V. K. Santhakumari

വി. കെ. ശാന്തകുമാരി

1950 ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് തിരുവനന്തപുരം, കേരളയൂണിവേഴ്സിറ്റി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ ഉപരിവിദ്യാഭ്യാസം. ഇംഗ്ളീഷ് ഭാഷാ സാഹിത്യത്തില്‍ എം. എ ബിരുദം. സംസ്ഥാന സര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി പദത്തില്‍ നിന്ന് വിരമിച്ചു. “ബ്രൂസ് അങ്കിളിന്‍റെ പിയാനോ” (2007) കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. തനിക്ക് ചുറ്റും ജീവിച്ചിരിക്കുന്നവരുടെ സുഖവും ദുഖവും തന്‍റെ കഥകളിലൂടെ വി. കെ. ശാന്തകുമാരി ആവിഷ്കരിക്കുന്നു. അനുഭവങ്ങളുടെ ഏറ്റുവാങ്ങലാണ് “ബ്രൂസ് അങ്കിളിന്‍റെ പിയാനോ” എന്ന കഥാസമാഹാരം. ഈ സമാഹാരത്തിലെ എല്ലാ രചനകളിലും തനിക്ക് ചുറ്റും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണെന്ന് എഴുത്തുകാരി തന്നെ അഭിപ്രായപ്പെടുന്നുണ്ട്. പത്ത് കഥകളുളള ഈ സമാഹാരത്തിലെ ‘പൊക്കായി' എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. തിന്‍മ തിരിച്ചറിയാന്‍ വൈകിപ്പോയ പൊക്കായിയുടെ ജീവിതമാണ് ഈ കഥയില്‍ ആവിഷ്കരിക്കുന്നത്. നാട്ടിലെ എല്ലാ തിന്‍മകള്‍ക്കും കൂട്ടു നിന്ന പൊക്കായി. തനിക്ക് ഉളളതെല്ലാം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് താന്‍ ചെയ്തത് എല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിയുന്നത്. ‘ഒന്നിനേയും കുറിച്ചും ദു;ഖിക്കാനറിയാത്ത പൊക്കായി അന്ന് തേങ്ങി. ഉളളുരുകി തന്നെ'. അയാള്‍ ഏറെ സ്നേഹിക്കുന്ന ഭാര്യ മിന്നി മഞ്ഞനോവ് വന്ന് മരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ അയാള്‍ പൊന്നുപോലെ വളര്‍ത്തിയ മകള്‍ മറ്റൊരാളോടൊപ്പം ഒളിച്ചോടിപോയി എന്ന സത്യവും അയാള്‍ തിരിച്ചറിയുന്നു. അയാള്‍ ആകെ തളര്‍ന്നുപോകുന്നു. ചെയ്തു കൂട്ടിയ പാപത്തിന്‍റെ ഫലം അയാളെ വിടാതെ പിന്‍തുടരുന്നു. ചുറ്റുമുളള ജീവിതയാഥാര്‍ത്ഥ്യങ്ങളെ തന്‍മയത്വത്തോടെ ലളിതമായ ഭാഷയില്‍ കഥാകാരി ഇവിടെ ആവിഷ്കരിക്കുന്നു.