Dr. Selvi Saviour

ഡോ. സെല്‍വി സേവ്യര്‍

കോട്ടയം ജില്ലയിലെ കുറുപ്പന്തറയില്‍ 1969 ല്‍ ജനിച്ചു. കെ. സേവ്യറിന്‍റെയും പൊന്നമ്മയുടെയും മകള്‍. കുറുപ്പുന്തറ സെന്‍റ് തോമസ് എല്‍. പി. സ്കൂള്‍, മുട്ടുചിറ സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍, മാന്നാനം കെ. ഇ. കോളേജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. ബി. എ. (ഇംഗ്ലീഷ്), എം. എ. (മലയാളം), ബി. എഡ്. എന്നീ ബിരുദങ്ങള്‍ മലബാറിലെ സാമൂഹിക സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ ഉറൂബിന്‍റെ നോവലുകളില്‍ ഒരു പഠനം എന്ന ഗവേഷണ പ്രബന്ധത്തിന് പി. എച്ച്. ഡി. ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപികയാണ്. മഹാകാലത്തിന്‍റെ മൗനങ്ങള്‍ (മഹാത്മ എഡ്യു. & ചാരിറ്റബിള്‍ ട്രസ്റ്റ്, ഇലഞ്ഞി, വിതരണം എന്‍. ബി. എസ്. കോട്ടയം 2000) എന്നതാണ് പ്രസിദ്ധീകൃതമായ കൃതി. ഉറൂബിന്‍റെ നോവലുകളെ കുറിച്ചുള്ള സമഗ്രപഠനമാണ് ഈ ഗ്രന്ഥം. സാഹിത്യത്തിലെ സമൂഹത്തെ അപഗ്രഥന വിധേയമാക്കുന്ന ഗ്രന്ഥമാണ് ഡോ. സെല്‍വി സേവ്യറുടെ “മഹാകാലത്തിന്‍റെ മൗനങ്ങള്‍”. കാലാതിവര്‍ത്തിയായ ഉറൂബിന്‍റെ സാഹിത്യസപര്യയെ തൊട്ടുണര്‍ത്തുന്ന കൃതിയാണിത്. ജന്‍മിത്തത്തിന്‍റെ രാഷ്ട്രീയാധികാരം പ്രബലമായിരുന്ന മലബാറിന്‍റെ ചിത്രം “ഉമ്മാച്ചു”, “സുന്ദരികളും സുന്ദരന്‍മാരും” എന്നീ നോവലുകളിലൂടെ ഉറൂബ് വരച്ചു കാട്ടുന്നു. ഫ്യൂഡല്‍ വ്യവസ്ഥയിലെ അനാചാരമായിരുന്ന സാമൂഹിക അനാചാരങ്ങളിലേക്ക് വെളിച്ചം വീശാന്‍ ഉറൂബിന് കഴിഞ്ഞിട്ടുണ്ടെന്ന് ഈ പഠനം സ്ഥാപിക്കുന്നു. ഫ്യൂഡല്‍ പ്രത്യയ ശാസ്ത്രത്തില്‍ സ്ത്രീയുടെ സ്ഥാനം വ്യക്തമാക്കുന്ന പല കഥാപാത്രങ്ങളെയും ഉറൂബിന്‍റെ കഥാലോകത്ത് കാണാം. ഉഗ്രപ്രതാപികളായ കാരണവന്‍മാരുടെ ധൂര്‍ത്തും ലക്ഷ്യബോധമില്ലായ്മയും കാരണം അടിത്തറയിളകിയ തറവാടുകളുടെ അവസ്ഥ ഉറൂബിന്‍റെ കൃതികളില്‍ ആവിഷ്കരിച്ചിരിക്കുന്നത് ഉദാഹരണ സഹിതം ഡോ. സെല്‍വി സേവ്യര്‍ എടുത്തു കാട്ടുന്നു.

“മഹാകാലത്തിന്‍റെ മൗനങ്ങള്‍” (പഠനം). കോട്ടയം: മഹാത്മ എഡ്യു. & ചാരിറ്റബിള്‍ ട്രസ്റ്റ്, ഇലഞ്ഞി, വിതരണം എന്‍.ബി.എസ്. 2000.

Extracts

Women Writers of Kerala

View all Authors