Savithri Rajeevan

സാവിത്രി രാജീവന്‍

വീട്ടിക്കാട്ട് നാരായണന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്‍റെയും മകളായി 1956 ആഗസ്റ്റ് 22 ന് ഏറനാടു താലൂക്കില്‍ വീട്ടിക്കാട്ട് ഇല്ലത്ത് ജനിച്ചു. പൂക്കോട്ടൂര്‍ ഗവ. ഹൈസ്ക്കൂള്‍, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്സ്, എം. എസ്. യൂണിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1965 മുതല്‍ മലയാളം ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. “ചരിവ്” (കവിതാ സമാഹാരം) 1993 ല്‍ പ്രസിദ്ധീകരിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ കവിതകള്‍ പരിഭാഷപ്പെടുത്തി യിട്ടുണ്ട്. “പെന്‍ഗ്വിന്‍ ന്യൂറൈറ്റിംഗ് ഇന്‍ ഇന്ത്യ”, “ഇന്‍ദെയര്‍ ഓണ്‍വോയ്സ്”, “പെന്‍ഗ്വിന്‍ ആന്തോളജി ഓഫ് കണ്ടംപററി വിമന്‍സ് പോയറ്റ്സ്”, തുടങ്ങിയ സമാഹാരങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1991 ല്‍ കുഞ്ചുപിള്ള സ്മാരക അവാര്‍ഡും, 1994 ല്‍ ഉദയഭാരതി നാഷണല്‍ അവാര്‍ഡും ലഭിച്ചു. 1995 മുതല്‍ ചിത്ര രചനയില്‍ കൂടുതല്‍ ശ്രദ്ധിച്ചു വരുന്നു. ആദ്യ ചിത്ര പ്രദര്‍ശനം 1999 ല്‍ ഡല്‍ഹി ഭവന്‍ ഗ്യാലറിയില്‍ നടന്നു. കാലിക സാമൂഹിക സമസ്യകളോട് ശക്തിയായി പ്രതികരിക്കുന്നവയാണ് സാവിത്രി രാജീവന്‍റെ കവിതകള്‍. ദൈനംദിന ജീവതത്തിന്‍റെ സ്വാഭാവികമായ ആവിഷ്കരണമാണ് ഓരോ കവിതയും. ആര്‍ഭാടങ്ങളോ അഹങ്കാരമോ ഇല്ലാതെ വളരെ സ്വാഭാവികമായി അവ ഒഴുകുകയാണ്. ഞാന്‍ സ്ത്രീയാണെന്ന ബോധത്തോടെ സ്ത്രീശ്കതിയെ ഉയര്‍ത്തിക്കാട്ടാന്‍ പലപ്പോഴും അവരുടെ കവിതകള്‍ക്കു കഴിയുന്നു. അതിനു തെളിവുകളാണ് “ചരിവ്”, “ദേഹാന്തരം”, “ഹിമസമാധി” തുടങ്ങിയ കവിതാ സമാഹാരങ്ങള്‍. ‘സ്ത്രീയും വികലാംഗരും’ എന്ന കവിത സ്ത്രീക്ക് പ്രത്യേക പരിഗണന നല്‍കുക വഴി സ്ത്രീയെ തന്നെ സംവരണവിഭാഗമാക്കി മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്ന കവിതയാണ്. ഇങ്ങനെ നിത്യജീവിതത്തിലെ സൂക്ഷ്മ ചലനങ്ങളിലൂടെ സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളെ തന്‍റെ കവിതയിലൂടെ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. സ്വാഭാവികത ഏറിയിരിക്കുന്നതുകൊണ്ടു തന്നെ കവിതകള്‍ ശ്രദ്ധേയമാകുന്നു. ‘ദേഹാന്തരം’ എന്ന ഒറ്റ കവിത മതി സാവിത്രി രാജീവനിലെ പ്രതിഭയെ കണ്ടെത്താന്‍. സ്ത്രീവാദികളുടെ കാഴ്ചപ്പാടില്‍ സ്ത്രീയുടെ തനതായ അനുഭവങ്ങള്‍ ആവിഷ്ക്കരിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയൂ. എല്ലാവരും തിരിച്ചറിയപ്പെടുന്നത് സ്വന്തം ഉടലിലൂടെയാണ് - അതായത് സ്വന്തം സ്വത്വത്തിലൂടെ. അത് നഷ്ടപ്പെട്ടുപോകുന്ന സ്ത്രീയുടെ വേദനയാണ് ഈ കവിതയില്‍ ആവിഷ്കൃതമാകുന്നത്. സ്ത്രീ പലപ്പോഴും അടുക്കളയില്‍ തേഞ്ഞുതീരുന്ന ഉപകരണമായി മാറുന്നു. അവിടെ, അവള്‍ക്ക് ഉടല്‍ അതായത് വ്യക്തിത്വം ആവശ്യമില്ല ഉപകരണമായി ജോലികള്‍ ചെയ്താല്‍ മതി. അങ്ങിനെ സ്ത്രീ സ്വന്തം പേരുപോലും മറന്ന് ജീവിക്കുന്നു. പക്ഷേ ആ ഉടലില്‍ ഉയരുന്ന തിരമാലകളും മനുഷ്യനിര്‍മ്മിത കപ്പലുകളും സഞ്ചരിക്കാറുണ്ടെന്ന് കണ്ടെത്തുമ്പോഴാണ് സ്ത്രീയുടെ പ്രതിഭ പുറംലോകം അറിയുന്നത്. അറിയപ്പെടാതെ പോകുന്ന വളരെയേറെ പ്രതിഭകളെക്കുറിച്ചുളള വ്യാകുലതകളാണ് ഈ കവിത പങ്കുവയ്ക്കുന്നത്. അതിന് നമ്മുടെ സംസ്കാരത്തിന്‍റെയും മിത്തുകളുടെയും സഹായം തേടി എന്നു മാത്രം.

“ചരിവ്” (1993) “ദേഹാന്തരം” (2000).

Extracts

Women Writers of Kerala

View all Authors