Riya Joy Perumbavoor

റിയ ജോയ് പെരുമ്പാവൂര്‍

1989 ല്‍ എറണാകുളം ജില്ലയിലെ ഏഴക്കരനാട് ഗ്രാമത്തില്‍ ജനിച്ചു. വല്‍സ പി. മണിയുടെയും പി. എം. ജോയിയുടെയും മകള്‍. പൊയ്ക്കാട്ടുശ്ശേരി, കുറുമശേരി, പുതൃക്ക, കൂവപ്പടി, ചേരാനല്ലൂര്‍, കാലടി ചെങ്ങല്‍, കുറുപ്പംപടി എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഇപ്പോള്‍ മൂന്നാംവര്‍ഷം ബി. എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി.

കവിതകളും കഥകളും സിനിമാഗാനങ്ങളും (സാഗര്‍ ഏലിയാസ് ജാക്കി - വെണ്ണലവേ) എഴുതുന്നുണ്ട്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. സ്കൂള്‍, ഹയര്‍സെക്കന്‍ററി സംസ്ഥാന യുവജനോത്സവങ്ങളില്‍ കവിതാരചനയ്ക്ക് സമ്മാനം ലഭിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സമ്മാനം (ചെറുകഥാരചന), മാധവിക്കുട്ടി സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ (കൂട്ടുകാരി), മനോരമ ന്യൂസ് (പുലര്‍വേളി), ഇന്ത്യാവിഷന്‍ (മ്യാവൂ), ഏഷ്യാനെറ്റ് ന്യൂസ് (സിറ്റി ടൈം), മാതൃഭൂമി മെട്രോനഗരം (2008, ഡിസംബര്‍ 4), ജനയുഗം (2009 ഏപ്രില്‍ 25), ദേശാഭിമാനി സ്ത്രീ (2009, ആഗസ്റ്റ് 25) എന്നിവയ്ക്ക് അഭിമുഖം നല്കിയിട്ടുണ്ട്.

തനിക്കു പറയാനുള്ള കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ റിയയ്ക്കു കഴിയുന്നുണ്ട്. 'കാട്'' എന്ന കവിതയില്‍ കാടിന്‍റെ രോദനത്തെക്കുറിച്ച് പ്രകൃതിയുടെ നാശത്തെക്കുറിച്ച്, മനുഷ്യസ്വഭാവത്തെക്കുറിച്ച് പറയുന്നു. പണ്ടെങ്ങോ വനമായിരുന്നുവെന്നതിനുള്ള തെളിവുകള്‍ മാത്രമവശേഷിപ്പിച്ച കാടുകളാണ് ഇന്നു നമുക്കുള്ളത്. അച്യുതനും, ക്രിസ്തുദേവനും, ശ്രീബുദ്ധനും, പ്രവാചകരും രാമലക്ഷ്മണന്മാരും കാനനത്തിന്‍റെ സമൃദ്ധിയെയും ശാന്തതയെയും തിരിച്ചറിഞ്ഞവരാണ്. എന്നാല്‍ ആധുനിക മനുഷ്യന്‍റെ സംസ്കാരശൂന്യതയാണ് തകര്‍ന്ന കാടുകള്‍ വിളിച്ചോതുന്നത്.

ഇന്നിവിടെ മരണക്കിടക്കമേല്‍ കാടിന്‍റെ -

യന്ത്യാഭിലാഷമെന്നായിരിക്കാം?

എന്നാണ് കവയിത്രിയുടെ ചിന്ത.

“നിഴല്‍ത്തടങ്ങള്‍” (കവിതാസമാഹാരം). ആലുവ: പെന്‍ബുക്സ്, 2006. “ഫ്ളാഷ്ബാക്ക്” (കഥാസമാഹാരം). എന്‍. ബി. എസ്. 2009. “ചുവന്ന മഷി” (കവിതാസമാഹാരം). എന്‍. ബി. എസ്. (ഉടന്‍ പ്രസിദ്ധീകരിക്കുന്നു).

Extracts

Women Writers of Kerala

View all Authors