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. സമൂഹത്തില്‍ ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകളുടെ ദൈന്യത എഴുത്തുകാരി തന്‍റെ എഴുത്തിന് ആധാരമാക്കുന്നു. ‘കേരളത്തിലെ സ്ത്രീകളും ഉന്നത വിദ്യാഭ്യാസവും’ എന്ന ഉപന്യാസത്തില്‍, പുരുഷനേക്കാളേറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അതിനനുയോജ്യമായ രീതിയില്‍ ആയിരിക്കണം എന്ന് ലേഖിക അഭിപ്രായപ്പെടുന്നു.

“സ്ത്രീ സ്ത്രീവാദം സ്ത്രീ വിമോചനം”. കോട്ടയം: ഡി. സി. ബുക്സ്, 1999. “മാറുന്ന ലോകം മാറ്റുന്നതാര്”. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്, ഡിസംബര്‍, 2003. “ഇവര്‍ വഴികാട്ടികള്‍”. തിരുവനന്തപുരം: സൈന്‍ ബുക്സ്, ഫെബ്രുവരി 2010.

Extracts

Women Writers of Kerala

View all Authors