B. Sandhya

ബി. സന്ധ്യ

1963 ല്‍ പാലായില്‍ ഭാരതദാസിന്‍റെയും കാര്‍ത്യായനി അമ്മയുടെയും മകളായി ജനിച്ചു. ആലപ്പുഴ സെന്‍റ് ആന്‍റണീസ് ഹൈസ്കൂള്‍, ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍, പാലാ അല്‍ഫോന്‍സാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സുവോളജിയില്‍ ഫസ്റ്റ് ക്ലാസ്സില്‍ റാങ്കോടെ എം. എസ്സി. ബിരുദം നേടി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫസ്റ്റ്ക്ലാസ്സില്‍ പി. ജി. ഡി. ബി. എ. പാസ്സായി. ഓസ്ട്രേലിയയിലെ വുളോംഗ് ഗോഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഹ്യൂമെന്‍ റിസോഴ്സസ് മാനേജ്മെന്‍റില്‍ പരിശീലനം സിദ്ധിച്ചു. തൃശൂര്‍, കൊല്ലം ജില്ലകളില്‍ പോലീസ് സൂപ്രണ്ട്, കണ്ണൂരില്‍ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് എന്നീ നിലകളിലും കണ്ണൂര്‍, ഷൊര്‍ണ്ണൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ എ. എസ്. പി. യായും പ്രവര്‍ത്തിച്ചു. 1986 - 88 കാലത്ത് മത്സ്യഫെഡില്‍ പ്രോജക്ട് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 ല്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ ചേര്‍ന്നു. ഇപ്പോള്‍ തിരുവനന്തപുരം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എ. ഐ. ജി. യായി പ്രവര്‍ത്തിക്കുന്നു. കവിതയില്‍ പുതുമതേടുന്ന കവയിത്രിയാണ് ബി. സന്ധ്യ. പഴയബിംബങ്ങളിലൂടെ പുതിയൊരു വെളിച്ചം കണ്ടെത്തുകയാണ് അവര്‍. മറ്റു കവികളില്‍ നിന്നു വ്യത്യസ്തമായ ഒരു ചെറു പ്രകാശമെങ്കിലും തന്നില്‍ നിന്നുണ്ടാകുമെങ്കില്‍ അതൊരു ഹൃദയത്തിനെയെങ്കിലും മാറ്റി മറിക്കുമെങ്കില്‍ അതാണ് കവിതയുടെ വിജയം. ജീവിതത്തോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള ഉത്തരങ്ങള്‍ സ്വന്തം കവിതയിലൂടെ കണ്ടെത്തുകയുമാണ് കവയിത്രി ചെയ്തുവരുന്നത്. സ്ത്രീ ആര്‍ദ്രത മാത്രമല്ലെന്നും അതിന് മറ്റു ഹൃദയങ്ങളെ നേര്‍വഴിക്കെത്തിക്കാനും പരിവര്‍ത്തനം ഉണ്ടാക്കാനും കഴിയുമെന്നും അവര്‍ തന്‍റെ ചില കവിതകളിലൂടെ അനുവാചകരോട് പറയുന്നു. “താരാട്ട്”, “ബാലവാടി”, “റാന്തല്‍വിളക്ക്” എന്നീ കവിതാ സമാഹാരങ്ങളും സ്ത്രീശക്തി എന്ന് വൈജ്ഞാനിക ഗ്രന്ഥവും അവരുടേതായിട്ടുണ്ട്. രചനകളിലൂടെ തനിക്കു മാത്രം സ്വന്തമായ പുതിയൊരു ലോകത്തെ സൃഷ്ടിക്കാനുള്ള ശ്രമം അവരുടെ ഓരോ രചനയിലും നമുക്ക് കണ്ടെത്താവുന്നതാണ്. “റാന്തല്‍വിളക്ക്” എന്ന കവിതാ സമാഹാരത്തിലെ പ്രധാന കവിതയാണ് ‘റാന്തല്‍ വിളക്ക്’. പ്രതീക്ഷയുടെ തിരിനാളമാണ് ഈ കവിത. ഏതു ജീവിതത്തിനേയും മുന്നോട്ടു നയിക്കുന്നത് വെളിച്ചമാണ്. അത് പ്രതീക്ഷയുടേതാവാം, സ്നേഹത്തിന്‍റേതാവാം. കവിതയുടെ ധര്‍മ്മം എപ്പോഴും സമാനഹൃദയരായ വായനക്കാരെ മുന്നോട്ടു നയിക്കുക എന്നതാണ്. അവരുടെ പാതയിലെ ഒരു മിന്നാമിനുങ്ങ് വെട്ടമായി കവിത മാറുമ്പോഴാണ് എഴുത്തുകാരന്‍ വിജയിക്കുന്നത്. ‘റാന്തല്‍വിളക്ക്’ എന്ന കവിത മനസ്സില്‍ പ്രത്യാശയുടെ ചെറിയൊരു തിരി കൊളുത്തുന്നുണ്ട്. കവയിത്രിയെ മുന്നോട്ടു നയിക്കുന്ന വെളിച്ചത്തിനോടുള്ള പ്രാര്‍ത്ഥനയാണീ കവിത. വിജയത്തിന്‍റെ പടികള്‍ ചവിട്ടിക്കയറുമ്പോള്‍ പലപ്പോഴും നാം വന്ന പാത മറക്കുകയാണ് പതിവ്. മനസ്സ് പതറുമ്പോള്‍ മാത്രം വെളിച്ചത്തെ അഭയം തേടാതെ എപ്പോഴും കെടാവിളക്കായി ഉള്ളില്‍ ജ്വലിക്കുന്ന അക്ഷരങ്ങളെയും നډയേയും വഴികാട്ടിയായി കണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടതെന്ന് കവയിത്രി പറയുന്നു.

“റാന്തല്‍വിളക്ക്” . 2001. “നീര്‍മരുതിലെ ഉപ്പന്‍” . 2004 “താരാട്ട്”. “ബാലവാടി”. “സ്ത്രീശക്തി” - വൈജ്ഞാനിക ഗ്രന്ഥം.

Extracts

Women Writers of Kerala

View all Authors