Sarojini Unnithan

സരോജിനി ഉണ്ണിത്താന്‍

1936 ജൂണ്‍ 24 ന് പത്തനംതിട്ട ജില്ലയിലെ വെണ്‍മണിയില്‍ ജനിച്ചു. എം. കെ. പത്മനാഭപിള്ളയുടെയും ഗൗരിയമ്മയുടെയും മകള്‍. സരോജിനി ഉണ്ണിത്താന്‍ എന്ന പേരിലാണ് സാഹിത്യലോകത്ത് അറിയപ്പെടുന്നത്. 1959 മുതല്‍ 62 വരെ ഒറീസ്സായിലെ ഹിരാക്കുദിലും 62 മുതല്‍ 90 വരെ റാവുക്കോര്‍ലാ സ്റ്റീല്‍ പ്ലാന്‍റിന്‍റെ അധീനതയിലും അധ്യാപികയായി ജോലി നോക്കി. 1966 മുതല്‍ ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനം എന്നിവ എഴുതുന്നു. ഒരു നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ. ആര്‍. സ്മാരക അക്ഷരശ്ലോക സമിതി, അധ്യാപികാകലാവേദി, വായന, സമന്വയം സാഹിത്യ സമിതി, മലയാളവേദി എന്നീ സാഹിത്യസംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു. “അര്‍ച്ചന” (1974), “തീര്‍ത്ഥയാത്ര” (2004), “ഊന്നുവടി” (2006), “ഒറിയാ നാടോടിക്കഥകള്‍” (2007), “ആലീസിന്‍റെ വീട്” (2007) എന്നീ കഥാ സമാഹാരങ്ങളും “ചുഴികള്‍” (1977), “വൈരുദ്ധ്യങ്ങള്‍” (1981), “മുക്തി” (1985), “അവള്‍ക്കാത്തിരിക്കും”, “ഫാല്‍ഗുനം”, “അടിയൊഴിക്കുകള്‍”, “ഒരു യാത്രയുടെ അന്ത്യം” (2009) എന്നീ നോവലുകളും ആണ് പ്രസിദ്ധീകൃതമായ കൃതികള്‍. “അവള്‍ കാത്തിരിക്കും” എന്ന നോവലിന് 2009 ല്‍ കാവ്യ രശ്മി അവാര്‍ഡും, “ഒരു യാത്രയുടെ അന്ത്യം” എന്ന നോവലിന് സമന്വയം അവാര്‍ഡും ലഭിച്ചു. ‘തീര്‍ത്ഥയാത്ര’ എന്ന കഥയില്‍ കേശവന്‍ നായരുടെ മനസിലൂടെ, കഥാകാരി ഒരു തീര്‍ത്ഥയാത്ര നടത്തിയിരിക്കുന്നു. തനിക്ക് നഷ്ടമായ ഗ്രാമീണ സൗന്ദര്യത്തില്‍, വിശുദ്ധിയില്‍, നൈര്‍മല്യത്തില്‍ ആ മനസ് വളരെയധികം ദുഃഖിക്കുന്നു. ചെറുപ്പത്തിലെ തന്നെ നഗരത്തില്‍ പറിച്ചു നടപ്പെട്ട കേശവന്‍ നായര്‍ ഗ്രാമത്തിലെ പ്രകൃതി സൗന്ദര്യവും നډയും ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍ മോഹിച്ച് വര്‍ഷങ്ങള്‍ക്കുശേഷം തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചു വരുന്നു. ഒന്നുമില്ലെങ്കില്‍ മനുഷ്യരെ കാണാമല്ലോ എന്നാണ് കേശവന്‍ നായര്‍ പറയുന്നത്. പട്ടണത്തിലെ മനുഷ്യര്‍ക്ക് പലമുഖങ്ങളാണ് കണ്ടു കണ്ടു മടുത്തു എന്ന് കേശവന്‍ നായര്‍ പറയുമ്പോള്‍ ഗ്രാമീണ മനുഷ്യരുടെ നിഷ്കളങ്കതയെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. എന്നാല്‍ നാട്ടില്‍ എത്തിയ കേശവന്‍ നായര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ട ഗ്രാമീണ സൗന്ദര്യത്തെയോ മനുഷ്യരെയോ അവിടെ ദര്‍ശിക്കാനാകുന്നില്ല. ഗ്രാമീണ വിഭവങ്ങള്‍ പോലും അപ്രത്യക്ഷമായിരിക്കുന്നു. മനുഷ്യ ബന്ധങ്ങള്‍ക്കു യാതൊരു വിലയും ഇല്ലാത്ത തരത്തില്‍ അവരുടെ മനസ്സിലും സ്വാര്‍ത്ഥത കടന്ന് കൂടിയിരിക്കുന്നു. കാവുകളെല്ലാം വെട്ടി നശിപ്പിച്ചിരിക്കുന്നു. ഇങ്ങനെ നഷ്ടമായ ഗ്രാമീണതയെ വളരെ ഭംഗിയായി ‘തീര്‍ത്ഥയാത്ര’ എന്ന കഥയിലൂടെ സരോജിനി ഉണ്ണിത്താന്‍ ആവിഷ്കരിക്കുന്നു.

“അര്‍ച്ചന” (കഥാസമാഹാരം). പാലക്കാട്: കിങ്ങിണി ബുക്സ്, 1974. “ചുഴികള്‍” (നോവല്‍). കോഴിക്കോട്: പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 1977. “വൈരുദ്ധ്യങ്ങള്‍” (നോവല്‍). കോഴിക്കോട്: പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 1981. “മുക്തി” (നോവല്‍). കോഴിക്കോട്: പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 1985. “തീര്‍ത്ഥയാത്ര” (കഥാസമാഹാരം). തൃശൂര്‍: കറന്‍റ് ബുക്സ്, 2004. “ഊന്നുവടി” (കഥാസമാഹാരം). ചുനക്കര: ജീവന്‍ പബ്ലിക്കേഷന്‍സ്, 2006. “ഒറിയാനാടോടിക്കഥകള്‍” (കഥാസമാഹാരം). ചുനക്കര: ജീവന്‍ പബ്ലിക്കേഷന്‍സ്, 2007. “ആലീസിന്‍റെ വീട്” (കഥാസമാഹാരം). നൂറനാട്: ഉണ്‍മ പബ്ലിക്കേഷന്‍സ്, 2007. “അവള്‍ കാത്തിരിക്കും” (നോവല്‍). കോഴിക്കോട്: പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 2008. “അടിയൊഴുക്കുകള്‍” (നോവല്‍). ദാവന്തി: മെലിന്‍ഡാ ബുക്സ്, 2008. “ഒരു യാത്രയുടെ അന്ത്യം” (നോവല്‍). തിരുവനന്തപുരം: മെലിന്‍ഡ്, 2009.

Extracts

Women Writers of Kerala

View all Authors