Sakunthala Gopinath

ശകുന്തള ഗോപിനാഥ്

1936 ജൂണില്‍ കൊല്ലത്തെ പുരാതന കുടുംബമായ പുത്തന്‍മഠത്തില്‍ ജനിച്ചു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ. പരമേശ്വരന്‍ പിള്ളയുടേയും പി. പൊന്നമ്മയുടേയും മകള്‍. സ്കൂള്‍ വിദ്യാഭ്യാസം നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമന്ദിരത്തിലും, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലും കൊല്ലം ഗേള്‍സ് ഹൈസ്കൂളിലുമായിരുന്നു. കൊല്ലം എസ്. എന്‍ വിമന്‍സ് കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഇന്‍റര്‍മീഡിയേറ്റ് കഴിഞ്ഞതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചിത്രരചന, സാരിപെയിന്‍റിംഗ്, ജ്യോതിഷം തുടങ്ങിയവയാണ് ഹോബികള്‍. കുങ്കുമം, കുമാരി, കണ്‍മണി, മഹിളാരത്നം, ജനയുഗം എന്നീ പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിശാഗന്ധിപ്പൂക്കള്‍” (2009), “ഇലഞ്ഞിക്കാടുകള്‍ പൂത്തൊരുനാളില്‍” (2009) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അതിലളിതമായ ആഖ്യാനശൈലിയിലൂടെ മനുഷ്യബന്ധങ്ങളുടെ നിര്‍മ്മല സ്നേഹം കഥകളില്‍ ആവിഷ്കരിക്കുന്ന എഴുത്തുകാരിയാണ് ശകുന്തള ഗോപിനാഥ്. പുഞ്ചക്കതിരിന്‍റെയും പുന്നെല്ലിന്‍റെയും ശാസ്താംപാട്ടിന്‍റെയും ഗ്രാമീണമായ അന്തരീക്ഷത്തില്‍ നാണിയുടെ ജീവിതം വളരെ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്ന കഥയാണ് “ഈണവും താളവും”. ഈണവും താളവും പോലെ ഒന്നിച്ച് ചേര്‍ന്നു നില്‍ക്കേണ്ടവര്‍ക്കിടയില്‍ വന്നുചേരുന്ന ചേര്‍ച്ചയില്ലായ്മയെ കഥാകാരി അവതരിപ്പിക്കുന്നു. ഗ്രാമീണമായ അന്ധവിശ്വാസങ്ങളും ആചാരങ്ങളും വളരെ ഭംഗിയായി പ്രതിപാദിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

“നിശാഗന്ധിപ്പൂക്കള്‍” (കഥകള്‍). പരിധി പബ്ലിക്കേഷന്‍സ്, 2009. “ഇലഞ്ഞിക്കാടുകള്‍ പൂത്തൊരുനാളില്‍” (നോവല്‍). തിരുവനന്തപുരം : ഇസഡ് ലൈബ്രറി, 2009.

Extracts

Women Writers of Kerala

View all Authors